പ്രഫ. ഷാജി ജോസഫ്
The Colours of the Mountain (Colombia/90 minutes/2010)
Director: Carlos Cesar Arbelaez
ആഭ്യന്തര കലാപ ബാധിതമായ ഗ്രാമത്തില്‍ മലമുകളിലെ ഒളിപ്പോരാളികള്‍ക്കും സര്‍ക്കാരിന്റെ പട്ടാളത്തിനും ഇടയില്‍ അവരുടെ ജീവിതം ദുസ്സഹമാണ്. മാനുവല്‍ (ഹെര്‍മന്‍ മൗറിസ്യോ ഒകാമ്പോ), സുഹൃത്തുക്കളായ ജൂലിയന്‍ (നോള്ബെര്ട്ടോ സാഞ്ചസ്), പോക്ക ലൂസ് (ജെനീറോ അരിസ്റ്റിസ്ബല്) എന്നീ ബാലന്മാരുടെ കണ്ണുകളിലൂടെയാണ് കഥ വികസിക്കുന്നത്. അവരെ യോജിപ്പിക്കുന്ന പ്രധാന ഘടകം ഫുട്ബോള്‍ ആണ്. അവരുടെ ജീവിതത്തിലൂടെ രാഷ്ട്രീയ അന്തരീക്ഷം തീക്ഷ്ണമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് സംവിധായകന്. മാന്വലിന്റെ അച്ഛന്, ദരിദ്ര കര്‍ഷകനായ ഏര്‍ണെസ്റ്റോ (ഹെര്‍മന്‍ മെന്റസ്) പശുക്കളെയും പന്നികളെയും വളര്‍ത്തിയാണ് ജീവിതം നീക്കുന്നത്. ഓരോ നിമിഷവും ഭയത്തിന്റെ പിടിയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു രാഷ്ട്രീയാന്തരീക്ഷമായിരുന്നു അവിടെ നിലനിന്നിരുന്നത്. അവന്റെ അമ്മ എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടാമെന്ന് അച്ഛനോട് പറയുന്നുണ്ടെങ്കിലും കന്നുകാലികളേയും കൃഷിയും വിട്ട് സ്ഥലം വിടാന്‍ അയാള്‍ ഒരുക്കമല്ല. വിമതരും പട്ടാളവും നിരന്തരമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ് ഗ്രാമത്തില്‍, ഏതു നിമിഷവും സംഘര്‍ഷം മൂര്‍ച്ഛിക്കാം. സൈന്യത്തെ പ്രതിരോധിക്കാന്‍ പലസ്ഥലത്തും മൈന്‍ പാകിയിരിക്കുകയാണ് വിമത ഗറില്ലകള്‍, കുട്ടികളുടെ കളിസ്ഥലത്തിരികെ പോലും.
ആ ഗ്രാമത്തില്‍ ഇനി കുറച്ച് പേരേ ബാക്കിയുള്ളു, പലരും നാടുവിട്ടു. ഗറില്ല പോരാളികളെ പേടിച്ച് ഗ്രാമത്തിലെ ഏകാധ്യാപക സ്കൂള്‍ പൂട്ടിയിട്ടിരിക്കയാണ്. വിമതരുടെ ഭീഷണി മൂലം ആ വിദ്യാലയത്തിലേക്ക് വരുവാന്‍ അധ്യാപകര്‍ തയ്യാറായിരുന്നില്ല. സ്കൂള്‍ മതിലില്‍ വിമതര്‍ മുദ്രാവാക്യമെഴുതി വച്ചിട്ടുണ്ട്. മിലിട്ടറിയും ഗറില്ലാതീവ്രവാദികളും തമ്മിലുള്ള യുദ്ധം കാരണം ഭൂരിഭാഗംപേരും ഗ്രാമമുപേക്ഷിച്ചു പലായനം ചെയ്തിരുന്നു. ശേഷിക്കുന്നവരെ ഭീഷണിപ്പെടുത്തി തങ്ങളോടു ചേര്‍ക്കാന്‍ ഗറില്ലകള്‍ ശ്രമിക്കുമ്പോള്‍ ഏണസ്റ്റിനെപ്പോലെയുള്ള വളരെ ചുരുക്കം ആളുകള്‍ ചെറുത്തുനില്‍ക്കാനാണ് ശ്രമിക്കുന്നത്. മലമുകളില്‍ സായുധ വിപ്ലവത്തിനുള്ള പടയൊരുക്കത്തിലാണ് ഒളിപ്പോരാളികള്‍. ഗ്രാമത്തിലെ യുവാക്കളെ ഭീഷണിപ്പെടുത്തി മലമുകളിലെ ക്യമ്പിലെത്തിക്കുന്ന അവര്‍ സായുധ കലാപത്തിന് ഒരുങ്ങുകയാണ്, അതേസമയം പട്ടാളം ഗ്രാമം അരിച്ചുപെറുക്കി സംശയമുള്ളവരെ കൊണ്ട് പോകുന്നു. ചിലരെ നാട്ടുകാരുടെ കണ്‍മുമ്പിലിട്ട് വെടിവെച്ചു കൊല്ലാനും മടിക്കുന്നില്ല അവര്‍.
ദീര്‍ഘകാലത്തിനു ശേഷം കാര്‍മെന്‍ എന്ന പുതിയ ടീച്ചര്‍ നഗരത്തില്‍നിന്നും സ്കൂളിലേക്കെത്തുന്നതോടുകൂടി കുട്ടികള്‍ ഉണര്‍വിലായി. സ്കൂളിന്റെ ചുമരുകളില്‍ വിമതര്‍ എഴുതിയ മുദ്രാവാക്യങ്ങള്‍ ടീച്ചറും കുട്ടികളും മായ്ച്ചു ക്ലീന്‍ ചെയ്ത് അവിടെ ഗ്രാമത്തിന്റെ മനോഹരമായ ചിത്രം വരച്ചു വയ്ക്കുകയാണ്. കുട്ടികളില്‍ എന്തെന്നില്ലാത്ത ആത്മവിശ്വാസം അത് പകര്‍ന്നു നല്കി. മാനുവലിന്റെ ജന്മദിനത്തില് പിതാവ് അവനു സമ്മാനിക്കുന്നത് ഫുട്ബോളും ഗ്ലൗസുമാണ്. പുതിയ പന്തുമായി മാനുവലും കൂട്ടുകാരും കളിക്കുന്നതിനിടെ നീട്ടിയടിച്ച പന്ത് കുഴി ബോമ്പുകള്‍ പാകിയ സ്ഥലത്തേക്ക് വീഴുന്നു. തിരിച്ചെടുക്കുവാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളെല്ലാം പാഴാകുന്നു. ഇതിനിടയില്‍ പട്ടാളക്കാരുടെ ആക്രമത്തില്‍ തകര്‍ന്ന സുഹൃത്ത് ജൂലിയന്റെ വീട്ടിലെത്തുന്ന മാനുവലിന് ഭീതിയുടെ അന്തരീക്ഷത്തില്‍ അവിടെ നിന്നും ലഭിക്കുന്നത് ഒരു ഷൂ മാത്രം. വിമത ഗറില്ലകളുടെ തുടര്‍ച്ചയായ ഭീഷണിമൂലം പുതിയതതായി ചാര്‍ജ്ജെടുത്ത അധ്യാപികക്കും ജീവനുംകൊണ്ടോടേണ്ടി വന്നു. ഈ സംഭവം കുട്ടികളെ കൂടുതല്‍ സംഘര്‍ഷത്തിലാക്കി. ഒടുവില്‍ ഗ്രാമത്തിലെ അരക്ഷിതാവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മാനുവലിന് പിതാവിനെ നഷ്ടപ്പെടുന്നു.
ചിത്രാന്ത്യത്തില്‍ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്യാന്‍ വണ്ടിയില്‍ കയറുന്നതിന് മുമ്പായി മാനുവല്‍ മൈന്‍ പാകിയ സ്ഥലത്തു പെട്ടുപോയ പന്ത് സാഹസികമായി തിരിച്ചെടുക്കുന്നു. ലോകത്തിലെ മുതിര്‍ന്നവര്‍ അരങ്ങേറുന്ന വിവേകശൂന്യമായ പോരാട്ടത്തിനിടയില്‍, വീണ്ടെടുക്കുന്ന പന്ത് മാറോടടക്കിപ്പിടിച്ചിരിക്കുന്ന അവന്റെ മുഖത്ത് കളഞ്ഞുപോയ ആത്മവിശ്വാസം തിരിച്ചു വന്നതായി കാണാം നമുക്ക്.
കൊളംബിയന്‍ മലമടക്കുകളിലെ ഗ്രാമജീവിതത്തിന്റെ ചേതോഹര ദൃശ്യങ്ങളൊരുക്കിയ ക്യാമറ വര്‍ക്ക് എടുത്തുപറയേണ്ട ഒന്നാണ്. മാനുവല്‍ എന്ന നായക കഥാപാത്രമായി ഹെര്‍മന്‍ മൗറിസ്യോ ഒകാമ്പോയുടെ പ്രകടനം ശ്രദ്ധേയമാണ്. കുട്ടികള്‍ തമ്മിലുള്ള സ്വാഭാവിക സംവാദങ്ങളും അവരുടെ മിതമായ പ്രതികരണങ്ങളും കഥയെ കൂടുതല്‍ യാഥാര്ത്ഥ്യപരമാക്കുന്നു.
ഒരു സാധാരണ ഗ്രാമത്തില്‍ വളരുന്ന കുട്ടികളുടെ ബാല്യകാല സങ്കല്‍പ്പങ്ങളും ഭയങ്ങളും, സ്വപ്നങ്ങളും ആസ്വാദകരെ എളുപ്പത്തില്‍ അവരില്‍ സ്വയം തിരിച്ചറിയാന്‍ സഹായിക്കുന്നു.
കൊളംബിയയിലെ ഗ്രാമീണ മേഖലയിലെ സായുധ സംഘര്‍ഷങ്ങള്‍, യുദ്ധത്തിന്റെ അടങ്ങാത്ത ദുരിതങ്ങള്‍, കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍ എന്നിവ സിനിമയുടെ പശ്ചാത്തലമായി ഉപയോഗിക്കുന്നു. മലയിടുക്കുകളില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതം സായുധ സംഘങ്ങള്‍ മാറ്റിമറിക്കുന്നത് സിനിമ യാഥാര്‍ത്ഥ്യബോധത്തോടെയാണ് നിരീക്ഷിക്കുന്നത്. സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ രാഷ്ട്രീയമായ അസ്ഥിരതയുടെ സ്വാധീനത്തെ സൂക്ഷ്മതയോടെ കാണിച്ചുകൊണ്ടു, വ്യക്തിഗത അനുഭവങ്ങളും സാമൂഹിക പ്രതിസന്ധികളും പരസ്പരം എങ്ങനെ കടന്നുകൂടുന്നുവെന്ന് സംവിധായകന് വളരെ വ്യക്തമായും അതിസൂക്ഷ്മമായും കാണിക്കുന്നു. ചിത്രത്തിന്റെ പ്രമേയം അതിന്റെ തിരക്കഥയെ പോലെ തന്നെ ലളിതമാണ്. ലളിതമായ സംഭവങ്ങളിലൂടെ ഗ്രാമീണ ജീവിതവും അതിന്റെ സങ്കീര്‍ണ്ണതകളും യുദ്ധത്തിന്റെ ചെറുതും വലിയതുമായ സ്വാധീനങ്ങളും മികച്ച രീതിയില്‍ ദൃശ്യവല്ക്കരിക്കാന് സംവിധായകന് കഴിഞ്ഞു.
നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്കൃതമായി ഈ സിനിമ. മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം എണ്‍പത്തി നാലാമത് അക്കാദമി അവാര്‍ഡില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള കൊളംബിയന്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നടന്ന പതിനാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സുവര്‍ണ്ണ ചകോരവും ഈ സിനിമ കരസ്ഥമാക്കി.
ഗ്രാമീണ കൊളംബിയയുടെ സമകാലീന യാഥാര്‍ഥ്യങ്ങളെ കുട്ടികളുടെ കാഴ്ചപ്പാടിലൂടെ സാന്ദ്രമായി പ്രതിഫലിപ്പിക്കുന്ന ഈ ചിത്രം ഒരു ഹൃദയസ്പര്‍ശിയായ അനുഭവമാണ്. തികഞ്ഞ യാഥാര്‍ത്ഥ്യവും ജീവിതാനുഭവവും ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ഒരു നല്ല കാഴ്ച്ചാനുഭവമാണ് ഈ ചിത്രം.