ജെയിംസ് അഗസ്റ്റിന്
ഈശോയുടെ അതിദാരുണമാം
പീഢാസഹനങ്ങളെ ഓര്‍ത്തെന്നും
പിതാവേ ഞങ്ങളുടെ മേല്‍
ലോകം മുഴുവന്റെയും മേല്‍
കരുണയുണ്ടാകേണമേ
കരുണയുടെ ജപമാലയുടെ അതിപ്രശസ്തമായ ഈ ഗാനരൂപം ഒരുക്കിയത് ബേബി ജോണ്‍ കലയന്താനിയും പീറ്റര്‍ ചേരാനെല്ലൂരും ഷൈജു കേളന്തറയും ചേര്‍ന്നാണ്. കെസ്റ്ററാണ് ഭക്തിരസപ്രദമായ ആലാപനം നിര്‍വഹിച്ചത്. ഇന്ന് ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവര്‍ പ്രാര്‍ഥനയ്ക്കായി സ്വീകരിച്ച ഈ ഗാനരൂപത്തിന്റെ പിറവിയുടെ ചരിത്രം ഇതിന്റെ സൃഷ്ടാക്കള്‍ പറയുന്നു.
മലയാള ക്രിസ്തീയ ഭക്തി ഗാനശാഖയില്‍ ഉന്നതമായ സ്ഥാനം നേടിയ സംഗീത സംവിധായകനാണു പീറ്റര്‍ ചേരാനെല്ലൂര്‍. കസ്സെറ്റുകളുടെയും സിഡികളുടെയും സുവര്ണകാലത്തു പീറ്ററിന്റെ ആല്‍ബങ്ങള്‍ നിര്‍മ്മിക്കാന്‍ കമ്പനികളും നിര്‍മ്മാതാക്കളും പിന്നാലെ നടന്നിരുന്നു. ഇപ്പോഴും യുട്യൂബില്‍ പീറ്ററിന്റെ ഗാനങ്ങള്‍ക്ക് അതീവ സ്വീകാര്യതയുണ്ട്. കരുണക്കൊന്തയുടെ ഗാനരൂപം ഒരുക്കിയതിനെക്കുറിച്ചു പീറ്റര്‍ ഓര്‍ക്കുന്നു.
‘ഏതാണ്ട് 20 വര്‍ഷം മുൻപാണ്, എന്റെ സഹപാഠിയായിരുന്ന സാമൂഹികപ്രവര്ത്തകന് റെക്സി ഡിക്രൂസ് എന്നെ കാണാന്‍ വന്നപ്പോള്‍ പറഞ്ഞു. ‘കരുണക്കൊന്തയ്ക്കു പീറ്റര്‍ സംഗീതരൂപം നല്‍കണം’. നല്ലൊരു നിര്‍ദ്ദേശമായി എനിക്കത് തോന്നി. റെക്സി ഇത് പറയാന്‍ നിമിത്തമായത് റെക്സിയുടെ സുഹൃത്തിന്റെ അനുഭവങ്ങളായിരുന്നു. ജീവിത്തില്‍ എല്ലാ തലങ്ങളിലും തകര്‍ന്നിരുന്ന ആ സുഹൃത്തിനു തിരിച്ചുവരവിനു കാരണമായത് കരുണക്കൊന്തയായിരുന്നു. അന്ന് അദ്ദേഹം എടുത്ത തീരുമാനമായിരുന്നു ഇതിനൊരു ഗാനരൂപം ഒരുക്കാന്‍ ശ്രമിക്കുമെന്ന്. ആ സുഹൃത്തിന്റെ നിര്‍ദ്ദേശമായിരുന്നു റെക്സി എന്നെ അറിയിച്ചത്. ഞാന്‍ എന്റെ പ്രിയപ്പെട്ട സഹപ്രവര്ത്തകന് ബേബി ജോണ്‍ കലയന്താനിയെ ഇക്കാര്യം അറിയിച്ചു. അതിയായ സന്തോഷത്തോടെ ബേബി അതേറ്റെടുത്തു. പ്രാരംഭ ഗാനവും മറ്റൊരു ഗാനവും എഴുതിയത് ഷൈജു കേളന്തറയാണ്.
ആല്‍ബങ്ങള്‍ നിരവധി ഒരുക്കിയിട്ടുണ്ടെങ്കിലും കരുണയുടെ ജപമാലയുടെ സംഗീതരൂപം അനേകര്‍ക്ക് സൗഖ്യം നല്‍കുന്നതായി ഞങ്ങളോട് ആളുകള്‍ പറയുമ്പോള്‍ ഈ നിയോഗത്തിനു ഞങ്ങള്‍ ദൈവത്തോട് നന്ദി പറയുന്നു. കെസ്റ്റര്‍, മനോജ് ക്രിസ്റ്റി, സിസിലി എന്നിവരായിരുന്നു ഗായകര്‍.’
ബേബി ജോണ്‍ കലയന്താനി – പീറ്റര്‍ ചേരാനെല്ലൂര്‍ – കെസ്റ്റര്‍ സഖ്യം എപ്പോഴെല്ലാം ഒരുമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം നമുക്ക് ലഭിച്ചിട്ടുള്ളത് വിശിഷ്ടമായ പാട്ടുകളാണ്. കരുണക്കൊന്തയുടെ ഗാനരൂപത്തിലും അത് തന്നെയാണ് സംഭവിച്ചത്.
ഇനി ബേബി ജോണ്‍ കലയന്താനിയുടെ ഓര്‍മ്മകള്‍ വായിക്കാം.
‘ദൈവത്തിന്റെ കരുണയുടെ ഉറവയിലേക്കു കടന്നു വരാന്‍ വിശുദ്ധ ഫോസ്റ്റീന നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്. കരുണയുടെ പ്രാര്‍ഥന ലോകം മുഴുവന്‍ എത്തിക്കുവാന്‍ വിശുദ്ധ ജോണ്‍ പോള്‍ പാപ്പായും ആവശ്യപ്പെടുന്നുണ്ട്. കരുണയുടെ ജപമാല സംഗീതരൂപത്തിലാക്കാന് നിര്‍മ്മാണച്ചെലവുകള്‍ വഹിക്കാന്‍ ഫാ. ബോസ്കോ ഞാളിയത്തിന്റെ ഒരു സുഹൃത്ത് മുന്നോട്ടു വന്നു. ഞാനും പീറ്ററും ഇതിനായി ഒരാഴ്ച്ച മുഴുവന്‍ ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ നിത്യാരാധനചാപ്പലിനു മുന്നില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും കഴിഞ്ഞു. അടുത്ത ദിവസം പീറ്ററിന്റെ വീട്ടിലിരുന്നാണു ‘ഈശോയുടെ അതിദാരുണമാം’ എന്ന വരികള്‍ ഞാന്‍ എഴുതിയത്. ഷൈജു കേളന്തറയും ഞങ്ങളോടൊപ്പം ചേര്‍ന്നു. അപ്പോള്‍ തന്നെ ജനകോടികള്‍ ഏറ്റെടുത്ത ഈണം പ്രിയമിത്രം പീറ്റര്‍ ആ അക്ഷരക്കൂട്ടത്തിനു നല്കി. കെസ്റ്ററിന്റെ ആലാപനം ഈ ഗാനത്തെ കൂടുതല്‍ പവിത്രമാക്കുകയായിരുന്നു. എല്ലാം ദൈവാനുഗ്രഹം മാത്രം.
ഷൈജു കേളന്തറ എഴുതിയ പ്രാരംഭഗാനത്തോടെയാണ് കരുണക്കൊന്ത ആരംഭിക്കുന്നത്. ഗാനരചയിതാവ്, ഗ്രന്ഥകാരന്, സാമൂഹികപ്രവര്ത്തകന്, വന്യജീവി ഫോട്ടോഗ്രാഫര്‍ എന്നെ നിലകളിലെല്ലാം പ്രശോഭിക്കുന്ന ഷൈജു കേളന്തറ ആദ്യമായാണ് പീറ്റര്‍ ചേരാനെല്ലൂര്‍ എന്ന സംഗീത സംവിധായകനോടൊപ്പം പ്രവര്‍ത്തിച്ചത്.
‘കരുണയുള്ള ദൈവമേ
കനിവു തോന്നണമേ
പാപിയാണെങ്കിലും
അലിവു തോന്നണമേ’
എന്ന ഗാനമാണ് ഷൈജു ഈ ആല്‍ബത്തിനായി ആദ്യം എഴുതിയത്. ഷൈജു പറയുന്നു.
‘പീറ്റര്‍ ചേരാനെല്ലൂരിനെ പരിചയപ്പെടണമെന്ന അതിയായ ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്റെ ആത്മസുഹൃത്തായ കെസ്റ്ററിനോട് ഈ ആഗ്രഹം ഞാന്‍ പങ്കുവച്ചു. കെസ്റ്ററാണ് എന്നെ പീറ്ററിനു പരിചയപ്പെടുത്തുന്നത്. കരുണക്കൊന്തയുടെ ഗാനരൂപം ഒരുക്കുന്ന നല്ല ദിനങ്ങളില്‍ പരിചയപ്പെട്ടതിനാല്‍ ഈ വലിയ നിയോഗത്തില്‍ പങ്കുചേരാന്‍ എനിക്കും ഭാഗ്യമുണ്ടായി. ഒരു പാട്ടെഴുതാനായാണ് എന്നെ പീറ്റര്‍ വിളിച്ചത്. പീറ്ററിന്റെ വീട്ടില്‍ വച്ചായിരുന്നു എഴുത്തും സംഗീതവും. ഉച്ചഭക്ഷണത്തിനു ശേഷം ‘എന്തിനു വേണ്ടി നീ അലയുന്നു’ എന്നു തുടങ്ങുന്ന ഗാനവും ഞാന്‍ എഴുതി. കരുണയുള്ള ദൈവമേ എന്ന് തുടങ്ങുന്ന ഗാനം ഞാനെഴുതിയതില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നാണ്. ശാലോം ടി.വി.യില്‍ എല്ലാ ദിവസവും കരുണക്കൊന്ത സംപ്രേഷണം ചെയ്തു തുടങ്ങിയതോടെ ലോകമെങ്ങും ഈ ഗാനരൂപം പ്രചരിച്ചു. കലൂരിലെ കെ.എസ്. ഇ.ബി. ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ ഔദ്യോഗിക ആവശ്യത്തിനായി ഒരാളെ ഫോണ്‍ ചെയ്തപ്പോള്‍ കോളര്‍ ട്യൂണ്‍ ആയി ‘കരുണയുള്ള ദൈവമേ’ എന്ന ഗാനം കേട്ട ഞാന്‍ അദ്ദേഹത്തോട് ഈ പാട്ടു ഞാന്‍ എഴുതിയതാണെന്നു സന്തോഷംകൊണ്ട് പറഞ്ഞു. അദ്ദേഹമെന്നെ കാണാന്‍ വന്നു. ഒരു ഹൈന്ദവനാണെങ്കിലും ഈ പാട്ടു സൗഖ്യം നല്കുന്നതായതുകൊണ്ട് എന്നും കേള്‍ക്കുന്നു എന്ന് പറഞ്ഞു. പീറ്ററിനോടൊപ്പം ചെയ്ത ആദ്യ പാട്ട് ഇങ്ങനെ ഒരുപാടുപേര്‍ക്കു ആശ്വാസം നല്‍കുന്നതും എന്നും പ്രാര്‍ഥനയ്ക്കായി സ്വീകരിക്കപ്പെടുന്നതും ദൈവാനുഗ്രഹമായി കാണുന്നു.’
ഓരോ പാട്ടുകള്‍ക്ക് പിന്നിലും പ്രേരകമായി മാറുന്ന ആളുകളും സംഭവങ്ങളുമുണ്ടാകും. ചിലരുടെ ചില നിര്‍ദ്ദേശങ്ങളും ആശയങ്ങളും വലിയ സൃഷ്ടികള്‍ക്കു കാരണമാകും. കരുണക്കൊന്തയുടെ പിന്നണിയിലെ എല്ലാവരെയും നമുക്ക് നന്ദിയോടെ ഓര്‍ക്കാം.