ഫാ. സേവ്യര്‍ കുടിയാംശ്ശേരി
പൂരം കലങ്ങിയോ. ഇല്ലെന്നു മുഖ്യമന്ത്രി. കലങ്ങി എന്നു മുഖ്യമന്ത്രിയുടെ പൊലീസ്. കലക്കിത്തരാമെന്നു മാധ്യമങ്ങള്‍. നല്ലപോലൊന്നു കലങ്ങിത്തെളിഞ്ഞിരുന്നെങ്കില് എന്നു ജനം. ഓണത്തിനിടയില്‍ പൂട്ടുകച്ചവടം എന്നു കേട്ടിട്ടുണ്ട്. പൂരത്തിനിടയില്‍ സര്ക്കാരിനെന്തുകാര്യം. വേറെ പണിയൊന്നുമില്ലേ? വാര്‍ത്താ പൂരത്തിനു പിന്നാലെ മലക്കംമറിഞ്ഞ് മാധ്യമങ്ങള്‍.
പി.പി.ദിവ്യയെ പേടിച്ചു പൊലീസ് ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഞങ്ങള്‍ ഇരയോടൊപ്പമാണെന്നു സര്‍ക്കാര്‍. പാര്‍ട്ടി ഗ്രാമം ഒരുക്കിയ ഒളിസങ്കേതത്തില്‍ ദിവ്യയ്ക്കു സുഖവാസം. കാവലായി പൊലീസും. നവീന്‍ ബാബുവിന്റെ കുടുംബം നടുക്കടലിലും. ഒടുവില്‍ പി.പി. ദിവ്യ ജയിലില്‍.
രണ്ടു ദിവസം കഴിഞ്ഞു കാണാമെന്നു പറഞ്ഞാണു ദിവ്യ വേദി വിട്ടത്. പക്ഷേ പതിന്നാലു ദിവസം കഴിഞ്ഞ് ആളെ കാണുന്നതു ജയിലില്‍ ഒറ്റയ്ക്കല്ല, ദിവ്യ ഒറ്റയ്ക്കല്ല എന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടിയുടെ മക്കളെ രണ്ടിനേയും കൈയൊഴിഞ്ഞിട്ട് കളക്ടറെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തിനിത്ര വെപ്രാളം. കഴിവുകേടുകൊണ്ടോ വിധേയത്വംകൊണ്ടോ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യപ്പെടാന്മാത്രം കളങ്കം കളക്ടര്‍ക്കുണ്ട് എന്ന് കണ്ണൂരിലെ കാറ്റുപോലും പറഞ്ഞു പരത്തുന്നു. പോരാഞ്ഞിട്ട് തെറ്റു പറ്റിയെന്ന് എ.ഡി.എം. പറഞ്ഞെന്ന കളക്ടറുടെ കളവെന്നു കരുതാവുന്ന മൊഴി കോടതി കശക്കിയെറിഞ്ഞു. എന്നിട്ടും ഭരണക്കാര്ക്കനക്കമില്ല.
പ്രശാന്തന് എന്ന പ്രശാന്ത് പെട്ടു പോയി. പ്രശാന്തനെ രക്ഷിക്കാന്‍ ഒരു പൂച്ചക്കാളിയും വരില്ല. നവീന്‍ ബാബു കളങ്കമില്ലാത്ത സത്യസന്ധനായ ഉദ്യോഗസഥനാണെന്നു പച്ചവെള്ളംപോലെ തെളിഞ്ഞിട്ടുണ്ട്. അധികാര ഗര്‍വ്വിന്റെ കുത്തുവാക്കുകള്‍ അസഹനിയമായിരുന്നു. എന്നിരുന്നാലും ഇത്ര ഉന്നതനായ ഒരു ഉദ്യോഗസ്ഥന് ആരോ ഒഴുക്കിവിട്ട മഴവെള്ളപ്പാച്ചിലില്‍ എന്തേ സ്വയം ഒഴുകാന്‍ വിട്ടു കൊടുത്തു എന്നുകൂടി ചിന്തിക്കണം. വരുംതലമുറയ്ക്കു വേണ്ടിയെങ്കിലും.
കോഴ വിവാദം കൊഴുക്കുന്നതേയുള്ളൂ. വാദികളും പ്രതികളും ഒരുമിച്ചു മുങ്ങിനടക്കുന്നു. മാധ്യമക്കാരെ കൃഷ്ണദാസ് പട്ടികളേ എന്നു വിളിച്ചു. മാധ്യമക്കാര് ഒരു ദിവസം മുഴുവന്‍ കൃഷ്ണദാസിനെ ചീത്ത വിളിച്ചു മുരണ്ടു നടന്നു. ഒടുവില്‍ കൃഷ്ണദാസ് പാറപോലെ ഉറച്ചു നിന്നതോടെ അവരിട്ടേച്ചുംപോയി, വേറെ പണിനോക്കി.
ഇങ്ങനെയൊക്കയാണു പിള്ളേച്ചോ ന്യൂജന്‍ കേരളം. ഇതു മതിയോ ഇതായിരിക്കണമോ കേരളം. ഇതു പോരല്ലോ. നാട് അനാഥമായി. ചോദിക്കാനും പറയാനും ആരുമില്ല. സര്‍ക്കാര്‍ ഭരണം മറന്നിരിക്കുന്നു. ഭരണം മൊത്തത്തില്‍ ഏകാധിപത്യത്തിലേക്കു കൂപ്പുകുത്തി. ലെക്കുകെട്ടു മാധ്യമങ്ങള്‍ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കു പിന്നാലെ നടന്ന് ദൗത്യം മറക്കുന്നു. വഴിതെറ്റുന്ന കേരളം.
മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ മൂലം മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും മിക്കവാറുംതന്നെ മൗനത്തിലാണ്. മാധ്യമങ്ങളാകട്ടെ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കു പിന്നാലെയും. ഇവിടെ മനുഷ്യരുടെ പ്രശ്നങ്ങള്‍ ആരുടേയും ശ്രദ്ധയിലില്ല. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ജനപ്രതിനിധികളോ മാധ്യമങ്ങളോ എത്തുന്നില്ല.
വയനാടു ദുരന്തം സര്‍ക്കാരുകള്‍ സൗകര്യപൂര്‍വ്വം മറന്നു കളഞ്ഞിരിക്കുന്നു. കടലോരത്തും കായലോരത്തും മലയോരത്തുമുള്ള നിരവധിയായ പ്രശ്നങ്ങള്‍ ഇന്നാരുടേയും വിഷയമല്ലാതായിരിക്കുന്നു. തീരദേശം മുഴുവന്‍ കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയാണ്. കുട്ടനാടു തകര്‍ച്ചയിലാണ്. വേമ്പനാടു കായല്‍ മരിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം വിഷയങ്ങളൊന്നും സര്‍ക്കാരിനും വേണ്ട മാധ്യമങ്ങള്‍ക്കും വേണ്ട. നാടിന്റെ വികസനത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും ആര്‍ക്കാണു ശ്രദ്ധ.
ഒരു പ്ലാനിങ്ങും ഒരിടത്തും നടക്കുന്നില്ല. പിന്നെയെങ്ങനെ വികസനം ഉണ്ടാകാനാണ്. നമ്മുടെ ചെറുപ്പക്കാരെല്ലാം നാടുവിട്ടോടുന്നു. അധികം താമസിയാതെ കേരളം ഒരു വൃദ്ധസദനമായി മാറും. ഇതേക്കുറിച്ചൊന്നും ആര്‍ക്കും ഒന്നും പറയാനില്ല. സര്‍ക്കാരും മാധ്യമങ്ങളും പുറംപോക്കുകളില്‍ ചുറ്റിക്കറങ്ങതെ നാടിന്റെ ഹൃദയഭാഗത്തേക്കു വരണം. ഭരണകാര്യങ്ങളില്‍ സര്‍ക്കാരും മനുഷ്യരുടെ പ്രശ്നങ്ങളില്‍ മാധ്യമങ്ങളും ശ്രദ്ധിക്കണം.