കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക പ്രമേഹ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രോഗികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിച്ച പ്രമേഹ ബോധവൽക്കരണ ക്ലാസ് ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാദർ വിമൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ സുനു കുര്യൻ ഡയബറ്റിക് ദിന സന്ദേശം നൽകി.
ഡയബറ്റിക് ന്യൂറോപ്പതിയെക്കുറിച്ച് ന്യൂറോളജി വിഭാഗം മേധാവി ഡോ. ബോബി വർക്കി, പ്രമേഹ രോഗത്തെക്കുറിച്ച് എൻഡോക്രൈനോളജിസ്റ്റ് ഡോ. നവ്യ മേരി കുര്യൻ എന്നിവർ ക്ലാസ്സ് നയിച്ചു. ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ പ്രമേഹ ബോധവൽക്കരണം നൽകുന്ന സ്കിറ്റും ബോധവൽക്കരണ സന്ദേശങ്ങളും ആശുപത്രിയിലെ വിവിധ ഒ.പി കൾ കേന്ദ്രീകരിച്ച് നടത്തി.
സീനിയർ കൺസൾട്ടന്റും ഡയബറ്റോളജിസ്റ്റുമായ ഡോക്ടർ ജോയിസൺ എബ്രഹാം ഡയബറ്റിക് ദിനത്തോട് അനുബന്ധിച്ച് ലൂർദ് ആശുപത്രി ആരംഭിക്കാൻ പോകുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.
നവീകരിച്ച പൊഡിയാട്രി ക്ലിനിക്, ഡയബറ്റിക് കൗൺസിലിംഗ് സെൻ്റർ എന്നിവയുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.
നഴ്സിംഗ് അസിസ്റ്റൻറ് സൂപ്രണ്ട് സിസ്റ്റർ ഗ്ലാഡിസ് മാത്യു പ്രസംഗിച്ചു. ഡോക്ടർമാർ, പ്രമേഹ രോഗികൾ, അവരുടെ കുടുംബാംഗങ്ങൾ, നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവർ ബോധവൽക്കരണ ക്ലാസിൽ സംബന്ധിച്ചു.