കൊച്ചി: വരാപ്പുഴ അതിരൂപതയിലെ ഇടവക വിദ്യാഭ്യാസ സമതി ഭാരവാഹികളുടെ 14-ാ മത് വാർഷിക സമ്മേളനം എറണാകുളത്ത് സെൻ്റ് ആൽബർട്ട്സ് കോളേജിലെ പാപ്പാളി ഹാളിൽ നടന്നു. സമ്മേളനത്തിൻ്റെ മുഖ്യാഥിതി ആയിരുന്ന വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിവിധ ഇടവകളിലെ അതിരൂപതാംഗങ്ങളായ 2025 വിദ്യാർത്ഥികൾക്ക് 73 ലക്ഷം രൂപയുടെ സ്കോളർഷിപ്പിൻ്റെ രൂപതാതല വിതരണോത്ഘാടനം അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. 2024 ലെ നവദർശൻ പൊതുവിജ്ഞാന ക്വിസ് മൽസരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കലൂർ, കൂനമ്മാവ്, വൈപ്പിൻ എന്നീ ഫെറോന ടീമംഗങ്ങൾക്ക് ക്യാഷ് പ്രൈസും ഫലകവും തദവസരത്തിൽ മുഖ്യതിഥി നൽകി.
അതിരൂപതയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് പ്രവർത്തിക്കുന്ന ഇടവക വിദ്യാഭ്യാസ സമിതി ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുകയും ക്രിസ്തുമസ് കേക്ക് മുറിച്ചു കൊണ്ട് എല്ലാവർക്കും ക്രിസ്തുമസിൻ്റേയും പുതുവൽസരത്തിൻ്റെയും ആശംസകൾ നേരുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
നവദർശൻ ഡയറക്ടർ ഫാ. ജോൺസൺ ഡിക്കുഞ്ഞ, അസി. ഡയറക്ടർ ഫാ. ജോസഫ് പള്ളിപ്പറമ്പിൽ, ഫാ. അലക്സ് കുരിശു പറമ്പിൽ സർവ്വശ്രീ ജോസഫ് ബെന്നൻ, കെ. വി ജോസ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി ലീഡർഷിപ്പ് ട്രെയ്നർ ബാബു ജോണിൻ്റെ പ്രത്യേക മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചിരുന്നു.