ആര്യനാട് :നെയ്യാറ്റിൻകര രൂപത സിൽവർ ജൂബിലി ലോ കോളേജ് ഉദ്ഘാടനം ചെയ്തു. കാൽ നൂറ്റാണ്ടിലേറെയായി തെക്കൻ കേരളത്തിന്റെ ആത്മീയ-സാമൂഹീക – സാംസ്കാരിക- വിദ്യാഭ്യാസ – ജീവകാരുണ്യ മേഖലകളിൽ കൈയ്യൊപ്പ് ചാർത്തിയ നെയ്യാറ്റിൻകര രൂപത അഭിമാനത്തിന്റെയും ചാരിതാർത്ഥ്യത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും ഒരു നാഴികകല്ലു കൂടി പിന്നിടുകയാണ്.
സിൽവർ ജൂബിലി ലോ കോളേജിന്റെ ആശിർവ്വാദകർമ്മം നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ നിർവ്വഹിക്കുന്നു
ഈ നാടിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും കാലിക പ്രാധാന്യത്തോടെ ഇടപെടൽ നടത്തിയ നെയ്യാറ്റിൻകര ലത്തീൻ രൂപതയ്ക്ക് കേരള സർക്കാരിന്റെ ജൂബിലി സമ്മാനമാണ് ഈ സ്ഥാപനം.
ആര്യനാട് മേരി ഗിരി അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങുകൾ പ്രൗഡ ഗംഭീരമായിരുന്നു . വൈകുന്നേരം 3 : 30 ന് കോളേജിന്റെ ആശിർവാദ കർമ്മം നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമൂവലും 4 മണിക്ക് കോളേജിന്റെ ഔപചാരികമായ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടിയും നിർവ്വഹിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു . ബിഷപ്പ് ഡോ. വിൻസെന്റ് സാമൂവൽ അധ്യക്ഷത വഹിച്ചു .സിൽവർ ജൂബിലി ലോ കോളേജ് ചെയർമാൻ മോൺ. ഡോ.വിൻസെന്റ് കെ പീറ്റർ ആമുഖ സന്ദേശം നൽകി. രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി.
അടൂർ പ്രകാശ് എം. പി. മുഖ്യ സന്ദേശം നൽകി. ലോ കോളേജ് പ്രിൻസിപ്പാൾ ഡോ. റാണി ജോർജ് സന്ദേശം നൽകി.മോൺ. ഡി സെൽവരാജൻ,മോൺ. റൂഫസ് പയസ് ലീൻ, ആനാവൂർ നാഗപ്പൻ, ജി. സ്റ്റീഫൻ എം.എൽ. എ, മുൻ എം.എൽ.എ. കെ. സ്. ശബരി നാഥ്, റവ . ഡോ.ജോണി കെ. ലോറൻസ്, വിതുര ശശി, പി.ആർ പോൾ, അനിൽ ജോസ്.ഡി. ജി, ഇന്ദു ലേഖ, വി. വിജു മോഹൻ, മുളയറ രതീഷ്, കെ.സ്.മോളി, എന്നിവർ ആശംസകൾ അർപ്പിച്ചു. കോളേജ് ബോർഡ് മെമ്പർ എം. എം അഗസ്റ്റിൻ സ്വാഗതവും, കോളേജ് സെക്രട്ടറി ഡി. ആൽഫ്രഡ് വിൽസൺ നന്ദിയും പറഞ്ഞു.
ചടങ്ങുകളിൽ രൂപതയിലെ വൈദീകരും, സന്യസ്തരും, വിശ്വാസികളും, പ്രദേശ വാസികളും പങ്കെടുത്തു. വിവിധ ആത്മീയ – രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക – വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും സംബന്ധിച്ചു.
കോളേജിൽ ഈ വർഷം അഞ്ച് വർഷ എൽ. എൽ.ബി കോഴ്സ് ആണ് ആരംഭിക്കുന്നതെന്നും അതിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.