പനാജി: ആയിരകണക്കിന് തീര്‍ഥാടകരുടെ സാന്നിധ്യത്തില്‍ ഓള്‍ഡ് ഗോവയിലെ (വെല്‍ഹ ഗോവ) സെ കത്തീഡ്രലില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യ ഭൗതികദേഹത്തിന്റെ ദശവാര്‍ഷിക പൊതുദര്‍ശനം ആരംഭിച്ചു. ലോക പൈതൃകസ്മാരകമായി യുനെസ്കോ അംഗീകരിച്ചിട്ടുള്ള ഓള്‍ഡ് ഗോവയിലെ ബോം ജീസസ് ബസിലിക്കയിലെ സ്മൃതികുടീരത്തില്‍ (മൊസോലിയം) മസ്ത്രീലിയന് വെള്ളിപേടകത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ താഴെയിറക്കി തീര്‍ഥാടകര്‍ക്ക് അടുത്തുനിന്ന് വണങ്ങുന്നതിനായി ഗോവ-ദാമന്‍ അതിരൂപത പത്തുവര്ഷത്തിലൊരിക്കല് സംഘടിപ്പിക്കുന്ന 45 ദിവസം നീളുന്ന എക്സ്പൊസിഷന്‍ തുടക്കം കുറിച്ചുകൊണ്ട് ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോയുടെ മുഖ്യകാര്‍മികത്വത്തില്‍ സാഘോഷ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
”ദൈവകാരുണ്യം യാചിച്ചുകൊണ്ട് തീര്‍ഥാടകരായി നാം വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പാദാന്തികത്തില്‍ വന്നണയുന്നു,” ആര്‍ച്ച്ബിഷപ് അനില്‍ കുട്ടോ സുവിശേഷസന്ദേശത്തില്‍ പറഞ്ഞു. ”ഒരുവന് ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം എന്ന കര്‍ത്താവിന്റെ വചനമാണ് ഫ്രാന്‍സിസ് സേവ്യറില്‍ പരിവര്‍ത്തനം സൃഷ്ടിച്ചത്. വിശുദ്ധഗ്രന്ഥത്തിന്റെ കാതലും രക്ഷയുടെ രഹസ്യവുമാണത്. നമ്മള് വേണ്ടത്ര ശ്രദ്ധ അതിനു നല്‍കുന്നില്ലെന്നു മാത്രം. മഹാപ്രേഷിതനായ വിശുദ്ധ ഫ്രാന്‍സിസിന്റെ ക്രിസ്തുശിഷ്യത്വവും സുവിശേഷസാക്ഷ്യവും ഇന്നത്തെ ലോകത്ത് നമ്മുടെ ക്രൈസ്തവസാക്ഷ്യത്തിനുള്ള ഏറ്റവും സാര്‍ഥകമായ മാതൃകയാണ്.”
‘പ്രത്യാശയുടെ തീര്‍ഥാടകര്‍’ എന്ന ആപ്തവാക്യവുമായി കത്തോലിക്കാ സഭ ആഗോളതലത്തില്‍ 2025 ജൂബിലി വര്‍ഷാചരണത്തിന് ഒരുങ്ങുമ്പോള്‍, ‘സദ് വാര്‍ത്തയുടെ സന്ദേശവാഹകരാണ് നാം’ എന്ന പ്രമാണവാക്യമാണ് ഗോവയുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ദശാബ്ദ തിരുശേഷിപ്പ് പ്രദര്‍ശനത്തിന് തിരഞ്ഞെടുത്തിട്ടുള്ളതെന്ന് ഗോവ-ദാമന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലീപെ നേരി ഫെറോ അനുസ്മരിച്ചു: ”ഫ്രാന്‍സിസ് സേവ്യറിന്റെ ജീവിതം പൂര്‍ണമായും സുവിശേഷപ്രഘോഷണമായിരുന്നു; നമ്മളും സുവിശേഷപ്രചാരണത്തിനു വിളിക്കപ്പെട്ടവരാണ്.”
ഗോവയിലെ വിശ്വാസികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും അഞ്ഞൂറോളം വൈദികരും സന്ന്യസ്തരും പങ്കുചേര്‍ന്ന ബോം ജീസസ് ബസിലിക്കയിലെ തിരുകര്‍മങ്ങളില്‍ കര്‍ദിനാള്‍ ഫിലീപെ നേരി ഫെറോ, ഗോവ-ദാമന്‍ സഹായമെത്രാന്‍ സിമിയായോ പൂരിഫിക്കാസോ ഫെര്‍ണാണ്ടസ്, ഇംഫാല്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോമിനിക് ലുമോണ്‍, വിജയവാഡ ബിഷപ് ജോസഫ് രാജാ റാവു തെലഗതൊട്ടി, ഡാള്ട്ടണ്ഗഞ്ച് ബിഷപ് തിയോഡോര്‍ മസ്കരീനാസ്, പോര്‍ട്ട് ബ്ലെയര്‍ ബിഷപ് എമരിറ്റസ് അലക്സിയോ ദാസ് നെവസ് ഡയസ്, പോര്‍ട്ട് ബ്ലെയര്‍ ബിഷപ് വിശ്വാസം സെല്‍വരാജ്, സൊസൈറ്റി ഓഫ് ദ് മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ (പിലാര്‍ ഫാദേഴ്സ്) സുപ്പീരിയര്‍ ജനറല്‍ ഫാ. നസ്രത്ത് ഫെര്‍ണാണ്ടസ്, ഈശോസഭാ ഗോവ പ്രൊവിന്‍ഷ്യല്‍ ഫാ. പേദ്രോ റോഡ്രിഗസ് തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യേച്ചറില്‍ നിന്നും, പെറു, അര്‍ജന്റീന, കൊളംബിയ, സോളമന് ഐലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികളില്‍ നിന്നും അംബാസഡര്‍, ഡപ്യൂട്ടി ചീഫ് ഓഫ് മിഷന് പദവിയിലുള്ള നയതന്ത്രപ്രതിനിധികളും, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും ബോം ജീസസ് ബസിലിക്കയിലെയും സെ കത്തീഡ്രലിലെയും തിരുകര്‍മങ്ങളില്‍ സംബന്ധിച്ചു.
2025 ജനുവരി അഞ്ചുവരെ നീളുന്ന പതിനെട്ടാമത് എക്സ്പൊസിഷനായി ബോം ജീസസ് ബസിലിക്കയില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള സെ കത്തീഡ്രല്‍ ദെ സാന്താ കാതറീനയിലേക്ക് ആഘോഷപൂര്‍വം ഇലക്ട്രിക് കാരേജിലാണ് ഇത്തവണ തിരുവസ്ത്രങ്ങളണിയിച്ച വിശുദ്ധന്റെ അക്ഷയ്യ ഭൗതികദേഹം സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നീങ്ങിയത്. സുതാര്യമായ സ്ഫടിക മഞ്ചം വിശ്വാസികള്‍ തോളിലേന്തിക്കൊണ്ടുപോവുകയായിരുന്നു ഇതുവരെ. എണ്‍പത് അംഗ ബ്രാസ് ബാന്‍ഡ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ മൂന്ന് സ്തുതിഗീതങ്ങള്‍ അവതരിപ്പിച്ചു. തിരുകര്‍മ സംഗീതത്തിനായുള്ള അതിരൂപതാ കമ്മിഷന്റെ നേതൃത്വത്തിലുള്ള ഗായകസംഘം പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചു.
1510-ല്‍ അലക്സാന്‍ഡ്രിയയിലെ വിശുദ്ധ കാതറീനയുടെ തിരുനാള്‍ ദിനത്തില്‍ ബീജാപുരിലെ സുല്‍ത്താന്‍ ഇസ്മായില്‍ ആദില്‍ ഷായെ തോല്പിച്ച് ഗോവ പിടിച്ചെടുത്ത പോര്‍ച്ചുഗീസ് അഡ്മിറല്‍ അല്‍ഫോന്‍സോ ഡി ആല്‍ബുക്കര്‍ക്ക് വിശുദ്ധ കാതറിന്റെ നാമത്തില്‍ നിര്‍മിച്ച ഗോവയിലെ പ്രഥമ ദേവാലയമായ സെ കത്തീഡ്രലില്‍, 482 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1542 മേയ് മൂന്നിന് ലിസ്ബണില്‍ നിന്ന് മൊസാംബിക് വഴി ഗോവയിലെത്തിയ സ്പെയിന്‍കാരനായ ഈശോസഭാ മിഷനറിയും പേപ്പല്‍ ഡെലഗേറ്റും പോര്‍ച്ചുഗീസ് രാജാവ് ജോണ്‍ മൂന്നാമന്റെ പ്രത്യേക പ്രതിനിധിയുമായ ഫ്രാന്‍സിസ് സേവ്യര്‍ ആയിരകണക്കിന് നവാഗതരെ വിശ്വാസത്തിലേക്കു സ്വീകരിച്ച് ജ്ഞാനസ്നാനം നല്കിയ മാമ്മോദീസാ തൊട്ടി ഇപ്പോഴുമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ദേവാലയമണികളൊന്നായ സെ കത്തീഡ്രലിലെ ഗോള്‍ഡന്‍ ബെല്‍ ഗോവയുടെ മധ്യസ്ഥന്റെ തിരുശേഷിപ്പ് പ്രദക്ഷിണത്തെ സ്തുതിപ്പിന്റെ മംഗളധ്വനികളോടെ എതിരേറ്റു.
കത്തീഡ്രലിന് അടുത്തായി ഗോവ ഗവണ്മെന്റ് പ്രത്യേക തീര്‍ഥാടന ഗ്രാമം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
എക്സ്പൊസിഷനുവേണ്ടി സര്‍ക്കാര്‍ പ്രത്യേക സെക്രട്ടേറിയറ്റും അഡ്മിനിസ്ട്രേറ്റീവ് ഓഫിസും തുറന്നിട്ടുണ്ട്. വിശുദ്ധന്റെ തിരുശേഷിപ്പുകളുടെ പൊതുദര്‍ശനവും വണത്തവും നടക്കുന്ന സെ കത്തീഡ്രല്‍ സമുച്ചയത്തില്‍ ഗോവ ഗവണ്മെന്റ് ഡിസംബര്‍ 27ന് ലൈറ്റ് ആന്‍ഡ് മ്യൂസിക് ഷോ സംഘടിപ്പിക്കുന്നുണ്ട്. പ്രധാന നഗരങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്കായി പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി 700 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വാച്ച്ടവറുകളും സിസിടിവി നിരീക്ഷണ ക്യാമറകളുടെ ശൃംഖലയും ഉള്‍പ്പെടെ ക്രമസമാധാനപാലനത്തിനും സുരക്ഷയ്ക്കുമായി വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിരൂപതാ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് സന്നദ്ധസേവകര്‍ തീര്‍ഥാടകരെ സഹായിക്കാന്‍ സജ്ജരായി ഓള്‍ഡ് ഗോവയിലെങ്ങും വിന്യസിക്കപ്പെട്ടിട്ടുണ്ട്.
സെ കത്തീഡ്രലില്‍ വിശുദ്ധന്റെ തിരുശേഷിപ്പിന്റെ പ്രതിദിന വണക്കം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെ നടക്കും. 2025 ജനുവരി അഞ്ചിന് പൂജ്യ ഭൗതികദേഹം ബോം ജീസസ് ബസിലിക്കയിലേക്കു തിരിച്ചുകൊണ്ടുപോകും. അന്ന് സെ കത്തീഡ്രലില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കുകയില്ല. ദിവസവും രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെ കൊങ്കണി ഭാഷയില്‍ ഏഴു കുര്‍ബാനയും വൈകീട്ട് 6.15ന് ഇംഗ്ലീഷ് കുര്‍ബാനയും കത്തീഡ്രലില്‍ അര്‍പ്പിക്കും.
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ ഡിസംബര്‍ മൂന്നിന് ഓള്‍ഡ് ഗോവയില്‍ വിശേഷ പരിപാടികളോടെ കൊണ്ടാടും. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയില്‍ നവസുവിശേഷവത്കരണത്തിന്റെയും പ്രത്യേക വ്യക്തിസഭകളുടെയും വിഭാഗത്തിന്റെ പ്രോ-പ്രീഫെക്റ്റ് കര്‍ദിനാള്‍ ലൂയിസ് അന്തോണിയോ ഗോകിം താഗ്ലെ തിരുനാള്‍ തിരുകര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ജനുവരി അഞ്ചിന് ബോം ജീസസ് ബസിലിക്കയിലെ സമാപന തിരുകര്‍മങ്ങളില്‍ കര്‍ദിനാള്‍ ഫിലീപെ നേരി ഫെറോ മുഖ്യകാര്‍മികനായിരിക്കും. ഈശോസഭയുടെ സഹസ്ഥാപകനായ ഫ്രാന്‍സിസ് സേവ്യര്‍ ആധുനികലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ മിഷനറിയായാണ് അറിയപ്പെടുന്നത്.
ഗോവയില്‍ നിന്ന് കൊച്ചിയിലും കന്യാകുമാരിക്കും തൂത്തുക്കുടിക്കുമിടയിലെ പേള്‍ ഫിഷറി തീരത്തും സിലോണിലും മലാക്കയിലും ജപ്പാനിലും അംബൊയ്നയിലും ടെമെയ്റ്റിലും ചൈനാതീരത്തും സുവിശേഷപ്രചാരണത്തിനായി യാത്ര ചെയ്ത് ഏഷ്യയില്‍ ആയിരകണക്കിന് ക്രൈസ്തവ സമൂഹങ്ങള്‍ക്ക് അടിത്തറ പാകിയ വിശുദ്ധന് നാല്പത്താറാം വയസിലാണ് 1552 ഡിസംബര്‍ മൂന്നിന് ചൈനാതീരത്തെ ഷാങ്ചുവന് ദ്വീപില്‍ ദിവംഗതനായത്. ആദ്യം അവിടെ സംസ്കരിച്ചു. അടുത്ത വര്‍ഷം അഴുകാത്ത നിലയില്‍ കണ്ടെത്തിയ പൂജ്യഭൗതികദേഹം അവിടെ നിന്ന് മലാക്കയിലെ സെന്റ് പോള്‍ ദേവാലയത്തിലേക്കു കൊണ്ടുപോയി. 1554-ലാണ് ഗോവയിലേക്ക് കപ്പലില്‍ കൊണ്ടുവന്നത്. ഓള്‍ഡ് ഗോവയിലെ സെന്റ് പോള്‍സ് കോളജില്‍ – ഗോവയില്‍ ഈശോസഭക്കാര്‍ നിര്‍മിച്ച ആദ്യത്തെ കെട്ടിടത്തില്‍ – അത് അടക്കം ചെയ്തു. 1613-ല്‍ ബോം ജീസസ് ബസിലിക്കയ്ക്കു സമീപമുള്ള കാസാ പ്രൊഫസയിലേക്ക് മാറ്റി. അവിടെ നിന്ന് 1624-ലാണ് ബസിലിക്കയില്‍ മൊസോലിയത്തിലേക്കു ഭൗതികദേഹം എത്തിച്ചത്. 1619 ഒക്ടോബറില്‍ പോള്‍ അഞ്ചാമന് പാപ്പാ ഫ്രാന്‍സിസ് സേവ്യറിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയിരുന്നു. 1622 മാര്‍ച്ച് 12ന് ഗ്രിഗറി പതിനഞ്ചാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.
മലാക്കയില്‍ നിന്ന് വിശുദ്ധന്റെ ‘അഴുകാത്ത’ പൂജ്യ ഭൗതികദേഹം ഗോവയില്‍ കൊണ്ടുവന്നതിനുശേഷം ആദ്യമായി അതു പൊതുപ്രദര്‍ശനത്തിനു വച്ചത് 1782-ലാണ്, വിശുദ്ധന് ദിവംഗതനായി 230 വര്‍ഷം കഴിഞ്ഞപ്പോള്‍. പോര്‍ച്ചുഗീസുകാര്‍ ഈശോസഭാംഗങ്ങളെ 1759-ല്‍ ഗോവയില്‍ നിന്നു പുറത്താക്കിയപ്പോള്‍ അവര്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ കൊണ്ടുപോയി, ശൂന്യമായ ശവമഞ്ചം മാത്രമാണ് ഗോവയില്‍ അവശേഷിച്ചിട്ടുള്ളത് എന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് 1782 ഫെബ്രുവരിയില്‍ മൂന്നു ദിവസം വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ പൊതുദര്‍ശനത്തിനു വച്ചത്. 77 വര്‍ഷം കഴിഞ്ഞാണ് രണ്ടാമത്തെ എക്സ്പൊസിഷന്‍ നടത്തിയത് – 36 ദിവസം നീണ്ട ആ പ്രദര്‍ശനത്തിന് 1859 ഡിസംബര്‍ മൂന്നിന് വിശുദ്ധന്റെ തിരുനാള്‍ മുതല്‍ 1860 ജനുവരി എട്ടുവരെ രണ്ടു ലക്ഷം തീര്‍ഥാടകര്‍ ഗോവയിലെത്തി. പോര്‍ച്ചുഗീസ് കോളനിവാഴ്ചയില്‍ നിന്ന് ഗോവ മോചിപ്പിക്കപ്പെട്ട 1961 ഡിസംബര്‍ മാസത്തിലും വിശുദ്ധന്റെ തിരുശേഷിപ്പ് പൊതുവണക്കത്തിനായി പ്രദര്‍ശിപ്പിക്കുകയുണ്ടായി. അതു കഴിഞ്ഞാണ് പത്തുവര്ഷത്തിലൊരിക്കല് പൊതുദര്‍ശനം സംഘടിപ്പിക്കുന്ന പതിവ് തുടങ്ങിയത്. പത്തുവര്‍ഷം മുന്‍പ്, 2014-ല്‍ നടത്തിയ എക്സ്പൊസിഷന്‍ 55 ലക്ഷം തീര്‍ഥാടകരെത്തി. ഇത്തവണ 80 ലക്ഷം തീര്‍ഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് എക്സ്പൊസിഷന്‍ കണ്‍വീനര്‍ ഫാ. ഹെന് റി ഫാല്‍ക്കോ പറഞ്ഞു.
വിശുദ്ധന്റെ തിരുശേഷിപ്പുകളുടെ മസ്ത്രീലിയന് കാസ്കറ്റില്‍ 32 വെള്ളിഫലകങ്ങളില് ആ പുണ്യവാന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും അദ്ദേഹത്തിന്റെ അദ്ഭുതപ്രവര്‍ത്തനങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ‘സ്റ്റോറീസ് ഇന്‍ സില്‍വര്‍’ എന്ന പേരില്‍ ആ സംഭവങ്ങളുടെ പുതിയ ആഖ്യാനം ഇത്തവണ എക്സ്പൊസിഷനോടനുബന്ധിച്ച് ഗോവ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
ഗോവന്‍ ജനത ‘ഗോയഞ്ചോ സായബ്’ (ഗോവയുടെ രക്ഷകന്) എന്ന പേരില്‍ വണങ്ങുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ മാധ്യസ്ഥ്യത്തില്‍ നടന്ന അദ്ഭുതങ്ങളിലൊന്ന്, മറാഠാ സാമ്രാജ്യത്തിലെ ഛത്രപതി സാംബാജി മഹരാജ് ഗോവയിലെ ബാര്ദേസും സാല്സേറ്റും പിടിച്ചടക്കി ഓള്‍ഡ് ഗോവയിലേക്കു പടനീക്കം നടത്തുമ്പോള്‍ ഗോവയിലെ പോര്‍ച്ചുഗീസ് വൈസ്രോയി ബോം ജീസസ് ബസിലിക്കയില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യ ഭൗതികദേഹത്തിന്റെ വെള്ളിപേടകം തുറന്ന് തന്റെ അധികാരദണ്ഡ് വിശുദ്ധന്റെ കൈകളില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിച്ച നിമിഷം മുഗള്‍ സൈന്യത്തിന്റെ ആക്രമണത്തെക്കുറിച്ച് സൂചന ലഭിച്ച് മറാഠാ രാജാവ് ഗോവ നഗരത്തെ തൊടാതെ മടങ്ങിപ്പോയ കഥയാണ്.
1961 ഡിസംബര്‍ 18ന് ഇന്ത്യന്‍ സൈന്യം ഗോവ അതിര്‍ത്തി കടന്നെത്തിയപ്പോള്‍, തോല്‍വി ഉറപ്പായ ലിസ്ബണിലെ പോര്‍ച്ചുഗീസ് ഭരണകൂടം ഗോവയിലെ ഗവര്‍ണര്‍ക്ക് നല്കിയ കല്പന, ഗോവയിലെ ഏറ്റവും വിലമതിപ്പുള്ളത് സംരക്ഷിച്ചുകൊണ്ട് ബാക്കിയെല്ലാം നശിപ്പിക്കാനാണ്. നൂറു പട്ടാളക്കാരെയും കൂട്ടി പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ബോം ജീസസ് ബസിലിക്കയിലെത്തി. വിശുദ്ധന്റെ പൂജ്യഭൗതികദേഹം ലിസ്ബണിലേക്കുള്ള അവസാനത്തെ വിമാനത്തില്‍ കയറ്റിക്കൊണ്ടുപോകാനായിരുന്നു തീരുമാനം. ബസിലിക്കയുടെ വാതിലുകള്‍ അകത്തുനിന്ന് അടച്ചുപൂട്ടി ഗോവയിലെ മെത്രാനും ഗവര്‍ണറും സ്റ്റേറ്റ് സെക്രട്ടറിയും നോക്കിനില്‍ക്കെ, പട്ടാളക്കാര്‍ വിശുദ്ധന്റെ തിരുശേഷിപ്പുകളുടെ പേടകം മുകളില്‍ നിന്ന് താഴേക്കിറക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. വിശുദ്ധന്റെ ഭൗതികദേഹം അടങ്ങുന്ന വെള്ളിമഞ്ചം അവരെല്ലാം ചേര്‍ന്ന് പിടിച്ചിട്ടും ഇളകിയില്ല! ഗവര്‍ണര്‍ക്ക് തിരുഹിതം എന്തെന്ന് ബോധ്യമായി. ലിസ്ബണില്‍ നിന്നുള്ള കല്പന മാറ്റിവച്ച് ഗോവാ നഗരത്തെ അതേപടി ഇന്ത്യയ്ക്കു കൈമാറാനാണ് ഗവര്‍ണര്‍ തീരുമാനിച്ചത്. പ്ലേഗ് ബാധയെ തുടര്‍ന്ന് വെല്‍ഹ ഗോവയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോയെങ്കിലും ബോം ജീസസ് ബസിലിക്കയില്‍ ഗോവയുടെ മധ്യസ്ഥന്‍ വിശ്വാസികള്‍ക്ക് കാവലായി 400 വര്‍ഷമായി ‘അക്ഷയ്യ’ സാന്നിധ്യമായി വിരാജിക്കുന്നു.
ജീവിതത്തിലെ അവിസ്മരണീയ ആധ്യാത്മിക അനുഭൂതി പകരുന്ന ഗോവ എക്സ്പൊസിഷന്‍ തീര്‍ഥാടനത്തിന് ഒരുങ്ങുന്നവര്‍ക്കായി ഗോവ-ദാമന്‍ അതിരൂപത sfxexpo2024@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കാത്തലിക് കണക്റ്റ് ആപ്പ് ഓഡിയോ ഗൈഡഡ് ടൂര്‍ ഉള്‍പ്പെടെ തീര്‍ഥാടകര്‍ക്ക് അവശ്യവിവരങ്ങള്ക്കുള്ള ഉപാധിയാണ്.