കെ.ജെ സാബു
അഖണ്ഡഭാരതം എന്ന സങ്കല്‍പ്പത്തെ നമുക്ക് തൊട്ടറിയാവുന്ന ഒരേയൊരു സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. അതും കയ്യില്‍നിന്ന് പോവുകയാണ്. 2019 ഒക്ടോബര്‍ നാലിനാണ് തേജസ് എക്സ്പ്രസ് എന്ന പേരില്‍ രാജ്യത്ത് നാല് സ്വകാര്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. ലഖ്നൗവിനും ഡല്‍ഹിക്കും മധ്യേയാണ് ഈ സ്വകാര്യ സര്‍വീസ് ആരംഭിച്ചത്. കൂടുതല്‍ തൊഴിലവസരം, ആധുനിക സാങ്കേതിക വിദ്യ, യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നാണ് സ്വകാര്യവല്‍ക്കരണത്തിന് റെയില്‍വേയുടെ അന്നത്തെ ന്യായീകരണം. കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായില്ല. നിര്മ്മലസീതാരാമന് തീറുകൊടുത്ത ഭൂമിയായിയിരിക്കുകയാണ് ഇന്ന് ഇന്ത്യ.
അതോടൊപ്പം ഏറെനാളായി റെയില്‍വേയില്‍ പുതിയ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കുക കൂടി ചെയ്തു. അതിലും എതിര്‍പ്പില്ല. 2022 ആഗസ്തില്‍ 3.15 ലക്ഷം തസ്തികകള്‍ ഈ വിഭാഗത്തിലുണ്ടായിരുന്നുവെന്നാണ് കണക്കുകള്‍. രണ്ടുവര്‍ഷത്തിനിടെ നാമമാത്ര തസ്തികയിലാണ് നിയമനം നടത്തിയത്. തസ്തിക വെട്ടിച്ചുരുക്കിയാണ് ജീവനക്കാരെ കുറച്ചത്. ഇതോടെ ബാക്കിയുള്ള ജീവനക്കാരുടെ ജോലിഭാരം വര്‍ധിക്കുകയും ചെയ്തു.
ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ,രാജ്യത്ത് വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 151 സ്വകാര്യ ട്രെയിനുകള്‍ കൂടി അവതരിപ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് .ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിക്ക് 2027 ല്‍ ട്രെയിനുകള്‍ ട്രാക്കിലിറക്കാനാണ് അധികൃതരുടെ തീരുമാനം. ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആര്‍കെ ഗ്രൂപ്പ് തുടങ്ങിയവര്‍ക്കായിരിക്കും ട്രെയിന്‍ സര്‍വീസുകളുടെ നടത്തിപ്പ് ചുമതല.
പുതിയ 151 സ്വകാര്യ ട്രെയിനുകള്‍ കൂടി വരുന്നതോടെ മത്സരാടിസ്ഥാനത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കുമെന്നാണ് റെയില്‍വേ അധികൃതരുടെ പ്രതീക്ഷ. ബിഎസ്എന്‍എല്‍ ഊര്‍ദ്ധന്‍ വലിക്കുകയും ജിയോയ്ക്ക് മോഡലായി പ്രധാനമന്ത്രി അഭിനയിക്കുകയും ചെയ്യുന്നൊരു സുന്ദരരാജ്യത്ത് മത്സരാടിസ്ഥാനത്തില്‍ റെയില്‍വേ നിരക്കുകള്‍ വര്‍ദ്ദിക്കുക മാത്രമാവും ഇതിന്റെ പരിണതഫലം.
ഇന്ത്യയില്‍ ആദ്യമായി തീവണ്ടി സര്‍വീസ് ആരംഭിച്ചത് 1853 ഏപ്രില്‍ 16-നാണ്. ആരംഭത്തില്‍ സ്വകാര്യക്കമ്പനികളുടെ നിയന്ത്രണത്തിലായിരുന്ന റെയില്‍വേ പൊതു ഉടമയിലേക്കു നീങ്ങുവാന്‍ തുടങ്ങിയത് 1925 ജനുവരി 1-ന് ഈസ്റ്റ് ഇന്ത്യന്‍ റെയില്‍വേയെയും അതേവര്‍ഷം ജൂണ്‍ 30-ന് ഗ്രറ്റ് ഇന്ത്യന്‍ പെനിന്‍സുലാര്‍ റെയില്‍വേയെയും ദേശസാത്കരിച്ചതോടെയാണ്ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്കുന്ന സ്ഥാപനങ്ങളിലൊന്നായി ഇന്ത്യന്‍ റെയില്‍വേ മാറിയത് അങ്ങനെയാണ്. ഏകദേശം 25 ലക്ഷത്തോളം ജീവനക്കാര്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നുവെന്നാണ് കണക്ക്.
ആടിനെ പട്ടിയാക്കി പിന്നീടതിനെ പേപ്പട്ടിയാക്കി ചിത്രീകരിച്ച് കല്ലെറിഞ്ഞുകൊള്ളുന്ന ചാണക്യ സൂത്രത്തിന്റെ തനിയാവര്‍ത്തനമാണ് ഇന്ത്യന്‍ റെയില്‍വേയുടെ കാര്യത്തിലും സംഭവിക്കുന്നത്. കുറഞ്ഞ വേഗതയുടെയും മോശം സേവനത്തിന്റെയും ഒക്കെ പേരില്‍ നിരന്തരം പഴി കേട്ടുകൊണ്ടിരുന്ന/കേള്‍പ്പിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് മോദിസര്‍ക്കാര്‍ കഴിഞ്ഞ ഒരുദശകമായി ചെയ്തുകൊണ്ടിരിക്കുന്നത് .
ഇന്ത്യയില്‍ കരമാര്‍ഗമുള്ള ഏറ്റവും പ്രധാനപ്പെട്ട ഗതാഗതോപാധിയെ, ജനസഞ്ചാരത്തിനും ചരക്കുനീക്കത്തിനും ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന റെയില്‍വേയെ കുളിപ്പിച്ചുകിടത്തുന്നതിന്റെ നായകനായും മോദി ചരിത്രത്തില്‍ ഇടം പിടിക്കുകയാണ്.