ജെക്കോബി
വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, എറണാകുളം ജില്ലയിലെ പള്ളിപ്പുറം മുനമ്പം തീരത്തെ ലത്തീന്‍ കത്തോലിക്ക, ഹൈന്ദവ സമൂഹങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 610 കുടുംബങ്ങള്‍ വിലകൊടുത്ത് തീറാധാരപ്രകാരം വാങ്ങിയ 404 ഏക്കര്‍ വരുന്ന പുരയിടങ്ങളും ക്രൈസ്തവ ദേവാലയവും മഠവും ഡിസ്പെന്‍സറിയുമൊക്കെ അടങ്ങുന്ന ഗ്രാമപ്രദേശത്തെ അശാന്തിയിലാഴ്ത്തിയിരിക്കുന്ന വഖഫ് അവകാശവാദ പ്രശ്നം ഏറെ ആപല്‍ക്കരമായ വര്‍ഗീയ വിദ്വേഷപ്രചാരണത്തിനും രാഷ്ട്രീയ ധ്രുവീകരണത്തിനും വഴിതെളിക്കുകയാണ്. കോടതി തീര്‍പ്പാക്കേണ്ട വിഷയം എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാതെ സംസ്ഥാന ഭരണനേതൃത്വവും റവന്യു, രജിസ്ട്രേഷന്, നിയമ, ന്യൂനപക്ഷ വകുപ്പുകളും മുസ് ലിം ലീഗ് അടക്കമുള്ള യുഡിഎഫ് നേതൃത്വവും വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സമുദായ സംഘടനാ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരത്തിന് സമവായം സൃഷ്ടിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സ്ഫോടനാത്മകമാകും. ദേശീയതലത്തില്‍ പോലും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും.
സര്‍ക്കാരില്‍ നിന്ന് പാട്ടത്തിനെടുത്ത ഭൂമി കൈവശം വച്ചിരുന്നയാളുടെ അനന്തരാവകാശി അത് രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കുകയും 1950-ല്‍ ഫറൂഖ് കോളജിന് സോപാധികം ദാനം ചെയ്യുകയും കോളജ് മാനേജ്മെന്റ് ആ ഭൂമി 33 ലക്ഷം രൂപയ്ക്ക് സ്ഥലവാസികള്‍ക്കു വിറ്റുകാശാക്കുകയും ചെയ്ത് പതിറ്റാണ്ടുകള്‍ കഴിഞ്ഞ്, 2019-ല്‍ വഖഫ് ബോര്‍ഡ് അതില്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് മുനമ്പത്തെ പാവപ്പെട്ട മനുഷ്യരുടെ ജീവിതം അനിശ്ചിതാവസ്ഥയിലാകുന്നത്. വി.എസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച എം.എ നിസാര്‍ കമ്മിറ്റി ഏകപക്ഷീയമായി സമര്‍പ്പിച്ച വസ്തുതാവിരുദ്ധമായ റിപ്പോര്ട്ടിന്മേല് സിപിഎം നേതാക്കളായ പാലൊളി മുഹമ്മദുകുട്ടിയും ടി.കെ ഹംസയും യഥാക്രമം വഖഫ് മന്ത്രിയും വഖഫ് ബോര്‍ഡ് ചെയര്‍മാനുമായിരിക്കെ കൈക്കൊണ്ട നടപടികള്‍ സങ്കീര്‍ണമായ നിയമപ്രശ്നങ്ങള്‍ക്ക് ഇടയാക്കി. പാട്ടക്കരാറിന്റെ കാലം തൊട്ട് മുനമ്പത്ത് താമസക്കാരായ കുടിയാന്മാരുടെ അനന്തരാവകാശികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരുംതന്നെ വഖഫ് ഭൂമി കൈയേറിയവരല്ല, തീറുകൊടുത്ത് സ്ഥലം വാങ്ങി കരമടച്ച് അനുഭവിച്ചുവന്നവരാണ്. തലമുറകളായി അവിടെ താമസിക്കുന്നവരുടെ സ്വന്തം ഭൂമി ഏതു ധര്‍മ്മസ്ഥാപന സംരക്ഷണനിയമത്തിന്റെ പേരിലാണെങ്കിലും അന്യാധീനപ്പെടുത്തുന്നത് നീതിബോധമുള്ള ആര്‍ക്കും അംഗീകരിച്ചുകൊടുക്കാനാവില്ല.
മുനമ്പത്തെ സാധാരണക്കാരുടെ കണ്ണീരൊപ്പാനും നീതിക്കുവേണ്ടിയുള്ള അവരുടെ ഉപവാസ സമരത്തെ പിന്തുണയ്ക്കാനും മാനവസാഹോദര്യത്തില് വിശ്വസിക്കുന്ന, മനുഷ്യത്വവും കാരുണ്യവുമുള്ള ജനവിഭാഗങ്ങളെല്ലാം മുന്നോട്ടുവരുന്നുണ്ട്.
മുനമ്പത്തെ മാനവ പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള പ്രതിജ്ഞാബദ്ധത അസന്ദിഗ്ധമായി പ്രഖ്യാപിക്കേണ്ട കേരളത്തിലെ ഭരണമുന്നണി നേതൃത്വം ദുരൂഹമായ മൗനം അവലംബിച്ചതാണ് പ്രശ്നങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്.
മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് നിയമഭേദഗതി ബില്ല് പാസാക്കി മുനമ്പത്തെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുന്നവരുടെ രാഷ്ട്രീയ ലക്ഷ്യം പകല്‍പോലെ വ്യക്തമാണ്. മുനമ്പത്തെ നിയമവ്യവഹാരങ്ങള്‍ക്ക് ആധാരമായ വഖഫ് നിയമത്തിന്റെയും നിയമഭേദഗതിയുടെയും ചരിത്രനാള്വഴിയും വസ്തുതകളും അറിയാഞ്ഞാവില്ല കേരള നിയമസഭയില്‍ ഇരുമുന്നണിയിലെയും ജനപ്രതിനിധികള്‍ ഏകകണ്ഠമായി കേന്ദ്രത്തിന്റെ വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കിയത്. മുനമ്പത്തെ നിരാശ്രയരായ പാവപ്പെട്ടവരുടെ ജീവന്മരണ പ്രശ്നം അവര്‍ ഏറ്റെടുക്കേണ്ടതുണ്ട്. പൊള്ളവാഗ്ദാനങ്ങളല്ല, ക്രിയാത്മകമായ ഇടപെടലാണ് ആവശ്യം.
മുനമ്പത്തെ വിചിത്ര ദൃഷ്ടാന്തം ഉയര്‍ത്തിക്കാട്ടി കേന്ദ്രത്തിന്റെ വഖഫ് നിയമഭേദഗതി ബില്ലിനെ പിന്താങ്ങുന്ന കേരളത്തിലെ ചില ക്രൈസ്തവ വിഭാഗങ്ങളുടെ നിലപാട് ദേശീയതലത്തില്‍ സംഘപരിവാര്‍ ആവാസവ്യവസ്ഥയുടെ പ്രചാരകരെയെല്ലാം ആവേശം കൊള്ളിക്കുന്നുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് മുസ് ലിംവിരുദ്ധതയുടെ പ്രചണ്ഡപ്രചാരണത്തിന് അത് ബിജെപിക്ക് കൂടുതല്‍ ഊര്‍ജം പകരുന്ന ഇന്ധനമാകുന്നു.
വഖഫ് നിയമപരിഷ്കരണവും യൂണിഫോം സിവില്‍ കോഡും നടപ്പാക്കുന്ന കൂട്ടത്തില്‍ ക്രൈസ്തവരെയും ശരിപ്പെടുത്താന്‍ ഹിന്ദുത്വ അജന്‍ഡയില്‍ കരുതിവച്ചിട്ടുള്ള സവിശേഷ പീഡനമുറകള്‍ എന്തൊക്കെയാവും?
വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റു ധര്‍മ്മസ്ഥാപനങ്ങളും ഉള്‍പ്പെടെ ക്രൈസ്തവ വിഭാഗങ്ങളുടെ ആസ്തികളും മാനേജ്മെന്റിന്റെ കാര്യങ്ങളും നിയന്ത്രിക്കാന്‍ ഹിന്ദു, മുസ് ലിം ധര്മസ്ഥാപനങ്ങള്ക്കെന്നപോലെ പ്രത്യേക സ്റ്റാറ്റിയൂട്ടറി സംവിധാനം രൂപവത്കരിക്കുന്നതു സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരും കേന്ദ്ര ഗവണ്മെന്റും നിലപാട് അറിയിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിക്കുന്നത് എങ്ങനെയാകും? നാഗര്‍കോവില്‍ സ്കോട് ക്രിസ്റ്റിയന്‍ കോളജിലെ കറസ്പോണ്ടന്റിന്റെ നിയമനം സംബന്ധിച്ച ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ജസ്റ്റിസ് എന്‍. സതീശ് കുമാറിന്റെ ഉത്തരവ്.
”ഹിന്ദുക്കളുടെയും മുസ് ലിംകളുടെയും ചാരിറ്റബിള്‍ എന്‍ഡോവ്മെന്റുകള്‍ നിയമപരമായ നിയന്ത്രണത്തിന് വിധേയമാണ്, എന്നാല്‍ ക്രിസ്ത്യാനികളുടെ എന്‍ഡോവ്മെന്റുകള്‍ക്ക് അത്തരത്തില്‍ സമഗ്രമായ ഒരു നിയന്ത്രണവും നിലവിലില്ല. സിവില്‍ നടപടിക്രമം 92-ാം വകുപ്പ് പ്രകാരം ധര്‍മസ്ഥാപനങ്ങളുടെ കീഴിലുള്ള ട്രസ്റ്റുകളില്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതി ഉയരുമ്പോള്‍ കോടതി മുഖാന്തരം അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥ മാത്രമാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ബാധകമായിട്ടുള്ളത്” എന്ന് കോടതി നിരീക്ഷിച്ചു.
ക്രൈസ്തവ വസ്തുവകകളും ഫണ്ടുകളും ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ നിരവധി സംഭവങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പൊതുജനത്തെകൂടി ബാധിക്കുന്ന കാര്യങ്ങളാകയാല്‍ ആ വസ്തുവകകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ട്രസ്റ്റുകളും ധര്‍മസ്ഥാപനങ്ങളും മതപരമായ എന്‍ഡോവ്മെന്റുകളും ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ മൂന്നാം പട്ടികയില്‍ (കണ്‍കറന്റ് ലിസ്റ്റ്) പെടുന്നതാണ്. ഇവയുടെ നിയന്ത്രണത്തിന് കേന്ദ്ര നിയമമൊന്നുമില്ലാത്തതിനാല്‍ കേന്ദ്രത്തിനോ സംസ്ഥാന ഗവണ്മെന്റിനോ ഇടപെടാനാവില്ല. ഇത്തരം സ്ഥാപനങ്ങള്‍ക്ക് കണക്കുപറയേണ്ട ബാധ്യതയുണ്ടാകണം. അതിന് അവയുടെ നടത്തിപ്പിനായി സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് രൂപവത്കരിക്കേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിക്കുന്നു.
അനധികൃത കൈമാറ്റം തടയുന്നതിനുള്ള 1908-ലെ രജിസ്ട്രേഷന് നിയമം 22എ വകുപ്പ് ക്ഷേത്രങ്ങളുടെയും വഖഫിന്റെയും വസ്തുവകകളുടെ രജിസ്ട്രേഷനില്‍ ഒതുങ്ങുന്നു, സഭയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നതു തടയാന്‍ അതില്‍ വ്യവസ്ഥയില്ലെന്ന് കഴിഞ്ഞ ഏപ്രിലില്‍ തമിഴ് ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭയുടെ വസ്തുവിന്റെ പേരിലുള്ള തര്‍ക്കം സംബന്ധിച്ച കേസില്‍ മധുര ബെഞ്ച് നിരീക്ഷിച്ചു.
ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ തമിഴ്നാട് ഹിന്ദുമത ധര്‍മസ്ഥാപന നിയമപ്രകാരം സംരക്ഷിക്കപ്പെടുന്നു; ഇസ് ലാമിക വസ്തുവകകളുടെ കാര്യത്തില്‍ വഖഫ് നിയമത്തിന്റെ പരിരക്ഷയുണ്ട്. എന്നാല്‍ ക്രൈസ്തവസഭകളുടെ സ്വത്തുക്കള്‍ക്ക് അത്തരം സംരക്ഷണം ലഭിക്കുന്നില്ല. ഭരണഘടനയുടെ മതനിരപേക്ഷ വ്യവസ്ഥകള്‍ പ്രകാരം എല്ലാ മതധര്മസ്ഥാപനങ്ങളെയും ഗവണ്മെന്റ് തുല്യമായി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റ് അസോസിയേഷന് (സിഎസ്ഐ-ടിഎ) കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണെന്ന് 2012 ഏപ്രില്‍ മാസം മദ്രാസ് ഹൈക്കോടതി വിധിക്കുകയുണ്ടായി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരക്കുകപ്പലിലെ ചാപ്ലിന് 1647-ല്‍ മദ്രാസിലെ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ കുര്‍ബാനയര്‍പ്പിക്കുകയും 1680-ല്‍ ആദ്യത്തെ ദേവാലയം ആശീര്‍വദിക്കുകയും ചെയ്ത ചരിത്രത്തിന്റെ ഭാഗമാണ് 300 വര്‍ഷം കഴിഞ്ഞ് 1947-ല്‍ രജിസ്റ്റര്‍ ചെയ്ത സിഎസ്ഐ ടിഎ കമ്പനി. കമ്പനീസ് ആക്ട് 209എ വകുപ്പു പ്രകാരം ഡയറക്ടര്‍മാരും ഉദ്യോഗസ്ഥരും എല്ലാ രേഖകളും ഹാജരാക്കാന്‍ ബാധ്യസ്ഥരാണ്. കേരളം ഉള്‍പ്പെടെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലും അധികാരപരിധിയുള്ള സിഎസ്ഐ സഭയുടെ സൗത്ത് കേരള ഡയോസിസിന്റെ ബിഷപ് എ. ധര്‍മ്മരാജ് റസാലം മോഡറേറ്ററായി തുടരുന്നത് മദ്രാസ് ഹൈക്കോടതി 2023 സെപ്റ്റംബറില്‍ തടയുകയുണ്ടായി. ബിഷപ് റസാലം 67-ാം വയസില്‍ 2023 മേയില്‍ വിരമിക്കേണ്ടതായിരുന്നു. എന്നാല്‍ വിരമിക്കല്‍ പ്രായം 70 ആയി ഉയര്‍ത്തിക്കൊണ്ട് 2022 മാര്‍ച്ചില്‍ ട്രിച്ചിയില്‍ ചേര്‍ന്ന സഭാ സിനഡ് സമ്മേളനം സഭയുടെ ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവന്നു. ഈ ഭേദഗതി കോടതി റദ്ദാക്കി. മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് കഴിഞ്ഞ ഏപ്രില്‍ മാസം റിട്ടയേഡ് ജഡ്ജിമാരായ ജസ്റ്റിസ് ആര്. ബാലസുബ്രഹ്മണ്യം, ജസ്റ്റിസ് വി. ഭാരതിദാസന്‍ എന്നിവരെ സിഎസ്ഐ സഭയുടെയും ട്രസ്റ്റ് അസോസിയേഷന്റെയും അഡ്മിനിസ്ട്രേറ്റര്‍മാരായി നിയമിച്ചു. സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടവും സിനഡ് തിരഞ്ഞെടുപ്പിന്റെ ചുമതലയും അഡ്മിനിസ്ട്രേറ്റര്മാര്ക്കായിരുന്നു. എന്നാല്‍ സിനഡ് തിരഞ്ഞെടുപ്പിന്റെ കാര്യത്തിലോ ഭരണപരമായ കാര്യങ്ങളിലോ അഡ്മിനിസ്ട്രേറ്റര്‍മാര്‍ തീരുമാനമെടുക്കരുതെന്ന് സുപ്രീം കോടതി പിന്നീട് ഉത്തരവിട്ടു.
സിഎസ്ഐ തിരുനല്‍വേലി ഡയോസിസ് ഇറക്കിയ അധ്യാപക നിയമന പട്ടിക ഭരണഘടനാവിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റില്‍ വിധിക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാരാണ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് എന്നതിനാല്‍ ജാതിയും മതവും വിശ്വാസിവിഭാഗവും നോക്കാതെ വേണം നിയമനം നടത്താനെന്നും ഒരു തസ്തികയിലേക്ക് ഒരു പ്രത്യേക മതവിഭാഗത്തില്‍ നിന്നുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നു നിര്‍ദേശിക്കുന്നത് ഭരണഘടനാ ധാര്‍മികതയ്ക്കു ചേരുന്നതല്ലെന്നുമാണ് ജസ്റ്റിസ് ജി.ആര് സ്വാമിനാഥന് വിധിച്ചത്.
വഖഫ് നിയമഭേദഗതി ബില്ല് വിവാദമായതിനു പിന്നാലെ, കേരളത്തിലെ ദേവസ്വം ബോര്‍ഡിന്റെയോ വഖഫ് ബോര്‍ഡിന്റെയോ മാതൃകയില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ സ്വത്തുക്കളിലും ക്രൈസ്തവ സ്ഥാപനങ്ങളുടെ നടത്തിപ്പിലും നിയന്ത്രണം കൊണ്ടുവരുന്നതിന് നേരത്തെ നിര്‍ദേശിക്കപ്പെട്ട ചര്‍ച്ച് ആക്ട് കുത്തിപ്പൊക്കികൊണ്ടുവരാന് ശ്രമിക്കുന്നവരില്‍ ചില സഭാവിഭാഗങ്ങളുമുണ്ട്.
ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ 2009-ല്‍ തയാറാക്കിയ ദ് കേരള ക്രിസ്റ്റിയന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009 എന്ന കരടില്‍ നിന്നു തുടങ്ങി, മലങ്കര ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തിനു പരിഹാരമെന്ന നിലയില്‍ ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ കേരള നിയമപരിഷ്കരണ കമ്മിഷന് തയാറാക്കിയ കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) ബില്ല് 2019 എന്ന റിപ്പോര്‍ട്ടില്‍ വരെ എത്തിയ ശുപാര്‍ശകള്‍ സഭകളുടെ സമ്പത്തിന്റെ വിനിയോഗം സുതാര്യവും ചൂഷണരഹിതവുമാക്കാനാണത്രെ. ക്രൈസ്തവസമൂഹത്തിന്റെ ഘടനാപരമായ കെട്ടുറപ്പും ശ്രേണീബദ്ധ ഭരണനിര്‍വഹണ സംവിധാനവും പലരെയും അലോരസപ്പെടുത്തുന്നുണ്ട്.
രാജ്യത്ത് ക്രൈസ്തവ സഭകളുടെ വസ്തുവകകളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്ന സൊസൈറ്റികളും ട്രസ്റ്റുകളും വിവിധ നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. അവയുടെ നടത്തിപ്പിനായി പുതിയൊരു നിയമസംവിധാനം കൊണ്ടുവരേണ്ട ഒരാവശ്യവുമില്ല. ക്രൈസ്തവ വസ്തുവകകള്‍ വിവിധ സംഘടനകളുടെയോ സന്ന്യാസസമൂഹങ്ങളുടെയോ ട്രസ്റ്റുകളുടെയോ സൊസൈറ്റികളുടെയോ കീഴിലാണ്. അവയെല്ലാം ഒരു അഡ്മിനിസ്ട്രേറ്റീവ് ബോഡിയുടെ കീഴില്‍ കൊണ്ടുവരിക നിയമപരമായി സാധ്യമല്ല.
ദേശീയതലത്തില്‍ അടക്കംപറഞ്ഞുകേള്ക്കുന്ന ആനുകാലിക ‘ഗൂഢാലോചന’ സിദ്ധാന്തങ്ങളില്‍ ഒന്ന്, ബ്രിട്ടീഷ് കൊളോണിയല്വാഴ്ചക്കാലത്ത് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കു നല്‍കിയിരുന്ന 99 വര്‍ഷത്തെ ലീസിന്റെ കാലാവധി തീരുന്നതു കാത്ത് ഇന്ത്യയിലെ വന്‍നഗരങ്ങളിലെ കണ്ണായ പല സ്ഥലങ്ങളിലും കോര്‍പറേറ്റ് റിയല്‍ എസ്റ്റേറ്റ് വമ്പന്മാര് ചുറ്റിത്തിരിയുന്നുവെന്നാണ്.