ഷാജി ജോര്‍ജ്
മകന് സ്വര്‍ഗ്ഗത്തിന്റെ പടവുകള്‍ ഇറങ്ങുമ്പോള്‍, പിന്നില്‍ നിന്ന് ദൈവം യാത്രാമൊഴിയേകി; ‘മകനേ, കാലത്തിന്റെ അവസാനംവരെ നിന്റെ വരവിനായി ഞാന്‍ കാത്തിരിക്കും.’ ആ വാക്കുകളില്‍ വേദന കനത്തിരുന്നു. അന്നു മുതലാണ് സ്വര്‍ഗ്ഗകവാടത്തിന്റെ ഉമ്മറപ്പടിയില്‍ ദൈവം ഉള്‍ത്തരിപ്പോടെ കാത്തിരിക്കാന്‍ തുടങ്ങിയത്. മകന്റെ എല്ലാ പിറവിദിനത്തിലും നിറകണ്ണുകളോടെ ദൈവം താഴേയ്ക്കു നോക്കും. ആകാശചൈതന്യ നിലാവില് ഭൂമിതെളിഞ്ഞു കാണുമായിരിക്കും. രാത്രിയുടെ മധ്യത്തില്‍ മനുഷ്യലോകം ഉറങ്ങുകയായിരിക്കും. അപ്പോള്‍ തണുത്ത കാറ്റിനോടൊപ്പം മഞ്ഞുപെയ്യാന്‍ തുടങ്ങും. ആ ഹിമപ്പെയ്ത്തില് ഭൂമിയാകെ നനയും. മകന്റെ തിരിച്ചുവരവിനുവേണ്ടി ഉത്കണ്ഠപ്പെടുന്ന ഒരു സ്നേഹപിതാവിന്റെ ആത്മനൊമ്പരങ്ങളുടെ കണ്ണീര്പെയ്ത്താണത്. അങ്ങനെയാണ് ക്രിസ്മസ് രാവുകളില്‍ മഞ്ഞുപെയ്യാന്‍ തുടങ്ങിയത്.
ക്രിസ്മസ് കാലത്തെ വായനയ്ക്ക് തിരഞ്ഞ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ ജോനാഥ് കപ്പുച്ചിന്റെ ‘പാദുകം’ വലിയ അനുഭവമായി. പുസ്തകത്തിലെ അവസാനത്തെ അധ്യായത്തില്‍ നിന്നാണ് തുടക്കത്തില്‍ ഉദ്ധരിച്ച ഭാഗം. നമ്മുടെ ചിന്തകള്‍ക്ക് പുതിയ ആകാശം സൃഷ്ടിക്കുന്ന പുസ്തകം.
‘ഒരുവന് ദൈവത്തെ അറിയുന്നത് കാലുകളിലൂടെയാണ് ‘ എന്ന പ്രകോപിപ്പിക്കുന്ന മുഖമൊഴിയോടെയാണ് പുസ്തകം ആരംഭിക്കുന്നത്. എഴുത്തുകാരന് ചിത്രകാരന് കൂടിയായതുകൊണ്ട് ആശയങ്ങളെ ചിത്രങ്ങള്‍ കണക്കെ ഭാഷകൊണ്ട് വരച്ചിടുന്നു. അതിനെ പിന്‍കുറിപ്പില്‍ സെബാസ്റ്റ്യന്‍ പള്ളിത്തോട് ഇങ്ങനെ പ്രശംസിക്കുന്നു: വളരെ ചെറിയ വാക്കുകള്‍; തികച്ചും അകാല്പനികമായ പദാവലികള്‍, അവയ്ക്കിടയില്‍ പരല്‍മീനുകളെപ്പോലെ തെളിവെള്ളത്തില്‍ പുളയ്ക്കുന്ന ലാവണ്യമുള്ള വിചാരങ്ങള്‍. അവയെല്ലാമാണ് ഈ കൃതിയിലെ ഓരോ ചെറു കുറിപ്പുകളെയും പ്രസാദമുള്ളതാക്കുന്നത്. ചിത്രകലയിലെല്ലാം ആവോളം പറഞ്ഞുകേള്‍ക്കാറുള്ള എക്സ്പ്രഷനിസ്റ്റ് രീതിയാണിത്. ജന്മനാ ഒരു ചിത്രകാരന് കൂടിയായ ജോനാഥിന്റെ കൈകളില്‍ അതുകൊണ്ടുതന്നെ വാക്കുകള്‍ക്ക് ചായത്തിന്റെ സ്ഥാനമാണുള്ളത്. അറിഞ്ഞോ അറിയാതെയോ അതയാള്‍ അതിസമൃദ്ധമായി ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. വാക്കുകള്‍ കൊണ്ടുവരയ്ക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ അതാണോ സര്റിയലിസം? അതെ വാക്കുകളും വരകളും കൂടിച്ചേരുന്ന സര്‍റിയലിസ്റ്റിക് എക്സ്പ്രഷന്‍!
മുപ്പത് കുറിപ്പുകള്‍ പത്തായി തരം തിരിച്ചിരിക്കുന്നു. സ്നേഹം, പിറവി, അമ്മ, ഭവനം, ഉപമ, നിയോഗം, തപസ്സ്, സഹനം, മരണം, ഉയിര്‍പ്പ് എന്നിങ്ങനെ. അവസാനം ഒറ്റയ്ക്കു ചേര്‍ത്തിട്ടുള്ള ലേഖനമാണ് മഞ്ഞുകാലത്തിന്റെ ഓര്‍മ്മയ്ക്ക്.
പതുക്കെ പതുക്കെ മനുഷ്യരെ വഹിച്ച് കല്ലും പൂഴിമണ്ണും കടന്ന് തേഞ്ഞു തീര്‍ന്നുപോകുന്ന ദുരന്തമാണ് ചെരിപ്പ്. ഈടുറ്റ പുതിയതൊന്നു വാങ്ങുമ്പോള്‍ സൗകര്യപൂര്‍വ്വം പഴയത് ദൂരെയെവിടെക്കോ വലിച്ചെറിയപ്പെടുന്നു. ആര്ക്കുമതിനെക്കുറിച്ച് വേവലാതിയില്ല. ഒന്നോര്‍ത്താല്‍ ഇതു തന്നെയാണ് ദൈവത്തിന്റേയും പരിതാപകരമായ അവസ്ഥ. ഇന്നലെവരെ നാം പൂജിച്ച ഈശ്വരനില്‍നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്നു തോന്നുമ്പോള്‍ പുതിയൊരു മതത്തിലേയ്ക്കും വിശ്വാസസംഹിതയിലേയ്ക്കും എത്ര ലാഘവത്തോടെയാണ് ആളുകള്‍ ചിതറിക്കൊണ്ടിരിക്കുന്നത്. ഈശ്വരനെ സ്വാര്‍ത്ഥതയോടെ കൊണ്ടു നടക്കുന്നവരുടെ അസാധാരണയുഗമാണിത്. ദൈവത്തെ ഒരു കറവപശുവിനെപ്പോലെയാണ് ചിലര്‍ പരിഗണിക്കുന്നതെന്ന് എക്കാര്‍ട് തുറന്നടിക്കുന്നു. പുല്ലും വെള്ളവും കൊടുത്ത് പശുവിനെ പരിചരിക്കുന്നത് പാലും കൊഴുപ്പും കിട്ടാനാണ്. കറവവറ്റിയാല്‍ ഒരു കാരുണയുമില്ലാതെ കശാപ്പുകാരന് വിലപറയുന്നു. ചിലര്‍ ദൈവത്തെ സേവിക്കുന്നത് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ്. അതു കഴിയുമ്പോള്‍ ദൈവത്തെപോലും വിറ്റു കാശാക്കാന്‍ ഒരുമ്പെടുന്നു. നമുക്ക് ദൈവത്തെയല്ല, അവിടുന്നു പ്രദാനം ചെയ്യുന്ന ആശ്വാസാനുഗ്രഹങ്ങളിലാണ് നോട്ടം. ദോസ് ഹൂ ടേണ്‍ റ്റു ഗോഡ് ഫോര്‍ കംഫര്‍ട്ട് മേ ഫൈന്‍ഡ് കംഫര്‍ട്ട് ബട്ട് ഐ ഡോണ്ട് ദിങ്ക് ദേ വില്‍ ഫൈന്‍ഡ് ഗോഡ് എന്നാണ് മിഗ്നോണ്‍ മക്ലാഫ്ലിന് പ്രതികരിക്കുന്നത്. അവിശ്വാസികളെ എന്തിനു കുറ്റം പറയണം; ദൈവത്തെക്കുറിച്ചുള്ള നല്ല സങ്കല്പങ്ങള് തകിടം മറിക്കുന്നതിന്റെ മുഴുവന്‍ ബഹുമതിയും ഇണങ്ങുന്നത് ഈ വിശ്വാസികള്‍ക്കാണ്. ഇത്തരക്കാരെ കണ്ടു മടുത്തതുകൊണ്ടായിരിക്കും… ഏ മാന്‍ ഹൂ ബിലിവ്സ് ഇന്‍ ഗോഡ് കാന്‍ നെവര്‍ ഫൈന്‍ഡ് ഗോഡ്… എന്ന് ജെ. കൃഷ്ണമൂര്‍ത്തി കഠിന ഹൃദയനായത്. ഒരിക്കലും ഹൃദയവാതിലുകളിലൂടെ ആന്തരികതയിലേയ്ക്കു പ്രവേശിക്കാന്‍ കഴിയാതെ പുറത്ത് ഉപേക്ഷിക്കപ്പെടുന്ന പാദുകമാണ് നമ്മുടെ ദൈവം.
പുസ്തകത്തിന്റെ ആശയസംഹിതയെക്കുറിച്ച് ജോനാഥ് കപ്പുച്ചിന്‍ ഒന്നാം ഭാഗത്ത് വിവരിക്കുന്ന ചിന്തകളാണ് മുകളില്‍ ഉദ്ധരിച്ചത്. ക്രിസ്മസിലും ‘പാദുകം’ പോലെ ക്രിസ്തു നമ്മുടെ ഹൃദയത്തിന് പുറത്താണല്ലോ? ഉമ്മറപ്പടിയില്‍ ഉപേക്ഷിക്കപ്പെട്ട് വിറങ്ങലിച്ച് കിടക്കുന്ന ചെരുപ്പിന്റെ അതേ അവസ്ഥ സ്വര്‍ഗവാതിലില്‍ മുട്ടുമ്പോള്‍ നമുക്ക് നേരിടും എന്ന ഓര്‍മ്മപ്പെടുത്തലും എഴുത്തുകാരന് പങ്കുവെയ്ക്കുന്നു.
ഒരുനാള്‍ സ്വര്‍ഗ്ഗ രാജ്യത്തിന്റെ അതിര്‍ത്തികള്‍ വളരാന്‍ യുദ്ധകളത്തില്‍ വീറോടെ പോരാടിയതിന്റെ വീരവാദവുമായവര് സ്വര്‍ഗ്ഗകവാടത്തില്‍ മുട്ടും. ഭണ്ഡാരത്തില് സമര്‍പ്പിക്കപ്പെട്ട നേര്ച്ചകാഴ്ച്ചകള്, വിജയിപ്പിച്ച വചനപ്രഘോഷണങ്ങള്‍, കെട്ടിപൊക്കിയ ആതുരാലയങ്ങള്‍, ഘോഷിച്ച തിരുനാളുകള്‍.. അങ്ങനെ എല്ലാത്തിന്റെയും എണ്ണം പറഞ്ഞ് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ക്കായി വില പേശും. അന്നേരം അവര്‍ക്കെതിരായുള്ള ദൈവത്തിന്റെ അവഗണനയുടെ വാക്കുകള്‍ ബൈബിളിലിരുന്നു ഗര്‍ജ്ജിക്കുന്നു….
”നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല…’ (മത്താ. 7/23)
ക്രിസ്മസിനെ മാത്രമല്ല ജീവിതം തന്നെ മധുരതരമാക്കാന്‍ ഈ പുസ്തകം ഉപകരിക്കും. കാരണം ‘പാദുകം’ മന്ത്രിക്കുന്നത് ‘സ്നേഹം പോലെ ഊഷ്മളമായ ഒരു പ്രാര്‍ത്ഥനയില്ല’ എന്നു തന്നെയാണ്.
ആലപ്പുഴ തിയോ ഗ്യാലറി പ്രസിദ്ധീകരിച്ച പുസ്തകത്തിന് ബോബി ജോസ് കപ്പുച്ചിന്റെ പ്രവേശികയുമുണ്ട്. ചിത്രമെഴുത്ത് എന്ന ശീര്ഷകമുളള പ്രവേശികയില്‍ പറയുന്നു: പ്രായോഗീക വാദത്തിലേക്ക് കൂപ്പുകുത്തുന്ന ആത്മീയതയ്ക്ക് ഒരു പ്രതിരോധമെന്ന നിലയിലാണ് ഈ പുസ്തകത്തിന്റെ നിലനില്‍പ്പ്. ആ പരമചൈതന്യത്തെ കുറേക്കൂടി ഗൗരവമായി എടുക്കാനുള്ള ക്ഷണമാണ് ഇതിന്റെ അന്തര്‍ധാര.
മതത്തെക്കുറിച്ച് ഞങ്ങളോട് പറയുകയെന്ന് അല്‍മുസ്തഫ എന്ന പ്രവാചകനോട് പറയുമ്പോള്‍ എന്താണ് മതമല്ലെന്ന ചോദ്യം കൊണ്ടാണ് അയാള്‍ അവരെ നേരിട്ടത്. തുറക്കാനും അടയ്ക്കാനും കഴിയുന്ന കിളിവാതിലാണ് ആരാധനയെന്ന് കരുതുന്നവര്‍, സ്വന്തം പ്രാണന്റെ ഗൃഹം ഇനിയും സന്ദര്ശിച്ചിട്ടില്ലായെന്നാണ് അയാള്‍ അവരോട് പറഞ്ഞത്. അനുദിനജീവിതം തന്നെ ക്ഷേത്രവും മതവും, നിങ്ങള്‍ക്കുള്ളതെല്ലാം അതിലേക്ക് കരുതികൊള്ളുക. അതുകൊണ്ടാവണം ഈ ചെറുപുസ്തകത്തില്‍ മനുഷ്യനുമായി ബന്ധമുള്ള എല്ലാറ്റിനെയും ജോനാഥന് കൂട്ടിച്ചേര്‍ത്തത്.
(2013ല്‍ ഇറങ്ങിയ ഈ പുസ്തകം 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ വായിക്കുന്നത് എന്ന കുറ്റബോധത്തോടെ )