ജെക്കോബി
”ജനങ്ങള്‍ അവളില്‍ എന്നെ കാണും” എന്ന് ഇന്ദിരാ ഗാന്ധി തന്റെ പേരക്കിടാവ് പ്രിയങ്കയെക്കുറിച്ച് പ്രവചിച്ചിരുന്നതായി ഇന്ദിരയുടെ ഏറ്റവും അടുത്ത രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന മഖന്‍ ലാല്‍ ഫോത്തേദാര്‍ ‘ദ് ചിനാര്‍ ലീവ്സ്’ എന്ന തന്റെ രാഷ്ട്രീയ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുണ്ട്. ഇന്ദിരയെ ജീവസ്സുറ്റതായി വാര്‍ത്തുവച്ചതുപോലുള്ള തല്‍സ്വരൂപവും വ്യക്തിപ്രാഭവവും ജനങ്ങളോട് വൈകാരികമായി സംവദിക്കാനുള്ള അസാധാരണ ചാതുര്യവും കൊണ്ട് പ്രിയങ്കാ ഗാന്ധിയെ ഇന്ദിരയുടെ അവതാരമായി പ്രതിഷ്ഠിച്ചുകഴിഞ്ഞവര്‍ക്ക്, വയനാട്ടില്‍ 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും നിര്‍ണായകമായ ഒരു വഴിത്തിരിവിന്റെ നാഴികക്കല്ലാണ്.
കേരളത്തിലെ വയനാടിന്റെ എംപിയായി ഇന്ന് പ്രിയങ്കാ ഗാന്ധി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, നെഹ്റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കുടുംബത്തില്‍ നിന്ന് ഒരേസമയം മൂന്നുപേര്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗങ്ങളാകുന്ന അപൂര്‍വ ചരിത്രത്തിന് പ്രധാനമന്ത്രി മോദിക്കു തന്നെ സാക്ഷ്യംവഹിക്കേണ്ടിവരുന്നത് വിധിവൈചിത്ര്യം തന്നെയാണ്. എത്രകാലമായി മോദി നെഹ്റു-ഗാന്ധി കുടുംബവാഴ്ചയെയും ‘ഷഹന്‍ഷാ’ വംശപാരമ്പര്യത്തെയും ഘോരഘോരം അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയമായി മോദിക്ക് കിട്ടാവുന്ന ഏറ്റം കനത്ത പ്രഹരമാണിത്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെയും രാജ്യസഭയില്‍ അംഗമായ സോണിയാ ഗാന്ധിയെയും കുറിച്ച് നെറികെട്ട കൊള്ളിവാക്കു പറഞ്ഞു സഭയിലും പുറത്തും രസിച്ചുപോന്നവര് പ്രിയങ്കയോടു കളിക്കുമ്പോള്‍ വിവരമറിയും.
സോണിയാ ഗാന്ധി 1999-ല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും ജയിച്ചപ്പോള്‍ അമേഠി സീറ്റ് നിലനിര്‍ത്തിയതുപോലെ, അഞ്ചു മാസം മുന്‍പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലും യുപിയിലെ റായ്ബറേലിയിലും മത്സരിച്ച് തകര്‍പ്പന്‍ വിജയം നേടിയ രാഹുല്‍ ഗാന്ധി ഹിന്ദി ഹൃദയഭൂമിയിലെ കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലത്തിലേക്കു മടങ്ങാന്‍ തീരുമാനിച്ചത് വയനാടുമായുള്ള തന്റെ ഹൃദയബന്ധം തുടരുമെന്ന വാഗ്ദാനത്തോടെയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും തന്റെ അനുജത്തിയുമായ പ്രിയങ്കയെ വയനാട്ടിലേക്ക് അയക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ മേയില്‍ വയനാട്ടില്‍ കിട്ടിയ ഭൂരിപക്ഷത്തെക്കാള്‍ 46,509 വോട്ടുകള്‍ കൂടി നേടിയാണ് ഉപതിരഞ്ഞെടുപ്പിലൂടെ പ്രിയങ്ക കേരളത്തിന്റെയും ദക്ഷിണേന്ത്യയുടെയും മാത്രമല്ല ദേശീയതലത്തില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന്റെയും ഏറ്റവും ആജ്ഞാശക്തിയും വശ്യതയുമുള്ള ജനപ്രിയ എംപിമാരില്‍ ഒരാളായി മാറുന്നത്.
അമേഠിയിലും റായ്ബറേലിയിലും 2004 മുതല്‍ രാഹുലിന്റെയും സോണിയായുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അണിയറയിലെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലും തന്റേതായ പങ്കുവഹിച്ചുവന്ന പ്രിയങ്കയെ, 2019 ജനുവരിയില്‍, പൊതുതിരഞ്ഞെടുപ്പിന് നാലു മാസം മുന്‍പാണ് കോണ്‍ഗ്രസ് പാര്‍ട്ടി ആദ്യമായി 80 ലോക്സഭാ മണ്ഡലങ്ങളുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശിലേക്കുള്ള ജനറല്‍ സെക്രട്ടറിയായി ഔദ്യോഗികമായി നിയോഗിക്കുന്നത്. ആ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ സോണിയാ ഗാന്ധി ജയിച്ചതൊഴികെ പാര്‍ട്ടിക്ക് ഒരു സീറ്റും കിട്ടിയില്ല; അമേഠിയില്‍ രാഹുല്‍ തോല്‍ക്കുകയും ചെയ്തു. 2022-ലെ വിധാന്‍ സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റില്‍ 255 എണ്ണം ബിജെപി സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിനു കിട്ടിയത് രണ്ടു സീറ്റു മാത്രമാണ്. എന്നാല്‍ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്കൊപ്പം യുപിയില്‍ കോണ്‍ഗ്രസിന്റെ ഇന്‍ഡ്യ സഖ്യം ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിറപ്പിച്ചു. മോദിയുടെയും ആദിത്യനാഥിന്റെയും കൂട്ടരുടെയും വര്‍ഗീയ വിദ്വേഷപ്രചാരണങ്ങള്‍ക്ക് സാധാരണ ജനങ്ങളുടെ ഭാഷയില്‍ ചുട്ടമറുപടി നല്കി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവെ കോളിളക്കം സൃഷ്ടിച്ച കോണ്‍ഗ്രസിന്റെ താരപ്രചാരക പ്രിയങ്കയായിരുന്നു.
പാര്‍ലമെന്റില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് പ്രിയങ്കയുടെ സാന്നിധ്യം കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ്. അതേസമയം, പ്രിയങ്ക വയനാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തെ ബാധിച്ചേക്കും എന്ന ആശങ്ക ഉയരുന്നുണ്ട്. യോഗി ആദിത്യനാഥിനെതിരെയുള്ള കോണ്‍ഗ്രസിന്റെയും ഇന്‍ഡ്യ സഖ്യത്തിന്റെയും പട നയിക്കുന്നതില്‍ പ്രിയങ്ക വലിയ പങ്കാണ് വഹിച്ചുവന്നത്. രാഹുല്‍ ഗാന്ധി 2019-ല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ, പരാജയഭീതിയില്‍ യുപിയില്‍ നിന്ന് രാഹുല്‍ ഒളിച്ചോടുകയാണെന്ന് ബിജെപി പരിഹസിച്ചിരുന്നു. വയനാട്ടിലെ യുഡിഎഫിന്റെ പ്രചാരണയോഗങ്ങളില്‍ കണ്ട മുസ് ലിം ലീഗിന്റെ പച്ചക്കൊടി ‘പാക്കിസ്ഥാന് പതാക’ ആണെന്നുവരെ ബിജെപി ആക്ഷേപിക്കുകയുണ്ടായി. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ വന്‍ വിജയം കൂടിയാണ് വയനാട്ടില്‍ ഇത്തവണയും കോണ്‍ഗ്രസ് കൊണ്ടാടുന്നത്. കോഴിക്കോട്ടെ തിരുവമ്പാടി, മലപ്പുറത്തെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ തുടങ്ങിയ അസംബ്ലി മണ്ഡലങ്ങളിലെ ലീഗിന്റെ സംഘടനാശക്തി വയനാട്ടില്‍ പ്രിയങ്കയുടെ വിജയത്തിന് മാറ്റുകൂട്ടി. ക്രൈസ്തവ വോട്ടും നിര്‍ണായകമായിരുന്നു.
വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരകളായവര്‍ക്ക് നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമുള്ള കേന്ദ്ര ഗവണ്മെന്റിന്റെ സാമ്പത്തിക പാക്കേജ്, ആരോഗ്യമേഖലയിലെ അപര്യാപ്തതകള്‍, മലയോരമേഖലയിലെ വന്യജീവി-മനുഷ്യ സംഘര്‍ഷങ്ങള്‍ക്കുള്ള സുസ്ഥിര പ്രതിവിധി, കര്‍ണാടകത്തില്‍ നിന്നുള്ള രാത്രികാല യാത്രയ്ക്കുള്ള നിയന്ത്രണം തുടങ്ങിയ പ്രാദേശിക വിഷയങ്ങളിലും സംസ്ഥാനത്തിന്റെ വികസനപദ്ധതികളുടെ കാര്യത്തിലും ശക്തമായി ഇടപെടാന്‍ കെല്പുള്ള ഒരു ദേശീയ നേതാവ് എന്ന നിലയില്‍ പ്രിയങ്കയില്‍ നിന്ന് കേരളം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ഇവിടെ കോണ്‍ഗ്രസ് വിരുദ്ധത പ്രകടിപ്പിക്കുമ്പോഴും ദേശീയതലത്തില്‍ ഇന്‍ഡ്യ പ്രതിപക്ഷ കൂട്ടായ്മയില്‍ പങ്കാളികളായ ഇടതുപക്ഷ കക്ഷികള്‍ വിദ്വേഷ രാഷ് ട്രീയം വെടിഞ്ഞ് ജനാധിപത്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും സംരക്ഷണത്തിനായുള്ള ചരിത്രപ്രധാനമായ പോരാട്ടത്തില്‍ പങ്കുചേരാനുള്ള പോംവഴികളെക്കുറിച്ച് ആലോചിക്കണം.
രാഹുല്‍ ഗാന്ധി പലപ്പോഴും മഹാത്മാഗാന്ധിയുടെ മാതൃകയില്‍ പാര്‍ട്ടിയുടെ സംഘടനാപ്രശ്നങ്ങള്‍ക്ക് അതീതമായ കാര്യങ്ങളില്‍ വ്യാപൃതനാകുമ്പോള്‍, പാര്‍ട്ടിയെ സംഘടനാപരമായി നവീകരിക്കേണ്ട ചുമതല ഒരുപക്ഷേ പ്രിയങ്കാ ഗാന്ധിക്ക് ഏറ്റെടുക്കേണ്ടിവരും. പതിറ്റാണ്ടുകളായി അത്തരം ഊര്ജിതപ്രഭാവമുള്ള ഒരു നേതാവിനുവേണ്ടി പാര്‍ട്ടി കാത്തിരിക്കയായിരുന്നു. പ്രിയങ്കയിലൂടെ കോണ്‍ഗ്രസിന്റെ നേതൃത്വപ്രശ്നം അന്തിമമായി പരിഹരിക്കപ്പെടുകയാണെന്നു കരുതുന്നവരുണ്ട്. കേരളത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും 2026-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ വിജയസാധ്യത നിര്‍ണയിക്കുന്നതില്‍ പ്രിയങ്കയുടെ സാന്നിധ്യം നിര്‍ണായകമാകും എന്ന വിലയിരുത്തലുമുണ്ട്.
ഹരിയാണയ്ക്കു പിന്നാലെ മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആരും പ്രതീക്ഷിക്കാത്ത അവിശ്വനീയ വിജയം കൊണ്ടാടുകയാണ്. ബിജെപിയും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനാ വിഭാഗവും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എന്‍സിപി പക്ഷവും ഉള്‍പ്പെടുന്ന മഹായുതി സഖ്യം 288 അംഗ സഭയില്‍ 234 സീറ്റുകള്‍ നേടി. കേവലഭൂരിപക്ഷത്തിന് 145 സീറ്റു വേണമെന്നിരിക്കെ, ബിജെപിക്ക് ഒറ്റയ്ക്ക് 132 സീറ്റുണ്ട്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തില്‍ മത്സരിച്ച ശിവസേന, മുഖ്യമന്ത്രി പദം കിട്ടാത്തതിന്റെ പേരില്‍ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസിനെയും ശരദ് പവാറിന്റെ എന്‍സിപിയെയും കൂട്ടുപിടിച്ച് മഹാവികാസ് അഘാഡി ഭരണത്തിലേറിയതിനെ തുടര്‍ന്ന് 2019 നവംബറില്‍ ആരംഭിച്ച ബിജെപിയുടെ ‘ഓപ്പറേഷന് മഹാരാഷ്ട്ര’ മിഷന്റെ അന്തിമ ഫലമെന്നും 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തെ വ്യാഖ്യാനിക്കാം.
ഉദ്ധവ് താക്കറെ നയിച്ച ശിവസേനയെയും ശരദ് പവാറിന്റെ എന്‍സിപിയെയും പിളര്‍ത്തി ബിജെപി താക്കറെ സേനയുടെ അഘാഡി ഭരണം അട്ടിമറിച്ചതിനു പിന്നില്‍ ഒട്ടേറെ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയിരുന്നു. മോദിക്കു പ്രിയങ്കരനായ വ്യവസായി ഗൗതം അദാനിയുടെ ഡല്‍ഹിയിലെ വസതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശരദ് പവാറും അജിത് പവാറും പ്രഫുല്‍ പട്ടേലും പങ്കെടുത്ത യോഗത്തില്‍ നിന്നാണ് എന്‍സിപി നേതാക്കള്‍ക്കെതിരെയുള്ള ഇഡി, സിബിഐ കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണമാറ്റത്തിനായുള്ള നീക്കങ്ങള്‍ ആരംഭിക്കുന്നത്. 2019 നവംബര്‍ 23ന് അര്‍ധരാത്രിതന്നെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായി. എന്നാല്‍ 72 മണിക്കൂര്‍ മാത്രമായിരുന്നു ആ മന്ത്രിസഭയുടെ ആയുസ്. അജിത് പവാര്‍ അഘാഡി ഭരണസഖ്യത്തിലേക്ക് തിരിച്ചെത്തി. 2022 ജൂണില്‍ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ഒരുപറ്റം സേനാ എംഎല്‍എമാര്‍ ആദ്യം സൂറത്തിലേക്കും തുടര്‍ന്ന് അസമിലെ ഗുവാഹട്ടിയിലേക്കും കടന്നു. ഏതാനും ആഴ്ച കഴിഞ്ഞ് ഷിന്‍ഡെ തിരിച്ചെത്തി ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി. ഫഡ്നാവിസ് ഉപമുഖ്യമന്ത്രി പദത്തില്‍ ഒതുങ്ങി. ഒരു വര്‍ഷം കഴിഞ്ഞ് 2023 ജൂലൈയില്‍ അജിത് പവാര്‍ പക്ഷം അന്തിമമായി ബിജെപി ഭരണസഖ്യത്തിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും നിയമസഭാ സ്പീക്കറും ഉള്‍പ്പെട്ട ചടുല നീക്കങ്ങളുടെ കഥകളും ഏക്നാഥ് ഷിന്‍ഡെയുടെ വിഭാഗത്തെ യഥാര്‍ഥ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിച്ച സ്പീക്കറുടെ ഉത്തരവിനെയും
ശിവസേനയില്‍ നിന്ന് കൂറുമാറിയ എംഎല്‍എമാരുടെ അയോഗ്യതയുടെ കാര്യത്തില്‍ തീരുമാനമെടുക്കാഞ്ഞതിനെയും മറ്റും ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലുകള്‍ തീര്‍പ്പാക്കാതെ മഹാരാഷ്ട്രക്കാരനായ സുപ്രീം കോടതി ചീഫ് ജസിറ്റിന്റെ ബെഞ്ച് കേസ് നീട്ടിക്കൊണ്ടുപോയതിന്റെ വ്യാഖ്യാനങ്ങളും കൂട്ടിവായിക്കേണ്ടതാണ്.
21 മുതല്‍ 65 വയസുവരെയുള്ള സ്ത്രീകള്‍ക്ക് മാസം 1,500 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കുന്ന ‘മാഝീ ലാഡ്കി ബഹിണ്‍ യോജന’ പദ്ധതിയുടെ ഗുണഭോക്താക്കളായ 2.34 കോടി സ്ത്രീകളുടെ വോട്ട് മഹായുതി ഭരണത്തിന്റെ മറ്റെല്ലാ ധാര്മികപ്പിഴവുകള്ക്കും പരിഹാരമായെന്ന് വിലയിരുത്തുന്നവരുണ്ട്. കള്ളപ്പണം വെളുപ്പിച്ചു എന്ന ഇഡി കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടന്ന ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോരന്‍ 18-25 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്കായി 2,500 രൂപ നല്കുന്ന മയ്യാ സമ്മാന്‍ യോജനയിലൂടെ വന്‍ നേട്ടമുണ്ടാക്കിയതായും പറയുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള മുസ് ലിം നുഴഞ്ഞുകയറ്റക്കാര്‍ ആദിവാസി സ്ത്രീകളെ വിവാഹം ചെയ്ത് അവരുടെ ഭൂമി കൈയടക്കുന്നു എന്നും മറ്റുമുള്ള കൊടിയ വര്‍ഗീയവിദ്വേഷ പ്രചാരണം നടത്തിയ ബിജെപിയുടെ തന്ത്രങ്ങളൊന്നും ഝാര്‍ഖണ്ഡില്‍ വിജയിച്ചില്ല. സോരന്‍ ജയിലിലേക്കു പോകും മുന്‍പ് ജെഎംഎം ഭരണം ഏല്പിച്ച ചംപയി സോരനെയും മകന് ബാബുലാല്‍ സോരനെയും തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പക്ഷത്തേക്ക് കൂറുമാറ്റിക്കുകയുണ്ടായി. മഹാരാഷ് ട്രയിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ഇന്‍ഡ്യ സഖ്യത്തിന് കുറച്ച് ആശ്വാസം പകരുന്നതാണ് ഹേമന്ത് സോരന്റെ ഭരണത്തുടര്‍ച്ച.
മഹാരാഷ് ട്രയിലെ ഉജ്വല വിജയത്തിന്റെയും യുപിയിലെയും മറ്റും നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെയും പുത്തന്‍ ഊര്‍ജവുമായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് എത്തുന്ന മോദിയെ അസ്വസ്ഥനാക്കാന്‍ അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിക്കെതിരെയുള്ള അമേരിക്കന്‍ കോടതിയുടെ കുറ്റപത്രത്തിന്റെ പേരില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിനു പ്രതിപക്ഷം മുറവിളി കൂട്ടുമ്പോഴാണ് കേരളത്തിന്റെ പുതിയ എംപി പ്രിയങ്കയുടെ രംഗപ്രവേശം. മോദിയുടെ അദാനി ബന്ധത്തെക്കുറിച്ചുള്ള രാഹുലിന്റെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അമേരിക്കയിലെ കുറ്റപത്രത്തില്‍ പറയുന്ന 2,092 കോടി രൂപ കൈക്കൂലിയുടെയും യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന്റെ പരാതിയുടെയും പശ്ചാത്തലത്തില്‍ പ്രിയങ്ക ഏറ്റുപിടിക്കുന്നത് എങ്ങനെയാവും?