വില്‍സി സൈമണ്‍
ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്ന സെബാസ്റ്റ്യന്‍ എന്ന 26 കാരിയായ പെണ്‍കുട്ടി ഹൃദയാഘാതം മൂലം മരണപ്പെട്ടത് അടുത്തകാലത്താണ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അന്നയുടെ മരണം ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഉണ്ടായ അമിത ജോലിഭാരം മൂലമാണെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. ഉറക്കമൊളിച്ചുള്ള ജോലിയും സമയ ക്രമം തെറ്റിയുള്ള ഭക്ഷണവും ജോലിയിലെ അമിതമായ സമ്മര്‍ദ്ദവുമെല്ലാം ഹൃദയാഘാതത്തിന് കാരണമായി.
ജോലിയിലെ ടെന്‍ഷന്‍ മൂലം രക്തസമ്മര്‍ദ്ദം കൂടി സ്ട്രോക്ക് വന്ന് കിടപ്പിലായ ഒരു വ്യക്തിയെ അടുത്തയിടെ കാണാനിടയായി. സ്വന്തം ജോലിത്തിരക്ക് കാരണം മക്കളുടെയും കുടുംബാഗങ്ങളുടെയും കാര്യങ്ങള്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്ന് പരിതപിക്കുന്നവരും നമുക്ക് ചുറ്റിലും ഉണ്ട്.
മുതലാളി പറഞ്ഞത്ര കളക്ഷന്‍ പൈസ ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ മാന്യതയില്ലാത്ത പെരുമാറ്റം സഹിക്കാന്‍ വയ്യാതെ ജോലി ഉപേക്ഷിച്ച് പോയ ഒരു ഡിഗ്രി വിദ്യാര്‍ഥിനിയെ അടുത്തിടെയാണ് കണ്ടുമുട്ടിയത്. നമ്മുടെ തൊഴിലിടങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കടന്നു പോകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
പലപ്പോഴും എല്ലാവരും ഒരു യന്ത്രം കണക്കെ പണിയെടുക്കുന്നു. സ്വന്തമായ സന്തോഷവും ആനന്ദവും വിശ്രമവും എല്ലാവരും തന്നെ ആഗ്രഹിക്കുന്നവരാണ്. പക്ഷേ ജോലിക്കിടയില്‍ പലര്‍ക്കും അതിനൊന്നും അവസരം ലഭിക്കാറില്ല. തൊഴിലിടങ്ങളിലെ നീതിനിഷേധത്തെക്കുറിച്ച് വേണ്ടത്ര പ്രാധാന്യത്തോടെ ആരും ചര്‍ച്ചചെയ്യുന്നില്ല എന്നതാണ് സത്യം.
ജോലിസ്ഥലത്ത് ഉണ്ടായിരിക്കേണ്ട സമാധാനപൂര്‍ണമായ അന്തരീക്ഷത്തെക്കുറിച്ചും അവിടെ ഉണ്ടാകാനിടയുള്ള അവകാശ നിഷേധങ്ങളെക്കുറിച്ചും സുതാര്യമായ രീതിയില്‍ ചര്‍ച്ചകള്‍ നടത്തപ്പെടേണ്ടതല്ലേ ? ചുരുക്കത്തില്‍ ഉന്നത തൊഴില്‍ മേഖലകളില്‍ തുടങ്ങി ഇങ്ങേയറ്റം താഴെത്തട്ടില്‍ വരെയുള്ള ജോലിക്കാര്‍ പലവിധത്തിലുള്ള ജോലി സമ്മര്‍ദ്ദങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. ഇവരില്‍ പലരും ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പ്രയാസപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ തൊഴിലുടമയെയും സ്ഥാപനത്തെയും ബാധിക്കുന്ന ഒരു പ്രശ്നവും ആരും പുറത്ത് പറയാറില്ല.
പല തൊഴിലിടങ്ങളിലും യാതൊരു വിധത്തിലുള്ള മാനുഷിക പരിഗണനയും ലഭിക്കാറില്ല. പ്രത്യേകിച്ച് സ്ത്രീ ജീവനക്കാരുടെ അവസ്ഥ പരിതാപകരമാണ്. ഗര്‍ഭിണികള്‍ ആണെങ്കില്‍ പോലും യാതൊരു വിധ പരിഗണനയും ലഭിക്കുന്നില്ല. ജോലിക്കിടയില്‍ ഒന്നിരിക്കാന്‍ ഒരു കസേര പോലും നല്‍കാത്ത ധാരാളം തൊഴിലിടങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ആവശ്യത്തിന് കുടിവെള്ളമില്ല, ടോയ്ലറ്റുകളില്ല, കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ കഴിയാറില്ല.
നാപ്കിന് മാറ്റാന്‍ പോലും സൗകര്യങ്ങള്‍ ഇല്ല. വീട്ടില്‍ നിന്നോ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ നിന്നോ വിളിക്കുന്ന ഫോണ്‍ പോലും എടുക്കാന്‍ അനുവാദം ഇല്ലാത്ത ജോലിക്കാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. പലയിടങ്ങളിലും സ്വന്തം അഭിപ്രായം പോലും പറയാന്‍ പോലും അവസരങ്ങള്‍ ഇല്ല. വീട്ടില്‍ കൊച്ചുകുഞ്ഞുങ്ങളും രോഗികളും ഉണ്ടെങ്കിലും പലപ്പോഴും വളരെ വൈകിയാണ് ജോലി കഴിഞ്ഞ് തിരിച്ചുപോകാന്‍ കഴിയുന്നത്. പലര്‍ക്കും വാഹനസൗകര്യം പോലും ലഭ്യമല്ല.
എല്ലാ തൊഴിലിടങ്ങളിലും സമാധാനപരമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ടത് സ്ഥാപന മേധാവിയുടെ ഉത്തരവാദിത്വമാണ്. കാലാനുസൃതമായി തൊഴിലിടങ്ങള്‍ നവീകരിക്കപ്പെടേണ്ടതുണ്ട്. ജോലിക്കാര്‍ക്ക് നിശ്ചിത വിശ്രമസമയം അനുവദിക്കപ്പെടണം. പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കഠിനമായ ജോലികള്‍ ക്കിടയില് വിശ്രമം അനിവാര്യമാണ്.
ജോലിയില്‍ ഉണ്ടാകുന്ന സ്ട്രെസ് ലഘൂകരിക്കാന്‍ വല്ലപ്പോഴും പിക്നിക്കുകള്‍, ഗെയിംസ്, സംവാദങ്ങള്‍ തുടങ്ങിയവയൊക്കെ സംഘടിപ്പിക്കുന്നത് നല്ലതാണ്. ഇത് തൊഴിലിടങ്ങളിലെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഒപ്പം കൂടുതല്‍ കാര്യക്ഷമമായി ജോലി ചെയ്യാനുള്ള ഊര്‍ജ്ജവും ലഭിക്കുന്നു. സ്വന്തം കഴിവുകളെ ആസ്വദിക്കുവാന്‍ അവസരങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതാണ് . ഇതിലൂടെ ജോലിയിലുണ്ടാകുന്ന അമിതമായ സമ്മര്‍ദം ഒരു പരിധി വരെ പരിഹരിക്കാനും കഴിയും. ജോലിക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ തുറന്നു പറയാനുള്ള ഒരു സാഹചര്യം തൊഴിലിടങ്ങളില്‍ ഇപ്പോഴും നിഷേധിക്കപ്പെടുന്നുണ്ട്. അഭിപ്രായം തുറന്നു പറഞ്ഞ പലര്‍ക്കും ജോലി തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതികാരനടപടികള്‍ നേരിടേണ്ടി വരാറുണ്ട്. തിരുത്തലുകള്‍ നല്ലതാണ്. പക്ഷേ അത് ഒരാളുടെ ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും നശിപ്പിച്ചുകൊണ്ടായിരിക്കരുത്.
രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ജോലിക്കു ശേഷവും പലര്‍ക്കും പിന്നീടും വിശ്രമമില്ല. വീട്ടിലെത്തിയാല്‍ അവിടെയും ജോലി ഭാരം ഉണ്ട്. പലതരം പ്രശ്നങ്ങള്‍ ഉണ്ട്. ഇങ്ങനെ വരുമ്പോള്‍ എത്ര വലിയ ജോലിക്കാരായാലും സ്വാഭാവികമായും വലിയ സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. എല്ലാ മനുഷ്യര്‍ക്കും ചില പരിധികളും പരിമിതികളും ഉണ്ട്. പരിധിയില്‍ കവിഞ്ഞ് ജോലി ചെയ്യുമ്പോള്‍ പല ശാരീരിക അസ്വസ്ഥതകളും മാനസിക ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നു. ചില അവസരങ്ങളില്‍ അത് ആത്മഹത്യയ്ക്കും മദ്യപാനം പോലുള്ള ദുഃശ്ശീലങ്ങള്‍ക്കും കാരണമാകാറുണ്ട്.
ഇന്ന് നമുക്ക് ചുറ്റുമുള്ള ലോകം സംഘര്‍ഷഭരിതമാണ്. ചുറ്റുപാടുകളിലും പലവിധ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൊച്ചുകുഞ്ഞുങ്ങള്‍ പോലും ഇപ്പോള്‍ ടെന്‍ഷന്റെ ലോകത്താണ്. എല്ലാവരും ഒരു പരിധിവിട്ട് മറ്റുള്ളവരുടെ സുഖവും സന്തോഷവും വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒട്ടു മിക്ക മാധ്യമങ്ങളും മറ്റുള്ളവരുടെ സ്വകാര്യതയെ എങ്ങനെ വിറ്റുകാശാക്കാമെന്ന് ചിന്തയിലാണ് വാര്‍ത്തകള്‍ തന്നെ അവതരിപ്പിക്കുന്നത്.
മാറുന്ന കാലഘട്ടത്തില്‍ ജോലിസ്ഥലങ്ങളിലെല്ലാം ഇനിയും പ്രശ്നങ്ങളും സമ്മര്‍ദ്ദങ്ങളും വര്‍ധിക്കാനിടയുണ്ട്. ഇതിനിടയില്‍ എല്ലാവരും സമാധാനപൂര്‍ണമായ ഒരു ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. അവനവന് തന്നെ ആണ് അതിന് മുന്‍കൈ എടുക്കേണ്ടത്. ജോലിയും ജീവിതവും പണം സമ്പാദിക്കാന്‍ വേണ്ടി മാത്രം ആകരുത്. ഓരോരുത്തരും അവനവനെ ശ്രദ്ധിക്കാന്‍ വേണ്ട സമയം കൂടി കണ്ടെത്തണം . ആരോഗ്യപരമായ ഒരു മനസ്സും ശരീരവും നല്ല ജീവിതത്തിന് അനിവാര്യമാണ്. അത് സ്വയം കണ്ടെത്താന്‍ കഴിയണം. ജോലി സ്ഥലങ്ങളില്‍ നല്ല സൗഹൃദങ്ങള്‍ സ്ഥാപിക്കപ്പെടണം. സഹപ്രവര്‍ത്തകരോട് ജോലിയില്‍ ഉള്ള സമ്മര്‍ദ്ദങ്ങള്‍ തുറന്നു പറയണം. എത്ര വലിയ പദവിയില്‍ ഇരിക്കുന്ന ആളായാലും പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടാകുന്നത് ആശ്വാസകരമാണ്. ഇതിനും കഴിയാത്ത സന്ദര്‍ഭത്തില്‍ പ്രശ്നങ്ങളെ അതിജീവിക്കാന്‍ കൗണ്‍സിലിംഗ് പോലെയുള്ള ധാരാളം പിന്തുണ സംവിധാനങ്ങള്‍ നിലവില്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും ഉചിതമാണ്. എല്ലാറ്റിനും ഉപരി പ്രശ്നങ്ങള്‍ പങ്കുവയ്ക്കേണ്ടത് അവരവരുടെ കുടുംബങ്ങളില്‍ തന്നെ ആണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പരസ്നേഹവും പങ്കുവയ്ക്കലും എല്ലാ പ്രശ്നങ്ങളെയും ലഘൂകരിക്കുമെന്നതില്‍ സംശയമില്ല.
തൊഴില്‍ മേഖലകളില്‍ നടക്കുന്ന ചൂഷണങ്ങള്‍ തടയാന്‍ മാര്‍ഗരേഖകള്‍ ഉണ്ടെങ്കിലും അവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. വേതനത്തിലെ അസന്തുലിതാവസ്ഥകള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.ഒരു വ്യക്തിയുടെ അധ്വാനത്തിന് ആനുപാതികമായി ശമ്പളവും ക്രമീകരിക്കേണ്ടതല്ലേ. മാന്യതയുടെ മുഖംമൂടികള്‍ ധരിച്ചു വച്ചിരിക്കുന്ന പല തൊഴിലിടങ്ങളിലും മാന്യമായ ശമ്പളം കൊടുക്കുന്നില്ല എന്നതാണ് സത്യം.
ലോകം അനുനിമിഷം വളര്‍ന്നു കൊണ്ടിരിക്കുന്നു. അതോടൊപ്പം തൊഴിലിലും തൊഴിലിടങ്ങളിലും തൊഴിലാളി മുതലാളി ബന്ധത്തിലുമെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു.എവിടെ ആയാലും ഏത് ജോലിയാണെങ്കിലും ചെയ്യുന്ന ജോലി സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും കൂടി ചെയ്യാനും ആ സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി അധ്വാനിക്കുവാനും എല്ലാ ജോലിക്കാര്‍ക്കും കടമയുണ്ട്.
പക്ഷേ, അതോടൊപ്പം സ്വന്തം ജീവനും ജീവിതവും സംരക്ഷിക്കുവാനും ഓരോരുത്തര്‍ക്കും കടമയുണ്ട്. ജോലിയും ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്നോര്‍ത്ത് എല്ലാ സമ്മര്‍ദ്ദങ്ങളും സ്വയം സഹിക്കേണ്ടതില്ല.മറിച്ച് തിക്കും തിരക്കിനുമിടയില്‍ നമുക്ക് നമ്മെത്തന്നെ നഷ്ടമാകുന്നുണ്ടോ എന്ന് വല്ലപ്പോഴും ചിന്തിക്കുന്നത് നല്ലതാണ്.