ചിറ്റൂർ : ചിറ്റൂർ കരയെ മുഴുവനും ആഘോഷത്തിൽ തിമർപ്പിലാക്കി ചിറ്റൂർ കാർണിവൽ നടത്തപ്പെട്ടു. ചിറ്റൂർ പള്ളിയുടെ തലപ്പള്ളിയായ മൂലമ്പള്ളിയിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി ആരംഭിച്ച കാർണിവൽ എറണാകുളം എംഎൽഎ ടി. ജെ. വിനോദ് ചിറ്റൂർ ഫെറിയിൽ വച്ച് ഫ്ലാഗ് ഓഫ് ചെയ്തു.

ചിറ്റൂർ ഫെറി മുതൽ ചിറ്റൂർ പള്ളി വരെ 500 ൽ അധികം പപ്പാഞ്ഞിമാരും അത്രതന്നെ പരമ്പരാഗത വസ്ത്രധാരികളായ ചട്ടയും മുണ്ട് ധരിച്ചവരും, ജുബ്ബയും മുണ്ട് ധരിച്ചവരും, കവായയും സൂട്ടും കോട്ടും ധരിച്ചവരും അണിനിരന്ന പ്രൗഢഗംഭീരമായ കാർണിവൽ റാലി ഏകദേശം രണ്ടുമണിക്കൂർ നീണ്ടുനിന്നു.
പരമ്പരാഗത കലാരൂപങ്ങളായ മാർഗംകളിയും ചവിട്ടു നാടകവും ഈ കാർണിവല്ലിന്റെ അലങ്കാരമായിരുന്നു. ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട എട്ട് ടാബ്ലോകൾ ഇടവകയിലെ 8 ബ്ലോക്കുകൾ അണിയിച്ചൊരുക്കി. പള്ളിയിലെത്തിയതിനു ശേഷം പപ്പാഞ്ഞിമാർ ഒരുമിച്ച് നൃത്തം ചവിട്ടി.

തുടർന്ന് ഇടവക ബ്ലോക്ക് തലത്തിലുള്ള കലാപരിപാടികളും നടത്തി. ഇടവക വികാരി ഫാദർ മാർട്ടിൻ അഴീക്കകത്ത്, സഹവികാരി ഫാദർ ഷാമിൽ ജോസഫ്, കൺവീനർമാരായ ആഘോഷ് ഫ്രാൻസിസ്, സ്റ്റെഫി സ്റ്റബിൻ, ഇടവകയിലെ യുവാക്കളും വിവിധ കമ്മറ്റികളും കാർണിവല്ലിന് നേതൃത്വം നൽകി.