ഫാ. സിബു ഇരിമ്പിനിക്കല്‍
സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷന്
ലോകസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്ന് നാടകമാണ്. നാടകം രൂപംകൊണ്ട പ്രദേശങ്ങളില്‍ ആദ്യം അത് ഒരുതരം അനുഷ്ഠാനമായിരുന്നു. മനുഷ്യജീവിതത്തെയും പ്രപഞ്ചത്തെയും നിയന്ത്രിക്കുന്ന അദൃശ്യശക്തികള് തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ആശയവിനിമയങ്ങള്‍, സംഘര്‍ഷം എന്നിവ ആംഗ്യത്തിലൂടെയും നൃത്തചലനങ്ങളിലൂടെയും ഗാനത്തിലൂടെയും പ്രാചീനമനുഷ്യര്‍ ആവിഷ്കരിച്ചവയാണ് അനുഷ്ഠാനങ്ങള്‍. ആ അനുഷ്ഠാനം പല പരിണാമങ്ങളിലൂടെ വികസിച്ച് നാടകരൂപം പ്രാപിക്കുകയായിരുന്നു. വികസിതമായ നാടകകല ആദ്യമായി നിലവില്‍ വന്ന രാജ്യം പ്രാചീന ഗ്രീസ് ആയിരുന്നു എന്ന് ഗവേഷകന്മാര് കണ്ടെത്തിയിട്ടുണ്ട്. പ്രാചീനഗ്രീസിലെ ജനങ്ങള്‍ ദേവതകള്‍ക്ക് ബലി അര്‍പ്പിക്കാന്‍ ദേവതാ പ്രതിഷ്ഠകള്‍ക്കു ചുറ്റും അണിനിരന്ന് ആരാധനാപരമായ പാട്ടുകള്‍ പാടുകയും താളാത്മകമായി ചുവടുവച്ച് നൃത്തം ചെയ്തുകൊണ്ട് പ്രതിഷ്ഠയെ വലംവയ്ക്കുകയും ചെയ്തുവന്നു. ആ ചടങ്ങ് കാലാന്തരങ്ങളില്‍ കലാപരമായി വികസിക്കുകയായിരുന്നു.
മൂന്നു പതിറ്റാണ്ടു കാലത്തിലധികമായി കേരള കത്തോലിക്ക മെത്രാന് സമിതിയുടെ (കെസിബിസി) ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ പ്രഫഷണല്‍ നാടകമേള നടന്നുവരികയാണ്. കേരളത്തില്‍ ഇതേ കാലഘട്ടത്തില്‍ പ്രഫഷണല്‍ നാടകങ്ങള്‍ക്കുണ്ടായിരുന്ന സമാനമായ പല വേദികളും ഇന്ന് ഇല്ലാതായി. കെസിബിസി ഇന്നും തുടര്‍ന്നു വരുന്ന നാടകശ്രമങ്ങളുടെ ചരിത്രം തേടുന്നു.
ക്രിസ്ത്യാനിക്കെന്ത് സാഹിത്യം?
ക്രിസ്ത്യാനിക്കെന്ത് സാഹിത്യം? എന്ന് മലയാള സാഹിത്യസാംസ്കാരിക കലാരംഗത്തെ ഉന്നതരില്‍ ചിലര്‍ ഒരു കാലത്ത് ചോദിച്ചിരുന്നു. കണ്ണടച്ച് ഇരുട്ടാക്കിയ ചോദ്യം. കലാസാഹിത്യം ദന്തഗോപുരങ്ങളില്‍ വസിക്കുന്നവര്‍ക്കു മാത്രമേ വഴങ്ങൂവെന്ന് ശാഠ്യം പിടിച്ചിരുന്നവര്‍ക്ക് സ്വയമാര്‍ജ്ജിച്ച തങ്ങളുടെ കഴിവിനാല് ക്രിസ്ത്യാനി മറുപടി നല്കി. ചവിട്ടുനാടകം, തനതു നാടകങ്ങള്‍, ബൈബിള്‍ നാടകങ്ങള്‍ തുടങ്ങി കേരളത്തിന്റെ ക്രൈസ്തവ നാടകപാരമ്പര്യം വളരെ വിപുലവും സമ്പന്നവുമാണ്.
യൂറോപ്യന്‍ മിഷണറിമാര്‍ സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ ചവിട്ടുനാടകം പ്രചരിപ്പിച്ചു. നാടകവേദിയെ സുവിശേഷം പറയാനുള്ള അനുയോജ്യമായ വേദിയായി മനസ്സിലാക്കിയതാണ് മിഷണറി നാടകങ്ങളുടെ കഥ. ക്രിസ്തുമസും ഈസ്റ്ററും പ്രമേയമാക്കിയും നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. വിശുദ്ധരുടെ ജീവിതങ്ങള്‍ പ്രമേയമാക്കി മിറക്കിള്‍ പ്ലേയ്സ് ഉണ്ടായി. ധാര്‍മ്മിക മൂല്യങ്ങളെ കഥാപാത്ര സ്വഭാവത്തില്‍ അവതരിപ്പിച്ച താണ് മൊറാലിറ്റി പ്ലെയ്സ്. ലത്തീന്‍ ആരാധന ക്രമത്തോടനുബന്ധിച്ച് ബൈബിള്‍ പാരായണത്തിനിടയ്ക്ക് സീക്വന്‍സ് എന്ന പേരില്‍ ഒരു പാരായണമുണ്ട്. ആധുനിക യൂറോപ്യന്‍ നാടകത്തിന്റെ ആദിരൂപത്തെ ഇതില്‍ കാണാം. ദിയോനീസസ് ദേവതയുടെ ഉത്സവത്തോടനുബന്ധിച്ച് ഉടലെടുത്ത ഗ്രീക്ക് നാടകവേദിയുടെ മത-സാംസ്ക്കാരിക ബന്ധം ഈ ക്രൈസ്തവാരാധനയുടെ ഇടയിലേക്കുള്ള നാടകത്തിന്റെ പിറവിയെ ചേര്‍ത്തുവായിക്കാം.
നാടക രചനയുടെ കാലം പരിഗണിച്ചാല്‍ കൊച്ചിപ്പന്‍ തരകന്റെ ‘മറിയാമ്മ’ (1867) എന്ന നാടകമാണ് മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം. ഇതേ കാലഘട്ടത്തില്‍ തന്നെ കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസിന്റെ ആള്‍മാറാട്ടം അഥവാ ഒരു നല്ല കേളിസല്ലാപം (കോമഡി ഓഫ് എറേഴ്സ് – ഷേക്സ്പിയര്) എന്ന നാടകവും പുറത്തു വന്നു. കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള തുടങ്ങിയവരുടെ സ്വതന്ത്രനാടകങ്ങളും ഉണ്ടായിത്തുടങ്ങി. എബ്രായക്കുട്ടി, ബൈബിള്‍ കഥയെ ആസ്പദമാക്കി രചിച്ച് ഇംഗ്ലീഷ് നാടകരീതി അനുസരിച്ച് മലയാളത്തില്‍ ഉണ്ടായ ആദ്യ നാടകമാണ്. ആദ്യകാല നാടകങ്ങളില്‍ വി. എസ്. ആന്‍ഡ്രൂസിന്റെ നാടകങ്ങളും മലയാളസംഗീത നാടകങ്ങളില്‍ അഗ്രിമസ്ഥാനത്തു വരുന്നുണ്ട്. നാടകം മഹനീയമായ ഒരു കലയാണ് എന്നു കരുതുകയും മനുഷ്യന്റെ ദൈനംദിനജീവിതത്തിലെ സംഭവങ്ങളില്‍ നിന്ന് ഉത്തമനാടകം ഉണ്ടാവുകയില്ല എന്ന് വിശ്വസിക്കുകയും ചെയ്ത നാടകകൃത്താണ് സി. ജെ. തോമസ്. വനിതാ നാടകൃത്തുകകളിലും ക്രൈസ്തവ സാന്നിധ്യം ആദ്യഘട്ടത്തിലേ കാണാം-ഏലിയാമ്മ ജോര്‍ജ് (കല്യാണക്കാര്യം).
നാടക നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍. സി.എല്‍. ജോസ്, തുടങ്ങി മരട് ജോസഫും, ഫ്രാന്‍സിസ് ടി. മാവേലിക്കരയുമടക്കമുള്ള മലയാള സംഗീതനാടക ലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നിരവധി പേരെ ക്രൈസ്തവ സമുദായം സംഭാവന നല്‍കിയിട്ടുണ്ട്.
നാടകവും കെസിബിസിയും
മനുഷ്യന് അന്വേഷിക്കുന്നത് അവന്റെ ജീവിതത്തിന്റെ അര്‍ത്ഥമാണ്. അതിന്റെ ആത്മീയഭാവം കലയില്‍ പൊതുവെയും നാടകത്തില്‍ പ്രകടമായും കാണാം. കെസിബിസിയെ സംബന്ധിച്ചിടത്തോളം നാടകം ഒരു ആത്മീയ അന്വേഷണവും ദാര്‍ശനിക പ്രകടനവും സാംസ്ക്കാരിക ഇടപെടലുമാണ്. 1968 ലാണ് കെസിബിസിയുടെ ആസ്ഥാനമന്ദിരമായ പിഒസി സ്ഥാപിതമായത്. 1976 ല്‍ കെസിബിസി മാധ്യമ കമ്മീഷന് തുടക്കം കുറിച്ചു. 1985 ല്‍ തുടങ്ങിയ ആലോചനകള്‍ 1986-87 കാലത്ത് ബൈബിള്‍ നാടകമത്സരമായും തുടര്‍ന്ന് പ്രൊഫണല്‍ നാടകമത്സരവും മേളയുമായി വളര്‍ന്നു.
മലയാള പ്രഫഷണല്‍ നാടകവേദിയുടെ വസന്തകാലമായിരുന്നു 1980കള്‍ എന്നു പറയാം. നൂറു കണക്കിന് നാടകശാലകള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടായിരുന്നു. ആയിരക്കണക്കിന് കലാകാരന്മാര് നാടകരംഗത്ത് നിറഞ്ഞുനിന്നു. ഉത്സവപറമ്പുകളിലും തിരുനാള്‍ മുറ്റങ്ങളിലും നാടകശാലകളിലും തിങ്ങിനിറഞ്ഞ് നാടകപ്രേമികള്‍ നാടകങ്ങള്‍ കാണാനെത്തി. അക്കാലത്താണ് ഏറെ വിവാദമുയര്‍ത്തിയ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകം അരങ്ങിലെത്തിയത്.
ക്രൈസ്തവരെ മുറിവേല്‍പ്പിച്ച ‘ആറാം തിരുമുറിവ്’
1986ല്‍ അവതരിപ്പിക്കപ്പെട്ട നാടകമാണ് ക്രിസ്തുവിന്റെ ആറാം തിരുമുറിവ്. കസന്‍ദ്സക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന കൃതിയെ ആധാരമാക്കിയാണ് പി.എം. ആന്റണി ഈ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത. സൂര്യകാന്തി തിയറ്റേഴ്സിന്റെ ബാനറില്‍ അവതരിപ്പിക്കപ്പെട്ട നാടകം ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമാവുകയും സര്‍ക്കാര്‍ ഡ്രമാറ്റിക് പെര്‍ഫോമന്‍സ് ആക്റ്റ് പ്രകാരം നാടകം നിരോധിക്കുകയും ചെയ്തു. വിമോചന സമരത്തിന് ശേഷം ക്രൈസ്തവ സഭ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ ഏറ്റവും ശക്തമായ ഇടപ്പെട്ട സന്ദര്‍ഭം കൂടിയായിരുന്നു ഇത്. സംഘാടകര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യ മുഴുവന്‍ നിരോധനമായിരുന്നു സുപ്രീം കോടതി വിധി. നാടകത്തില്‍ യേശുക്രിസ്തുവും മഗ്ദലന മറിയവും തമ്മിലുണ്ടായിരുന്ന ബന്ധത്തെ വികലമായി ചിത്രീകരിച്ചതായിരുന്നു പ്രതിഷേധത്തിന് പ്രധാന കാരണമായത്. നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധറാലിയും നടന്നു. സമരം വ്യാപകമായപ്പോഴാണ് സര്‍ക്കാര്‍ നാടകം നിരോധിച്ചത്.
പ്രശ്നം രൂക്ഷമായതോടെ, സമൂഹത്തിന്റെ വിയോജിപ്പ് എങ്ങനെ പരിഹരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ കെസിബിസി മീഡിയ കമ്മീഷന് ചെയര്മാന് യോഗം വിളിച്ചു. മീറ്റിംഗില്‍, പങ്കെടുക്കുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന് തുടങ്ങി. നിശ്ശബ്ദമായി കുറിപ്പുകള്‍ എടുക്കുന്ന ഒരു വൈദികനോട് തന്റെ അഭിപ്രായം പങ്കിടാന്‍ അന്നത്തെ കെസിബിസി മീഡിയ കമ്മീഷന് ചെയര്‍മാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ആവശ്യപ്പെട്ടു. പിന്നീട് കൊച്ചി പാലാരിവട്ടത്തെ പിഒസിയില്‍ കെസിബിസി പ്രൊഫഷണല്‍ നാടകോത്സവം ആരംഭിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഫാ. ജോസ് പ്ലാച്ചിക്കല്‍ ആയിരുന്നു ആ വൈദികന്.
ഈ വര്‍ഷത്തെ നാടകോത്സവത്തില്‍ പ്രകാശനം ചെയ്ത സുവനീറില്‍, ക്രിസ്ത്യന്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി തിയേറ്ററിനെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ കെസിബിസി മീഡിയ കമ്മീഷന് എങ്ങനെയാണ് ആരംഭിച്ചതെന്ന് ഫാ. പ്ലാച്ചിക്കല്‍ എഴുതുന്നുണ്ട്. അദ്ദേഹം വിവരിക്കുന്നു, ‘മാധ്യമ കമ്മീഷന് ചെയര്‍മാനോട് ചോദിച്ചപ്പോള്‍, സംഭവം (പി.എം ആന്റണിയുടെ നാടകം സൃഷ്ടിച്ച കോലാഹലം) നാടകത്തിന്റെ ശക്തി പ്രകടമാക്കുന്നുവെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് സഭയ്ക്ക് അതിന്റെ കാന്തികത അവതരിപ്പിക്കാന്‍ ഈ മാധ്യമം ഉപയോഗിക്കാന്‍ കഴിയാത്തതെന്ന് ഞാന്‍ ചോദിച്ചു. അതായിരുന്നു തുടക്കം.
ഒരുക്കമായി
തീയറ്റര്‍ ട്രൂപ്പുകളുമായും നാടകകൃത്തുക്കളുമായും ബന്ധപ്പെട്ടു. പ്രാഥമിക ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 1987-ല്‍ ആദ്യത്തെ നാടക മത്സരോത്സവം നടത്താന്‍ തീരുമാനിച്ചു. പ്രശസ്ത പ്രൊഫഷണല്‍ നാടക സംഘങ്ങളില്‍ നിന്ന് സ്ക്രിപ്റ്റുകള്‍ ക്ഷണിച്ചു. പിന്നീട് അവ വിലയിരുത്തലിനായി പ്രമുഖ നാടക നിരൂപകര്‍ക്ക് അയച്ചു. നിരൂപക സമിതി തിരഞ്ഞെടുത്ത നാടകങ്ങള്‍ക്ക് മേളയില്‍ പങ്കെടുക്കാന്‍ അനുമതി നല്കി. മേളയുടെ ഉദ്ഘാടന പതിപ്പില്‍ അരങ്ങേറിയ ആദ്യ നാടകങ്ങള്‍ ബൈബിളധിഷ്ഠിതമായിരുന്നു. ആലപ്പി തീയേറ്റേഴ്സിന്റെ ‘അഞ്ചാം തിരുമുറിവ്’ കൊച്ചിന് നാടകവേദിയുടെ ‘ആര്ത്തബാന്’ പാലാ സാന്‍ പയസിന്റെ ‘വിശുദ്ധ അങ്കി’ കൊച്ചിന് തീയേറ്റേഴ്സിന്റെ ‘കാനായിലെ കല്യാണം’ എന്നിവയാണ് ആദ്യ കെസിബിസി നാടകമേളയില്‍ അവതരിപ്പിച്ച നാടകങ്ങള്‍. മറ്റുള്ളവ സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നവയായിരുന്നു. ഇവ പ്രത്യേക വിഭാഗങ്ങളായി അവതരിപ്പിച്ചു. പക്ഷേ, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ബൈബിള്‍ നാടകങ്ങളുടെ എണ്ണം കുറയാന്‍ തുടങ്ങി. ധാരാളം കഥാപാത്രങ്ങളും പ്രത്യേകമായ രംഗസജ്ജീകരണങ്ങളും ഇതിനാവശ്യമായിരുന്നു. ഇത് നിര്‍മ്മാണ ചെലവ് വര്‍ദ്ധിപ്പിച്ചു. സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള നാടകങ്ങള്‍ മാത്രം സമര്‍പ്പിച്ച വര്‍ഷങ്ങളുണ്ടായിരുന്നു. ‘ഓള് കേരള പ്രൊഫഷണല്‍ നാടകമത്സരം’ എന്നായിരുന്നു ആദ്യകാലങ്ങളില്‍ മേള അറിയപ്പെട്ടിരുന്നത്. പിന്നീട് മത്സരം മാറ്റാന്‍ തീരുമാനിച്ചു. മേളയില്‍ പങ്കെടുക്കുന്ന നാടകങ്ങള്‍ വിലയിരുത്തി ഗ്രേഡുകള്‍ നല്കി, ഇത് കൂടുതല്‍ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ സഹായിച്ചു.
പ്രമുഖ നാടകമേള
സംസ്ഥാനത്തെ പ്രധാന നാടകോത്സവങ്ങളില്‍ ഒന്നായി കെസിബിസി നാടക മേള മാറിയിരിക്കുന്നു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ചുറ്റുപാടുകളില്‍ നാടകങ്ങള്‍ എന്നും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സാമൂഹിക നവോത്ഥാനത്തിന്റെ വിളക്കുകള്‍ തെളിച്ച കലാകാരന്മാരെയും നാടകപ്രവര്‍ത്തകരെയും ട്രൂപ്പുകളേയും തിരിച്ചറിഞ്ഞ് പ്രതിഫലം നല്‍കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. കേരളത്തില്‍ നാടകരംഗം നശിച്ചു കൊണ്ടിരിക്കുകയാണെന്ന വാദം തെറ്റാണ്. ആ അവകാശവാദം എത്ര തെറ്റാണെന്ന് ഈ മേള തന്നെ തെളിയിക്കുന്നു! അറിയപ്പെടുന്ന നാടക കലാകാരന്മാരും, നിര്‍മ്മാതാക്കളും, സംവിധായകരും ഇവിടെ ഉണ്ട്. ഇന്നും നാടകകൃത്തുക്കള്‍ ആരെയും ആകര്‍ഷിക്കുന്ന തിരക്കഥകള്‍ എഴുതുന്നു. 2024 ല്‍ 7 മത്സരനാടകങ്ങളും പ്രദര്‍ശന നാടകമുള്‍പ്പെടെ എട്ട് നാടകങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.
തിരശ്ശീലയ്ക്ക് പിന്നിലും മുന്നിലും ജോലി ചെയ്യുന്നവരുടെ സമര്‍പ്പണത്തെ ഒട്ടും ചെറുതായി കാണാന്‍ കഴിയില്ല. അവര്‍ പണം മാത്രം ലക്ഷ്യം വച്ചല്ല നാടകരംഗത്തോക്കു വരുന്നത്. അതൊരു അഭിനിവേശമാണ്. കല മനുഷ്യനെ പരിഷ്കരിക്കുന്നു, അതിനാലാണ് കെസിബിസി ഇതിനെ ഒരു ആത്മീയ ശ്രമമായി കണക്കാക്കുന്നത്. കലയാണ് ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു മാധ്യമം. അതുകൊണ്ടാണ് കെസിബിസി നാടകവുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നു പറയാം. കാഞ്ഞിരപ്പള്ളി, പാലാ, കൊല്ലം തുടങ്ങിയ ചില രൂപതകള്‍ക്ക് സ്വന്തമായി നാടക ട്രൂപ്പുകളും ഉണ്ട്.
മെച്ചപ്പെട്ട മനുഷ്യനെ സൃഷ്ടിക്കുന്നതില്‍ കലയുടെ പങ്ക് വലുതാണ്. One of the primary way we are personalized into human being human is through watching others, and being observed and corrected by others. (Paul Woodruff, The necessity of Theater : The art of watching and being watched) വളരെ പ്രശസ്തമാണ് ഈ നിരീക്ഷണം. വികാരവിമലീകരണത്തെ പുതിയകാലത്ത് വിപുലമായ വ്യാഖ്യാനങ്ങളുടെ പരിധിയില്‍പ്പെടുത്തിയാല്‍ ഈ നിരീക്ഷണങ്ങളുടേയും പരിഷ്ക്കരിക്കപ്പെടുകയുമെന്ന ആധുനിക മനുഷ്യന്റെ ആവശ്യങ്ങള്‍ പരിഹാരമാകും.