ഫാ. സേവ്യര്‍ കുടിയാംശ്ശേരി
ഭരണസംവിധാനത്തിലെ ലെജിസ്ലേച്ചര്‍, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നീ മുന്നു ഘടകങ്ങളും പരസ്പരം ചെക്ക് ആന്‍ഡ് ബാലന്‍സായി പ്രവര്‍ത്തിക്കേണ്ടതാണ്. പരസ്പരം തിരുത്തുകയും സംരക്ഷിക്കുകയും വേണം. അങ്ങനെയെങ്കില്‍ ജുഡിഷ്യറി ഭരണഘടനയ്ക്കു കാവലാകുമോ?. നമ്മുടെ ഭരണഘടന അപകടകരമാംവിധം ഭീഷണിയിലാണ് എന്ന് എല്ലാവര്‍ക്കുമറിയാം.
ഈ അടുത്തനാളുകളില്‍ ആശ്വാസകരമായ ഒരു വിധി സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചില്നിന്നുണ്ടായിട്ടുണ്ട്. ‘സോഷ്യലിസം’ ‘സെക്കുലറിസം’ എന്നീ വാക്കുകള്‍ ഭരണഘടനയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള വിധിയാണത്. ഈ രണ്ടു വാക്കുകളും ഭരണഘടനയുടെ ആമുഖക്കുറിപ്പില്‍ 1976 ല്ഇന്ദിരാഗന്ധി 42-ാം ഭരണഘടനാ ദേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തതാണെന്നും അതിനു മുന്‍കാല പ്രാബല്യം ഇല്ലെന്നും അതിനാല്‍ 42-ാം ഭേദഗതി നിലനില്‍ക്കുന്നതല്ലെന്നുമുള്ള ഹർജി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന തള്ളി. ആ രണ്ടു വാക്കുകളും ഭരണഘടനയുടെ ആത്മാംശം അവതരിപ്പിക്കുന്നതാണെന്നും അതിനാല്‍ അവ ഭരണഘടനയുടെ ആമുഖക്കുറിപ്പില്‍ നിലനില്ക്കേണ്ടതാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിധി. ആ രണ്ടു വാക്കുകളും കൂട്ടിച്ചേര്‍ത്തപ്പോള്‍ ലെജിസ്ലേച്ചര്‍ ലക്ഷ്യം വച്ചതും അതുതന്നെയായിരുന്നു. ആ ഭേദഗതിക്ക് മുന്‍കാല പ്രാബല്യം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. അങ്ങനെയൊരു വിധി വന്നപ്പോള്‍ രാജ്യസ്നേഹികളായ എല്ലാവര്ക്കും ആശ്വാസമായി. എന്നാല്‍ ഈ വിധി ഭരണഘടനയുടെ സുരക്ഷയ്ക്കു കാവല്‍നില്‍ക്കുമോ.
ഈ ചോദ്യം ഗൗരവതരമായിത്തീരുന്നത് സുപ്രീം കോടതിയുടെ ആശ്വാസകരമായ വിധി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കോടതി നടത്തിയ ഒരു നിരീക്ഷണത്തിന്റെ വെളിച്ചത്തിലാണ്. ഭരണഘടനയുടെ ആമുഖത്തിലടക്കം ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റിന് അധികാരമുണ്ടെന്ന നിരീക്ഷണമായിരുന്നു അത്. നമ്മുടെ ഭരണഘടന ഫ്ളെക്സിബിള്‍ ആണ്. ഭരണഘടന ഭേദഗതി ചെയ്യാവുന്നതാണ്. എന്നാല്‍ കേശവാനന്ദ ഭാരതി കേസില്‍ ഭേദഗതി സാധ്യമാണെങ്കിലും ഭരണഘടനയുടെ അടിസ്ഥാന ഘടന (ബെസിക് സ്റ്റ്രക്ച്ചര്‍)യില്‍ മാറ്റം വരുത്താന്‍ പാടില്ല എന്നു നിഷ്കര്‍ഷിച്ചിട്ടുണ്ട്. ആ നിഷ്കര്‍ഷയാണ് ഭരണഘടനയെ നാളിതുവരെ സംരക്ഷിച്ചത്.
ജനാധിപത്യം മതേതരത്വം, സോഷ്യലിസം, നിയമവാഴ്ച, നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്, സ്വതന്ത്രമായ നീതിന്യായകോടതികള്‍, ഫെഡറല്‍ സംവിധാനം എന്നിവയെല്ലാം അടിസ്ഥാന ഘടകങ്ങളില്പ്പെടുന്നതാണെന്ന് കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അടിസ്ഥാനഘടനയുടെ ഭാഗമാണ് സോഷ്യലിസവും സെക്കുലറിസവും. അതു ഭരണഘടനയുടെ ആമുഖക്കുറിപ്പില്നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന കേസിലാണ് പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി ആയിക്കൂടെയെന്നു സുപ്രീം കോടതി ചോദിക്കുന്നത്. അടിസ്ഥാന ഘടനയില്‍പ്പോലും ഭരണഘടനാഭേദഗതിക്കു ശ്രമിച്ചു കൂടെയെന്നു കോടതി ചോദിക്കുമ്പോള്‍ അതില്‍ ഏതു ഭേദഗതിക്കുമുള്ള ഒരു നിശ്ശബ്ദാനുമതിയായി വ്യാഖ്യാനിക്കാനിടയുണ്ട്. ആവശ്യമുള്ളത്രയും ഭൂരിപക്ഷമുണ്ടെങ്കില്‍ ഏതു ഭരണഘടനാ ഭേദഗതിയും സാധ്യമാണ് എന്നു വരുന്നില്ലെ. ഈ വിധി യഥാര്‍ത്ഥത്തില്‍ ഭരണഘടന മാറ്റിയെഴുതണമെന്നു വിചാരിക്കുന്നവര്‍ക്ക് അനുകൂലമായ വഴി തുറന്നിടുന്നില്ലേ. ഭരണഘടനയിലെ 368-ാം അനുച്ഛേദ
ത്തില്‍ പറയുന്നത് പാര്‍ലമെന്റിന് ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യാമെന്നാണ്. ഭേദഗതി എന്നാല്‍ കൂട്ടിച്ചേര്‍ക്കല്‍ , മാറ്റങ്ങള്‍ വരുത്തുക, അല്ലെങ്കില്‍ റദ്ദാക്കല്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളും. അതിനൊരു നിയന്ത്രണമാണ് കേശവാനന്ദ ഭാരതി കേസില്‍ വ്യക്തമാക്കപ്പെട്ടിരുന്നത്.
ഇപ്പോഴത്തെ സുപ്രീം കോടതിയുടെ നിരീക്ഷണം കേശവാനന്ദ ഭാരതി കേസിലെവിധിയിലും വിളളലുണ്ടാക്കില്ലെ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ നമ്മളൊക്കെ ഭയപ്പെടുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. നമുക്ക് കരുതലും ജാഗ്രതയും അനിവാര്യമാണ്. ഏകാധിപത്യ സ്വഭാവമുള്ള ഭരണാധികരിയൊ പാര്‍ട്ടികളോ അധികാരത്തില്‍ പിടിമുറുക്കിയാല്‍ ഭരണഘടന പ്രതിസന്ധിയിലാകും.
തിരഞ്ഞെടുപ്പുകളില്‍ ജാഗ്രത അനിവാര്യമാണ്. ഒപ്പം ജുഡീഷ്യറിയുടെ പരിപൂര്‍ണമായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. സുപ്രീം കോടതികളില്‍നിന്ന് വിരമിച്ചാല്‍ ഉടനെതന്നെ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കാന്‍ വേദിയൊരുക്കുന്നതു ശരിയല്ല. സുപ്രീം കോടതിയില്‍ നിന്നു റിട്ടയര്‍ ചെയ്ത പിറ്റേന്നു തന്നെ രാജ്യസഭാംഗം, ഗവര്‍ണര്‍ തുടങ്ങിയ പൊസിഷനുകള്‍ നല്കപ്പെട്ടിട്ടുണ്ട്. അതൊക്കെ ജുഡീഷ്യറിയുടെ ഇന്‍ഡിപെന്‍ഡന്‍സ് തകര്‍ക്കും. അങ്ങനെവന്നാല്‍ സ്വന്തം നിലനില്പിനുവേണ്ടി അധികാര പ്രീണനത്തിനു വശംവദരാകാന്‍ ജഡ്ജസും നിര്‍ബന്ധിതരാകും. അതു ഭരണഘടനയ്ക്കു ഭീഷണിയാണ്.
ഭരണഘടനയുടെ മുഖം എന്നറിയപ്പെടുന്ന ആമുഖക്കുറിപ്പു നമുക്കു മറക്കാതിരിക്കാം. ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാര്ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും പദവിയിലും അവസരത്തിലും സംപ്രാപ്തമാക്കുവാനും അവരുടെയെ
ല്ലാപേരുടേയുമിടയില് വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും സുനിശ്ചിതമാക്കികൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും സഗൗരവം തീരുമാനിക്കുകയാല്‍ നമ്മുടെ ഭരണഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
നമ്മള് നമുക്കുതന്നെ നല്കുന്നു എന്നു പറഞ്ഞിട്ടാണ് ആമുഖക്കുറിപ്പ് അവസാനിക്കുന്നത്. അതായത് മറ്റാരും തയ്യാറാക്കിതന്നതല്ല, നമ്മള്‍തന്നെ ചിട്ടപ്പെടുത്തിയതാണ്. നിശ്ചയമായും ഭാരതീയ ദര്‍ശനങ്ങള്‍, നമ്മുടെ പാരമ്പര്യം, ബൈബിളിലെ ദര്‍ശനങ്ങള്‍, മറ്റു രാജ്യങ്ങളുടെ ഭരണഘടനയിലെ നല്ല ഭാഗങ്ങള്‍ എല്ലാം സ്വീകരിച്ചുകൊണ്ട്, അംബേദ്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിങ്ങ് കമ്മിറ്റി തയ്യാറാക്കി കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി പാസ്സാക്കിയതാണ് നമ്മുടെ ഭരണഘടന. അതിനാല്‍ ഭരണഘടനയുടെ സംരക്ഷണം നമ്മുടെതന്നെ ദൗത്യമാണ്.