ജെയിംസ് അഗസ്റ്റിൻ
ഇന്ത്യയിലെ സംഗീത പ്രതിഭകളെ ആഗോളസംഗീതലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനു അശ്രാന്തപരിശ്രമം നടത്തിയ സ്ഥാപനമാണ് ഓറിയെന്റല്‍ റെക്കോര്‍ഡ്സ്. രംഗസാമി പാര്‍ത്ഥസാരഥി എന്ന സംഗീത സംവിധായകന് ആരംഭിച്ച കമ്പനി ലോകസംഗീതവിപണിയിലേക്കു ഇന്ത്യയുടെ അഭിമാനതാരങ്ങളെ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ത്യയില്‍ സിനിമാസംഗീത ത്തിനു മാത്രമായിരുന്നു വിപണി മൂല്യം ഉണ്ടായിരുന്നത്. മറ്റു രാഷ്ട്രങ്ങളില്‍ പ്രത്യകിച്ചു യൂറോപ്പിലും അമേരിക്കയിലും ഉപകരണസംഗീതത്തിനും ക്ലാസിക്കല്‍ മ്യുസിക്കിനും സ്വീകാര്യതയും വിപണിമൂല്യവും കൂടുതലായി ലഭിച്ചിരുന്നു.
എന്നാല്‍ ലോകവിപണിയിലേക്കു നമ്മുടെ അതിപ്രഗല്ഭരുടെ വളരെക്കുറച്ചു ആല്‍ബങ്ങള്‍ മാത്രമായിരുന്നു എത്തിയിരുന്നത്. ലോക സംഗീത സാമ്രാജ്യത്തിലേക്കു നമ്മുടെ പ്രഗത്ഭരുടെ സൃഷ്ടികള്‍ എത്തിക്കുന്നതിനുള്ള രംഗസാമിയുടെ പ്രവര്‍ത്തനങ്ങള്‍ വഴിയായി പ്രകാശിതമായ കുറച്ചു ആല്‍ബങ്ങള്‍ പരിചയപ്പെടാം.
ഷെഹ്നായി എന്ന സുഷിരവാദ്യവായനയിലൂടെ ഭാരതരത്നവരെ നേടിയ ഉസ്താദ് ബിസ്മില്ലാ ഖാന്റെ വൈബ്രന്റ് സൗണ്ട്സ് ഓഫ് ഷെഹനായ് എന്ന ആല്‍ബ ത്തിനു വന്‍ സ്വീകരണമാണ് ലഭിച്ചത്. ദി ഡോയന്‍ ഓഫ് ഹിന്ദുസ്ഥാനി മ്യൂസിക് എന്ന ആല്‍ബത്തിലൂടെ പണ്ഡിറ്റ് രവിശങ്കറിന്റെ സിത്താര്‍ വായനയുടെ മാസ്മരികത ലോകത്തിനു മുന്നില്‍ വീണ്ടും അവതരി പ്പിക്കാന് രംഗസാമിക്കു കഴിഞ്ഞു.
അതിപ്രഗത്ഭ ഗിറ്റാറിസ്റ്റുകളോടൊപ്പം ഞങ്ങള്‍ക്ക് ഒരു ബ്രിജ് ഭൂഷണ് കബ്ര ഉണ്ടെന്നു പറയാനായി എക്സോടിക് സൗണ്ട്സ് ഓണ്‍ ഗിറ്റാര്‍ എന്നൊരു ആല്‍ബം രംഗസാമി പുറത്തിറക്കി.
സരോദ് എന്ന തന്ത്രിവാദ്യ ത്തിലൂടെ പ്രശസ്തനായ ഉസ്താദ് അലി അക്ബര്‍ ഖാന്റെ ആല്‍ബത്തിന് പേരിട്ടത് സോള്‍ ഓഫ് സരോദ് എന്നായിരുന്നു. പ്രശസ്ത തബലിസ്റ്റ് സ്വപന് ചൗദരിയായിരുന്നു ഈ ആല്‍ബത്തിനു താളമൊരുക്കിയത്. ഭഗവത്ഗീത, ഋഗ്വേദ, ഗായത്രീമന്ത്ര എന്നി വയ്ക്ക് ശബ്ദം നല്കാന് സംഗീതം നല്കിയ രംഗസാമി ക്ഷണിച്ചത് യേശുദാസിനെയായിരുന്നു.
ഉപനിഷത്തിലെ ഏതാനും ഭാഗങ്ങള്‍ സ്വയം സംഗീതം ചെയ്തു പി. സുശീലയെക്കൊണ്ട് പാടിച്ചു റെക്കോര്‍ഡ് ചെയ്തു രണ്ടു റെക്കോര്ഡുകളിലായി ലോകത്തിനു മുന്നില്‍ അദ്ദേഹം പ്രകാശിപ്പിച്ചു.
ഹിന്ദുസ്ഥാനി ഗായകനായ പണ്ഡിറ്റ് ജസ് രാജിന്റെ ആലാപനവുമായി ഇറക്കിയ എല്‍. പി. റെക്കോര്‍ഡില്‍ തബല വായിച്ചത് സാക്കിര്‍ ഹുസ്സൈനായിരുന്നു. സന്തൂര്‍ എന്ന തന്ത്രിവാദ്യത്തിന്റെ ചക്രവര്‍ത്തിയാണ് പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ. തബലയുടെ രാജകുമാരനായ സാക്കിര്‍ ഹുസ്സൈനുമായി ശിവകുമാര്‍ ശര്‍മയെ ചേര്‍ത്ത് സൗണ്ട്സ് ഓഫ് ദി സന്തൂര്‍ എന്നു നാമകരണം ചെയ്തു പുറത്തിറക്കിയ ആല്‍ബം അതിപ്രശസ്തമാണ്.
മാന്‍ഡലിന്‍ എന്ന സംഗീതോപകരണം വായിച്ചു പ്രശസ്തനായ യു. ശ്രീനിവാസിനെ കുട്ടിക്കാലത്തു തന്നെ ലോകത്തിനു പരിചയപ്പെടുത്താനായി രംഗസാമിക്ക് കഴിഞ്ഞു. ദി അഡോറ ബിള്‍ ചൈല്‍ഡ് പ്രോഡിജി എന്നാണ് ശ്രീനിവാസിന്റെ ആല്‍ബത്തിന്റെ പേര്.
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ദി മിസ്റ്റിക്കല്‍ ഫ്ളൂട്ട് എന്ന ആല്‍ബത്തിലൂടെ ഓടക്കുഴലിന്റെ സ്വരലയം ലോക ത്തെ കേള്‍പ്പിക്കാന്‍ രംഗസാമി ശ്രമിച്ചു.
ഇന്ത്യന്‍ സംഗീതപ്രതിഭകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച രംഗസാമിയുടെ പ്രയത്നങ്ങളെ നമുക്ക് നന്ദിയോടെ ഓര്‍ക്കാം.