ബിജോ സിൽവേരി
ഡമാസ്കസ്: സിറിയയില്‍ ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അല്‍ഖായിദ-ഇസ് ലാമിക സ്റ്റേറ്റ് ഭീകരവാദ ബന്ധമുള്ള ഹയാത് തഹ്രീര്‍ അല്‍ഷാം ജിഹാദി തീവ്രവാദികള്‍ പുരാതന ക്രൈസ്തവ മേഖലയായ അലെപ്പോ നഗരവും പ്രാന്തപ്രദേശങ്ങളും പിടിച്ചെടുത്തു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോയില്‍ നിന്ന് സിറിയ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സൈന്യത്തെ തുരത്തിയാണ് തുര്‍ക്കിയുടെ പിന്തുണയുള്ള വിമതര്‍ വന്‍ മുന്നേറ്റം നടത്തിയത്. കഴിഞ്ഞ 14 വര്‍ഷത്തെ ആഭ്യന്തര കലാപത്തിനിടയില്‍ അലെപ്പോ പൂര്‍ണമായും വിമതരുടെ പിടിയിലാകുന്നത് ആദ്യമായാണ്. റഷ്യയുടെ പിന്തുണയോടെ സിറിയ സൈന്യം അലെപ്പോയിലും സമീപപ്രദേശമായ ഇദ്ലിബിലും വിമതര്‍ക്കെതിരെ നടത്തിയ വ്യോമാക്രമണത്തിലും വന്‍ നാശനഷ്ടമുണ്ടായി. ഇറാന് ഇസ്ലാമിക റിപ്പബ്ലിക്കിന്റെ പിന്തുണയും സിറിയന്‍ പ്രസിഡന്റിനുണ്ട്.
അലെപ്പോയെ ഡമാസ്കസുമായി ബന്ധിപ്പിക്കുന്ന പ്രധാന രാജ്യാന്തര ഹൈവേയില്‍ ഗതാഗതം തടഞ്ഞുകൊണ്ട് മുന്നേറിയ വിമതര്‍, കീഴടങ്ങിയ സിറിയിന്‍ സൈനികരെ കഴുത്തറുത്തുകൊന്നതായും റിപ്പോര്‍ട്ടുണ്ട്. വിമതര്‍ക്കെതിരെ റഷ്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍, വിശുദ്ധനാട്ടിലെ കത്തോലിക്കാ ദേവാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണ ചുമതലയുള്ള ഫ്രാന്‍സിസ്കന്‍ സന്ന്യാസസമൂഹത്തിന്റെ നിയന്ത്രണത്തിലുള്ള അലപ്പോയിലെ തെറാ സാന്താ കോളജ് സമുച്ചയത്തിന് കനത്ത നാശനഷ്ടമുണ്ടായി. ഫ്രാന്‍സിസ്കന്‍ ആശ്രമവും ദേവാലയവും ഉള്‍പ്പെടുന്ന സമുച്ചയത്തില്‍ തിരുകര്‍മങ്ങള്‍ ആരംഭിക്കാനിരിക്കെയായിരുന്നു വ്യോമാക്രമണം. കോളജ് കെട്ടിടം തകര്‍ന്നെങ്കിലും ദൈവകൃപയാല്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് വിശുദ്ധനാടിന്റെ കുസ്തോസ് ഫാ. ഫ്രാന്‍ചെസ്കോ പാറ്റണ് അറിയിച്ചു.
കഴിഞ്ഞ 14 വര്‍ഷമായി സിറിയയില്‍ തുടര്‍ന്നുവരുന്ന ആഭ്യന്തര യുദ്ധത്തില്‍ രണ്ടു ലക്ഷത്തിലേറെ ക്രൈസ്തവര്‍ വിട്ടൊഴിഞ്ഞുപോയ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോയില്‍ അവശേഷിക്കുന്ന ക്രൈസ്തവ സമൂഹത്തിന് വന്‍ ഭീഷണി ഉയര്‍ത്തി അല്‍ഖായിദ-ഇസ് ലാമിക സ്റ്റേറ്റ് ഭീകരവാദ ബന്ധമുള്ള ഹയാത് തഹ്രീര്‍ അല്‍ഷാം തീവ്രവാദികള്‍ ആ പുരാതന നഗരം പിടിച്ചെടുത്തു. ആദ്യമായാണ് സിറിയന്‍ സൈന്യത്തെ തുരത്തി അലപ്പോ നഗരവും പ്രാന്തപ്രദേശങ്ങളും പൂര്‍ണമായി തുര്‍ക്കിയുടെ പിന്തുണയുള്ള വിമതര്‍ കീഴടക്കുന്നത്.
അലെപ്പോയിലെ സിവിലിയന്‍ ജനതയുടെ അരക്ഷിതാവസ്ഥയില്‍ അവരെ ഏതെല്ലാം തരത്തില്‍ സഹായിക്കാനാകും എന്ന് ഫ്രാന്‍സിസ്കന്‍ കൂരിയ കൂടിയാലോചന നടത്തുകയാണെന്ന് ഫാ. പാറ്റണ് പറഞ്ഞു.
അലെപ്പോ യൂണിവേഴ്സിറ്റി ഡോര്‍മിറ്ററിക്കു നേരെയുണ്ടായ ആക്രമണത്തില്‍ നാലു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്കേറ്റു. ആഗമനകാലത്തിന് ഒരുക്കമായി നഗരത്തിലെ ക്രൈസ്തവര്‍ തയാറാക്കിയ അലങ്കാരങ്ങളും മറ്റും ജിഹാദി തീവ്രവാദികള്‍ നശിപ്പിച്ചു.
ജബാത് ഫത്താ അല്‍ഷാം ഉള്‍പ്പെടെ അഞ്ച് തീവ്രവാദി സായുധവിഭാഗങ്ങള്‍ ചേര്‍ന്ന് 2017-ല്‍ രൂപം നല്കിയ ഹയാത് തഹ്രീര്‍ അല്‍ഷാം അല്ഖായിദയെക്കാള് ക്രൂരമായ അതിക്രമങ്ങളും വംശീയ ആക്രമണവും കൂട്ടക്കൊലയും ലൈംഗികാതിക്രമങ്ങളും നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
അലെപ്പോയില്‍ നിന്ന് കഴിഞ്ഞ 12 വര്‍ഷത്തിനിടെ രണ്ടുലക്ഷത്തിലേറെ ക്രൈസ്തവര്‍ പലായനം ചെയ്തിട്ടുണ്ട്.
ജിഹാദി തീവ്രവാദികളുടെ പുനരേകീകരണം നഗരത്തില്‍ അവശേഷിക്കുന്ന 20,000 ക്രൈസ്തവര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്സ്, മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ, ലത്തീന്‍, സുറിയാനി, അര്‍മീനിയന്‍ സഭാവിഭാഗങ്ങളുടേതായി 30 ഇടവക സമൂഹങ്ങള്‍ അലെപ്പോയിലുണ്ട്. 2013 ഏപ്രില്‍ മാസത്തില്‍ അലെപ്പോയിലെ സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ ബിഷപ് യോഹന്നാ ഇബ്രാഹിമിനെയും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയിലെ ബിഷപ് ബൗലോസ് യസീജിയെയും തട്ടിക്കൊണ്ടുപോയ ജബാത് അല്‍ നുസ്റാ ഫ്രണ്ടിന്റെ പുതിയ അവതാരമാണ് ഹയാത് തഹ്രീര്‍ അല്‍ഷാം.
പ്രധാന ഹൈവേയില്‍ വിമതര്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ജനങ്ങള്‍ക്ക് സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറുന്നതിലും തടസം നേരിടുകയാണ്. അലെപ്പോയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രദേശത്തെ പ്രമുഖ ഡോക്ടറെ ഒരു സ്നൈപ്പര്‍ ഉന്നംനോക്കി വെടിവച്ചിട്ടതായി സിറിയയിലെ അര്‍മീനയന്‍ സമൂഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നുണ്ട്.
സിറിയയിലെ വടക്കുകിഴക്കന്‍ മേഖലയായ ജസീറയില്‍ നിന്ന് ഒരു ബസില്‍ യാത്ര ചെയ്തെത്തിയ ക്രൈസ്തവ യുവാക്കള്‍ ഷെല്ലിങ് ആക്രമണത്തിനിടയില്‍ അലെപ്പോ റോഡില്‍ മണിക്കൂറുകളോളം കുടുങ്ങിയതിനെ തുടര്‍ന്ന് അലെപ്പോയിലെ സുറിയാനി ഓര്‍ത്തഡോക്സ് ഭദ്രാസനത്തില്‍ അഭയം തേടി.
അലെപ്പോയുടെ പടിഞ്ഞാറുഭാഗത്തുള്ള ഇദ്ലിബിന്റെമേല് ആധിപത്യം സ്ഥാപിച്ചിട്ടുള്ള വിമത സായുധസംഘങ്ങള്‍ തെക്കോട്ടു നീങ്ങി ഹമായുടെ വടക്കന്‍ പ്രാന്തപ്രദേശങ്ങള്‍ പിടിച്ചടക്കിക്കൊണ്ടിരിക്കയാണ്. ക്രൈസ്തവ പട്ടണങ്ങളായ മഹര്ദേ, അല്‍ സുഖയ്ലബിയാ എന്നിവിടങ്ങളിലേക്ക് അവര്‍ക്ക് ഇനിയും പ്രവേശിക്കാനായിട്ടില്ല.
രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഡമാസ്കസിലെ അപ്പസ്തോലിക നുണ്‍ഷ്യോ കര്‍ദിനാള്‍ മാരിയോ ഝെനാറി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നത് തടയുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുവാന്‍ അന്താരാഷ്ട്രസമൂഹങ്ങള്‍ മുന്നോട്ടുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അലെപ്പോയിലെ ക്രൈസ്തവസഭാ നേതൃത്വം ജനങ്ങളോടൊപ്പം നഗരത്തില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സുറിയാനി ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത മോര് ബൗത്രോസ് കസ്സീസ് പറഞ്ഞു. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയും വിശ്വാസികളുമായി നിരന്തരം സമ്പര്‍ക്കം തുടരുന്നുണ്ട്. രാജ്യത്തെ വിവിധ രൂപതകള്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറായിട്ടുണ്ടെന്നും കസ്സീസ് മെത്രാപ്പോലീത്ത പറഞ്ഞു.
പ്രാര്‍ഥനയും വിശ്വാസവും കൊണ്ട് ആത്മധൈര്യവും ആന്തരിക സമാധാനവും നിലനിര്‍ത്താനാണ് കൊടിയ പ്രതിസന്ധിയുടെ ഈ ദിനങ്ങളില്‍ ശ്രമിക്കേണ്ടതെന്ന് അലെപ്പോയിലെ മാരോനീത്താ ആര്‍ച്ച്ബിഷപ് ജോസഫ് തൊബിജി തന്റെ അജഗണത്തെ ആഹ്വാനം ചെയ്തു.
ശാന്തമായും വിവേകത്തോടെയും പെരുമാറുക, പ്രാര്‍ഥനാപൂര്‍വം വീടുകളുടെ സുരക്ഷിതത്വത്തില്‍ കഴിയുക, അടിയന്തരഘട്ടത്തില്‍ ഇടവക കേന്ദ്രവുമായി ബന്ധപ്പെടുക – നഗരത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ആര്‍ച്ച്ബിഷപ് എഫ്രേം മാലോലി വിശ്വാസികളോട് നിര്‍ദേശിച്ചു.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്നും തത്കാലം അലെപ്പോയില്‍ തുടരാനാണ് തങ്ങള്‍ തീരുമാനിച്ചിട്ടുള്ളതെന്നും അലെപ്പോയിലെ ലത്തീന്‍ സഭാ സമൂഹത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുന്ന ഫ്രാന്‍സിസ്കന്‍ വൈദികന് ബഹജത് കരകാക്ക് പറഞ്ഞു.
”നഗരം വിട്ടുപോകണമോ വേണ്ടയോ എന്നത് സാഹചര്യം നോക്കി ഓരോ വ്യക്തിയും തീരുമാനിക്കേണ്ട കാര്യമാണ്. സഭാനേതൃത്വത്തെക്കാള് ജനങ്ങള്‍ക്കാണ് ഇതു സംബന്ധിച്ച് നല്ല തീര്‍പ്പിലെത്താന്‍ പ്രാപ്തിയുള്ളത്. ഭയവിഹ്വരാകാതെ ശാന്തമായി സ്ഥിതിഗതികളെ നേരിടുക എന്നതാണ് പ്രധാനം.”
സിറിയിയയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ മുന്നൂറ്റമ്പതോളം പേര് കൊല്ലപ്പെടുകയും പതിനയ്യായിരത്തോളം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.