ജെക്കോബി
ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ 2025-ാം വാര്‍ഷികത്തില്‍ കത്തോലിക്കാ സഭ പ്രത്യാശയുടെ ജൂബിലിവര്‍ഷത്തിനു തുടക്കം കുറിക്കുന്ന ക്രിസ്മസ് കാലത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ക്രൈസ്തവര്‍ക്ക്, വിശേഷിച്ച് കത്തോലിക്കാ സമൂഹത്തിന്, നല്കുന്ന സ്നേഹ സന്ദേശം അനര്‍ഘവും അനവദ്യ സുന്ദരവുമാണ്. ഇന്ത്യയിലെ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭാവിഭാഗങ്ങളുടെ പൊതുപ്രവര്‍ത്തനങ്ങളും സേവനപദ്ധതികളും അജപാലന, സുവിശേഷവത്കരണ, പ്രേഷിതത്വ ശുശ്രൂഷാദൗത്യങ്ങളും ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്ന കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ മുഖ്യാതിഥിയായി മോദി വിരാജിതനായി. സിബിസിഐ സെന്റര്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. സഭയ്ക്ക് ലഭിക്കുന്ന വലിയ അംഗീകാരവും ആദരവുമായി ഇതിനെ കാണാവുന്നതാണ്.
ഛത്തീസ്ഗഢിലെ ബസ്തറില്‍ മാത്രമല്ല, കേരളത്തിലെ പാലക്കാട്ടു പോലും ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും മാനവികതയുടെയും സ്നേഹത്തിന്റെയും സന്ദേശവാഹകരായ അധ്യാപകരെയും കുട്ടികളെയും നാട്ടുകാരെയും ഭീഷണിപ്പെടുത്താനും സംഘപരിവാരത്തിലെ ചില വിദ്വേഷപ്രചാരകരും ബിജെപി കാര്യദര്‍ശികളും ഒരു മറയുമില്ലാതെ രാഷ്ട്രീയ വിളയാട്ടത്തിന് ഇറങ്ങുമ്പോള്‍, രാജ്യത്തെ ഏറ്റവും കരുത്തനായ ഭരണാധികാരി പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനെ തൊഴുത് പുഷാപാര്‍ച്ചന നടത്തുന്നതും ക്രിസ്മസ് കാരള്‍ ഗീതങ്ങള്‍ ആസ്വദിച്ച് താളംപിടിക്കുന്നതും യേശുവിന്റെ സുവിശേഷ ദര്‍ശനത്തെ വാഴ്ത്തുന്നതും കര്‍ദിനാള്‍മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും സന്ന്യാസശ്രേഷ്ഠരും അടങ്ങുന്ന സംപൂജ്യഗണത്തെ വണങ്ങി മധുരഭാഷണം നടത്തുന്നതും ഇന്ത്യാ ഗവണ്മെന്റിന്റെ വാര്‍ത്താപ്രചാരണ വിഭാഗവും ബിജെപിയുടെ അതിബൃഹത്തായ പ്രൊപ്പഗാന്ത സംവിധാനവും പ്രധാനമന്ത്രിയുടെ സ്വന്തം നമോ ആപ്പും സമൂഹമാധ്യമ അക്കൗണ്ടുകളും ദേശീയ മാധ്യമങ്ങളുമെല്ലാം അത്യന്തം പൊലിമയോടെ സഞ്ചിത രൂപത്തില്‍ വിനിമയം ചെയ്യുന്നത്, രാജ്യത്തിന്റെ പലഭാഗത്തും ക്രിസ്ത്യാനികളെ അവഹേളിച്ചും ദ്രോഹിച്ചും അതിക്രമം കാട്ടി വിരട്ടിയോടിച്ചും ഹിന്ദുത്വ ദേശീയതയില്‍ അഭിരമിക്കുന്നവരെ വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചെങ്കിലോ! അതോ അവരില്‍ കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ അത് ഇടവരുത്തുമോ?
സമൂഹത്തില്‍ അക്രമവും അസ്വസ്ഥതകളും പടര്‍ത്താനുള്ള ശ്രമങ്ങള്‍ തന്നെ വേദനിപ്പിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രലപനം, ജാതിയുടെയും മതത്തിന്റെയും ദരിദ്രാവസ്ഥയുടെയും പേരില്‍ പലതരം പീഡനങ്ങള്‍ക്ക് ഇരകളാകുന്ന ന്യൂനപക്ഷങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും മറ്റു ദുര്‍ബല ജനസമൂഹങ്ങളുടെയും ജീവിതസന്ദര്ഭവുമായോ മണിപ്പുരിലെ ജനതയുടെ കൊടിയ യാതനകളുമായോ ബന്ധപ്പെട്ടതാകുമെന്ന് ആരും ആശിച്ചുപോകും. എന്നാല്‍, മുസ് ലിം അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും വന്‍തോതില്‍ സ്വാഗതം ചെയ്ത് യൂറോപ്പിനെ ഇസ് ലാമികവത്കരിക്കുന്നതിലുള്ള തന്റെ അമര്‍ഷത്തിന്റെ പേരില്‍ കിഴക്കന്‍ ജര്‍മനിയിലെ മാഗ്ദേബുര്ഗില് ക്രിസ്മസ് വിപണിയിലേക്ക് കാര്‍ ഇടിച്ചുകയറ്റി കൂട്ടക്കൊല നടത്തിയ സൗദി അറേബ്യന്‍ വംശജനായ മനഃശാസ്ത്രജ്ഞന് ആസൂത്രണം ചെയ്ത അസാധാരണമായ ഭീകരാക്രമണത്തെയും, 2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും കൊളംബോയിലെ മുന്‍നിര ഹോട്ടലുകളിലും ഇസ് ലാമിക ഭീകരവാദികള്‍ നടത്തിയ മനുഷ്യബോംബ് ആക്രമണത്തെയും പരാമര്‍ശിച്ചുകൊണ്ടാണ് ഇത്തരം വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ ജനങ്ങള്‍ ഒന്നിക്കണമെന്ന് മോദി ആഹ്വാനം ചെയ്യുന്നത്.
യെമനില്‍ ഒന്നരവര്‍ഷം ഇസ് ലാമിക തീവ്രവാദികള്‍ ബന്ദിയാക്കിയ മലയാളി സലേഷ്യന്‍ വൈദികന് ഫാ. ടോം ഉഴുന്നാലിനെയും, അഫ്ഗാനിസ്ഥാനിലെ ഹേരാത്തില് നിന്ന് താലിബാന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി എട്ടുമാസം ബന്ദിയായി കഴിഞ്ഞ തമിഴ്നാട്ടുകാരനായ ഈശോസഭാംഗം ഫാ. അലക്സിസ് പ്രേംകുമാര്‍ അന്തോണിസാമിയെയും മോചിപ്പിച്ച് നാട്ടിലെത്തിച്ചതും, ഗള്‍ഫിലെ യുദ്ധമേഖലയില്‍ നിന്നു നഴ്സുമാരെ സുരക്ഷിതരായി തിരിച്ചെത്തിച്ചതും, കൊവിഡ് മഹാമാരിക്കാലത്ത് മനുഷ്യത്വത്തിനു മുന്‍ഗണന നല്കി ഇന്ത്യ 150 രാജ്യങ്ങളിലേക്ക് മരുന്നുകളും വാക്സിനും എത്തിച്ചതും, ഇറ്റലിയിലെ ജി-7 ഉച്ചകോടിയില്‍ ഫ്രാന്‍സിസ് പാപ്പായുമായും, കഴിഞ്ഞ സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ വച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തിയതും, മലയാളിയായ നവകര്‍ദിനാള്‍ ഡോ. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നടന്ന വത്തിക്കാന്‍ കണ്‍സിസ്റ്ററിയില്‍ ഭാരതസര്‍ക്കാര്‍ അഭിമാനപൂര്‍വം മന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തെ അയച്ചതും, മനുഷ്യരാശിക്ക് പ്രത്യാശയും മെച്ചപ്പെട്ട ലോകത്തിനായുള്ള പ്രതീക്ഷയും സമാധാനവും പുരോഗതിയും സമൃദ്ധിയും സമ്മാനിക്കാനുള്ള രാഷ്ട്രീയ നയങ്ങളുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി മോദി ക്രിസ്മസ് സന്ദേശത്തില്‍ അനുസ്മരിക്കുന്നുണ്ട്.
പാര്‍ക്കിന്‍സണ്‍സ് രോഗിയും എണ്‍പത്തിനാലുകാരനുമായ ജസ്യുറ്റ് മിഷനറി ഫാ. സ്റ്റാന്‍ സ്വാമിയെ കൊവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യദശയില്‍ റാഞ്ചിയില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാജ്യദ്രോഹക്കുറ്റത്തിന് എന്‍ഐഎ ചട്ടങ്ങളൊന്നും പാലിക്കാതെ അറസ്റ്റു ചെയ്ത് നവി മുംബൈയിലെ തലോജ ജയിലില്‍ അടച്ചിട്ട് മരണാസന്നനായിട്ടും മെഡിക്കല്‍ ജാമ്യം നിഷേധിച്ച് തടങ്കലില്‍ വച്ചു ഭരണകൂടം കൊന്നതിനെക്കുറിച്ച് ആരും പ്രധാനമന്ത്രിയോട് ചോദിക്കുന്നില്ല!
സിബിസിഐ പ്രസിഡന്റ് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച വേദിയില്‍ കര്‍ദിനാള്‍മാരായ ഡോ. ഓസ് വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ജോര്‍ജ് കൂവക്കാട്, ഡോ. ആന്റണി പൂല എന്നിവരും, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സിബിസിഐ വൈസ് പ്രസിഡന്റുമാരായ മദ്രാസ്-മൈലാപ്പുര് ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് അന്തോണിസാമി, ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ്, സെക്രട്ടറി ജനറല്‍ ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ എന്നിവരും സന്നിഹിതരായിരുന്നു.
മതപരിവര്‍ത്തനത്തിന്റെ പേരിലും മറ്റുമായി രാജ്യത്ത് ക്രൈസ്തവര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നേരിട്ട വര്‍ഷമാണ് കടന്നുപോകുന്നത്. 2024 ജനുവരി – നവംബര്‍ കാലയളവില്‍ രാജ്യത്ത് 767 ക്രൈസ്തവ പീഡനങ്ങള്‍ നടന്നതായി ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എക്യുമെനിക്കല്‍ പ്രസ്ഥാനമായ യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ 80 ക്രൈസ്തവര്‍ ഇപ്പോള്‍ ജയിലിലാണ്. രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭാനേതൃത്വം ഇത്തരം വേദിയൊരുക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഇരുന്നൂറിലേറെ പ്രമുഖ വ്യക്തികളും വിവിധ സംഘടനാപ്രതിനിധികളും ഒപ്പുവച്ച സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ മുന്‍പാകെ സഭാനേതൃത്വത്തിന് അവതരിപ്പിക്കാന്‍ കഴിഞ്ഞതായി സിബിസിഐ വിശദീകരിക്കുന്നു. പ്രധാനമന്ത്രിയെ ക്രിസ്മസ് ആഘോഷത്തിന് ക്ഷണിച്ചതില്‍ രാഷ് ട്രീയം കാണേണ്ടതില്ല.
ഈ സന്ദര്‍ഭത്തില്‍, കര്‍ണാടകയിലെ കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷനായ ബാംഗളൂര്‍ ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പ്രധാനമന്ത്രി മോദിയില്‍ നിന്ന് ‘അഞ്ച് ക്രിസ്മസ് സമ്മാനങ്ങള്‍’ രാജ്യത്തെ ക്രൈസ്തവര്‍ക്കായി ആവശ്യപ്പെടുന്നുണ്ട്: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ ക്രൈസ്തവ സമൂഹത്തെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം, മണിപ്പുരിലെ കപാലത്തിന് അറുതിവരുത്തണം, ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന സംഘടിത ആക്രമണങ്ങള്‍ തടയണം, ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി-പട്ടികവര്‍ഗത്തിനുള്ള ഭരണഘടനാ ആനുകൂല്യങ്ങള്‍ നല്‍കണം, ഇന്ത്യ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പായ്ക്കു നല്കിയ ക്ഷണം യാഥാര്‍ഥ്യമാക്കാന്‍ നടപടിയെടുക്കണം. മതസ്വാതന്ത്ര്യ നിയമം എന്ന പേരിലും മറ്റും രാജ്യത്ത് 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാവിരുദ്ധവും മതസ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ലംഘനവുമാണ്. വഞ്ചനയിലൂടെയോ പ്രലോഭനങ്ങളിലൂടെയോ നിര്‍ബന്ധിച്ചോ മതംമാറ്റുന്നതു തടയാന്‍ രാജ്യത്ത് വേണ്ടത്ര നിയമങ്ങള്‍ നിലവിലുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികശുശ്രൂഷ എന്നീ മേഖലകളില്‍ ക്രൈസ്തവര്‍ നല്കുന്ന മഹത്തായ സംഭാവനകളെ മതപരിവര്‍ത്തന ആരോപണം ഉന്നയിച്ച് കളങ്കപ്പെടുത്തുന്നത് കടുത്ത ജനദ്രോഹമാണ്. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുണ്ട്. എങ്ങനെയാണ് അവര്‍ വിദേശികളാകുന്നത്? മണിപ്പുരിലെ ആഭ്യന്തരയുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്ക് ഇരകളായത് ക്രൈസ്തവ ഗോത്രവര്‍ഗക്കാരാണ്. ലോകത്തെങ്ങും യുദ്ധമുന്നണികളിലൊക്കെ സമാധാന സംസ്ഥാപനത്തിനും പ്രശ്നപരിഹാരത്തിനും വലിയ സംഭാവന നല്കുന്ന പ്രധാനമന്ത്രി മോദി മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ വിസമ്മതിക്കുന്നത് എന്തുകൊണ്ടാണ്? പട്ടികജാതി, പട്ടികവര്‍ഗത്തില്‍ നിന്നുള്ള ക്രൈസ്തവരും മുസ് ലിംകളും രാജ്യത്തെ ഭരണഘടന പ്രകാരം തുല്യ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കാന്‍ അര്‍ഹരല്ലാത്ത പൗരന്മാരാകുന്നത് എങ്ങനെയെന്നും ആര്‍ച്ച്ബിഷപ് മച്ചാഡോ ചോദിക്കുന്നു.
ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, രാജ്യത്തെ അതിസൂക്ഷ്മ ന്യൂനപക്ഷമായ ആംഗ്ലോ-ഇന്ത്യര്‍ക്ക് ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും പ്രാതിനിധ്യം പുനഃസ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി തയാറാകുമോ?
ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢിലെ ബസ്തറില്‍ ധുരാഗാവ് ആദിവാസി ഗ്രാമത്തില്‍ 23 ക്രൈസ്തവ കുടുംബങ്ങള്‍ ഹൈന്ദവ പാരമ്പര്യത്തിലേക്ക് മടങ്ങിയില്ലെങ്കില്‍ (ഘര്‍ വാപസി) അവരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുമെന്ന് ഗ്രാമത്തിലെ സര്‍പഞ്ചും 150 ഭൂരിപക്ഷ സമുദായക്കാരും ഭീഷണിപ്പെടുത്തിയിരിക്കയാണ്. ക്രിസ്മസ് ആഘോഷവും വിലക്കിയിട്ടുണ്ട്. ക്ഷയരോഗം ബാധിച്ച് മരിച്ച ഒരു ക്രൈസ്തവ സ്ത്രീയുടെ സംസ്കാരം ഗ്രാമത്തില്‍ നടത്താന്‍ അനുവദിച്ചില്ല. ക്രൈസ്തവര്‍ക്കുനേരെ കൂട്ടആക്രമണം ഉണ്ടായിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചു. അതിനു പുറമെ, ക്രൈസ്തവര്‍ സര്‍ക്കാരിന്റെ ഭൂമി കൈയേറി എന്നാരോപിച്ച് തഹസില്‍ദാര്‍ ഷോകോസ് നോട്ടീസും നല്കി. റായ്പുരിലെ ആര്‍ച്ച്ബിഷപ് വിക്ടര്‍ ഹെന് റി ഠാക്കുറിന് പ്രധാനമന്ത്രിയെ കണ്ടു സംസാരിക്കാന്‍ അവസരം ലഭിച്ചോ? മണിപ്പുരിലെ ക്രൈസ്തവരുടെ അതിജീവന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇംഫാലിലെ ആര്‍ച്ച്ബിഷപ് ലീനസ് നേലിയെ ക്ഷണിച്ചിരുന്നോ? മണിപ്പുരില്‍ ബിജെപി മുഖ്യമന്ത്രിയുടെ സംരക്ഷണമുള്ള മെയ്തെയ് തീവ്രവാദികള്‍ ഇംഫാല്‍ ഈസ്റ്റില്‍ ഇലോണ്‍ മസ്ക്കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് റൗട്ടറും ആന്റിനയും ഉപയോഗിക്കുന്നതായി കണ്ടെത്തിയത് മോദി അറിയാതിരിക്കുമോ?
കേരളത്തില്‍ ക്രൈസ്തവ കുടുംബങ്ങളിലേക്ക് ക്രിസ്മസ് കേക്കുമായി സ്നേഹയാത്ര നടത്താനും ചില മെത്രാസനമന്ദിരങ്ങളില് കേക്കു മുറിക്കാനും ബിജെപി സംസ്ഥാന നേതൃത്വം വിപുലമായ പദ്ധതി ആവിഷ്കരിച്ചിരിക്കെയാണ് പാലക്കാട് നല്ലേപ്പള്ളി സര്‍ക്കാര്‍ യുപി സ്കൂളില്‍ സെമസ്റ്റര്‍ അവസാനം ക്രിസ്മസ് ആഘോഷിക്കാന്‍ കാരള്‍ ഗാനാലാപനത്തിന് സാന്താക്ലോസ് വേഷമണിഞ്ഞവരെ തടയാനും ഭീഷണിപ്പെടുത്താനും വിശ്വഹിന്ദു പരിഷത്ത്, ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. ചിറ്റൂര്‍ തത്തമംഗലത്തെ സ്കൂളില്‍ ഒരുക്കിയിരുന്ന പുല്‍ക്കൂട് ചിലര്‍ തകര്‍ത്തു. ഡല്‍ഹിയില്‍ മോദിജി മെത്രാന്മാരോടൊപ്പം ക്രിസ്മസ് ആഘോഷിക്കുമ്പോഴാണ് കേരളത്തിലെ സംഘപരിവാരം പുല്‍ക്കൂടിനും സാന്താക്ലോസിനും മുര്‍ദാബാദ് വിളിച്ച് അക്രമതാണ്ഡവമാടുന്നത്. ക്രിസ്മസ് നക്ഷത്രത്തിനു പകരം ശബരിമല സീസണില്‍ കേരളത്തില്‍ മകരനക്ഷത്രം തൂക്കണമെന്ന കല്പനയും ചിലരൊക്കെ ഇറക്കിയത് മോദി അറിഞ്ഞുകാണുമോ? ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലമാക്കിയ സംഘപരിവാര ഗ്രൂപ്പുകളെ പാര്‍ട്ടി നേതൃത്വം തള്ളിപ്പറയുമ്പോഴും, സവര്‍ണാഭിമുഖ്യമുള്ള ചില ക്രൈസ്തവ നാമധാരികള്‍ തങ്ങളുടെ കൂറ് മറ്റേതോ വിചാരധാരയ്ക്കൊപ്പമാണെന്ന് വിളിച്ചുകൂകുന്നത് അവരുടെ സഭാമേലധ്യക്ഷന്മാര് കേള്‍ക്കുന്നുണ്ടാകുമോ?
ഒടുവില്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പട്നാ ഫ്ളൈറ്റില്‍ ‘മെരിയര്’ ക്രിസ്മസ്!