വരാപ്പുഴ : കൂനമ്മാവ് സെന്റ് ഫിലോമിനാസ് വിശുദ്ധ ചാവറ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധ പദവി ദശവര്‍ഷ ആഘോഷവും തിരുനാളിന് ഒരുക്കമായ തിരുസ്വരൂപ പ്രയാണവും ആരംഭിച്ചു. വിശുദ്ധ ചാവറയച്ചന്റെ കബറിടത്തില്‍ അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍ പുഷ്പാര്‍ച്ചന നടത്തി.
തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ ഫാ. എബിജിന്‍ അറയ്ക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ലാസര്‍ സിന്റോ തൈപ്പറമ്പില്‍, ഫാ. ജോസഫ്, ഡീക്കന്‍ ഗോഡ്സന് ചമ്മണിക്കോടത്ത് സഹകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ രണ്ട് തിരുസ്വരൂപങ്ങള്‍ കേന്ദ്രസമിതി ലീഡര്‍ രാജു മുക്കത്തിന് കൈമാറി. നാലാമത് ചാവറ ഭവനത്തിന്റെ ശിലാസ്ഥാപനവും ദശവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി നടന്നു.
വിശുദ്ധന്റെ തിരുസ്വരൂപം വിശുദ്ധന് ജീവിച്ചിരുന്നപ്പോള്‍ സഞ്ചരിച്ചിരുന്ന പാതയിലൂടെയാണ് ഭവനങ്ങളിലേക്ക് കടന്നുവരുന്നത്. തിരുനാള്‍ തിരുനാള്‍ ആരംഭദിവസമായ ഡിസംബര്‍ 26ന് രണ്ട് തിരുസ്വരൂപങ്ങളും തിരിച്ചെത്തിയതിനുശേഷമാണ് കൊടികയറ്റം. ഇതോടൊപ്പം വിശുദ്ധന് വൈദീകപട്ടം സ്വീകരിച്ച അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍നിന്ന് ദീപശിഖയും എത്തും.
തുടര്‍ന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടികയറ്റം, ദിവ്യബലി, ചാവറ ഭവന താക്കോല്‍ ദാനകര്‍മ്മം. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 7നും, 10.30നും, വൈകിട്ട് 5നും ദിവ്യബലി, നൊവേന. 28ന് ശനിയാഴ്ച നേര്‍ച്ചസദ്യ നടക്കും. രാവിലെ 9.30നുള്ള ദിവ്യബലിയില്‍ കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
തുടര്‍ന്ന് നേര്‍ച്ച സദ്യ ആശീര്‍വ്വാദം, വിതരണം രാത്രി 8 വരെ നീണ്ടുനില്‍ക്കും. രണ്ട് മണിക്കൂര്‍ ഇടവിട്ട് ദിവ്യബലിയും നൊവേനയും ഉണ്ടാകും. 29ന് രാത്രി പാലാ കമ്മ്യൂണിക്കേഷന്റെ നാടകം. ജനുവരി 2ന് വൈകിട്ട് 7ന് പൊതുസമ്മേളനം, തുടര്‍ന്ന് ഗാനമേള, തിരുനാള്‍ ദിനമായ ജനുവരി 3 വൈകിട്ട് 5ന് പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ദീപക്കാഴ്ച.
ഓരോ ദിവസവും പ്രത്യേക നിയോഗത്തിനായി പ്രാര്‍ത്ഥനയും രാവിലെ 10.30നുള്ള ദിവ്യബലിക്കും നൊവേനക്കും ശേഷം നേര്‍ച്ച കഞ്ഞി വിതരണം നടക്കും.
വിശുദ്ധ ചാവറയച്ചന് തന്റെ ജീവിതത്തിന്റെ അവസാന ഏഴ് വര്‍ഷക്കാലം ചെലവഴിച്ച് മരണമടഞ്ഞ, പൂജ്യശരീരം അടക്കം ചെയതിരിക്കുന്ന ദേവാലയത്തില്‍ 9 ദിവസം നീണ്ടു നില്ക്കുന്ന തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് തിരുനാള്‍ ദിനങ്ങളില്‍ എത്തുന്നത്. പുറത്തുനിന്നു വരുന്ന ഭക്തര്‍ക്കായി നേര്ച്ചപാക്കറ്റുകളും പായസവും ഒരുക്കിയിട്ടുണ്ട്.
അടിമ സമര്‍പ്പണത്തിന് പ്രത്യേക സൗകര്യങ്ങളും ഒരിക്കിയിട്ടുണ്ടെന്ന് റെക്ടര്‍ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ ലൂയീസ്, സഹവികാരി സുജിത് സ്റ്റാന്‍ലി നടുവിലെവീട്ടില്‍, ഡീക്കന്‍ ഗോഡ്സണ്‍ ചമ്മണിക്കോടത്ത് എന്നിവര്‍ അറിയിച്ചു.