ഷാജി ജോര്‍ജ്
ഡല്‍ഹിയിലെ ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരും ഇനിമുതല്‍ ഏക സഹോദരങ്ങളെ പോലെ ജീവിക്കും. ഖ്വാജ കുത്ത ബുദ്ദീന്‍ മസറിന്റെ ഉറൂസ് നടത്താന്‍ അനുവദിക്കും. പച്ചക്കറി ചന്തയിലും കരോള്‍ബാഗിലും വഴി നടക്കാന്‍ മുസ്ലീങ്ങളെ അനുവദിക്കും. പിടിച്ചെടുത്ത മുസ്ലിം പള്ളികള്‍ തിരിച്ചു കൊടുക്കും. മഹാത്മജി ഉപവാസം നിര്‍ത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ഡോക്ടര്‍ രാജേന്ദ്രപ്രസാദിന്റെ വസതിയില്‍ ഹിന്ദു മഹാസഭ രാഷ്ട്രീയ സ്വയംസേവക സംഘം, ഹിമായത് ഉലമ തുടങ്ങിയ സംഘടനകളുടെ നൂറോളം പ്രതിനിധികള്‍ ഒരുമിച്ചിരുന്ന് എഴുതികൊടുത്ത ഉറപ്പിന്മേലാണ് ഗാന്ധിജിയുടെ ജീവിതത്തിലെ അവസാന നിരാഹാര സമരം നിര്‍ത്തിവെക്കുന്നത്. വെറും 12 ദിവസത്തിനു ശേഷം നിതാന്ത നിരാഹാരത്തിലേക്ക് നാഥുറാം വിനായക് ഗോഡ്സെ അദ്ദേഹത്തെ തള്ളി.
ഗാന്ധിജി അവസാനമായി നിരാഹാരം ഇരുന്നത് കൊല്ലപ്പെടുന്നതിന് രണ്ടാഴ്ചമുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ 1948 ജനുവരി 13ന്. അപ്പോള്‍ അദ്ദേഹത്തിന് പ്രായം 79. അഞ്ചുദിവസം നിരാഹാരം ഇരുന്ന ആ വൃദ്ധശരീരത്തെ തകര്‍ക്കാന്‍ വെടിയുണ്ട തന്നെ വേണ്ടിവന്നു. പക്ഷേ ആ മനസ്സിനെയോ?
ജീവിതത്തില്‍ 17 തവണ ഗാന്ധി നിരാഹാര സമരം ഇരുന്നു. അവയില്‍ ചിലതുമാത്രമായിരുന്നു അനിശ്ചിത കാലം. ഒരു വൈദ്യസഹായവും കൂടാതെ 21 ദിവസം തുടര്‍ച്ചയായി നിരാഹാരമിരിന്നിട്ടുള്ള ആ ശരീരം എന്നും മനസ്സിന്റെ അടിമയായിരുന്നു 1948 ജനുവരി 30 ദിവസങ്ങളിലെ ഗാന്ധിജിയുടെ ഡയറി കണ്ടാല്‍ നമ്മള് അന്തം വിട്ടു പോകും. ഇത്രയും ജാഗരൂകമായ ഒരു മനസ്സ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ് വര്‍ഗീയ കലാപങ്ങളില്‍ നിരാലംബവും നിരാജ്യവുമായി തീരുന്ന രാഷ്ട്ര മനസിന് ഇച്ഛാശക്തി നല്കാന് ജീവിതാന്ത്യദിനം ആ മനസ്സ് ഉണര്‍ന്നിരുന്നു. ഓരോ ദിവസവും ശരാശരി 50 ഓളം കത്തുകള്‍ എഴുതി. അത്രതന്നെ ആളുകളെ നേരില്‍ക്കണ്ടു സംസാരിച്ചു. ഒരു കത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നത് സമയക്കുറവ് കൊണ്ട് കുളിക്കുന്നതിനിടയിലാണ് താനീക്കത്ത് പറഞ്ഞുകൊടുത്തേക്കുന്നത് എന്നാണ്.
ജനുവരി 12ലെ പ്രാര്ത്ഥനയോഗത്തിലാണ് ഗാന്ധി നിരാഹാര സമരത്തിനുള്ള തീരുമാനം അറിയിക്കുന്നത്. നഗരത്തെ വിഴുങ്ങിയ വെറുപ്പിന്റെ കലഹനാളുകള് ഗാന്ധിയെ വല്ലാതെ തളര്‍ത്തിയിരുന്നു. സമുദായിക കലാപങ്ങളെ കുറിച്ച് അദ്ദേഹം വല്ലാതെ ആവലാതിപൂണ്ടു. പ്രാര്‍ത്ഥനാ യോഗത്തില്‍ ഗാന്ധി പറഞ്ഞു: എന്റെ അന്തഃകരണം കുറേ ദിവസങ്ങളായി എന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നു. സാത്താന്റെ ശബ്ദം എന്ന് കരുതി ഞാന്‍ ചെവി അടച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഇങ്ങനെ നിരായുധനായിരിക്കാന് എനിക്ക് കഴിയില്ല. ഒരു സത്യഗ്രഹിക്ക് അതൊരിക്കലും കഴിയില്ല. സ്വന്തം വാളിന്റെയോ മറ്റുള്ളവരുടെ വാളുകളുടെയോ മുന്നില്‍ സത്യഗ്രഹിക്കുന്നില്ല നിരാഹാര സമരം അല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല. എന്റെ ഉപവാസം നാളെ തുടങ്ങുന്നു. അനിശ്ചിത കാലം. അപരസമ്മര്ദ്ദം കൂടാതെ ശാന്തി തിരികെ വന്നാല്‍ മാത്രമേ, ഹൃദയങ്ങള്‍ അടുത്താല്‍ മാത്രമേ ഞാന്‍ പിന്‍വലിയൂ. ഒപ്പിടാതെയോ ഉപ്പിട്ടോ വെള്ളം മാത്രം കുടിക്കൂ.
ഈ നിരാഹാര സമരം അവസാനിപ്പിക്കാനാണ് ഡോ. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ വിവിധ സാമുദായിക നേതാക്കള്‍ ചേര്‍ന്ന് തുടക്കത്തില്‍ കുറിച്ച ഉറപ്പ് ഗാന്ധിജിക്ക് നല്‍കിയത്.
എസ് ഗോപാലകൃഷ്ണന് എഴുതിയ ‘ഗാന്ധി ഒരു അര്‍ത്ഥ നഗ്നവായന’ പുസ്തകം നല്കിയ ചരിത്ര സംഭവങ്ങളാണ് മുകളില്‍ കുറിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നിരവധി പുസ്തകങ്ങള്‍ കൊണ്ടും ആകാശവാണിയിലെ പ്രക്ഷേപകന്‍, രാജ്യത്തെ ഗാന്ധിയന്ചിന്തകരില് പ്രമുഖന് എന്നീ നിലകളില്‍ ഒക്കെ മലയാളിയായ എസ്. ഗോപാലകൃഷ്ണനെ നമുക്കറിയാം. നമ്മുടെ ഗാന്ധിവായനയില് പലപ്പോഴും ഗാന്ധി /അംബേദ്കര്‍ ദ്വന്ദത്തില്‍ ഒതുങ്ങി പോയിട്ടുണ്ട്. ഈ പുസ്തകം ആകട്ടെ ഗാന്ധിദര്‍ശനത്തിന്റെ ആഴങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ഈ പുസ്തകത്തെ പ്രസക്തമാക്കുന്നത് പ്രധാനമായും ഇത് അഡ്രസ്സ് ചെയ്യുന്ന (പല ഗാന്ധിവായനക്കാരെയും കുഴക്കുന്ന) മതവും ധാര്‍മികതയും തമ്മിലുള്ള വിഭജനമാണ്. മതമെന്നാല്‍, ഗാന്ധിക്കു വിശ്വാസങ്ങളും ആചാരങ്ങളുമായിരുന്നു. ആത്മീയതയും പ്രാര്‍ത്ഥനയും വ്രതവും ധ്യാനവുമെല്ലാം അതിന്റെ ഭാഗങ്ങളായി ഗാന്ധി ഉള്‍ക്കൊണ്ടു. എന്നാല്‍ അതിലും വിശാലമായ ഒരാശയമായാണ് ധാര്‍മികത ഗാന്ധിയുടെ പ്രസംഗത്തിലും എഴുത്തിലുമെല്ലാം ഇടംപിടിക്കുന്നത്. വിസ്തൃതമായ അര്ത്ഥശൃംഖലകളുള്ള, മത- വിശ്വാസ അതിര്‍ത്തികളെ ഉല്ലംഘിക്കുന്ന സ്നേഹം, അഹിംസ, സഹിഷ്ണുത തുടങ്ങിയ ആശയങ്ങളായിരുന്നു ഗാന്ധിയുടെ ധാര്‍മിക ചിന്തയുടെ അടിസ്ഥാനശിലകള്‍. ഈ മൂല്യങ്ങളെ ദേശീയരാഷ്ട്രീയത്തിന്റെ തന്നെ മൂലക്കല്ലുകളായി പരിവര്‍ത്തിപ്പിക്കാനും ഗാന്ധി ശ്രമിച്ചിരുന്നു.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള ‘ഗാന്ധി ഒരു അര്‍ത്ഥ നഗ്നവായന’ പുസ്തകത്തിന് പത്രപ്രവര്ത്തകന് അമൃത് ലാല്‍ എഴുതിയ ഒരു ആസ്വാദനവും പുസ്തകത്തിന്റെ അവസാനം ചേര്‍ത്തിട്ടുണ്ട്. അമൃത് ലാല്‍ പറയുന്ന അഭിപ്രായം ശരിയായ വിലയിരുത്തലാണുതാനും. അദ്ദേഹം പറയുന്നു: ‘ഭൂമിയിലെ ഗ്രന്ഥാലയങ്ങളില് ഇത്രയേറെ ഗാന്ധി പുസ്തകങ്ങള്‍ ഞെരുങ്ങിയിരിക്കുമ്പോള്‍ വീണ്ടുമൊന്ന് എന്തിന് എന്നാരും ചോദിച്ചുപോകും. ഇത്തരമൊരു പുസ്തകം അക്കൂട്ടത്തിലുണ്ടാവാനിടയില്ല. സംശയമുള്ളവര്‍ക്കു പുസ്തകം വായിക്കുമ്പോള്‍ ബോധ്യം വരും. ഗോപാലകൃഷ്ണന് വീണ്ടെടുക്കുന്ന ഗാന്ധി സന്ന്യാസിയോ പ്രായോഗികവാദിയായ രാഷ്ട്രീയക്കാരനോ സൂത്രശാലിയായ ജാതിഹിന്ദുവോ സമൂഹമനഃസാക്ഷിയോ ലോകത്തിന്റെ ഗുരുനാഥനോ ഒന്നുമല്ല, എന്നാല്‍ ഇവയില്ച്ചിലതൊക്കെ ആണുതാനും. ഒരു ഗാന്ധിശിഷ്യന്റെ വാഴ്ത്തുപാട്ടോ ഗാന്ധിവിരുദ്ധന്റെ സംഹാരസ്തോത്രമോ അല്ല ഈ ഗാന്ധിലേഖനങ്ങള്.