ഡോ. മാര്ട്ടിന് എന്‍. ആന്റണി ഒ. ഡി എം
‘പുരുഷാരം’ എന്നത് എനിക്ക് ഇഷ്ടപ്പെട്ട ഒരു വാക്കാണ്. നിഷേധാത്മകമായ പൊരുളിന്റെ നിഴലില്‍ അകപ്പെട്ടു പോയ ഒരു പദമാണിത്. ക്രൗഡ് സൈക്കോളജിയുടെയും മാസ് സോഷ്യോളജിയുടെയും ആധുനിക പഠനങ്ങള്‍ നമ്മെ നശിപ്പിക്കാന്‍ സാധ്യതയുള്ള ചില അവ്യക്തമായ കൂട്ടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കുമ്പോള് പുരുഷാരം അവയില്‍ ഒരു ഖണ്ഡന പദമാണ്. അപ്പോഴും ഞാന്‍ എന്ന ആത്മാഭിമാനത്തിന്റെയും ഞാന്‍-നീ എന്ന ജോഡിയുടെ പ്രതിഫലത്തിനുമപ്പുറം ഉള്ള ചില അനിര്‍വ്വചനീയമായ വാത്സല്യങ്ങളുടെയും രഹസ്യശക്തിയാണ് പുരുഷാരം എന്ന കാര്യം നമ്മള് മറക്കാറുണ്ട്.
‘വളരുക, പെറ്റുപെരുകുക’ എന്നതാണല്ലോ ദാമ്പത്യത്തെ ബന്ധിപ്പിക്കുന്ന ഒരു കല്‍പ്പന. മള്‍ട്ടിപ്ലൈ ആണ് ഇംഗ്ലീഷില്‍ പെറ്റുപെരുകല്‍, പുരുഷാരം മള്ട്ടിറ്റൂഡും. പെറ്റുപെരുകുക എന്ന കല്പ്പനയില് ‘പുരുഷാരം’ എന്ന സങ്കല്പം അടങ്ങുന്നുണ്ട്. അത് സ്രഷ്ടാവായ ദൈവത്തിന്റെ സന്തോഷമാണ്. വെളിപാടിന്റെ പുസ്തകത്തില്‍ പുരുഷാരത്തിന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരു ഘോഷയാത്ര ചിത്രീകരിക്കുന്നുണ്ട് (വെളി 19:1-6). പെറ്റുപെരുകലിനും പുരുഷാരത്തിനും ഒരു സ്വര്‍ഗ്ഗീയ മാനം നല്‍കുകയാണ് വെളിപാട്.
ഘടികാരത്തിലെ സമയം തീര്‍ന്നു എന്ന കാരണത്താല്‍ മനുഷ്യന്റെ സമഗ്രത ഇല്ലാതാകുന്നില്ല. അവന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നുമില്ല. സ്വര്‍ഗീയമായ പരിണാമവും രൂപാന്തരീകരണവുമാണ് നമ്മുടെ ആകെത്തുക. ആരും ഒന്നിലും അവസാനിക്കുന്നില്ല. ജന്മം കൊണ്ട് നമ്മളും ഭീമമായ ഒരു പുരുഷാരത്തിന്റെ ഭാഗമാണ്. അതിന്റെ സൗന്ദര്യത്തോട്, അത് ആയിരിക്കുന്ന അവസ്ഥയോട് നമ്മള് സംവേദനക്ഷമതയുള്ളവരായിരുന്നോ എന്നതായിരിക്കും ഭാവിയില്‍ നമ്മള് അഭിമുഖീകരിക്കാനിരിക്കുന്ന ഒരു ചോദ്യം. അവിടെയാണ് മരിച്ചവരും നമ്മളും തമ്മിലുള്ള ബന്ധം രേഖപ്പെടുത്തുന്നത്. ഒരിക്കള്‍ നമ്മള് മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചിരുന്നു. അങ്ങനെയാണ് നമ്മള് സ്വര്‍ഗ്ഗത്തെ മയപ്പെടുത്തിയത്. വിശുദ്ധര്‍ നമ്മള്‍ക്ക് സംരക്ഷണമായിരുന്നു. അവര്‍ ഭൂമിയിലേക്ക് നിരന്തരം അടയാളങ്ങള്‍ അയച്ചിരുന്നു. അത് സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള അവിസ്മരണീയമായ വാത്സല്യങ്ങളുടെയും അചഞ്ചലമായ മധ്യസ്ഥതയുടെയും പാരസ്പര്യമായിരുന്നു. അതുകൊണ്ടാണ് പുരുഷാരം എന്ന യാഥാര്‍ത്ഥ്യം ഇന്നും നിലനില്‍ക്കുന്നത്.
ഒരിക്കല്‍ നമ്മുടെ പള്ളികള്‍ ജനസാന്ദ്രമായിരുന്നു. ഇന്ന് അവ ശൂന്യതയുടെ ജ്യാമിതികളാണ്. ചില്ലുജാലകങ്ങളിലെ ബൈബിള്‍ കഥാപാത്രങ്ങളും മധ്യസ്ഥരായ വിശുദ്ധരുമെല്ലാം കാഴ്ചവസ്തുക്കള്‍ അല്ലായിരുന്നു, നമ്മുടെ കാവല്ക്കാരായിരുന്നു. ഇന്ന് ഈ തലമുറയാണ് നമ്മുടെ ലോകം.
ഇതിനുശേഷം എന്തെങ്കിലും അവശേഷിക്കുമോ? അങ്ങനെ ചിന്തിക്കുമ്പോള്‍ വിഷാദമാണ് അനുഭവപ്പെടുന്നത്. നമ്മളും ഈ പുരുഷാരത്തിന്റെ ഭാഗമാണ്. ഏതു ലക്ഷ്യത്തിലേക്കാണ് നമ്മള് ഒന്നിച്ചു നീങ്ങുന്നത്? നമുക്കായി സ്വര്‍ഗ്ഗം തുറക്കപ്പെടുമോ?
പുരുഷാരത്തിന്റെ നിഗൂഢതയുമായി പൊരുത്തപ്പെടാന്‍ സാധിച്ചാല്‍, പ്രത്യാശയുടെ അടയാളങ്ങള്‍ നമ്മള് തിരിച്ചറിയും. ഉദാഹരണത്തിന്, നിരാശരായ ഒരു ജനതയാണ് മുനമ്പം നിവാസികള്‍, അവരുടെ വീണ്ടെടുപ്പിനുള്ള ആവേശം നമ്മള് കണ്ടെത്തണം. അടുത്തുള്ളവരെ സ്നേഹിക്കുന്നതിലൂടെ മാത്രമേ പുരുഷാരത്തില്‍ നമ്മുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ സാധിക്കു. അപ്പോഴും ജനസംഖ്യയെ ഓര്‍ത്ത് പരാതിപ്പെടുകയാണ് നമ്മള്. ഓര്‍ക്കുക, ദൈവം ജനക്കൂട്ടത്തെ സ്നേഹിക്കുന്നു. അതുകൊണ്ടുതന്നെ അതില്‍ ഉള്‍പ്പെടുന്നതുകൊണ്ട് ആരുടെയും തനിമയും പാരസ്പര്യവും നഷ്ടപ്പെടുന്നുമില്ല; ആള്‍ക്കൂട്ടത്തില്‍ നമുക്ക് ദൈവത്തെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ പോലും.
സുവിശേഷം പറയുന്നത് യേശുവിന് ജനക്കൂട്ടത്തോട് അനുകമ്പ തോന്നി എന്നാണ് (മത്താ 9:36).
വ്യക്തികളോട് എന്നതു പോലെ തന്നെ ജനക്കൂട്ടത്തിനോടും നമുക്ക് സ്നേഹമുണ്ടോ? ഇസ്രായേല്‍ – പാലസ്തീന് യുദ്ധത്തില്‍, റഷ്യ – യുക്രെയിന് യുദ്ധത്തില്‍ പുരുഷാരമാണ് സഹിക്കുന്നത്. ജനക്കൂട്ടത്തിന്റെ സഹനത്തെ അവ്യക്തമായി ചിത്രീകരിക്കുന്ന രീതി നമ്മള് നിര്ത്തലാക്കേണ്ടിയിരിക്കുന്നു.
ചില കത്തോലിക്കാ ടെലിവിഷന്‍ ചാനലുകള്‍ ഈ യുദ്ധങ്ങളെ ആത്മീയവല്ക്കരിക്കുന്നത് കാണുമ്പോള്‍ സങ്കടമാണ് വരുന്നത്. എത്രയോ താഴെയാണ് നമ്മുടെ ആത്മീയത! ഫ്രാന്‍സിസ് പാപ്പ ജനങ്ങളുടെ രഹസ്യത്തെ (മിസ്റ്ററി ഓഫ് ദി പീപ്പിള്‍) കുറിച്ച് സംസാരിക്കുമ്പോള്‍ അതൊരു രാഷ്ട്രീയമോ സാംസ്കാരികമോ ആയ രഹസ്യമല്ല. അത് ജനക്കൂട്ടത്തിന്റെ മിസ്റ്റിക്കല്‍ തലമാണ്. എല്ലാ മനുഷ്യരുടെയും വ്യക്തിത്വത്തെയും പാരസ്പര്യത്തെയും ബഹുമാനിക്കാതെ നമുക്കൊരിക്കലും ഒരു സമൂഹത്തിലെ പുരുഷാരത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. പുരുഷാരം എന്ന സങ്കല്‍പ്പത്തില്‍ ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും ഇല്ല. വിവേചനത്തിന്റെ മതില്‍ക്കെട്ടുകള്‍ ഇല്ലാത്ത ഒരു കൂട്ടമാണത്. ആ കൂട്ടത്തിനോട് വേണ്ടത് എന്നും എപ്പോഴും അനുകമ്പ മാത്രമായിരിക്കണം.
യേശു തിരഞ്ഞെടുത്ത ശിഷ്യരുടെ സാഹോദര്യ സ്നേഹവും ദൈവം സ്നേഹിക്കുന്ന ജനക്കൂട്ടത്തോടുള്ള സ്നേഹവും ഇഴപിരിയാത്ത ഒരു അഭിനിവേശമാണെന്നതാണ് സുവിശേഷാത്മകമായ യുക്തിയുടെ ലാവണ്യം. ജനക്കൂട്ടത്തില്‍ നിന്നും ഒളിച്ചോടുക എന്നതിനെ ഒരു ദൈവവിളിയായി കരുതുന്നതിനേക്കാള്‍ ഉപരി ജനക്കൂട്ടത്തിലേക്ക് സുവിശേഷവുമായി ഇറങ്ങിച്ചെല്ലുക എന്ന ചിന്തയാണ് ഇനി നമുക്കു വേണ്ടത്. അഹത്തിന്റെ ആത്മരതിയില്‍ നിന്നും ആള്ക്കൂട്ടത്തിനായുള്ള ആത്മാഭിമാനത്തിലേക്ക് ഒരു മാറ്റം അനിവാര്യമാണ്. കാരണം ആധുനിക സാങ്കേതികതകളും സാമൂഹ്യ മാധ്യമങ്ങളും മൊബൈല്‍ ഫോണുകളുമെല്ലാം ഒരു തലമുറയെ ആത്മരതിയുടെ പുറംചട്ടകളില്‍ ഒതുങ്ങിക്കൂടുന്ന ആമകളാക്കി മാറ്റുകയാണ്. സ്നേഹമില്ലാത്ത അവ്യക്തതയിലേക്ക് പുരുഷാരം ബാഷ്പീകരിക്കപ്പെടുന്നു. ജനക്കൂട്ടത്തെ സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ചുള്ള അജ്ഞത കൂടുമ്പോഴാണ് ആര് സഹിച്ചാലും മരിച്ചാലും നമുക്കതൊരു വിഷയമല്ല എന്ന ചിന്ത പടര്‍ന്നു പിടിക്കുക. ജനക്കൂട്ടം ദൈവത്തിന്റെതാണ്. ആ കൂട്ടത്തിന്റെ നൊമ്പരത്തിലും ആനന്ദത്തിലും ഭാഗമാകുക എന്നതായിരിക്കണം നമ്മുടെ ആത്മീയതയുടെയും സൗന്ദര്യം.