ജെയിംസ് അഗസ്റ്റിന്
Joy to the world!
Joy to the world!
Oh, whoa
Joy to the world, the Lord is come
Let earth (let earth) receive (receive) her King (oh-whoa)
Let every heart prepare Him room
And heaven and nature sing (heaven, nature sing)
And heaven and nature sing (heaven, nature sing)
And heaven, and heaven and nature sing
ലോകത്തിനു മുഴുവന്‍ സന്തോഷ വാര്‍ത്ത വിളംബരം ചെയ്ത മാലാഖമാരുടെ സംഗീതത്തിന്റെ തുടര്‍ച്ചയാണല്ലോ ക്രിസ്മസ് കരോള്‍. ലോകസംഗീത ചരിത്രത്തില്‍ ഏറ്റവുമധികം പാട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള വിഷയം തിരുപ്പിറവിയാണ്. ഏറ്റവുമധികം കസ്സറ്റുകളും സിഡികളും വിപണിയില്‍ എത്തിയിട്ടുള്ളതും വില്‍പ്പന നടന്നിട്ടുള്ളതും ക്രിസ്മസ് ആല്‍ബങ്ങളാണ്. ലോകപ്രശസ്തമായ ക്രിസ്മസ് ഗാനങ്ങളില്‍ ആദ്യലിസ്റ്റില്‍ വരുന്നൊരു ഗാനമാണ് ‘Joy to the world! ‘
ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ 1674 ജൂലൈ 14 നു ജനിച്ച ഐസക് വാട്ട്സ് എന്ന സുവിശേഷപ്രഘോഷകനാണ് ഈ ഗാനത്തിന്റെ സൃഷ്ടാവ്. ഐസക് വാട്ട്സ് ആരാധനയ്ക്കായി പോയിരുന്ന സ്കോട്ലന്‍ഡിലെ പള്ളികളില്‍ സങ്കീര്‍ത്തനങ്ങള്‍ക്ക് ഈണം നല്കി പാടുന്ന രീതിയാണ് അവലംബിച്ചിരുന്നത്. ബൈബിളിലെ പാദങ്ങള്‍ക്ക് അതേപടി സംഗീതം നല്കുന്നതിനേക്കാള് നല്ലതായിരിക്കും അതില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടു ഗാനങ്ങള്‍ എഴുതി പാടിയാല്‍ എന്ന് ഐസാക് വാട്ട്സിനു തോന്നി.
സങ്കീര്‍ത്തനങ്ങളില്‍ നിന്നും ആശയത്തെ സ്വീകരിച്ചു അദ്ദേഹം ഗാനങ്ങള്‍ എഴുതി ഒരു പാട്ടുപുസ്തകം തന്നെ ഒരുക്കി. 1719 -ല്‍ അച്ചടിച്ച ഗാനസമാഹാരത്തിലാണ് ‘Joy to the world! ‘ എന്നു തുടങ്ങുന്ന ഗാനം ചേര്‍ത്തിട്ടുള്ളത്. ദാവീദിന്റെ സങ്കീര്‍ത്തനങ്ങളെ പുതിയ നിയമവുമായി ചേര്‍ത്തുകൊണ്ടാണ് അദ്ദേഹം ഗാനങ്ങള്‍ എഴുതിയത്. ഈ ക്രിസ്മസ് ഗാനത്തിനു അദ്ദേഹം 98 സങ്കീര്‍ത്തനമാണ് ആധാരമാക്കിയത്. ഉല്‍പ്പത്തി പുസ്തകത്തിലെ മൂന്നാം അധ്യായവും അദ്ദേഹത്തിന് മാര്ഗദര്ശനമാകുന്നുണ്ട്. `’ഭൂമി മുഴുവന്‍ നമ്മുടെ കര്‍ത്താവിനു ആനന്ദഗീതം ആലപിക്കട്ടെ; ആഹ്ലാദാരവത്തോടെ അവിടത്തെ സ്തുതിക്കുവിന്‍; കിന്നരം മീട്ടി കര്‍ത്താവിനു സ്തുതികള്‍ ആലപിക്കുവിന്‍; വാദ്യഘോഷത്തോടെ അവിടത്തെ പുകഴ്ത്തുവിന്‍; കൊമ്പും കാഹളവും മുഴക്കി രാജാവായ കര്‍ത്താവിന്റ സന്നിധിയില്‍ ആനന്ദം കൊണ്ട് ആര്‍പ്പിടുവിന്‍’.
സങ്കീര്‍ത്തകന്‍ പറഞ്ഞതു പ്രകാരം തന്നെ എല്ലാ വാദ്യോപകരണങ്ങളും വായിച്ചു പാടാന്‍ കഴിയുന്ന ഉന്നതിയിലേക്ക് ഈ ഗാനത്തെ എത്തിക്കുന്നതിന് ലോവെല്‍ മെസന്‍ എന്ന സംഗീതസംവിധായകന് സാധിച്ചു. നാം ഇന്ന് കേള്‍ക്കുന്ന ഈണം പകര്‍ന്നത് അദ്ദേഹമാണ്. ഫ്രഡറിക് ഹാന്‍ഡില്‍ എന്ന വിഖ്യാത സംഗീതഞ്ജന്റെ ‘MESSIAH’ എന്ന ക്ലാസ്സിക് ആല്‍ബത്തിലെ ഒരു ഗാനത്തിന്റെ ചുവടു പിടിച്ചാണ് ലോവെല്‍ ഈ വരികള്‍ക്ക് സംഗീതം പകര്‍ന്നത്. ഫ്രഡറിക് ഹാന്റിലിന്റെ അനുയായിയും ആരാധകനുമായിരുന്നു ലോവെല്‍.
ഈ പാട്ടിനു മലയാളത്തില്‍ ഏറ്റവും മികച്ച പരിഭാഷ ഒരുക്കിയിട്ടുള്ളത് ജെറി അമല്‍ദേവും ഫാ. ജോസഫ് മനക്കിലും ചേര്‍ന്നാണ്. കെ. എസ്. ചിത്രയാണ് ഗാനം ആലപിച്ചിട്ടുള്ളത്.
‘സമ്മോദമായ് ഈ പാരാകെ
നൃപന് സമാഗതന്‍
മുപ്പാരിന്‍ നാഥന് ഈശജന്‍
ഇപ്പാരില്‍ വന്നു നായകന്
ഹൃത്തില്‍ നാമേകിടാം
അവനായി വരവേകിടാം
അതിമുദമോടെ ഹൃത്തതില്‍
വരവേകീടാം.
ഗ്ലോറിയ എന്ന ആല്‍ബത്തിലാണ് ഈ ഗാനം നമുക്ക് മലയാളത്തില്‍ കേള്‍ക്കാന്‍ ലഭിച്ചത്. ക്രിസ്തീയ ഗാനങ്ങളുടെ ചരിത്രത്തെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുള്ള അമേരിക്കന്‍ എഴുത്തുകാരനായ ഹാമില്ട്ടണ് റൈറ്റ് മേബി ക്രിസ്മസ് ഗാനങ്ങളെക്കുറിച്ചു ഇങ്ങനെ എഴുതിയിട്ടുണ്ട്. ‘ നോര്‍ത്ത് കൊറിയയിലും ലോകത്തില്‍ മതപീഡനങ്ങള്‍ നടക്കുന്ന ചില രാജ്യങ്ങളിലും ക്രിസ്മസ് ദിനങ്ങളില്‍ വിശ്വാസികള്‍ രഹസ്യമായി ഒരുമിച്ചു കൂടും. പിടിക്കപ്പെട്ടാല്‍ ജീവന് വരെ നഷ്ടമാകുമെന്നറിഞ്ഞിട്ടും അവര്‍ ക്രിസ്മസ് ആഘോഷിക്കും. അവര്‍ നിശബ്ദമായി മനസ്സില്‍ ക്രിസ്മസ് ഗാനങ്ങള്‍ പാടും. അവര്‍ക്കു വേണ്ടി നമുക്ക് ഈ ക്രിസ്മസ് നാളുകളില്‍ കൂടുതല്‍ ഉറക്കെ പിറവിത്തിരുന്നാള്‍ പാട്ടുകള്‍ പാടാം’