ഡോ. മാര്ട്ടിന് എന്‍. ആന്റണി O. de. M
സുവിശേഷപ്രഘോഷണം ഓരോ ക്രൈസ്തവന്റെയും കടമയാണ്. എന്താണ് സുവിശേഷപ്രഘോഷണം? യേശുവാണ് ഏക രക്ഷകന് എന്ന സ്വര്‍ഗ്ഗീയ ഗീതത്തെ പകര്‍ന്നു കൊടുക്കലാണത്. പ്രഘോഷകന് സംഗീതജ്ഞനെ പോലെയാണ്. അവന് ദൈവസ്വരത്തെ ഗാനമാക്കി മാറ്റുന്നവനാണ്. ലളിതമല്ല ഈ പ്രവൃത്തി. വലിയൊരു ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് ഉച്ചരിക്കപ്പെട്ട അക്ഷരങ്ങളെ സ്വര്ഗ്ഗത്തിനോടും ഭൂമിയോടും കോര്‍ത്തിണക്കി അതിനുള്ളിലെ തനിമയെ നിലനിര്‍ത്തുകയെന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പറയുന്നത്. ആ വെല്ലുവിളിയുടെ മുമ്പില്‍ ഇടര്‍ച്ച തോന്നിയതു കൊണ്ടായിരിക്കണം tradurre est tradire അഥവാ വിവര്‍ത്തനം ഒരു ചതിയാണന്നൊക്കെ ആരൊക്കെയോ പറഞ്ഞുവെച്ചത്. ഒരുവിധത്തില്‍ വിവര്‍ത്തനം തന്നെയാണ് വ്യാഖ്യാനം. അനര്‍ഘമായ പല യാഥാര്‍ത്ഥ്യങ്ങളെ പച്ചയായ ജീവിത സാഹചര്യങ്ങളിലേക്കുള്ള ഒരു പറിച്ചുനടലാണത്. അതുകൊണ്ടാണ് ക്രൈസ്തവികതയ്ക്ക് ഒരു വിശുദ്ധ ഭാഷ എന്ന സങ്കല്പ്പമില്ല എന്നു പറയുന്നത്. എല്ലാ മനുഷ്യഭാഷകള്ക്കും തിരുവെഴുത്തിനുള്ളിലെ വെളിപാടുകളെ സ്വാംശീകരിക്കാന്‍ സാധിക്കും. വിശ്വസ്തതയോടെ അവയെ പകര്‍ന്നു കൊടുക്കാന്‍ ആരെങ്കിലും ഉണ്ടായാല്‍ മാത്രം മതി.
കഴിഞ്ഞ ദിവസങ്ങളിലാണ് വചനപ്രഘോഷകനായ ശ്രീ മാരിയോ ജോസഫ് സുവിശേഷപ്രഘോഷണം നിര്‍ത്താന്‍ പോകുന്നു എന്ന പ്രഖ്യാപനം സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടത്. നിലനില്‍പ്പിന്റെ ധര്‍മ്മസങ്കടത്തിനു മുമ്പില്‍ അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശരിയാണ്, വിശ്വാസത്തിന്റെ പ്രാമാണികമായ തലത്തില്‍ ഒത്തിരി ഇടര്‍ച്ചകള്‍ അദ്ദേഹത്തിന്റെ പ്രഘോഷണത്തിലുണ്ടായിട്ടുണ്ട്. എങ്കില്‍ തന്നെയും എളിമയോടുകൂടി അവയെല്ലാം തിരുത്തി പരിശുദ്ധാത്മാവിന്റെ ചൈതന്യത്തോടെ വീണ്ടും വചനപ്രഘോഷണത്തിലേക്ക് കടന്നുവരണം എന്നുതന്നെയാണ് ഈയുള്ളവന്റെ പക്ഷം. വീണ്ടും ആവര്‍ത്തിക്കുകയാണ്, വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ ഒത്തിരി ഇടര്‍ച്ചകള്‍ അദ്ദേഹത്തിനു സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വിശുദ്ധഗ്രന്ഥ വചനങ്ങള്‍ക്കു പകരം അദ്ദേഹത്തിന്റെ പ്രഘോഷണങ്ങളിലുള്ള ഖുര്‍ആന്‍ വചനങ്ങളുടെ അതിപ്രസരണവും, ക്രൈസ്തവ ജീവിതത്തെ ഇസ്ലാം മതവുമായുള്ള അനാവശ്യമായ താരതമ്യവുമെല്ലാം.
ഭാഷയുടെ പരിമിതികളെ ഭാഷണവരം കൊണ്ട് അതിജീവിച്ച ചരിത്രമാണ് ക്രൈസ്തവീകതയ്ക്കുള്ളത്. ആത്മാവ് അഗ്നിനാവായി സ്വയം വെളിപ്പെടുത്തിയപ്പോള്‍ അതിരുകളുടെ അടയാളമായി കരുതിയിരുന്ന ഭാഷകള്‍ തുറന്നിട്ട ഒരു വാതിലായി മാറി. അങ്ങനെ എല്ലാവരും ദൈവവചനത്തെ അവരവരുടെ ഭാഷകളില്‍ കേള്‍ക്കാന്‍ തുടങ്ങി. വചനം വാക്കുകളാകുമ്പോള്‍ അവയ്ക്കൊരു ദ്രാവക രൂപം ലഭിക്കും. അത് പിന്നീട് ഒരു തുള്ളിയാകും, അരുവിയാകും, നദിയാകും, സമുദ്രമാകും. ആ സമുദ്രത്തിന്റെ ആഴം ആര്‍ക്കും അളക്കാന്‍ സാധിക്കുകയുമില്ല.
അപ്പോള്‍ ആരാണ് പ്രഘോഷകന്? ഒരു തുള്ളിക്കുള്ളില്‍ സമുദ്രത്തെ കാണുന്നവനാണവന്‍. ഒരു പദത്തിനുള്ളിലെ നിത്യതയെ തുറന്നു കാണിക്കുന്നവനാണവന്‍. അതുകൊണ്ടുതന്നെ വചനപ്രഘോഷണത്തിന് നമുക്ക് ഇതര മതഗ്രന്ഥങ്ങളുടെ ഒരു ആവശ്യകതയും ഇല്ല. ഇതര മതഗ്രന്ഥങ്ങളുടെ ഉദ്ധരണികള്‍ ഉപയോഗിച്ചുകൊണ്ട് ദൈവവചനത്തിനെ സാധൂകരിക്കുകയോ അതിന്റെ ആഴത്തിനെയോ പരപ്പിനെയോ വിശദീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ഒരു മതേതര സമൂഹത്തില്‍ അസ്വസ്ഥത മാത്രമേ ഉളവാക്കൂ എന്ന ബോധ്യം പ്രഘോഷകരായ എല്ലാവര്ക്കും ഉണ്ടാകണം.
വിശ്വാസത്തെയും അതിന്റെ പ്രഘോഷണത്തെയും വൈകാരികതയുടെ മാപിനി കൊണ്ട് അളക്കരുത്. ഒരു പ്രതിസന്ധി വരുമ്പോള്‍ ഇനിയില്ല എന്നു പറയുന്നത് തിരുത്തലുകളില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടമാണ്.
തെറ്റുതിരുത്തലിന്റെയും ക്ഷമിക്കലിന്റെയും പശ്ചാത്തലത്തിലാണ് ‘നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും’ എന്നു യേശു പറയുന്നത്. (ലൂക്കാ 17: 6). കടലില്‍ മരങ്ങള്‍ നട്ടവര് ഒത്തിരി നമ്മുടെയിടയിലുണ്ട്. അസാധ്യമെന്ന് ലോകം കരുതിയത് ചെയ്തവരാണവര്‍. ഭൂതകാലത്തിന്റെയും ഭാവിയുടെയും അതിര്‍വരമ്പുകളില്‍ ക്ഷമയുടെ വിത്ത് വിതച്ചവര്‍. അവരാണ് ഉഗ്രമായ കടലുകളിലും സിക്കമിന്‍ വൃക്ഷങ്ങളുടെ തോട്ടം പണിതത്. ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കാത്ത സ്നേഹം കൊണ്ട് അവര്‍ വിദ്വേഷക്കടലിനെ ഒരു തോട്ടമാക്കി. ചില അക്രമങ്ങളെ അവര്‍ക്ക് തടയാന്‍ സാധിച്ചില്ലെങ്കിലും തളര്‍ന്നില്ല അവര്‍ ഒരിക്കലും. കവര്‍ച്ച ചെയ്യപ്പെട്ടിട്ടും തേജോവധത്തിന് വിധേയരായിട്ടും പിന്തിരിഞ്ഞില്ല അവര്‍. എന്തുകൊണ്ട് അവര്‍ പിന്തിരിഞ്ഞില്ല? കാരണം അവരിലുണ്ട് കടുകുമണിയോളമുള്ള ആ വിശ്വാസം. ചെറുതാണ്, എങ്കിലും ജൈവീകമാണത്.
കടുകുമണിയോളമുള്ള വിശ്വാസം – ആത്മവിശ്വാസവും ആത്മധൈര്യവുമല്ലത്, ബലഹീനതയെ കുറിച്ചുള്ള അവബോധമാണത്. ചെറിയ കാര്യങ്ങളില്‍ പോലും ദൈവത്തെ ആശ്രയിക്കാനുള്ള മനസ്സാണത്. ”നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍…’ നമ്മള്‍ക്ക് വിശ്വാസമുണ്ടോയെന്ന് നാമെങ്ങനെ അറിയും? യേശു അതിനുത്തരം നല്‍കുന്നുണ്ട്: ദാസനാകുക. അതാണ് വിശ്വാസത്തിന്റെ മാപിനി. നിസ്വാര്‍ത്ഥമായി ശുശ്രൂഷിക്കാനുള്ള മനസ്സുണ്ടോ, എങ്കില്‍ നമ്മില്‍ വിശ്വാസമുണ്ട്. ‘നിങ്ങള്‍ കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിര്‍വഹിച്ചതേയുള്ളു എന്നു പറയുവിന്‍’ (ലൂക്കാ17:10). പ്രയോജനമില്ലാത്തവര് എന്നതിന് ഉപയോഗശൂന്യര്‍ എന്നര്‍ത്ഥമില്ല. എളിമയിലധിഷ്ഠിതമായ പ്രവൃത്തിയാണ് വിശ്വാസം. കാരണം വിതക്കുന്നവനിലല്ല, വിത്തിലാണ് അതിന്റെ ജൈവികത അടങ്ങിയിരിക്കുന്നത്. പ്രഘോഷകനിലല്ല, വചനത്തിലാണ് അതിന്റെ ശക്തിയുള്ളത്. വിത്തിനെ ഒരു മരമാക്കുന്നതും വചനത്തിനെ ഇരുതല വാളാക്കുന്നതും വിശ്വാസത്തെ എളിമയാക്കുന്നതും നമ്മളല്ല, ദൈവമാണ്.
‘പ്രയോജനമില്ലാത്തത്’ achreios എന്ന പദത്തിന് ‘ആഡംബരമില്ലാത്തത്, ആവശ്യങ്ങളില്ലാത്തത്, അവകാശവാദങ്ങളില്ലാത്തത്’ എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ദാസനായിരിക്കുന്നതാണ് എന്റെ അഭിമാനം എന്നുതന്നെയാണ് അതിന്റെ അര്‍ത്ഥം. സേവനജീവിതം ഉപയോഗശൂന്യതയല്ല, അത് ആഡംബരരഹിതമാണ്. അതിന് കൈയടി, സമ്മതം, സംതൃപ്തി, വിജയം എന്നിവ ആവശ്യമില്ല. കാരണം, അരമുറുക്കി നമ്മെ പരിചരിക്കുന്ന ഒരു ദൈവമാണ് നമ്മുടേത്.
നമ്മള് നമ്മളായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നമ്മുടെ കൊച്ചു കൊച്ചു സ്നേഹബന്ധങ്ങളിലൂടെ, ദുര്‍ബലമായ മനുഷ്യത്വത്തോടെ, ഒരു വിശ്വാസിയായിരിക്കുന്നതിന്റെ സന്തോഷത്തോടെയും ക്ഷീണത്തോടെയും കൃത്രിമ സദാചാരമില്ലാത്ത പച്ചമനുഷ്യരായിരിക്കുക. അപ്പോള്‍ പ്രതിഫലമില്ലാതെ നമ്മള്‍ക്ക് പ്രകാശം പരത്താന്‍ സാധിക്കും. കാരണം, നമ്മുടെ കൂടെ ശുശ്രൂഷകനായി നമ്മുടെ യേശു ഉണ്ട്, മറ്റൊന്നും നമുക്കാവശ്യമില്ല.
നമ്മള് ശുശ്രൂഷകരാണ്, കാരണം നമ്മുടെ ദൈവം ശുശ്രൂഷകനാണ്. സേവിക്കുന്നതിലൂടെയാണ് നമ്മള് അവന്റെ രൂപവും സാദൃശ്യവുമാകുന്നത്. നമ്മള് ദാസരാണ്, കാരണം നമ്മുടെ യേശു സഹനദാസനാണ്. നമ്മുടെ മുറിവുണക്കാന്‍ പീഡകള്‍ ഏറ്റെടുത്തവനാണവന്‍. നമ്മള് വേലക്കാരാണ്, കാരണം മരുഭൂമിയിലും കടലിലും ജീവന്റെ മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതാണ് നമ്മുടെ ഏക വേല. നമ്മള് ആജ്ഞാ നിര്‍വഹകരാണ്, കാരണം മനുഷ്യത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചരിത്രം സൃഷ്ടിക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം.
കുട്ടികളെപ്പോലെ പ്രതിഫലത്തിനോ ശിക്ഷയെ പേടിച്ചോ അല്ല നമ്മള് സേവിക്കുന്നത്, സൃഷ്ടിയുടെ ചൈതന്യത്തെ നിലനിര്‍ത്തുന്നതിനാണ്. ഏതു ജോലിയും ചെയ്യാനുള്ള ആത്മധൈര്യവും കടുകുമണിയോളമുള്ള വിശ്വാസവും ഒരു പ്രവാചകമനസ്സും മാത്രം മതി, ദൈവത്തിന്റെ സ്വപ്നത്തെ എല്ലാറ്റിലും സാധ്യമാക്കാന്‍.