ഭക്ഷണപാനീയങ്ങളിൽ രുചി വർധിപ്പിക്കുന്നതിനായാണ് സാധാരണ ഇഞ്ചി ഉപയോഗിക്കാറ്. എന്നാൽ പല ആരോഗ്യ പ്രശ്നങ്ങൾക്കുള്ള മരുന്നായും ഇഞ്ചി ഉപയോഗിച്ച് വരുന്നു. വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, എന്നിവയെല്ലാം ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാൽ രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഇഞ്ചി സഹായിക്കും. മാത്രമല്ല ഇഞ്ചിയിലെ ജിഞ്ചറോൾ എന്ന ബയോ ആക്റ്റീവ് സംയുക്തം സന്ധിവാതം, വേദന, വീക്കം എന്നിവ കുറയ്ക്കാൻ ഗുണം ചെയ്യുമെന്ന് ജേണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു.
ദഹന പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഉമിനീർ, പിത്തരസം, ഗ്യാസ്ട്രിക് എൻസൈമുകൾ എന്നിവ ഉത്തേജിപ്പിക്കാൻ ഇത് സഹായിക്കും. ഇതുവഴി ദഹനം സുഗമമാക്കാനും വയറുവേദന, ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാനും ഇഞ്ചി ഉത്തമമാണ്. ഓക്കാനം, ആമാശയത്തിലെ അസ്വസ്ഥതകൾ എന്നിവ പരിഹരിക്കാനും ഇഞ്ചി ഗുണം ചെയ്യും.
ഇഞ്ചി ശരീരത്തിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കും. അമിത വിശപ്പ് തടയാനും കലോറി ഉപഭോഗം കുറയ്ക്കാനും ഇഞ്ചി ഫലം ചെയ്യും. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും ഇഞ്ചി സഹായിക്കും.
ഇഞ്ചിയിൽ ആൻ്റി ഓക്സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം, വീക്കം എന്നിവ കുറയ്ക്കാനും ഇഞ്ചി ഗുണം ചെയ്യും. ഇത് അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ വാർദ്ധക്യ സഹജമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
ഇഞ്ചിയിലെ ബയോ ആക്റ്റീവ് സംയുക്തങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കും. അതിനാൽ പതിവായി ഇഞ്ചി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും.ടോക്സിനുകൾ, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കരളിനെ സംരക്ഷിക്കാൻ ഇഞ്ചി ഫലപ്രദമാണ്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും വിഷാംശം ഇല്ലാതാക്കാനും കരളിന്റെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
NB. എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്.ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്.