സൗബിന് ഷാഹിറും ബേസില്‍ ജോസഫും ഒന്നിച്ചെത്തുന്ന ‘പ്രാവിന്കൂട് ഷാപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. നരച്ച മുടിയുള്ള മേക്കോവറില്‍ ചീട്ടുകള്‍കൊണ്ട് അമ്മാനമാടുന്ന സൗബിനെയാണ് പോസ്റ്ററില്‍ കാണുന്നത്. പൊലീസുകാരനായാണ് ബേസില്‍ പോസ്റ്ററിലുള്ളത്. രണ്ട് പോസ്റ്ററുകളായാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്.
ചെമ്പന്‍ വിനോദും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചാന്ദ്നി ശ്രീധരന്, ശിവജിത് പത്മനാഭന്, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, (പ്രതാപന് കെ.എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന് ആണ് സംവിധാനം. എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരണം നടന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്.