ജെക്കോബി
മണിപ്പുരില്‍ ആഭ്യന്തരയുദ്ധം കനക്കുകയാണ്. അസം അതിര്‍ത്തിയോടു ചേര്‍ന്നുള്ള പടിഞ്ഞാറന്‍ മേഖലയിലെ ബാരാക് വാലിയില്‍ ജിരിബാമിലെ ഒരു ദുരിതാശ്വാസ ക്യാംപില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മെയ്തെയ് കുടുംബത്തിലെ മുത്തശ്ശിയും രണ്ടു പെണ്മക്കളും മൂന്നു പേരക്കുട്ടികളും അതിദാരുണമായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തലസ്ഥാനനഗരമായ ഇംഫാലില്‍ ജനക്കൂട്ടം മെയ്തെയ് പക്ഷക്കാരനായ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ തറവാടിനും മന്ത്രിമാരുടെയും ഭരണകക്ഷി എംഎല്‍എമാരുടെയും വസതികള്‍ക്കും തീവയ്ക്കുന്നതില് വരെ രോഷാഗ്നി ആളിപ്പടര്‍ന്നു. ജിരിബാമില്‍ ക്രൈസ്തവ ദേവാലയങ്ങളും സ്കൂളും മാര്‍ ഗോത്രവിഭാഗത്തിന്റെ വീടുകളും രാഷ്ട്രീയ പാര്‍ട്ടി കാര്യാലയങ്ങളും ചുട്ടെരിക്കപ്പെട്ടു. ജിരിബാമിലും ഇംഫാല്‍ സമതലത്തിലും ഉള്‍പ്പെടെ ആറ് പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ‘അസ്വസ്ഥബാധിത’ പ്രദേശത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പാ) പ്രഖ്യാപിച്ചത് ഭൂരിപക്ഷ മെയ്തെയ് വിഭാഗത്തെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്. അമിത് ഷാ അടിയന്തരമായി വിന്യസിക്കുന്ന കേന്ദ്ര സായുധ പൊലീസ് സേനയുടെ 70 കമ്പനിയിലെ 7,000 സേനാംഗങ്ങളുടെ അധികബലം കൊണ്ടോ കര്‍ഫ്യൂ, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളിലൂടെയോ മണിപ്പുരിലെ 33 ലക്ഷം വരുന്ന ജനങ്ങള്‍ ഒന്നരവര്‍ഷമായി അനുഭവിക്കുന്ന കൊടുംയാതനകള്‍ക്ക് എന്ത് അറുതിയുണ്ടാകാനാണ്!
ഇംഫാല്‍ താഴ് വരയില്‍ നിന്നും മെയ്തെയ് ഗ്രാമങ്ങളോടു ചേര്‍ന്ന മലഞ്ചെരിവുകളില്‍ നിന്നും കുക്കി-സോമി ക്രൈസ്തവ ഗോത്രവര്‍ഗക്കാരെ തുരത്തുന്നതിന് 2023 മേയ് മൂന്നിന് ആരംഭിച്ച വ്യാപകമായ ആക്രമണങ്ങളിലും കൂട്ടക്കുരുതിയിലും ലൈംഗികാതിക്രമങ്ങളിലും കൊള്ളയിലും കൊള്ളിവയ്പ്പിലുമൊന്നും പെടാതെ, ബംഗാളികളും ഹൈന്ദവ മെയ്തെയ്കളും മുസ് ലിംകളും ക്രൈസ്തവ കുക്കി-മാര്‍ ഗോത്രവര്‍ഗക്കാരും സമാധാനത്തോടെ കഴിഞ്ഞുവന്ന ജിരിബാമില്‍ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്താണ് ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. ജിരിബാമില്‍ മാര്‍ ഗോത്രവര്‍ഗക്കാരുടെ ജൈരാവന് ഗ്രാമത്തിനുനേരെ മെയ്തെയ് അരംബായ് തെങ്ഗോല്‍ സായുധസംഘം ഇക്കഴിഞ്ഞ ഏഴിന് നടത്തിയ ആക്രമണത്തില്‍ കാലിനു വെടിയേറ്റുവീണ മുപ്പത്തൊന്നുകാരിയായ ഇംഗ്ലീഷ് ജൂനിയര്‍ ഹൈസ്കൂള്‍ അധ്യാപികയെ അവര്‍ കൂട്ടമാനഭംഗം ചെയ്ത് തീകൊളുത്തിക്കൊന്നു. മൂന്നു കുട്ടികളുടെ അമ്മയായ ആ സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ അവരുടെ തലയോട്ടിയും അസ്ഥികളും മറ്റും തകര്‍ക്കപ്പെട്ടതായും കണ്ടെത്തി. അവരുടെ വീടും സ്കൂളും കത്തിനശിച്ചു. അക്രമികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയതായി ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് ചെയ്ത ഗ്രാമപ്രതിരോധ സന്നദ്ധസേനയിലെ മാര്‍ വിഭാഗക്കാരായ 10 യുവാക്കളെ സിആര്‍പിഎഫ് വെടിച്ചുകൊന്നതായി ഗോത്രവര്‍ഗക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ സുരക്ഷാസേനാ പോസ്റ്റിനു നേരെ ആക്രമണം നടത്തിയ തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക ഭാഷ്യം.
ജിരിബാമിലെ ബോരോബേക്രാ ജകുരാധോര് ദുരിതാശ്വാസ ക്യാംപില്‍ നിന്ന് മാര്‍ സായുധസംഘം 10 പേരെ തട്ടിക്കൊണ്ടുപോയി. അതില്‍ രണ്ടു വയോധികരെ അവര്‍ ചുട്ടുകൊന്നു; ഒരാള്‍ രക്ഷപ്പെട്ടു. ഒരേ കുടുംബത്തില്‍ നിന്നുള്ള മൂന്നു സ്ത്രീകളും എട്ടുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും രണ്ടു വയസുള്ള ആണ്‍കുട്ടിയും എട്ടു വയസുള്ള പെണ്‍കുട്ടിയും ബന്ദികളുടെ കൂട്ടത്തിലുണ്ടായിരുന്നു. അസം അതിര്‍ത്തിയിലെ ജിരി, ബാരാക് നദികളുടെ സംഗമസ്ഥാനത്ത് രണ്ടു ദിവസങ്ങളിലായി അവരുടെ മൃതദേഹങ്ങള്‍ പൊങ്ങി. എട്ടുവയസുള്ള കുട്ടിയും സ്ത്രീകളും അതിക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. 220 കിലോമീറ്റര്‍ അകലെ, ഇംഫാലില്‍ മെയ്തെയ് ജനക്കൂട്ടം ഭരണനേതൃത്വത്തിനെതിരെ കലാപത്തിനിറങ്ങിയത് ഈ കൊടുംപാതകത്തിന്റെ പേരിലാണ്. ജിരിബാമിലെ തീവ്രവാദികളുടെ നിഷ്ഠുര കുറ്റകൃത്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നുണ്ട്.
സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പറയുന്ന പത്തു ഗോത്രവര്‍ഗ യുവാക്കളുടെ മൃതദേഹങ്ങള്‍ അസമിലെ സില്‍ചര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വിമാനമാര്‍ഗം കുക്കി മേഖലയായ ചുരാചാന്ദ്പുറില് എത്തിച്ചെങ്കിലും ബന്ധുക്കള്‍ അവ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം. കുക്കിവിഭാഗക്കാര്‍ ഒഴിഞ്ഞ ശവപ്പെട്ടികളുമായി റാലി നടത്തി.
കഴിഞ്ഞ 18 മാസമായി തുടരുന്ന കലാപത്തിന് അറുതിവരുത്തുന്നതില്‍ പരാജയപ്പെട്ട ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ കൂട്ടുകക്ഷിഭരണത്തില്‍ രണ്ടാമത്തെ വലിയ കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) പിന്തുണ പിന്‍വലിച്ചത് സിങ്ങിന് രാഷ്ട്രീയമായി കനത്ത പ്രഹരമാണ്. ബിരേന്‍ സിങ്ങിനെ ഭരണനേതൃത്വത്തില്‍ നിന്നു മാറ്റാതെ മണിപ്പുര്‍ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവുകയില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് എന്‍പിപി പ്രസിഡന്റും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ ഇംഫാലിലെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. മണിപ്പുരില്‍ എന്‍പിപിക്ക് ഏഴ് എംഎല്‍എമാരുണ്ട്. അറുപത് അംഗ നിയമസഭയില്‍ ബിജെപിക്ക് 37 അംഗങ്ങളുണ്ട്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ച് എംഎല്‍എമാരും, ജെഡിയു ടിക്കറ്റില്‍ ജയിച്ച് ബിജെപിയില്‍ ചേര്‍ന്ന അഞ്ച് അംഗങ്ങളും, മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ഭരണമുന്നണിയിലുണ്ട്. രണ്ട് എംഎല്‍എമാരുള്ള കുക്കി പീപ്പിള്‍സ് അലയന്‍സ് 2023 ഓഗസ്റ്റില്‍ ബിരേന്‍ സിങ്ങുമായി തെറ്റിപ്പിരിഞ്ഞതും വംശീയ കലാപം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരിലാണ്.
എന്‍പിപി പിന്തുണ പിന്‍വലിക്കുകയും ഇംഫാലില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വസതികള്‍ ജനക്കൂട്ടം ആക്രമിക്കുകയും കലാപം പുതിയ മേഖലയില്‍ ആളിപ്പടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ബിരേന്‍ സിങ് തന്റെ ഔദ്യോഗിക വസതിയില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ 37 ബിജെപി എംഎല്‍എമാരില്‍ 19 പേര് പങ്കെടുക്കാതിരുന്നത് ഭരണകക്ഷിയില്‍ തന്നെയുള്ള ഭിന്നതകളുടെ തെളിവാണ്. പത്ത് കുക്കി എംഎല്‍എമാരില്‍ ഏഴുപേര്‍ ബിജെപി അംഗങ്ങളാണ്. അവര്‍ നേരത്തെതന്നെ ബിരേന്‍ സിങ്ങില്‍ അവിശ്വാസം പ്രഖ്യാപിച്ചിട്ടുള്ളവരാണ്.
സംസ്ഥാനത്ത് നിയമവാഴ്ചയും ക്രമസമാധാനവും ഭരണഘടനാ സംവിധാനങ്ങളും പൂര്‍ണമായി തകര്‍ന്നിരിക്കയാണെന്ന് സുപ്രീം കോടതി ഒന്നിലേറെ തവണ ഓര്‍മപ്പെടുത്തിയിട്ടും ബിരേന്‍ സിങ്ങിനെ മാറ്റിനിര്‍ത്താതെ, സംസ്ഥാനത്ത് സുരക്ഷാ ഉപദേഷ്ടാവായി കേന്ദ്രത്തില്‍ നിന്ന് നിയോഗിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെ സൈന്യത്തിന്റെയും പാരാമിലിറ്ററി, കേന്ദ്ര സായുധ പൊലീസ്, മറ്റു സുരക്ഷാസേന, ഇന്റലിജന്‍സ്, സംസ്ഥാന പൊലീസ് വിഭാഗങ്ങളുടെ സംയുക്ത കമാന്‍ഡിന്റെ നിയന്ത്രണം ഏല്പിക്കുകയും ചെയ്തുകൊണ്ട് പ്രത്യക്ഷമായിത്തന്നെ സംസ്ഥാന ഭരണത്തില്‍ ഇടപെടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മണിപ്പുരിലെ ദുരന്തത്തിന് രാജ്യത്തെ ജനങ്ങളോട് പ്രാഥമികമായി സമാധാനം ബോധിപ്പിക്കേണ്ടതുണ്ട്. ഹിന്ദുത്വ ഭൂരിപക്ഷ അജന്‍ഡയില്‍ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് മലമേഖലയിലെ ഗോത്രവര്‍ഗക്കാരായ ക്രൈസ്തവരെ മ്യാന്മറില് നിന്നുള്ള കുക്കി-ചിന് നുഴഞ്ഞുകയറ്റക്കാരും പോപ്പി ലഹരിമരുന്ന് ഇടപാടുകാരായ ഭീകരപ്രവര്ത്തരുമായി മുദ്രകുത്തി വേട്ടയാടാനും, വജ്രവും പെട്രോളിയവും ഗ്രീന്‍ സ്റ്റോണും അടക്കം അമൂല്യ ധാതുസമ്പത്തുള്ള വനമേഖല കോര്‍പറേറ്റ് താല്പര്യങ്ങള്ക്കായി പിടിച്ചെടുക്കാനുമുള്ള ഗൂഢതന്ത്രങ്ങളെക്കുറിച്ച് പല ആഖ്യാനങ്ങളുണ്ട്. മ്യാന്മര് അതിര്‍ത്തിയില്‍ വേലികെട്ടിയും പതിറ്റാണ്ടുകളായി അതിര്‍ത്തി മേഖലയില്‍ വാണിജ്യത്തിനും സാംസ്കാരികബന്ധത്തിനും മറ്റുമായി നിലനിന്നുപോന്ന സ്വതന്ത്ര സഞ്ചാര ഉടമ്പടിവ്യവസ്ഥകള്‍ റദ്ദാക്കിയും സമാധാനം കൊണ്ടുവരാനാണ് ബിരേന്‍ സിങ്ങിനെക്കാള്‍ വാശിയോടെ അമിത് ഷാ വാചകക്കസര്‍ത്തു നടത്തുന്നത്.
സംസ്ഥാനത്തെ ഒരു ന്യൂനപക്ഷ ക്രൈസ്തവ ജനവിഭാഗത്തെ വിദേശികളും നുഴഞ്ഞുകയറ്റക്കാരും നാര്‍ക്കോ-ഭീകരരുമെന്നു മുദ്രകുത്തി വിദ്വേഷപ്രചാരണത്തിലൂടെ അപരവത്കരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി, സംസ്ഥാന പൊലീസിന്റെ ആയുധപ്പുരകളില്‍ നിന്ന് 5,000 അതിനൂതന ആയുധങ്ങള്‍ കവര്‍ന്നെടുക്കാനും കുക്കി ജനവാസകേന്ദ്രങ്ങള്‍ ആക്രമിക്കാനും മറ്റും മെയ്തെയ് സായുധസംഘങ്ങള്‍ക്ക് ആവശ്യമായ പൊലീസ് കമാന്‍ഡോ സഹായവും നിയമസംരക്ഷണവും നല്കി ‘വംശീയ കലാപം’ ആസൂത്രണം ചെയ്തതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് മണിപ്പുര്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന് മുമ്പാകെയും സുപ്രീം കോടതിയിലും എത്തിയിട്ടുണ്ട്. അത് പരിഗണിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറല്‍ പരമോന്നത കോടതിയില്‍ ബോധിപ്പിച്ചത്, സംസ്ഥാനത്തെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിവരുന്ന സമാധാനചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ആ ശബ്ദരേഖയ്ക്കു പിന്നില്‍ എന്നാണ്. എന്നാല്‍, കലാപം പൊട്ടിപ്പുറപ്പെട്ട 2023 മേയ് മൂന്നിനുശേഷം ഒരിക്കല്‍പോലും മുഖ്യമന്ത്രി തങ്ങളെ കണ്ടിട്ടില്ലെന്ന് 10 കുക്കി എംഎല്‍എമാരും സാക്ഷ്യപ്പെടുത്തി.
കലാപം തുടങ്ങി 17 മാസം കഴിഞ്ഞാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ മധ്യത്തോടെ സംസ്ഥാനത്തെ നാലു മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെ എട്ട് സീനിയര്‍ മെയ്തെയ് എംഎല്‍എമാരും ബിജെപി സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ ഒരു മന്ത്രി ഉള്‍പ്പെടെ മൂന്നുപേരും, രണ്ടു മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കുക്കി എംഎല്‍എമാരും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ചുചേര്‍ത്ത ഒരു ചര്‍ച്ചയ്ക്ക് ഡല്‍ഹിയിലെത്തുന്നത്. അവിടെയും കുക്കികളും മെയ്തെയ്കളും ചര്‍ച്ചയില്‍ ഒരുമിച്ച് ഇരുന്നില്ല, വെവ്വേറെ ഗ്രൂപ്പുകളായാണ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. സുരക്ഷ ഉറപ്പില്ലാത്തതിനാല്‍ നിയമസഭാ സമ്മേളനത്തിന് ഇംഫാലില്‍ പോകാന്‍ കുക്കി എംഎല്‍എമാര്‍ക്ക് കഴിയുന്നില്ല. പ്രത്യേക അസംബ്ലിയുള്ള കേന്ദ്രഭരണപ്രദേശമായി മണിപ്പുരിലെ കുക്കി-സോമി മലമ്പ്രദേശത്തെ പ്രഖ്യാപിക്കണമെന്നാണ് കുക്കി ജനപ്രതിനിധികളുടെ ആവശ്യം. അതേസമയം കുക്കി വിഘടനവാദികളുമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാനവും ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ (സസ്പെന്ഷന് ഓഫ് ഓപ്പറേഷന്‍സ്) റദ്ദാക്കണമെന്ന പഴയ ഡിമാന്ഡിനോടൊപ്പം ജിരിബാമിലെ അതിക്രമങ്ങളുടെ പേരില്‍ കുക്കി തീവ്രവാദികള്‍ക്കെതിരെ ‘ബൃഹത്തായ മുന്നേറ്റം’ ഉടന്‍ ആരംഭിക്കണമെന്നാണ് ബിരേന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ഭരണകക്ഷി എംഎല്‍എമാര്‍ ഇക്കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തില്‍ നിര്‍ദേശിക്കുന്നത്. ഇതിനായി സംയുക്ത കമാന്‍ഡിന്റെ ചുമതല തന്നെ ഏല്പിക്കണമെന്നാണ് ബിരേന്‍ സിങ് അമിത് ഷായോട് ആവശ്യപ്പെടുന്നത്. സൈന്യത്തിന്റെയും കേന്ദ്ര സായുധ പൊലീസ് സേനകളുടെയും സംസ്ഥാന പൊലീസിന്റെയും മൊത്തം നിയന്ത്രണം ഏറ്റെടുത്തിട്ടുവേണം ഇനി ബിരേന്‍ സിങ്ങിന് കുക്കികള്‍ക്കെതിരെ അന്തിമ പോരാട്ടം പൂര്‍ത്തിയാക്കാന്‍!
വംശീയ കലാപത്തില്‍ 265 പേര് കൊല്ലപ്പെടുകയും ആയിരത്തിലേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 32 പേരെ കാണാതാവുകയും ഒരുലക്ഷത്തിലേറെപ്പേര്‍ക്ക് വാസസ്ഥലങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടിവരികയും ഒന്നരവര്‍ഷമായി 351 ദുരിതാശ്വാസ ക്യാമ്പുകളിലായി 22,000 കുട്ടികള്‍ അടക്കം 60,000 പേര് ദുരിതജീവിതം നയിക്കേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തിട്ടും രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അജ്ഞാതകാരണങ്ങളാല്‍ ഇന്നേവരെ മണിപ്പുരിലെ ജനങ്ങളെ ആശ്വസിപ്പാന്‍ അവിടെ കാലുകുത്തിയിട്ടില്ല. ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടുവട്ടം ഇംഫാല്‍ സന്ദര്‍ശിച്ചു. മോദിയാകട്ടെ, 2022 ഫെബ്രുവരി 22നുശേഷം ആ ഭാഗത്തേക്കു കടന്നിട്ടില്ല. റഷ്യ-യുക്രെയ്ന് യുദ്ധം തുടങ്ങുന്നതിനു മുന്‍പായിരുന്നു അവസാനത്തെ സന്ദര്‍ശനം. മോദി പിന്നീട് റഷ്യയും യുക്രെയ്നും സന്ദര്‍ശിക്കുകയും അവിടെ സമാധാനത്തിനായി ആത്മാര്‍ഥമായി ഇടപെടുകയും ചെയ്തു. ചൈനയും മ്യാന്മറും ബംഗ്ലാദേശും അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ മേഖലയിലെ ഈ കൊച്ചു സംസ്ഥാനം ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി കാണാന്‍ കഴിയാത്ത മട്ടില്‍ ഇത്രത്തോളം നിസംഗത പുലര്‍ത്താന്‍ ഒരു പ്രധാനമന്ത്രിക്കാകുന്നതെങ്ങനെ! മണിപ്പുരില്‍ കലാപം രൂക്ഷമായ ഈഘട്ടത്തിലും മോദി വിദേശപര്യടനത്തിലാണ്, ലോകസമാധാനത്തിന്റെ മാധ്യസ്ഥ്യവാഴ് വില്‍.
സംസ്ഥാനത്തെ ഭരണത്തകര്‍ച്ചയും ഭരണഘടനാസംവിധാനത്തിന്റെ പൂര്‍ണ പരാജയവും മുന്‍നിര്‍ത്തി, ബിരേന്‍ സിങ്ങിനെ പുറത്താക്കി ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് ഗവര്‍ണറുടെ റിപ്പോര്‍ട്ടുപോലും വേണമെന്നില്ല. അടുത്ത തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുകയാണ്. അതിനു മുന്‍പ് വിദേശത്തു നിന്ന് തിരിച്ചെത്തുന്ന മോദിയെ ഒരുവട്ടം മണിപ്പുരിലേക്ക് പായിക്കാന്‍ പ്രസിഡന്റിനു കഴിഞ്ഞെങ്കില്‍!