കൊച്ചി : മുനമ്പം -കടപ്പുറം ഭൂപ്രദേശത്ത് 610 കുടുംബങ്ങൾ വില കൊടുത്ത് വാങ്ങിയ ഭൂമി വഖഫ് ഭൂമി അല്ലെന്ന നിലപാട് ആവർത്തിച്ച് കെആർഎൽസിസി . ഫാറൂഖ് കോളേജിന് ഭൂമി ലഭ്യമാകുന്ന കാലയളവിൽ നിലനിന്നിരുന്ന വഖഫ് നിയമത്തിൻ്റെയും, കൈമാറ്റത്തിനായുള്ള നിയമാനുസൃത രേഖയിലെ ഉള്ളടക്കത്തിന്റെയും 7അടിസ്ഥാനത്തിൽ ഈ ഭൂപ്രദേശം വഖഫ് ഭൂമി അല്ല എന്ന് അസന്നിഗ്ധമായി തന്നെ വ്യക്തമാകുന്നുണ്ട്.
മാത്രമല്ല വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഫറൂഖ് കോളേജിന് ദാനമായി ലഭിച്ച ഈ ഭൂമി കൈമാറ്റം ചെയ്തതിലൂടെ സമാഹരിച്ച ധനം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തന്നെ ഫാറൂഖ് കോളേജ് ഉപയോഗിച്ച് കഴിഞ്ഞതുമാണ്. ഇനിയും ഇത് വഖഫ് ഭൂമി ആണെന്ന ചിലരുടെ അവകാശവാദം അപ്രസക്തമാണെന്ന് കെആർ എൽ സി സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിലും സമുദായ വക്താവ് ജോസഫ് ജൂഡും വ്യക്തമാക്കി.
1954 ലെ വഖഫ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന കാര്യങ്ങൾ പാലിക്കാതെയും നടപ്പിലാക്കാതെയും ഈ അടുത്ത കാലത്ത് മാത്രമാണ് വഖഫ് ബോർഡ് ഈ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് മുന്നോട്ടുവന്നിട്ടുള്ളത്.
കേരള സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നുവരുന്ന വിവാദ പ്രസ്താവനകൾ ദുരുഹമാണ്. മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ സമ്പൂര്‍ണമായും ശാശ്വതമായും പുനസ്ഥാപിക്കുക എന്നതുമാത്രമാണ് ഇപ്പോഴുണ്ടായിട്ടുള്ള ഈ പ്രതിസന്ധിക്ക് പരിഹാരം.
മുസ്ലീം സമുദായത്തിലെ നേതാക്കളും പ്രമുഖ സംഘടനകളും ലത്തീൻ സഭയിലെ അഭിവന്ദ്യ മെത്രാന്മാരെ സന്ദർശിക്കുകയും മുനമ്പത്തെ ഭൂമി അവിടെ നിയമാനുസൃതം താമസിക്കുന്നവർക്ക് മാത്രം അവകാശപ്പെട്ടതാണന്നും
പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അറിയിച്ചിട്ടുള്ളതുമാണ്.
ആ നിലപാട് തുടരുമെന്നും മുസ്ലിം നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്, കെആർഎൽസിസി ചുണ്ടിക്കാട്ടി.