മുനമ്പം: മുനമ്പം – കടപ്പുറം പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കേണ്ടത് ഭരണകൂടമാണെന്ന് കോതമംഗലം രൂപത വികാരി ജനറൽ മോൺ. പയസ് മലേക്കണ്ടത്തിൽ .
വഖഫ് ബോർഡിൻ്റെ അന്യായമായ അവകാശവാദം മൂലം പ്രതിസന്ധിയിലായ മുനമ്പം ജനത റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ നടത്തുന്ന റിലേ നിരാഹര സത്യാഗ്രഹത്തിൻ്റെ അഞ്ചാം ദിനത്തിൽ മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം അറിയിച്ച് കോതമംഗലം രൂപതാംഗങ്ങളോടൊപ്പം സമരപ്പന്തൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, അനാവശ്യ കടന്നുകയറ്റങ്ങൾ അനുവദിക്കാനാവില്ലെന്നും, കോതമംഗലം രൂപതയുടെ പിന്തുണ മുനമ്പം -കടപ്പുറം ജനതയ്ക്കുണ്ടെന്നും മോൺ. പയസ് അറിയിച്ചു.വികാരി ജനറൽ മോൺസിഞ്ഞോർ പയസ് മലേക്കണ്ടത്തിലിൻ്റെ നേതൃത്വത്തിൽ വൈദികരും അല്മായരും ഉൾപ്പെട്ട സംഘമാണ് മുനമ്പത്ത് എത്തിയത്.
സമരപ്പന്തലിലെത്തിയ സംഘം ആളുകളോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ഫാ. തോമസ് പറയിടം, ഫാ. ജോസ് കിഴക്കേൽ, ഫാ. സിബി ഇടപ്പുളവൻ, ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത് കടപ്പുറംവേളാങ്കണ്ണിമാത പള്ളി വികാരി ഫാ.ആന്റണി സേവ്യർ തറയിൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ എന്നിവർ പ്രസംഗിച്ചു.
അഞ്ചാം ദിനത്തിൽ നിരാഹാരമിരുന്നത് ബെർളി കുരിശിങ്കൽ ആയിരുന്നു. ഇന്ന് സമരത്തിൻ്റെ ആറാംദിനത്തിൽ കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കലും അംഗങ്ങളും ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ സമരപ്പന്തലിലെത്തും.