കെ.ജെ സാബു
‘ആഘോഷിക്കണമെന്ന് തോന്നിയിട്ടില്ല… പക്ഷെ കാലത്തിനോട് നന്ദിയുണ്ട്, ഇത്രയും കാലം അനുവദിച്ചതിന്. അത് ദൈവമാകാം, എന്തുമാകാം….’ എം ടി യുടെ വാക്കുകളാണ്. ഏഴ് പതിറ്റാണ്ട് നീണ്ട കഥാസമാഹാരം അവസാനിക്കുമ്പോള്‍ മലയാളം അറിയുന്നുണ്ട് ആ തീരാ നഷ്ടത്തിന്റെ സങ്കടം.
1933 ജൂലൈ 15 കര്‍ക്കിടക മാസത്തില്‍ ഉത്രട്ടാതി നാളില്‍ രാത്രിയിലായിരുന്നു മലയാളത്തന്റെ മഹാപ്രതിഭ ജനിച്ചത്. അച്ഛന് പുന്നയൂര്‍ക്കുളം ടി. നാരായണന് നായര്‍ അമ്മ ശ്രീമതി അമ്മാളു. നാലു മക്കളില്‍ ഏറ്റവും ഇളയ ആള് ആയിരുന്നു എം.ടി വാസുദേവന്‍ നായര്‍.
അദ്ദേഹത്തിന്റെ കൃതികളിലും സിനിമകളിലും മലയാളി വായിച്ചറിഞ്ഞത് പോലുള്ള ഇല്ലായ്മകള്‍ നിറഞ്ഞുള്ള ജീവിതം തന്നെയായിരുന്നു കുട്ടിക്കാലത്ത്. മാമല കാവ്, കുമാരനല്ലൂര്‍ തുടങ്ങിയ സ്കൂളുകളിലെ പഠനത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളജില്‍ നിന്ന് 1953ല്‍ ബിരുദം നേടി. പഠനശേഷം അധ്യാപകനായിട്ടായിരുന്നു എം.ടി യുടെ തുടക്കം. തുടര്‍ന്ന് 1957ല്‍ മാതൃഭൂമി ദിനപത്രത്തില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു.
കോളജില്‍ പഠിക്കുന്ന കാലത്ത് ‘രക്തംപുരണ്ട മണ്തരികള്’ എന്ന ചെറുകഥ എഴുതി പബ്ലിഷ് ചെയ്യുന്നു. 1958ല്‍ പ്രസിദ്ധീകരിച്ച ‘നാലുകെട്ട്’ എന്ന നോവലാണ് എം.ടി എഴുതി പുസ്തക രൂപത്തില്‍ ആദ്യം പുറത്തുവരുന്നത്. പക്ഷേ ‘പാതിരാവും പകല്‍ വെളിച്ചവും’ എന്നൊരു നോവല്‍ ‘നാലുകെട്ടി’നും മുന്‍പ് ആഴ്ചപ്പതിപ്പിലൂടെ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.
നായര്‍ തറവാടുകളുടെ തകര്‍ച്ചയും വൈകാരിക പ്രക്ഷുബ്ധതയും മരുമക്കത്തായ വ്യവസ്ഥക്കെതിരെ പ്രതികരിക്കുന്ന യൗവനങ്ങളുടെ കഥയും പറഞ്ഞ ‘നാലുകെട്ട്’ എന്ന നോവല്‍ 1959 ലെ സാഹിത്യ അക്കാദമി പുരസ്കാരത്തിന് യോഗ്യമായി. തുടര്‍ന്ന് കാലം ‘അസുരവിത്ത്’, ‘മഞ്ഞ്’, ‘വിലാപയാത്ര’, ‘രണ്ടാമൂഴം’ തുടങ്ങിയ നോവലുകള്‍ മലയാളിയെ അനുഭൂതിയുടെ നെറുകയിലേക്ക് കൈപിടിച്ചു കൊണ്ടുപോയി.
എംടിയുടെ ഏറ്റവും പ്രശസ്തമായ ‘രണ്ടാമൂഴം’ 1984 ലാണ് പ്രസിദ്ധീകരിക്കുന്നത്. മഹാഭാരതകഥ ഭീമന്റെ വീക്ഷണ കോണിലൂടെ പറയുന്ന ‘രണ്ടാമൂഴം’ എം.ടി യുടെ കൃതികളില്‍ മലയാളി ഏറെ നെഞ്ചോട് ചേര്‍ത്ത ഒന്നാണ്.
‘രണ്ടാമൂഴ’ത്തിന് ശേഷം എം.ടി എഴുതിയ നോവല്‍ ആയിരുന്നു ‘വാരണാസി’. 1957 മുതല്‍ 1981 വരെ എം.ടി മാധ്യമപ്രവര്‍ത്തനവും തുടര്‍ന്നിരുന്നു. പില്ക്കാലത്ത് കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു.
‘മരിച്ചുപോയവരെ ഓര്‍ത്ത് ഉറക്കം കളയരുത്… ജീവിച്ചിരിക്കുന്നവര്‍ ഒരുപാടുണ്ടല്ലോ…’ എന്ന് മലയാളികളെ ഓര്‍മിപ്പിച്ച് അദ്ദേഹം നാളെയുടെയും ഇന്നലെകളുടെയും മധ്യത്തില്‍ ഒഴിവുകാലം പോലെ കടന്നു പോയി. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ഇതിഹാസമായി മലയാളത്തില്‍ നിറഞ്ഞ് നിന്ന അതുല്യ പ്രതിഭയെയാണ് മലയാളത്തിന് നഷ്ടമായത്.
എം.ടിയുടെ മനസ്സറിഞ്ഞ മലയാളിയുടെ മഹാനടന് പദ്മശ്രീ മമ്മൂട്ടി അദ്ദേഹത്തിന്റ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയ വാക്കുകള്‍ ഏതൊരു മലയാളിക്കും ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാവുന്നതാണ്. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കിട്ട ഹൃദയഹാരിയായ കുറിപ്പില്‍, ഒരു യുഗപ്പൊലിമ മറയുകയാണെന്നാണ് മമ്മൂട്ടി കുറിച്ചത്.’ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി-മമ്മൂട്ടി എഴുതി .
എം.ടി ജീവിച്ചോരുകാലത്ത് അദ്ദേഹത്തിന്റ രചനകളും സിനിമകളും നമുക്കെല്ലാം ആസ്വദിച്ച് ജീവിക്കാനായി എന്നതൊരു പുണ്യമാണ്. മലയാള സാഹിത്യത്തെയും സിനിമകളെയും ഒരുകാലത്തെ നായര്‍ സമുദായ ജീവിതത്തിന്റെ ചുറ്റുപാടുകളില്‍ മാത്രം തളച്ചിട്ടു അദ്ദേഹം എന്ന ആക്ഷേപത്തോടൊപ്പം അദ്ദേഹത്തിന്റ സാഹിത്യ സിനിമാ സംഭാവനകള്‍ മലയാളം ഉള്ളിടത്തോളം നിലനില്‍ക്കുമെന്നതില്‍ തര്‍ക്കമില്ല.