കൊല്ലം : മുനമ്പത്തെ ജനത്തിന് അവരുടെ പൂർവികർ വിലയ്ക്ക് വാങ്ങിയ ,അവർ പിറന്നുവളർന്ന മണ്ണിൽ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് വേദനാജനകമാണെന്ന് കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.
അതോടൊപ്പം ഭയപ്പെടുത്തുന്നതും കേരള ജനതയെ തീരാദുരിതത്തിലാഴ്ത്തുന്നതുമായ വിഷയമാണ് മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ.ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികൃതർ നിസ്സംഗത പാലിക്കുന്നതും നിശബ്ദരാകുന്നതും അംഗീകരിക്കാൻ കഴിയില്ല.
മനുഷ്യജീവനെതിരെയുള്ള ഇത്തരം പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിലൂടെ കെ സി ബി സി പ്രോലൈഫ് സമിതി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ജീവസംരക്ഷണ സന്ദേശയാത്രക്ക് വൻ പൊതുജനസ്വീകാര്യത ലഭിച്ചിരുന്നു. അധികൃതർ ഇനിയും നിസംഗത പാലിച്ചാൽ ജീവസംരക്ഷണം പ്രധാനലക്ഷ്യമായുള്ള പ്രോലൈഫ് പ്രസ്ഥാനത്തിന് ശക്തമായ സമരപരിപാടികളിലേക്ക് പ്രവേശിക്കേണ്ടി വരുമെന്നും ബിഷപ്പ്പറഞ്ഞു.
കൊല്ലം ബിഷപ്സ് ഹൗസിൽ വെച്ച് നടത്തിയ കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതിയുടെ എക്സിക്യൂട്ടീവ് യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്.
കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോൺസൻ സി എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ളീറ്റസ് കതിർപറമ്പിൽ മുഖ്യപ്രഭാഷണവും
ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ ആമുഖ പ്രഭാഷണവും നടത്തി.
ട്രഷറർ ടോമി പ്ലാത്തോട്ടം, ആനിമേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, വൈസ് പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ജെ ആറാടൻ,ജോയിന്റ് സെക്രട്ടറിമാരായ ഇഗ്നേഷ്യസ് വിക്ടർ, സെമിലി സുനിൽ തുടങ്ങിയവരും സംസാരിച്ചു.