ഫോർട്ട്കൊച്ചി – വൈപ്പിൻ റോറോ സർവീസ് തുടർച്ചയായി പണിമുടക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി നിവാസികൾക്കുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.വൈ.എം ഫോർട്ട്കൊച്ചി മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.
അധികാരികളുടെ അനാസ്ഥയും കൊച്ചി കോർപറേഷന്റെ കെടുകാര്യസ്ഥതയും മൂലമാണ് റോറോ വെസ്സലിന്റെ അറ്റകുറ്റപ്പണികൾ വൈകുന്നതെന്നും എത്രയും വേഗം അത് പരിഹരിച്ച് സർവീസ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ സംഗമം കൊച്ചി രൂപത കെ.സി.വൈ.എം ഡയറക്ടർ ഫാ. മെല്ട്ടസ് ചാക്കോ കൊല്ലശ്ശേരി ഉദഘാടനം ചെയ്തു. ഫോർട്ട്കൊച്ചി ഫൊറോനാ കോർഡിനേറ്റർ ജോർജ് ജിക്സൺ അധ്യക്ഷത വഹിച്ചു.
റോറോ സർവീസ് കാര്യക്ഷമമാക്കുന്നതിനോടൊപ്പം ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നിർത്തലാക്കിയ ബോട്ട് സർവീസ് പുനരാരംഭിക്കണമെന്നും പറഞ്ഞുകൊണ്ട് ലിനു തോമസ് ആമുഖ പ്രഭാഷണം നടത്തി.
കൊച്ചിയിൽനിന്ന് എറണാകുളത്തേക്ക് പുതിയൊരു റോറോ സർവീസ് ആരംഭിച്ചാൽ ഒരുപരിധിവരെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ സാധിക്കുമെന്ന് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡണ്ട് കാസി പൂപ്പന അഭിപ്രായപ്പെട്ടു.
മുൻ സംസ്ഥാന ട്രഷറർ ബിനോയ് പി.കെ, അന്നാ സിൽഫാ, ആന്റണി നിതീഷ്, ടോം ആന്റണി കുരീത്തറ, സനൂപ് ദാസ്, ക്ലിന്റൻ ജോസഫ്, സ്കോട്ട് എഡ്വേഡ് എന്നിവർ പ്രസംഗിച്ചു.