കൊല്ലം :കാലത്തിന്റെ കർമ്മയോഗി എന്ന നാമത്താൽ ധന്യമായ ജീവിതം കാഴ്ചവെച്ച ദൈവദാസൻ ബിഷപ്പ് ജെറോമിന്റെ പിൻഗാമിയായി 23 വർഷക്കാലം കൊല്ലം രൂപതയെ നയിച്ച ആത്മീയ ആചാര്യൻ ജോസഫ് ജി ഫെർണാണ്ടസിന്റെ ജന്മശതാബ്ദി സ്മരണാചരണത്തിനു തുടക്കമായി.
കൊല്ലം രൂപതാ മെത്രാനായ റൈറ്റ് റവ. ഡോ.പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷനായിരുന്ന പൊതുസമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്ത മോസ്റ്റ് റവഡോ. തോമസ് ജെ നെറ്റൊ പിതാവ് ജോസഫ് തിരുമേനിയുടെ ജീവചരിത്ര ഗ്രന്ഥം പ്രകാശന കർമ്മം നിർവഹിച്ചു. സൗമ്യത കൊണ്ട് വിശ്വാസ മനസുകളിൽ ഇടം പിടിച്ചവനാണ് ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് അദ്ദേഹം ശതാബ്ദി ആചരണ സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു.
നർമ്മം മനസ്സിലും വാക്കിലും സൂക്ഷിച്ച് മറ്റുള്ളവരെ ബഹുമാനിച്ച ഇടയ് ശ്രേഷ്ഠനായിരുന്നു ജോസഫ് തിരുമേനി എന്ന് പുസ്തകം ഏറ്റുവാങ്ങിയ മാവേലിക്കര രൂപതാ മെത്രാൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്യോസ് പറഞ്ഞു. വിശ്വാസത്തിന്റെ പിൻബലത്തിൽ പ്രത്യാശ നിറഞ്ഞ ചരിത്രം സൃഷ്ടിച്ച മെത്രാൻ തീരദേശ മത്സ്യത്തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിൽ ചാലക ശക്തിയായിരുന്നുവെന്ന് കൊല്ലം എംപി പ്രേമചന്ദ്രൻ അനുസ്മരിച്ചു.
കൊല്ലം രൂപത മുൻ മെത്രാൻ സ്റ്റാൻലി റോമൻ, വികാരി ജനറൽ ഡോ. ബൈജു ജൂലിയൻ, പിസി വിഷ്ണുനാഥ് എംഎൽഎ., അനിൽ സേവിയർ ഐഎഎസ്., പ്രൊഫസർ എസ് വർഗീസ്, ഗ്രന്ഥകർത്താവ് റൊമാൻസ് ആന്റണി , സിസ്റ്റർ അഡോൾഫ് മേരി , സിസ്റ്റർ വിൻസി തെരുവത്ത്, വി. ടി. കുരീപ്പുഴ, മിൽട്ടൺ സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.