കോട്ടപ്പുറം: കോട്ടപ്പുറം രൂപത വൈദികരുടെയും മതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ക്രിസ്തുമസ് സംഗമം നടത്തി. മാതാപിതാക്കളുടെ ത്യാഗവും പ്രാർത്ഥനയുമാണ് വൈദീക ജീവിതത്തിലേക്കുള്ള പ്രചോദനമെന്ന് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസ്താവിച്ചു.
ആത്മീയ ചൈതന്യമുള്ള ഭവനങ്ങളാണ് വൈദീക സന്യസ്ത ദൈവവിളികളുടെ വിളനിലമെന്നും ബിഷപ്പ് പറഞ്ഞു . കോട്ടപ്പുറം രൂപത ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, സിഡിപിഐ പ്രസിഡൻ്റ് ഫാ. സിജോ വേലിക്കകത്തോട്ട്, ഫാ എബ്നേസർ കാട്ടിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന ദിവ്യബലിക്ക് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
എറണാകുളം ആശീർഭവൻ ഡയറക്ടർ റവ. ഡോ. വിൻസൻ്റ് വാരിയത്ത് വചനപ്രഘോഷണം നടത്തി. കെആർഎൽസിസി ജനറൽ സെക്രട്ടറിയായും കെആർഎൽസിബിസി ഡപ്യൂട്ടി സെക്രട്ടറിയുമായി നിയമിതനായ കോട്ടപ്പുറം രൂപതാംഗം ഡോ ജിജു ജോർജ് അറക്കത്തറയെ ആദരിച്ചു.രൂപതയിലെ എല്ലാ വൈദീകരും കുടുംബാംഗങ്ങളും പങ്കെടുത്തു. കലാപരിപാടികളും നടന്നു.