ദേവപ്രസാദ് ജോണ്‍
പോരാട്ടചരിത്രം പറയുന്ന പുസ്തകങ്ങള്‍ ധാരാളമുണ്ട്. അക്കൂട്ടത്തില്‍ പുതുമയുള്ള ഉള്ളടക്കവും ആഖ്യാനശൈലിയും അനുഭവസാക്ഷ്യവുമായി ഇതാ ഒരു പുതിയപുസ്തകം-ജോസ് ജെ. കളീക്കലിന്റെ ‘ഉയിര്‍പ്പിന്റെ രാഷ്ട്രീയം ‘.വെറുമൊരു പുസ്തകമല്ല, ജീവന് തുടിക്കുന്ന ഒരു മഹാകാവ്യം. തൊഴിലാളിസമരങ്ങള്‍ക്ക് അര്‍ത്ഥവും വ്യാപ്തിയും ആഴവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ഈ പുസ്തകം പുതിയൊരു വായനാനുഭവം പകരുമെന്നുറപ്പാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ അരനൂറ്റാണ്ടുകാലത്തെ സഹനസമരങ്ങളുടെ നേര്‍ച്ചിത്രമാണ് ഓരോ പേജിലും കാണുന്നത്. 1970 കളുടെ ആരംഭത്തില്‍ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് പൂത്തുറകടപ്പുറത്ത് ആരംഭിച്ച ഒരു നിശബ്ദവിപ്ലവം കേരളതീരമെമ്പാടും വളരെ വേഗം തിളച്ചുമറിഞ്ഞു. ആ വിപ്ലവത്തിനു നേതൃത്വം നല്കിയതാകട്ടെ ഏതാനും കത്തോലിക്കാ സന്ന്യാസവൈദികരും കന്യാസ്ത്രിമാരും.
ഫാദര്‍ തോമസ് കോച്ചേരി, സിസ്റ്റര്‍ ഫിലമിന്‍ മേരി എന്നീ പേരുകള്‍ കേരളത്തില്‍ നടന്നിട്ടുള്ള തൊഴിലാളി സമരങ്ങളുടെ ചരിത്രത്തില്‍ മായാത്ത മുദ്രപതിപ്പിച്ച സമരനേതൃത്വങ്ങളുടെ ഗണത്തില്‍ എഴുതി ചേര്‍ക്കപ്പെട്ടു. ജാതി – മത – വര്‍ഗ്ഗ – രാഷ്ട്രീയ – ദേശ – ഭാഷാ വ്യത്യാസമില്ലാതെ മത്സ്യത്തൊഴിലാളിസമരം വളരെവേഗം ആളിക്കത്തി. താമസിയാതെ ഇന്ത്യയുടെ എല്ലാ കടല്‍ത്തീരങ്ങളിലേക്കും സമരം വളര്‍ന്നു. കടല്‍കടന്ന് മറ്റ് ലോകരാജ്യങ്ങളിലെ മത്സ്യത്തൊഴിലാളികളിലേക്കും സമരം വ്യാപിച്ചു. ലോക മല്‍സ്യത്തൊഴിലാളി ഫോറം എന്ന പ്രസ്ഥാനം (World Fishworkers Forum) ശക്തിപ്രാപിച്ചതും കേരളത്തില്‍ ആരംഭിച്ച ഈ സമരത്തിന്റെ പശ്ചാത്തലത്തിലാണ് എന്നത് ശ്രദ്ധേയമാണ്.
അരനൂറ്റാണ്ടു കടന്നുപോയി. കടലും കടല്‍ത്തീരവും പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നും പൂര്‍ണമായും അന്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ‘ ഉയിര്‍പ്പിന്റെ രാഷ്ട്രീയം ‘ പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നതാണ് പ്രസക്തമായ കാര്യം. ആഴക്കടല്‍ മത്സ്യബന്ധനം പൂര്‍ണമായും യന്ത്രവല്‍ക്കരിക്കപ്പെടുകയും അന്തര്‍ദ്ദേശീയ വ്യാപാര വ്യവസായ ശ്രുംഖലകള്‍ മത്സ്യമേഖലയില്‍ പിടിമുറുക്കുകയും ചെയ്തുകഴിഞ്ഞു. അവര്‍ നമ്മുടെ കടല്‍ത്തീരങ്ങളിലും എത്തിക്കഴിഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. വാണിജ്യ തുറമുഖനിര്‍മാണത്തിന്റെ പരിണിതഫലങ്ങളായ കടല്‍കയറ്റവും തീരശോഷണവും ജനവാസമേഖലകളെ അനുദിനം തകര്‍ത്തു തരിപ്പണമാക്കുന്നു. ഓഖി തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ ഏല്‍പ്പിച്ച ആഘാതങ്ങളില്‍ നിന്നും പൂര്‍ണമായും മുക്തരായിട്ടുമില്ല.
അതിജീവനത്തിനു വേണ്ടി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. മത്സ്യത്തൊഴിലാളികളുടെ പുനരധിവസം എത്രത്തോളം ആത്മാര്‍ത്ഥമായി ജനകീയ സര്‍ക്കാറുകളുടെ മുന്‍ഗണനയായി മാറുന്നു എന്ന കാര്യത്തിലും സംശയമുണ്ട്. കാര്യമായ മുന്മാതൃകകളില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ ആരംഭിച്ച് നൈസര്‍ഗികമായി വളര്‍ന്നു വികാസം പ്രാപിച്ചു വിജയിച്ച ഒരു സമരകഥയാണ് ‘ ഉയിര്‍പ്പിന്റെ രാഷ്ട്രീയം ‘ അവതരിപ്പിക്കുന്നത്.
സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് പ്രശ്നങ്ങളെ വിശകലനംചെയ്ത രീതികളും സമരത്തില്‍ അവലംബിച്ച തന്ത്രങ്ങളും പ്രതികൂലഘടകങ്ങളെ മറികടക്കാന്‍ ഉപയോഗിച്ച പ്രായോഗിക മാര്‍ഗങ്ങളും അവര്‍ അനുഭവിച്ച ത്യാഗങ്ങളും ഇന്നും പ്രസക്തമാണ്. ഇന്നത്തെ സങ്കീര്‍ണ്ണ സാഹചര്യങ്ങളില്‍ മുന്നേറുന്നതിന് ഒരു വഴികാട്ടിയായി മാറാന്‍ ‘ ഉയിര്‍പ്പിന്റെ രാഷ്ട്രീയ ‘ ത്തിന് കഴിയുമെന്നാണ് പ്രത്യാശ.
സമരനായകന് ടോം കോച്ചേരിയുടെ പത്താം ചരമവാര്‍ഷികമാണ് ഈ ഗ്രന്ഥപ്രകാശനത്തിന്റെ പശ്ചാത്തലം. അന്ത്യനാളുകളില്‍ ശരശയ്യയില്‍ കിടന്ന ടോമിന്റെ സ്വതസിദ്ധമായ ഒരു പ്രയോഗമാണ് ഈ പുസ്തകത്തിന്റെ ടൈറ്റില്‍ – ‘ ഉയിര്‍പ്പിന്റെ രാഷ്ട്രീയം ‘. സന്ന്യസ്ത വൈദികര്‍ക്കും കന്യാസ്ത്രിമാര്‍ക്കും പിന്നാലെ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ലത്തീന്‍ കത്തോലിക്കാ രൂപതകളിലെ ചുരുക്കം ചില വൈദികരും കന്യാസ്ത്രീമാരും ഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും സമരത്തില്‍ അണിചേര്‍ന്നു. താമസിയാതെ ജാതി മത കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ മത്സ്യത്തൊഴിലാളികള്‍ ഒരു മനസ്സും ഒരു ഹൃദയവുമായി അണിചേര്‍ന്നാണ് സമരം വിജയിപ്പിച്ചത്.
സമരത്തിന്റെ തുടക്കം മുതല്‍ ടോമിനോടൊപ്പം ഈ സമരത്തിന്റെ ജീവാംശമായി മാറിയ കൊല്ലം രൂപത വൈദികനായ ഫാദര്‍ ജോസ് കളീക്കലാണ് ‘ ഉയിര്‍പ്പിന്റെ രാഷ്ട്രീയം ‘ എന്ന ഗ്രന്ഥത്തിന്റെ ശില്പി. സമരത്തിന്റെ സ്വര്ണ്ണനൂല് എന്നും അദ്ദേഹത്തിന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു. സമരത്തിന്റെ ആധ്യാത്മികതയും രീതിശാസ്ത്രവും അദ്ദേഹത്തിന്റെതായിരുന്നു ; തന്ത്രങ്ങള്‍ ടോമിന്റേതും.
കഴിഞ്ഞ അരനൂറ്റാണ്ടുകാലം സമരത്തെ നയിച്ചവരും ചേര്‍ത്തുപിടിച്ചവരും ജീവന് കൊടുത്തുനിന്നവരും ആരൊക്കെയെന്ന് ഓരോ വ്യക്തിയെയും സംഭവത്തെയും സന്ദര്‍ഭത്തെയും ജോസ് കളീക്കല്‍ ഈ ജീവിത സായാഹ്നത്തിലും കൃത്യമായി ഓര്‍ത്തുവച്ച് രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ മഹത്വം. സമരസഹയാത്രികരില് ചിലര്‍ക്കൊക്കെ മാര്‍ഗഭ്രംശം സംഭവിച്ചപ്പോഴും ജോസ് കളീക്കല്‍ തനിമയോടെ വാര്‍ദ്ധക്യത്തിലും നിലനില്ക്കുന്നു എന്ന് ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.
ഈ ഗ്രന്ഥം മലയാളഭാഷയിലെ ഈടുറ്റ ഒരു ഗ്രന്ഥമാണ്. കാരണം ഇത് ഒരേസമയം ആത്മാവിഷ്കാരവും ചരിത്രാവിഷ്കാരവും സഹയാത്രികരോടുള്ള കൃതജ്ഞതാ സമര്‍പ്പണവും ചരിത്രരേഖകളുടെ സംരക്ഷണവും വരുംതലമുറകള്‍ക്ക് വേണ്ടിയുള്ള കരുതലുമാണ്. അസാമാന്യമായ കരുതല്‍ ഗ്രന്ഥകാരന് ഉണ്ടായിരുന്നു എന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടും. ഓരോ കാലഘട്ടത്തിലും സൂക്ഷിച്ചു വയ്ക്കേണ്ടവ അദ്ദേഹം സൂക്ഷിച്ചു വച്ചിരുന്നു. താന്‍ സ്നേഹിച്ച പ്രസ്ഥാനത്തേയും സഹയാത്രികരെയും എത്ര തനിമയോടെ, സത്യസന്ധതയോടെ ജോസ് കളീക്കല്‍ നയിച്ചു എന്നും ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു.
ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം പല കാലഘട്ടങ്ങളില്‍ ജോസ് കളീക്കല്‍ എഴുതിയ വിലപ്പെട്ട 21 ലേഖനങ്ങളും സഹയാത്രികരെ കുറിച്ചുള്ള ഓര്‍മ്മകളും സമരചരിത്ര വിവരണങ്ങളുമാണ്. രണ്ടാം ഭാഗം സമര സഹയാത്രികരുടെ ഹൃദയ സ്പര്‍ശിയായ 9 ലേഖനങ്ങള്‍. എല്ലാം അത്യന്തം വിജ്ഞാനപ്രദമായവ. സമരം, പോരാട്ടം എന്നിവ വിജയിക്കുന്നത് പോരാളികള്‍ സ്വയം സമര്‍പ്പിക്കുമ്പോഴാണ്. അവിടെ കണ്ണീരും നിലവിളിയും ആരാധനയും പ്രാര്‍ത്ഥനയും മുദ്രാവാക്യം വിളിയും പാട്ടും നൃത്തവും ചിത്രമെഴുത്തും ചുമരെഴുത്തും എല്ലാമുണ്ടാവും. മത്സ്യത്തൊഴിലാളി സമരത്തിന്റെ എല്ലാ അംശങ്ങളും ഈ കൃതിയില്‍ മൂന്നും നാലും അഞ്ചും ഭാഗങ്ങളില്‍ ചേര്‍ത്തിരിക്കുന്നു. ഇന്ന് സര്‍ഗാത്മക പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാ മനുഷ്യര്‍ക്കും ഈ കൃതി ശക്തിപകരും. ജോസ് കളീക്കലിന്റെ കുട്ടനാടന്‍ ഭാഷയും ശൈലിയും വായനക്കാര്‍ക്ക് ഉറപ്പായും ഇഷ്ടമാവും എന്നാണ് എന്റെ പ്രതീക്ഷ.
മധുരം വിളമ്പുക എന്നതിന് ഹൃദയം വിളമ്പുക എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടിന്റെയും കണ്ണുനീരിന്റെയും പോരാട്ട വഴിയില്‍ നിന്നുകൊണ്ട് ജോസ് കളീക്കല്‍ തന്റെ ഹൃദയം വിളമ്പുകയാണ്. മലയാള ഭാഷയില്‍ പോരാട്ടസാഹിത്യത്തിന് മുതല്‍കൂട്ടായ ഈ വിശിഷ്ടഗ്രന്ഥം സഹൃദയര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കും എന്ന് പ്രത്യാശിക്കുന്നു.