വില്‍സി സൈമണ്‍
കാര്യം അത്ര നിസാരമല്ല. തീക്കൊള്ളിക്കൊണ്ടു തല ചൊറിയരുത് എന്ന ഒരു പഴമൊഴിയുണ്ട്. അടുത്ത ദിവസമാണ് കൗമാരപ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയുടെ വികാരനിര്‍ഭരമായ ഒരു യൂട്യൂബ് ടോക്ക് കേട്ടത്. സെലിബ്രേറ്റിയായ ഒരു നടന്റെ ഏക മകള്‍.
അച്ഛന് എനിക്ക് ആരുമല്ല, അദ്ദേഹം പറയുന്നതെല്ലാം കള്ളമാണ്. എനിക്ക് അച്ഛനെ ഇഷ്ടമല്ലയെന്നും I have no reason to love my father. എന്നാണ് ആ കുട്ടി പറഞ്ഞു വച്ചത്. നിഷ്കളങ്കയായ ആ പെണ്‍കുട്ടി എനിക്ക് പഠിക്കാന്‍ കഴിയുന്നില്ല. കൂട്ടുകാരുടെ ചോദ്യങ്ങളും കളിയാക്കലും ഒന്നും എനിക്ക് സഹിക്കാന്‍ വയ്യ എന്നൊക്കെയാണ് പറഞ്ഞു പരിതപിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ ഇത്തരത്തിലുള്ള എത്രയെത്ര അസ്വസ്ഥതകളിലൂടെയും സങ്കടങ്ങളിലൂടെയും ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ കുടുംബബന്ധങ്ങളില്‍ കാര്യമായ വിള്ളലുകള്‍ സംഭവിച്ചിരിക്കുന്നു. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല.
കേരളത്തിലെ ഒരു തൊഴിലാളി നേതാവിന്റെ മൃതദേഹം കോടതി വിധി കാത്ത് മോര്‍ച്ചറിയുടെ തണുപ്പില്‍ മരവിച്ചിരിക്കുകയാണ്. മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പ്രശ്നത്തിന് കാരണമായത്. അന്തിമവിധി കോടതി പറയും വരെ കാത്തിരിക്കണം. എന്തായാലും പിന്നീട് മക്കള്‍ തമ്മിലുണ്ടായ അഭിപ്രായ പ്രകടനങ്ങളും കോലാഹലങ്ങളും പലതും അപക്വവും ഒഴിവാക്കേണ്ടതുമായിരുന്നു. കുടുംബബന്ധങ്ങളുടെ ചൈതന്യം മാഞ്ഞു പോയിരിക്കുന്നു. ചുരുക്കത്തില്‍ നമ്മുടെ കുടുംബങ്ങളില്‍ മൂല്യച്യുതി സംഭവിച്ചുകഴിഞ്ഞുവെന്നത് വാസ്തവമാണ്.
വലിയ കാറും വീടും ആഭരണങ്ങളും പണവും സൗകര്യങ്ങളുമൊക്കെ നമുക്ക് ഉണ്ടെങ്കിലും അതൊന്നും എവിടെയും സമാധാനവും സന്തോഷവും തരുന്നില്ലെന്ന് ആനുകാലിക സംഭവവികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വിദ്വേഷവും പകയും വെറുപ്പും ഇന്ന് കുടുംബങ്ങളെ നരകതുല്യമാക്കിയിരിക്കുകയാണ്. മദ്യത്തിന് പുറമേ ലഹരിയും വീടുകളില്‍ എത്തിക്കഴിഞ്ഞു. ആത്മഹത്യകളും കൊലപാതകങ്ങളും വീടുകളില്‍ വര്‍ദ്ധിക്കുന്നു.
പലപ്പോഴും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വീട്ടില്‍ ഇരിക്കാന്‍പോലും താല്പര്യമില്ല. അവരെ കേള്‍ക്കാനും അവരോടു സംസാരിക്കാനും ആളില്ല. ആര്‍ക്കും സമയമില്ല. എപ്പോഴും വീടുകളില്‍ വഴക്കാണ്, ബഹളമാണ്. അങ്ങനെ കാരണങ്ങള്‍ പലതുമുണ്ട്.
പണ്ട് നമുക്ക് നല്ലൊരു കാലമുണ്ടായിരുന്നു. ഉള്ളതു പങ്കുവച്ചും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിച്ചിരുന്ന നന്മയുടെ ഈറ്റില്ലങ്ങളായിരുന്നു നമ്മുടെ കുടുംബങ്ങള്‍. വീടുകളില്‍ അപ്പന് അമ്മയെയും അമ്മ അപ്പനെയും മക്കള്‍ മാതാപിതാക്കളെയും മറ്റുള്ളവരെയും സ്നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.
കൂട്ടുകുടുംബങ്ങളായതുകൊണ്ടുതന്നെ ഭവനങ്ങളില്‍ ഉണ്ടായിരുന്ന ഇല്ലായ്മകളും വല്ലായ്മകളും എല്ലാവരും ഒന്നിച്ചു പങ്കിട്ടെടുത്തു. ജാതിമതഭേദങ്ങളില്ലാതെ അയല്പക്കങ്ങള് തമ്മില്‍ സൗഹൃദവും അടുപ്പവും കാത്തുസൂക്ഷിച്ചു. മുന്‍വിധികളില്ലാതെ ബന്ധങ്ങളെ കൈകാര്യം ചെയ്തു. തന്നേക്കാള്‍ താഴെയുള്ളവരെ പഠിപ്പിക്കാന്‍ മൂത്തവരൊക്കെ പഠനം നിര്‍ത്തിയ കുടുംബങ്ങള്‍ വരെ നമുക്ക് ഉണ്ടായിരുന്നു. കുട്ടികള്‍ എല്ലാവരും ഒന്നിച്ചു കളിച്ചും പഠിച്ചും വളര്‍ന്നു. ഒരുമിച്ച് തന്നെ കളിവള്ളവും കളിവീടുമൊക്കെ ഉണ്ടാക്കി. കട്ടന്‍ചായയും കപ്പയും ചക്കയും മാങ്ങയുമൊക്കെ ഒരുമിച്ചിരുന്നു കഴിച്ചു. വീടുകളില്‍ കഥകളും പാട്ടുകളും പ്രാര്‍ഥനകളും പറഞ്ഞു തരാന്‍ മുത്തശ്ശിമാരുണ്ടായിരുന്നു. ഉള്ള അന്നം മക്കള്‍ക്ക് വിളമ്പിക്കൊടുത്ത് പട്ടിണി കിടക്കുന്ന അമ്മമാരുണ്ടായിരുന്നു. മക്കള്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്ന മാതാപിതാക്കള്‍ ഉണ്ടായിരുന്നു. അരിയും മുളകും കടുകും കറിവേപ്പിലയും ഉപ്പും മഞ്ഞളുമൊക്കെ തീരുമ്പോള്‍ തരാന്‍ മനസ്സുള്ള അയല്പക്കങ്ങളുണ്ടായിരുന്നു.
ദാരിദ്ര്യത്തിന്റെയും ദുരിതങ്ങളുടെയും അക്കാലത്തും ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞ നല്ല ദിനങ്ങള്‍ നമ്മുടെ ഓര്‍മ്മയിലുണ്ട്. ആര്‍ക്കും ആരോടും പരിഭവവും പരാതിയുമില്ല. ഉള്ളതുകൊണ്ടുമാത്രം സംതൃപ്തിയില്‍ ജീവിച്ചു പോന്ന കുടുംബങ്ങള്‍ സ്നേഹത്തിന്റെ താവളങ്ങള്‍ ആയിരുന്നു.
ഇന്ന് നമ്മുടെ അണുകുടുംബങ്ങള്‍ ഓരോരോ സെല്ലുകളായി ചുരുങ്ങി. കുടുംബത്തിലെ പ്രായമുള്ളവരും രോഗികളുമാണ് അത്യധികം ഏകാന്ത അനുഭവിക്കുന്നത്. അവരോടൊപ്പം സമയം ചെലവഴിക്കാനോ അവരെ ശുശ്രൂഷിക്കുവാനോ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും സമയമില്ല. എല്ലാവരും തിരക്കിലാണ്. മാത്രമല്ല ഭൂരിഭാഗം മക്കളും വിദേശത്തേയ്ക്ക് ചേക്കേറിക്കഴിഞ്ഞു. വൃദ്ധസദനങ്ങളില്‍ താമസക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ജീവിതകാലം മുഴുവന്‍ മക്കള്‍ക്ക് വേണ്ടി അധ്വാനിച്ചു അവസാനം ആര്‍ക്കും വേണ്ടാത്തവരായി മാറുകയാണ് ഏറിയ പങ്കും മാതാപിതാക്കളും. വീടിനും സ്വത്തിനും വേണ്ടി മക്കളും മരുമക്കളും തമ്മില്‍ പട വെട്ടുമ്പോള്‍ നിശബ്ദരായി നിന്നുകൊണ്ടു ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്.
പല വീടുകളിലും സഹോദരി സഹോദരന്മാര് തമ്മില്‍ തമ്മില്‍ മിണ്ടാറില്ല. പലപ്പോഴും കുടുംബങ്ങളിലെ ഭൂരിഭാഗം തര്‍ക്കങ്ങളും സ്വത്തുമായി ബന്ധപ്പെട്ടതായിരിക്കും. മാതാപിതാക്കളുടെ സ്വത്തിനുവേണ്ടി കടിപിടി കൂടുന്ന മക്കള്‍ക്ക് അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നു പല കുടുംബങ്ങളും മറന്നു കഴിഞ്ഞു. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വിവാഹശേഷം സ്വന്തം വീടുകളില്‍ സ്വതന്ത്രമായി ഇടപെടാനും താമസിക്കാനുമുള്ള സ്വാതന്ത്ര്യം പോലും കുറഞ്ഞുവരികയാണ്.
രക്തബന്ധങ്ങളില്‍ പോലും പണവും കഴിവുമെല്ലാം അളന്നു നോക്കി വില പറയുന്ന സാഹചര്യംപോലും നമ്മുടെ ചില കുടുംബങ്ങളിലുണ്ട്. സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് കുടുംബം. കുടുംബങ്ങളിലെ ധാര്‍മികച്യുതി സമൂഹത്തിന്റെ അപചയത്തിന് കാരണമാകുമെന്നതില്‍ സംശയമില്ല. കുടുംബങ്ങളില്‍ മാതാപിതാക്കള്‍ നന്മയുടെ മാതൃകകളാകണം. മക്കളെ മൂല്യബോധമുള്ളവരായി വളര്‍ത്തേണ്ടത് മാതാപിതാക്കളാണ്. കുട്ടികളെ ലക്ഷങ്ങള്‍ ചെലവഴിച്ച് പഠിപ്പിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ ചെറുപ്പം മുതലേ അവരില്‍ സ്നേഹവും കാരുണ്യവും വാത്സല്യവും പ്രാര്‍ഥനയും ദൈവഭക്തിയുമൊക്കെ വളര്‍ത്തിയെടുക്കാനുള്ള ശ്രമം മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. കുട്ടിക്കാലത്ത് വീടുകളില്‍ അവര്‍ക്ക് നാം നല്കുന്ന നിര്‍ദേശങ്ങളും തിരുത്തലുകളും അവരുടെ വ്യക്തിത്വത്തെ വളര്‍ത്തുന്നു.
മാതാപിതാക്കളുടെ പരസ്പരസ്നേഹവും കരുതലും കണ്ടും കേട്ടും അനുഭവിച്ചും വളരുന്ന കുട്ടികളില്‍ പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. കാലം മാറിക്കൊണ്ടിരിക്കുകയാണ്. ചുറ്റും കപടതയുടെ ലോകമാണ്. ജയിക്കാനായി മനുഷ്യന് ഏത് കളിയും കളിക്കുന്ന ലോകമാണിത്. ഭര്‍ത്താവിനോട് ജയിക്കാന്‍ ഭാര്യയും, ഭാര്യയെ ജയിക്കാന്‍ ഭര്‍ത്താവും, രക്ഷിതാക്കളെ തോല്‍പ്പിക്കാന്‍ കാത്തുനില്ക്കുന്ന മക്കളും, മക്കളോട് ജയിക്കാന്‍ കാത്തുനില്ക്കുന്ന രക്ഷിതാക്കളും ഒക്കെ നമ്മുടെ അരികില്‍ തന്നെയുണ്ട്. ഇവിടെ ആര്‍ക്കും ആരെയും സത്യസന്ധമായി സ്നേഹിക്കാന്‍ നേരമില്ല. സ്വന്തം കാര്യം നേടാന്‍ ഏതറ്റം വരെ പോകാന്‍ മടി കാണിക്കാത്തവരുടെ ലോകമാണ് ചുറ്റുമുള്ളത്.
എന്നിരുന്നാലും കുടുംബങ്ങളിലെ സ്നേഹവും സമാധാനവും സന്തോഷവും വീണ്ടെടുക്കാന്‍ ഇനിയും ധാരാളം സാധ്യതകളും പ്രതീക്ഷകളും ഉണ്ട്.. സൂക്ഷിച്ചു നോക്കിയാല്‍ നിലാവ് പോലെ പ്രഭയുള്ള ചില ജീവിതങ്ങള്‍ ഇപ്പോഴും നമ്മുടെ കണ്മുമ്പിലുണ്ട്. പിന്തിതിരിയാം നമുക്ക് അവരുടെ കാല്‍പ്പാദങ്ങളിലേക്ക്…
ദൈവമേ നിന് ഗേഹമെത്ര മോഹനം
നിന് ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്!