ജെക്കോബി
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ്, ബിജെപിയുമായി ചേര്‍ന്ന് മഹായുതി സര്‍ക്കാരിനെ നയിക്കുന്ന ശിവസേനാ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ മന്ത്രിസഭ മദ്രസ അധ്യാപകരുടെ ശമ്പളം കുത്തനെ കൂട്ടാന്‍ തീരുമാനിച്ചത്, ഒബിസി സംവരണത്തിനുള്ള നോണ്‍-ക്രീമിലെയര്‍ വരുമാന പരിധി എട്ടു ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഉയര്‍ത്താനുള്ള ശുപാര്‍ശ പോലെ, ന്യൂനപക്ഷ പിന്നാക്കവിഭാഗ വോട്ടര്‍മാരുടെ പ്രീതി നേടാനുള്ള ബദ്ധപ്പാടിലാകണം. ഡിഎഡ് യോഗ്യതയുള്ള പ്രാഥമിക വിദ്യാലയ അധ്യാപകരുടെ മാസശമ്പളം ആറായിരത്തില്‍ നിന്ന് 16,000 രൂപയായും ബിഎഡ് ബിരുദമുള്ള സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരുടെ ശമ്പളം എണ്ണായിരത്തില്‍ നിന്ന് 18,000 രൂപയായുമാണ് ഉയര്‍ത്തുന്നത്. സാക്കിര്‍ ഹുസൈന് മദ്രസ ആധുനികവത്കരണ പദ്ധതിയില്‍ ഇസ് ലാമിക മതപഠനത്തോടൊപ്പം ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹികശാസ്ത്രം, ഇംഗ്ലീഷ്, മറാത്തി, ഹിന്ദി, ഉര്‍ദു എന്നീ വിഷയങ്ങളും പഠിപ്പിക്കുന്ന മദ്രസകള്‍ക്ക് പത്തു ലക്ഷം രൂപ വീതം ഗ്രാന്റും മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
മഹാരാഷ്ട്രയിലെ ബിജെപി ഭരണസഖ്യത്തിന്റെ വേവലാതിയൊന്നും ഗ്രഹിക്കാതെയാണോ രാജ്യത്തെ മദ്രസകള്‍ക്കു സര്‍ക്കാര്‍ നല്കുന്ന ധനസഹായം നിര്‍ത്തലാക്കണമെന്നും മദ്രസ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്നും നിര്‍ദേശിച്ച് ദേശീയ ബാലാവകാശ കമ്മിഷന് (എന്‍സിപിസിആര്‍) ചെയര്മാന് സ്ഥാനത്തുനിന്നു പടിയിറങ്ങുന്ന പ്രിയങ്ക് കാനൂന്ഗോയുടെ അന്ത്യകല്പന? മദ്രസ വിദ്യാഭ്യാസം ഇന്ത്യന്‍ ഭരണഘടനാ വ്യവസ്ഥകള്‍ക്കും 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിനും വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കുന്ന ‘വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ: കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളും മദ്രസകളും’ എന്ന 11 അധ്യായങ്ങളുള്ള പഠനറിപ്പോര്‍ട്ട് സഹിതമാണ് കാനൂന്‍ഗോ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതു സംബന്ധിച്ച കത്ത് അയച്ചിട്ടുള്ളത്.
കൊടുംപട്ടിണിയും സാമൂഹികവ്യവസ്ഥിതിയിലെ ജാതിവിവേചനത്തിന്റെ അനീതിയും അതിക്രമങ്ങളും ചൂഷണവും അനാഥത്വവും മനുഷ്യാവകാശധ്വംസനവും അനുഭവിക്കുന്ന രാജ്യത്തെ കോടികണക്കിന് കുട്ടികളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തി, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കാനുള്ള (പോസ്കോ) നിയമം (2012), ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിപാലനവും സംരക്ഷണവും) നിയമം (2015), സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം (2009) എന്നിവയിലൂടെയുള്ള പരിരക്ഷയും ബാലാവകാശങ്ങള്‍ക്കായുള്ള യുഎന്‍ കണ്വെന്ഷന് വ്യവസ്ഥകളുമായി ബന്ധപ്പെട്ട കാര്യങ്ങളും നിരീക്ഷിക്കാനും നയപരവും ഭരണപരവുമായ വീഴ്ചകള്‍ കണ്ടാല്‍ നിയമപരമായി ഇടപെടാനും അധികാരമുള്ള അര്‍ധ ജുഡീഷ്യല്‍, സ്റ്റാറ്റിയൂട്ടറി സംവിധാനമായ ദേശീയ ബാലാവകാശ കമ്മിഷനെ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുന്ന ഒരു ഏജന്‍സിയായി മാറ്റുന്നതില്‍ 2015 മുതല്‍ പ്രത്യക്ഷമായ പങ്കുവഹിച്ചുവരുന്ന കാനൂന്ഗോയ്ക്ക് ഒരു ടേം നീട്ടികൊടുക്കാനായി മോദി സര്‍ക്കാര്‍ എന്‍സിപിസിആര്‍ നിയമം 2021 സെപ്റ്റംബറില്‍ ഭേദഗതി ചെയ്തിരുന്നു. ചെയര്മാന് പദത്തില്‍ രണ്ടാമൂഴം അവസാനിക്കുമ്പോഴാണ് മുസ് ലിം വിരുദ്ധതയുടെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും അടയാളവാക്യമായ ‘മദ്രസ’ വിരോധം പാരമ്യത്തിലെത്തിക്കുന്നത്.
ഗുജറാത്തിലും ഝാര്‍ഖണ്ഡിലും വിശുദ്ധ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി സന്ന്യാസിനിമാര്‍ പെണ്‍കുട്ടികള്‍ക്കായി നടത്തിവന്ന അഭയകേന്ദ്രങ്ങളിലും മധ്യപ്രദേശിലെ പല മിഷനറി സ്കൂളുകളിലും ഹോസ്റ്റലുകളിലും അനാഥശാലകളിലും സംഘപരിവാര്‍ പ്രവര്‍ത്തകരെക്കൂട്ടി മിന്നല്‍ പരിശോധന നടത്തി, ഏതെങ്കിലും മുറിയില്‍ നിന്ന് ബൈബിളോ കുരിശോ ജപമാലയോ കണ്ടെടുത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം തൊട്ട് മതവികാരം വ്രണപ്പെടുത്തല്‍, ബാലനീതി നിയമലംഘനം, ലൈംഗികാതിക്രമം, മനുഷ്യക്കടത്ത്, വിദേശ ഫണ്ട്, രാജ്യദ്രോഹപ്രവര്‍ത്തനം വരെയുള്ള കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ട് ട്വിറ്റര്‍, വാട്സ്ആപ് അക്കൗണ്ടിലൂടെ ‘റെയ്ഡിന്റെ’ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാനും പൊലീസിനെയും കലക്ടറെയും ജില്ലാ വനിതാ ശിശുക്ഷേമ സമിതി അംഗങ്ങളെയും വിളിച്ചുവരുത്തി തല്‍ക്ഷണം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യിച്ച് കന്യാസ്ത്രീകളെയും വൈദികരെയും അധ്യാപകരെയും ഹോസ്റ്റല്‍ ജീവനക്കാരെയും ജാമ്യമില്ലാ വകുപ്പില്‍ കസ്റ്റഡിയിലെടുപ്പിക്കാനും ചില കേസുകളില്‍ പ്രദേശത്തെ മെത്രാനെ വരെ പ്രതിചേര്ക്കാനുമൊക്കെ അത്യുത്സാഹം കാണിച്ചിട്ടുണ്ട് ആര്‍എസ്എസ് പശ്ചാത്തലമുള്ള ഈ ദേശീയ കമ്മിഷന് ചെയര്മാന്.
”ഞങ്ങള്‍ 645 ഷെല്‍ട്ടര്‍ ഹോമുകളില്‍ പരിശോധന നടത്തിയതില്‍ ഒട്ടേറെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ക്രമക്കേടുകളും വെളിച്ചത്തുകൊണ്ടുവന്നു. ഒരൊറ്റവര്‍ഷം 954 കോടി രൂപ വിദേശരാജ്യങ്ങളില്‍ നിന്ന് വന്നതായി കണ്ടെത്തി. 1.45 ലക്ഷം കുട്ടികളെ അനാഥശാലകളില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ചയക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. പലയിടത്തും നടക്കുന്ന മതപരിവര്‍ത്തന ബിസിനസ് പുറത്തുകൊണ്ടുവന്നത് ബാലാവകാശ കമ്മിഷനാണ്,” ഒരു അഭിമുഖത്തില്‍ അദ്ദേഹം നേട്ടങ്ങള്‍ വിവരിക്കുന്നു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ കുട്ടികളോടൊപ്പം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനും മറ്റും കുട്ടികളുടെ സ്വകാര്യത ലംഘിച്ചു, പീഡിപ്പിച്ചു തുടങ്ങി പല വകുപ്പുകളില്‍ കേസെടുക്കാന്‍ കമ്മിഷന് നിര്‍ദേശിക്കുകയുണ്ടായി.
റാഞ്ചിയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നിര്‍മല്‍ ഹൃദയ് സെന്ററില്‍ പെണ്‍കുട്ടികളെ ”ലൈംഗിക ചൂഷണത്തിന് ഇരകളാക്കുകയും വില്‍ക്കുകയും ചെയ്തു” എന്ന ആരോപണത്തിന്മേല് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന എന്‍സിപിസിആറിന്റെ ആവശ്യം തള്ളിക്കൊണ്ട് കഴിഞ്ഞ മാസം സുപ്രീം കോടതി ബെഞ്ച് താക്കീതു നല്കി: നിങ്ങളുടെ അജന്‍ഡയിലേക്കു കോടതിയെ വലിച്ചിഴക്കരുത്.
ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങള്‍ അടിസ്ഥാനമാക്കി കുട്ടികളുടെ വിദ്യാഭ്യാസ അവകാശ (ആര്‍ടിഇ) നിയമത്തില്‍ നിന്ന് മദ്രസകളെ ഒഴിവാക്കിയതിനാല്‍ മദ്രസകളിലെ 1.25 കോടി കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്ന് കമ്മിഷന് ആരോപിക്കുന്നു. മദ്രസകളിലെ പാഠ്യക്രമം ആര്‍ടിഇ നിയമത്തിന് അനുസൃതമല്ല. പാഠ്യക്രമത്തില്‍ ക്രമവിരുദ്ധവും ‘അസ്വാഭാവികമായതുമായ’ പലതും കമ്മിഷന് കണ്ടെത്തിയതായി പറയുന്നു: ”ഇസ് ലാമിന്റെ പ്രാഥമ്യം പ്രഘോഷിക്കുന്ന പാഠങ്ങള്‍ മതനിരപേക്ഷതയ്ക്കു ചേര്‍ന്നതല്ല. ദീനിയത് പുസ്തകങ്ങളില്‍ ‘വിരോധിക്കത്തക്ക’ വിഷയങ്ങളുണ്ട്.” ബിഹാര്‍ മദ്രസ ബോര്‍ഡ് പാക്കിസ്ഥാനില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഇസ് ലാമിക പഠനകേന്ദ്രമായ ഉത്തര്‍പ്രദേശിലെ ദാരുല്‍ ഉലൂം ദേവബന്ദിന്റെയും മറ്റും കീഴിലുള്ള ചില മദ്രസകള്‍ മതതീവ്രവാദത്തിന്റെ കേന്ദ്രങ്ങളാണെന്നും വരെ കാനൂന്‍ഗോ പറഞ്ഞുവയ്ക്കുന്നുണ്ട്.
പല സംസ്ഥാനങ്ങളിലും മദ്രസ ബോര്‍ഡുകള്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള അമുസ് ലിം വിദ്യാര്‍ഥികള്‍ക്കും ഇസ് ലാമിക മതബോധനം നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ 28(3) വകുപ്പിന്റെ നഗ്നമായ ലംഘനമാകയാല്‍ മദ്രസകളില്‍ നിന്ന് മുസ് ലിംകളല്ലാത്തവരെ അടിയന്തരമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു മാറ്റണമെന്ന് കമ്മിഷന് നിര്‍ദേശിക്കുന്നു. പ്രാഥമികവിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പല ഗ്രാമങ്ങളിലും എല്ലാ ജാതിയിലുംപെട്ട പാവപ്പെട്ടവരുടെ മക്കള്‍ അടുത്തുള്ള മദ്രസകളില്‍ സൗജന്യമായി പഠിക്കുന്നുണ്ട്. മധ്യപ്രദേശിലെ 1,755 രജിസ്റ്റേഡ് മദ്രസകളില്‍ 9,417 ഹിന്ദു കുട്ടികള്‍ പഠിക്കുന്നുണ്ട്, ഉത്തരാഖണ്ഡിലെ 30 മദ്രസകളിലായി പഠിക്കുന്ന 7,399 വിദ്യാര്‍ഥികളില്‍ 10 ശതമാനം അമുസ് ലിംകളാണ്. ബംഗാളില്‍ മദ്രസ ബോര്‍ഡില്‍ നിന്ന് കഴിഞ്ഞവര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ 70,000 വിദ്യാര്‍ഥികളില്‍ 18 ശതമാനം ഹിന്ദു വിദ്യാര്‍ഥികളായിരുന്നു.
ഉത്തര്‍പ്രദേശിലും മറ്റും മദ്രസ ദര്‍സേ ആലിയ എന്ന സര്‍ക്കാര്‍ അംഗീകൃത മദ്രസകളില്‍ എന്‍സിഇആര്‍ടി പാഠ്യക്രമത്തില്‍ ഗണിതശാസ്ത്രവും ശാസ്ത്രവും സാമൂഹികശാസ്ത്രവും ഹിന്ദിയും ഇംഗ്ലീഷും പഠിപ്പിക്കുന്നുണ്ട്, ദീനിയത് (മതപ്രബോധനം), സംസ്കൃതം എന്നിവ ഐച്ഛിക വിഷയങ്ങളാണ്. ചിലയിടങ്ങളില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ് സംവിധാനത്തിലാണ് മദ്രസ വിദ്യാഭ്യാസം. സംസ്ഥാന സര്‍ക്കാര്‍ അധ്യാപകരെ നിയമിക്കുന്നു. 2023-ല്‍ 1.69 ലക്ഷം വിദ്യാര്‍ഥികള്‍ യുപി മദ്രസ ബോര്‍ഡ് പരീക്ഷ എഴുതി. മൗലവി, ആലിം, കാമില്‍, ഫാസില്‍ എന്നിങ്ങനെ പത്താം ക്ലാസ് മുതല്‍ മാസ്റ്റേഴ്സ് വരെ പഠനസൗകര്യമുണ്ട്. ഇത്തരം കോഴ്സുകള്‍ നടത്തുന്ന മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കേണ്ടതില്ലെന്നാണ് കാനൂന്ഗോയുടെ കമ്മിഷന് നിര്‍ദേശിക്കുന്നത്!
കേരളത്തിലെ മദ്രസകളെക്കുറിച്ച് പ്രാഥമിക വിവരം പോലുമില്ലാത്ത രീതിയിലാണ് കാനൂന്‍ഗോ സംസാരിക്കുന്നത്. സംസ്ഥാനത്തെ കാല്‍ലക്ഷത്തോളം വരുന്ന മദ്രസകള്‍ എല്ലാംതന്നെ മഹല്ല് കമ്മിറ്റികളുടെയും വിവിധ ഇസ് ലാമിക സംഘടനകളുടെയും സാമൂഹിക കൂട്ടായ്മയുടെയും കീഴിലായതിനാല്‍ സര്‍ക്കാര്‍ ധനസഹായമൊന്നും അവയ്ക്ക് ആവശ്യമില്ല. സ്വന്തം പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും അവയ്ക്കുണ്ട്. ലക്ഷദ്വീപിലും കര്‍ണാടകയിലും തമിഴ്നാട്ടിലും മാത്രമല്ല, ഗള്‍ഫ് നാടുകളിലും ഉത്തരേന്ത്യയില്‍ ചിലയിടങ്ങളിലും കേരളത്തിലെ സംഘടനകള്‍ മദ്രസകള്‍ നടത്തുന്നുണ്ട്. മദ്രസ അധ്യാപകര്‍ക്ക് പെന്ഷന് ആനുകൂല്യങ്ങള്‍ നല്കുന്ന ക്ഷേമനിധിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. 23,809 മദ്രസ അധ്യാപകര്‍ ക്ഷേമനിധിയിലുണ്ട്. മദ്രസ അധ്യാപകരും മദ്രസ കമ്മിറ്റിയും മാസം 50 രൂപ വീതം വിഹിതം നല്‍കിയാണ് ക്ഷേമനിധി നടത്തുന്നതെന്നും പദ്ധതി നടത്തിപ്പിനുള്ള കോര്‍പസ് ഫണ്ട് മാത്രമാണ് സര്‍ക്കാരിന്റേതെന്നും കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളതാണ്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ 2022-ല്‍ സംസ്ഥാനത്തെ മദ്രസകളുടെ സര്‍വേ നടത്തി. അനധികൃത മദ്രസകള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 2023-ല്‍ മദ്രസകളുടെ വിദേശ ഫണ്ടിങ്ങിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. മൂന്നുവര്‍ഷത്തിനിടെ മദ്രസകള്‍ക്ക് വിദേശത്തു നിന്ന് 100 കോടി രൂപ ലഭിച്ചതായി എസ്ഐടി കണ്ടെത്തിയതായി പറയുന്നു. 2004-ലെ ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് നിയമം മതനിരപേക്ഷതയുടെ തത്വങ്ങള്‍ക്കും ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരമുള്ള മൗലികാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്നും സംസ്ഥാനത്തെ മദ്രസ വിദ്യാര്ഥികളെയെല്ലാം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും കഴിഞ്ഞ മാര്‍ച്ചില്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടത് 17 ലക്ഷം വിദ്യാര്‍ഥികളെയും 10,000 അധ്യാപകരെയും പ്രതിസന്ധിയിലാക്കിയിരുന്നു. യുപിയിലെ 16,500 അംഗീകൃത മദ്രസകളില്‍ സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് ലഭിച്ചിരുന്ന 560 മദ്രസകളുടെ സ്ഥിതി അനിശ്ചിതത്വത്തിലുമായി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അലഹാബാദ് ഹൈക്കോടതിയുടെ ആ ഉത്തരവ് സ്റ്റേ ചെയ്തു. മദ്രസ വിദ്യാഭ്യാസം സമഗ്രമല്ലെന്നും വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലെന്നും എന്‍സിപിസിആര്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് കാനൂന്‍ഗോ ദേശീയതലത്തില്‍ മദ്രസകള്‍ക്കുമേല്‍ തന്റെ വിദ്വേഷ ഫത് വ ഇറക്കുന്നത്.
അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മയുടെ ബിജെപി സര്‍ക്കാര്‍ 1934 മുതല്‍ നിലവിലുണ്ടായിരുന്ന സംസ്ഥാന മദ്രസ ബോര്‍ഡ് പിരിച്ചുവിട്ടുകൊണ്ട് കഴിഞ്ഞ ഡിസംബറില്‍ 21 ജില്ലകളിലെ 1,281 എയ്ഡഡ് മദ്രസകള്‍ മിഡില്‍ ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരില്‍ സെക്കന്‍ഡറി എഡ്യുക്കേഷന്‍ ബോര്‍ഡിനു കീഴില്‍ പൊതുവിദ്യാലയങ്ങളാക്കി മാറ്റി. മദ്രസകള്‍ പൊതുവിദ്യാലയങ്ങളാക്കുന്നതും മദ്രസ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കു മാറ്റുന്നതും ന്യൂനപക്ഷാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്, ഭരണഘടനാവിരുദ്ധമാണ്. സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ മതന്യൂനപക്ഷങ്ങള്‍ക്ക് അവകാശമുണ്ട്. ഇന്ന് മദ്രസകള്‍ക്കെതിരെയാണ് ദേശീയ കമ്മിഷന്റെ പടപ്പുറപ്പാടെങ്കില് നാളെ ഇത് ക്രൈസ്തവ മതബോധനത്തിന്റെ പേരില്‍ നമ്മുടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കെതിരെയാവില്ലെന്ന് എന്താണ് ഉറപ്പ്? യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യുക്കേഷന്‍ പ്ലസ് (യുഡിഐഎസ്ഇ) കോഡും ഡേറ്റയും വച്ച് മറ്റൊരു കാനൂന്‍ഗോ അവതാരം എന്തെല്ലാം മാപ്പിങ് തന്ത്രങ്ങള്‍ക്കാകും കളമൊരുക്കുകയെന്ന് ആരറിഞ്ഞു!