ജെയിംസ് അഗസ്റ്റിന്
ഇന്ത്യയിലെ അതിപ്രഗത്ഭ സംഗീതജ്ഞരില്‍ പ്രഥമഗണനീയരിലൊരാളാണ് പത്മവിഭൂഷണ്‍ ഉസ്താദ് അംജദ് അലിഖാന്. സരോദ് എന്ന തന്ത്രിവാദ്യത്തില്‍ നിന്നും അംജദ് അലിഖാന് ഉയര്‍ത്തിയ നാദധാരയ്ക്കു ലോകം മുഴുവന്‍ കേള്‍വിക്കാരുണ്ടായി. പതിനെട്ടാം വയസ്സില്‍ അമേരിക്കയില്‍ നടന്ന സംഗീതോത്സവത്തിലേക്ക് ക്ഷണിക്കപ്പെട്ട അംജദ് അലിഖാന് ഇപ്പോഴും ലോകം മുഴുവന്‍ സഞ്ചരിക്കുകയാണ് തന്റെ പ്രിയപ്പെട്ട സരോദുമായി. ഇപ്പോള്‍ വേദിയില്‍ തന്റെ മക്കളായ അമാന്‍, അയാന് എന്നിവരെയും കൂടെ ചേര്‍ക്കുന്നു. ഇരുവരും സരോദ് വായിക്കുന്നതില്‍ പ്രാവീണ്യം നേടിക്കഴിഞ്ഞു. അംജദ് അലിഖാനും മക്കളും ചേര്‍ന്നുള്ള സംഗീതവിരുന്നു യൂട്യൂബില്‍ ലഭ്യമാണ്.
മദര്‍ തെരേസയോടു ഏറെ ആദരവും സ്നേഹവും സൂക്ഷിക്കുന്നൊരാളാണ് അംജദ് അലിഖാന്. മദര്‍ തെരേസയുമായി അടുത്ത സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. അമ്മയുടെ സേവനങ്ങളെ പ്രകീര്‍ത്തിക്കാന്‍ അംജദ് അലിഖാനു സന്തോഷമായിരുന്നു. മദറിന്റെ നിര്യാണശേഷം സംഗീതാഞ്ജലിയായി ഒരു ആല്‍ബം തന്നെ സൃഷ്ടിച്ചുകൊണ്ടാണ് തന്റെ സ്നേഹം അദ്ദേഹം പ്രകടിപ്പിച്ചത്. 1997- ലാണ് ആല്‍ബം പ്രകാശനം ചെയ്യുന്നത്. ഒരു മണിക്കൂറും എട്ടു മിനിറ്റും ദൈര്‍ഘ്യമുള്ള സംഗീതാര്‍ച്ചനയില്‍ ഉസ്താദ് സക്കീര്‍ ഹുസൈനാണ് തബല വായിച്ചിട്ടുള്ളത്. ഹിന്ദുസ്ഥാനി രാഗങ്ങളിലൂടെ സംഗീതത്തിന്റെ അനിര്‍വചനീയമായ അനുഭൂതിയുടെ ലോകത്തിലേക്ക് നമ്മെ പ്രവേശിപ്പിക്കുന്നതാണ് ഇതിലെ അഞ്ചു ട്രാക്കുകളും. ‘ ഹോമേജ് റ്റു മദര്‍ തെരേസ’ എന്നാണ് ആല്‍ബത്തിനു നല്കിയ പേര്. അന്തര്‍ദേശീയമായി വിതരണം ചെയ്യപ്പെട്ട ആല്‍ബത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.
അംജദ് അലിഖാന്റെ മുതലമുറക്കാരാണ് സരോദ് എന്ന സംഗീതോപകരണം ആദ്യമായി നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ സമകാലീകനും ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പിതാവുമായി അറിയപ്പെടുന്ന മിയാന്‍ താന്‍സെന്റെ പിന്തലമുറയില് നിന്നുമാണ് അംജദ് അലിഖാന് സംഗീതപഠനം ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ താന്‍സെന്റെ സംഗീതത്തിന്റ വക്താവായും അദ്ദേഹം അറിയപ്പെടുന്നു.1975-ല്‍ പത്മശ്രീ, 1991-ല്‍ പത്മഭൂഷണ്‍, 2001-ല്‍ പത്മവിഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ക്കായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
2021 -ലെ രാജീവ്ഗാന്ധി സദ്ഭാവന പുരസ്കാരം നല്കി രാജ്യം വീണ്ടും അദ്ദേഹത്തെ ആദരിച്ചു. 1970 -ല്‍ 25 വയസുള്ളപ്പോള്‍ യുനെസ്കോയുടെ പ്രത്യക പുരസ്കാരവും അദ്ദേഹത്തെത്തേടിയെത്തി. 2014-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാന പുരസ്കാര വേദിയില്‍ രാഗാ ഫോര്‍ പീസ് എന്ന സംഗീതപരിപാടി അവതരിപ്പിക്കാനുള്ള അവസരവും അംജദ് അലിഖാനു ലഭിച്ചിട്ടുണ്ട്. ലോകത്തിലെ പ്രശസ്തമായ നിരവധി യുണിവേഴ്സിറ്റികളില്‍ അധ്യാപകനായും അദ്ദേഹം സേവനം ചെയ്യുന്നു. ലോക കലാവേദികളില്‍ പലപ്പോഴും ഇന്ത്യയുടെ ഔദ്യോഗികപ്രതിനിധിയായും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട സംഗീതോത്സവങ്ങളിലെല്ലാം ക്ഷണിക്കപ്പെട്ട ചുരുക്കം ഇന്ത്യക്കാരില്‍ ഒരാളുമാണ് അംജദ് അലിഖാന്.
1945 ഒക്ടോബര്‍ 9 നു ഗ്വാളിയറില്‍ ജനിച്ച അദ്ദേഹം ആറു വയസ്സുള്ളപ്പോള്‍ മുതല്‍ ഗുരുവായ പിതാവിനൊപ്പം സംഗീതവേദികളില്‍ പ്രശോഭിച്ചു തുടങ്ങി. സംഗീതജ്ഞനായ സാഹിദ് അലിഖാന്- റാഹത് ജഹാന് എന്നിവരാണ് മാതാപിതാക്കള്‍. ഇപ്പോഴും തന്റെ എഴുപത്തിഒന്പതാം വയസ്സിലും അദ്ദേഹം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി സഞ്ചരിക്കുകയാണ്.