ബിജോ സിൽവേരി
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പാദസ്പര്‍ശമേറ്റ, ശ്രീനാരായണഗുരുവിന്റെ സമാധിക്കും കുമാരനാശാന്റെ ജന്മസ്ഥലത്തിനും സമീപമുള്ള, തിരുവനന്തപുരം അതിരൂപതയുടെ വടക്കേ അതിര്‍ത്തിപ്രദേശമായ നെടുങ്കണ്ടയില്‍ ഒരു ദേവാലയം പ്രതിഷ്ഠിക്കപ്പെടുകയാണ്. സെപ്റ്റംബര്‍ 29ന് രാവിലെ 9 മണിക്ക് ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഈ ദേവാലയം ആശീര്‍വദിക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. സൂസപാക്യവും ബിഷപ് ഡോ. ആര്. ക്രിസ്തുദാസും തൊട്ടടുത്ത ദിവസങ്ങളില്‍ ദേവാലയം സന്ദര്‍ശിച്ച് ആരാധനകളില്‍ സംബന്ധിക്കും. നല്ല കള്ളനെന്ന് അറിയപ്പെടുന്ന വിശുദ്ധ ഡിസ്മാസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം നിര്‍മിച്ച് സമര്‍പ്പിക്കുന്നത് എറണാകുളം സ്വദേശികളായ കോളിസ് കുടുംബമാണ്. വിശുദ്ധന്റെ പേരിലുള്ള ഏഷ്യയിലെ പ്രഥമ ദേവാലയമാണിത്. അദ്ഭുത നിയോഗത്തിന്റെയും അനന്യ കൃപാസാക്ഷാത്കാരത്തിന്റെയും അപൂര്‍വ മാധ്യസ്ഥ്യത്തിന്റെയും ഒരു മഹനീയ സാക്ഷ്യം.
ഫ്രെഡറിക് കോളിസിന്റെ സ്വപ്നം
വലിയവീട്ടില്‍ ഫ്രെഡറിക് കോളിസിന്റെ വലിയ സ്വപ്നമായിരുന്നു ഒരു ദേവാലയം സഭയ്ക്ക് നിര്‍മിച്ചുനല്‍കുകയെന്നത്. എന്നാല്‍ ആ സ്വപ്നം സ്വപ്നമായി തന്നെ വര്‍ഷങ്ങളോളം തുടര്‍ന്നു. അതിനായുള്ള പരിശ്രമങ്ങളൊന്നും പൂവണിഞ്ഞില്ല. പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ദൈവം നിയോഗിച്ചത് അദ്ദേഹത്തിന്റെ മക്കളെ. പിതാവിന്റെ മരണശേഷം താനുള്‍പ്പെടെയുള്ള മക്കള്‍ (ഒരാണും ആറു പെണ്ണും) ഈ ലക്ഷ്യത്തിനായി ശ്രമിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് നേതൃത്വം നല്കിയ ഐവര്‍ കോളിസ് പറയുന്നു.
യേശുവിന്റെ അനുഗ്രഹത്താല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന പ്രഥമ വിശുദ്ധനാണ് ഡിസ്മാസ്. സുവിശേഷത്തില്‍ അദ്ദേഹം നല്ല കള്ളനെന്ന് വിശേഷിപ്പിക്കപ്പെടുന്നു. വിശുദ്ധ ഡിസ്മാസിന്റെ നാമധേയത്തില്‍ നെടുങ്കണ്ടയില്‍ ഒരു ദേവാലയം ഉയരുമ്പോള്‍ കോളിസ് കുടുംബത്തിന്റെ മനം ആനന്ദത്താലും ചാരിതാര്ഥ്യത്താലും നിറയുകയാണ്. ദൈവാനുഗ്രഹവും ജസ്റ്റിന് ജൂഡിന് എന്ന വൈദികന്റെ പരിശ്രമങ്ങളുമാണ് തങ്ങളെ ഇതിനു പ്രാപ്തരാക്കിയതെന്ന് അവര്‍ നന്ദിപൂര്‍വം സ്മരിക്കുന്നു.
ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രവചനാതീതവും വിസ്മയനീയവുമാണെന്ന് ഐവര്‍ കോളിസ് വിശ്വസിക്കുന്നു. ഒരു ദേവാലയം നിര്‍മിക്കാന്‍ പല സഭാ അധികാരികളെയും സമീപിച്ചെങ്കിലും പലവിധ തടസങ്ങളുമായി പദ്ധതി നീണ്ടുപോയി. ദൈവത്തോടുള്ള നിരന്തരമായ പ്രാര്‍ഥനയും ഫാ. ജസ്റ്റിന്റെ പരിശ്രമങ്ങളുമാണ് ഒടുവില്‍ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ കാരണമായത്. വിശ്വാസം മുറുകെപിടിച്ച് ക്ഷമയോടെ ഇതിനായി കാത്തിരുന്നു. ശരിയായ സ്ഥലവും സമര്‍പ്പിത ജനതയും അതിനായി ഒരുക്കപ്പെട്ടു.
ഐവര്‍ കോളിസ് തിരുവനന്തപുരത്ത് ഇടയ്ക്ക് വരുമായിരുന്നു. അദ്ദേഹത്തിന് അവിടെ ബന്ധുക്കളും സുഹൃത്തുക്കളും ധാരാളമുണ്ടായിരുന്നു. അവരോടൊപ്പം ചില ദിവസങ്ങള്‍ പങ്കിടാനാണ് വരുന്നത്. ഒരിക്കല്‍ തന്റെ കൈക്ക് ഒരസുഖം പിടിപെട്ടു. കൈ ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥ. പല ചികിത്സകളും ചെയ്തെങ്കിലും സുഖപ്പെട്ടില്ല. പൂന്തുറ പള്ളിയുടെ സബ്സ്റ്റേഷനായ വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള കപ്പേളയില്‍ എല്ലാ ചൊവ്വാഴ്ചയും നൊവേനയുണ്ടായിരുന്നു. ഫാ. ജസ്റ്റിനാണ് നൊവേനയും വിശുദ്ധബലിയും അര്‍പ്പിച്ചിരുന്നത്. തിരുവനന്തപുരത്തായിരിക്കുമ്പോള്‍ ഒരു ദിവസം അവിടെ പോയി ശുശ്രൂഷകളില്‍ പങ്കെടുത്തു.
അന്ന് മൂന്നു പേരുടെ കയ്യുടെ അസുഖം മാറിയതായി അച്ചന് വിളിച്ചുപറഞ്ഞു. അസുഖം മാറിയ രണ്ടു സ്ത്രീകള്‍ അവിടെ സാക്ഷ്യവും പറഞ്ഞു. ഐവര്‍ കോളിസ് തന്റെ കൈ ഉയര്‍ത്തിനോക്കിയപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നു കണ്ടു. എങ്കിലും സാക്ഷ്യം പറയാന്‍ മടിച്ചു. പിറ്റേ ദിവസം അച്ചനെ ഫോണില്‍ ബന്ധപ്പെട്ട് കാര്യം പറയുകയായിരുന്നു.
തുടര്‍ന്ന് ജസ്റ്റിനച്ചന്‍ ഏതൊക്കെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറിപ്പോയോ അവിടെയെല്ലാം നിഴല്‍ പോലെ കോളിസ് കുടുംബം പിന്തുടര്ന്നു. അഞ്ചുതെങ്ങ് മാമ്പള്ളിയിലെ ദി ഹോളി സ്പിരിറ്റ് ഇടവകയില്‍ ജസ്റ്റിനച്ചനെത്തിയപ്പോഴാണ് ദൈവഹിതപ്രകാരമുള്ള സമയം പൂര്‍ത്തിയായത്. 2022ല്‍ മാമ്പള്ളി പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ച് ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ വന്നിരുന്നു. അദ്ദേഹത്തെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍, അദ്ദേഹം സന്തോഷത്തോടെ അനുമതി നല്‍കുകയായിരുന്നു.
മാമ്പള്ളിക്കടുത്ത് നെടുങ്കണ്ടയില്‍ 16 സെന്റ് സ്ഥലം കണ്ടെത്തി. ഇവിടെ ഒരു തീര്‍ത്ഥാടനകേന്ദ്രം നിര്‍മിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. പക്ഷേ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. അതിന്റെ ഫലമായി മാമ്പള്ളി ഇടവകയുടെ സബ്സ്റ്റേഷനായി 2,500 സ്ക്വയര്‍ഫീറ്റുള്ള ഒരു ദേവാലയം നിര്‍മിക്കപ്പെട്ടു. 2023 മാര്‍ച്ച് 19നാണ് ദേവാലയത്തിന്റെ തറക്കല്ലിട്ടത്. കുടുംബബന്ധുക്കളായ പ്രഭ തോമസും ആന്റണി റെക്സും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മിക്കവാറും ആഴ്ചയിലൊരിക്കല്‍ പള്ളി നിര്‍മിക്കുന്ന സ്ഥലത്തുപോയി ഐവര്‍ കോളിസ് പുരോഗതി വിലയിരുത്തുമായിരുന്നു.
ജസ്റ്റിനച്ചന്റെയും തങ്ങളുടേയും മനസിലുള്ള ദേവാലയത്തിന്റെ രൂപം ആര്‍ക്കിടെക്ടായ ബെഡ്സന് ബെന്നുമായി പങ്കുവച്ചപ്പോള്‍ അതിന്റെ സാക്ഷാത്കാരത്തിനായി അദ്ദേഹം പൂര്‍ണമനസോടെ പ്രാര്‍ഥനാനിര്‍ഭരമായ മനസോടെ തയ്യാറായി. കരാറുകാരനായ അജി കുമാറും സൂപ്പര്‍വൈസറായ ലാലും പദ്ധതികള്‍ സമയബന്ധിതമായി മുന്നോട്ടുനീക്കി. മനക്കണ്ണില്‍ തങ്ങള്‍ കണ്ട ദേവാലയത്തിന്റെ രൂപം അവര്‍ മണ്ണില്‍ യാഥാര്ത്ഥ്യമാക്കിയെന്നു പറയാം. ജൂഡ് ജോര്‍ജ്, കുഞ്ഞുമോന്, ഗാന്ധി, ജെയിംസ്, വലേറിയന്‍, ഫ്രാന്‍സിസ്, സെല്‍വി, മാമ്പള്ളി ഇടവക പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെയും കോളിസ് കുടുംബം നന്ദിപൂര്‍വം സ്മരിക്കുന്നു. ഫ്രെഡറിക് കോളിസിന്റെ സ്വപ്നം അദ്ദേഹത്തിന്റെ മരണത്തിനു 45 വര്‍ഷത്തിനു ശേഷം പൂര്‍ത്തിയാകുകയാണ്.
എന്തുകൊണ്ട് നല്ല കള്ളന്?
കള്ളനെന്ന വാക്ക് അത്ര സുഖമുള്ളതല്ലെന്ന് ഐവര്‍ കോളിസ് സമ്മതിക്കുന്നു. എന്നാല്‍ കള്ളന്റെ മുമ്പില്‍ ‘നല്ല’ എന്ന വാക്കു വരുമ്പോള്‍ അര്‍ത്ഥം വലിയ തോതില്‍ മാറുന്നു. തന്റെ പാപം യേശുവിനോട് നേരിട്ട് ഏറ്റുപറയാന്‍ ഭാഗ്യം ലഭിച്ചയാളാണ് യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട നല്ല കള്ളന് എന്ന വിശുദ്ധ ഡിസ്മാസ്. കുറ്റകൃത്യങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്ന ഈ നാളുകളില്‍ നല്ല കള്ളന് ഒരു മാതൃകയാണ്. നല്ലത് എന്നത് ഒരു നിര്‍മലതയാണ്. അത് എല്ലാവര്ക്കും ലഭ്യമാകണം എന്നാണ് തങ്ങളുടെ കുടുംബത്തിന്റെ ആഗ്രഹം. വിദേശരാജ്യങ്ങളില്‍ പലയിടത്തും ജനങ്ങള്‍ പള്ളികളില്‍ നിന്നകന്നു. ദേവാലയങ്ങള്‍ പലതും അന്യാധീനപ്പെട്ടിരിക്കുന്നു. അത്തരമൊരവസ്ഥ നമ്മുടെ നാട്ടില്‍ ഉണ്ടാകരുത്. ദൈവം വസിക്കുന്ന, ദൈവത്തെ വണങ്ങാനുള്ള പരിശുദ്ധ സ്ഥലങ്ങളായി ദേവാലയങ്ങള്‍ നിലനില്‍ക്കണം. വിശുദ്ധ ഡിസ്മാസിന്റെ പേരിലുള്ള പുതിയ ദേവാലയം മാനസാന്തരങ്ങളുടേയും അദ്ഭുതങ്ങളുടേയും കേന്ദ്രമാകുമെന്ന വിശ്വാസമാണ് കോളിസ് കുടുംബത്തിനുള്ളത്.
തിരുവനന്തപുരം അതിരൂപതയില്‍ പൂന്തുറ സെന്റ് തോമസ് പള്ളിയില്‍ താന്‍ വികാരിയായിരുന്ന കാലത്താണ് ഐവര്‍ കോളിസ് അവിടെ വരുന്നതെന്ന് ഫാ. ജസ്റ്റിന് ജൂഡിന് ഓര്‍ക്കുന്നു. അദ്ദേഹത്തിന് കൈക്ക് ഒരു അസുഖം വന്നിരുന്നു. കൈ ഉയര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയിലായി. ചികിത്സകള്‍ പലതും ചെയ്തിട്ടും ഫലമുണ്ടായില്ല. സെന്റ് തോമസ് പള്ളിയുടെ കീഴിലുള്ള തീര്‍ത്ഥാടനകേന്ദ്രമായ സെന്റ് ആന്റണീസില്‍ ശുശ്രൂഷ കൂടാന്‍ അദ്ദേഹം ഒരു ദിവസം വന്നു. താമസിയാതെ കയ്യുടെ അസുഖം ഭേദമായെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.
തങ്ങളുടെ കുടുംബത്തിന് ഒരു കുരിശടി എവിടെയെങ്കിലും സമര്‍പ്പിക്കണമെന്ന ആഗ്രഹം അപ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ചു. ഈ സംഭവം നടന്നിട്ട് കുറച്ചധികം വര്‍ഷങ്ങളായി. ”അച്ചന് എവിടെയാണോ ഇരിക്കുന്നത്, ആ പ്രദേശത്ത് കുരിശടി പണിയണമെന്നാണ് ഞങ്ങളുടെ ആഗ്രഹം” എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ ആലോചനകളും മറ്റും ഞാനും കോളിസ് കുടുംബവുമായും അതിരൂപതാ അധികാരികളുമായും പലവട്ടം നടന്നു. അതിരൂപതയിലെ മാമ്പള്ളി പരിശുദ്ധാത്മാവിന്റെ ദേവാലയത്തിലാണ് ഞാനിപ്പോള്‍ വികാരിയായി ശുശ്രൂഷ ചെയ്യുന്നത്. മാമ്പള്ളിയില്‍ നിന്ന് ഏകദേശം നാലു കിലോമീറ്റര്‍ അകലെ അല്പം ഉള്‍പ്രദേശമായ നെടുങ്കണ്ടത്ത് പള്ളി നിര്‍മിക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്തുകയായിരുന്നു. സാമൂഹിക, സാമ്പത്തിക മാനദണ്ഡങ്ങളില്‍ ഏറെ പിന്നാക്ക നിലയിലുള്ള, പാര്‍ശ്വവത്കരിക്കപ്പെട്ട 125 കുടുംബങ്ങള്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. മൂന്നു സെന്റ് സ്ഥലമാണ് ഇവരില്‍ മിക്കവര്‍ക്കുമുള്ളത്. ഞാനിത് സഭാ അധികാരികളുമായും മാമ്പള്ളി ഇടവകാംഗങ്ങളുമായും ചര്‍ച്ച ചെയ്തു. പുതിയൊരു ദേവാലയം ഇടവകയുടെ കീഴില്‍ നിര്‍മിക്കുന്നതിനോട് എല്ലാവര്ക്കും സമ്മതമായിരുന്നു. അതു സംബന്ധിച്ച സാങ്കേതിക കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനമാക്കി. പള്ളി നിര്‍മാണത്തില്‍ സാമ്പത്തികമായി കഴിയുന്ന സഹായം ചെയ്യാനും തീരുമാനമായി.
കേരളത്തിന് പുതിയൊരു തീര്‍ഥാടനകേന്ദ്രം
ടൂറിസത്തിന് കേരളം ഇപ്പോള്‍ വലിയ പ്രാധാന്യം നല്കുകയാണല്ലോ. കായല്‍ ടൂറിസമൊക്കെ ഈ മേഖലയില്‍ വികസിക്കുന്നതോടെ ഇവിടെ ബോട്ടില്‍ എത്താന്‍ കഴിയും. തീരദേശ റോഡും ഇതിനു സമീപത്തുകൂടിയാണ് വരുന്നത്. അതോടെ ഈ പ്രദേശത്തിന് കൂടുതല്‍ ശ്രദ്ധ ലഭിക്കുകയും തീര്‍ഥാടകര്‍ക്ക് ഇവിടെ വന്നണയാന്‍ വളരെ എളുപ്പമാകുകയും ചെയ്യും. ഇവിടെ അടുത്ത് വര്‍ക്കലയിലെ പ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രമാണ് ശിവഗിരി. കേരളത്തിലെ സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ പ്രധാനിയായ ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. നാരായണഗുരു സ്ഥാപിച്ച ശിവപാര്‍വതി ക്ഷേത്രവും ശാരദാമഠം സരസ്വതിദേവീ ക്ഷേത്രവും സന്ന്യാസാശ്രമവും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണഗുരു സമാധിയും സന്ദര്‍ശിക്കുന്നതിനായി ധാരാളം പേര് ഇവിടെയെത്തുന്നുണ്ട്.
ശ്രീനാരായണഗുരുവിന്റെ ശിഷ്യനും കേരളത്തിലെ ആധുനിക കാലത്തിന്റെ ആദ്യത്തെ ജനകീയ കവിയുമായ കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കര, അഞ്ചുതെങ്ങിനും വര്‍ക്കലക്കും ഇടയ്ക്ക് കായലിനും കടലിനും മധ്യേ ഉള്ള ഒരു പ്രദേശമാണ്. അതും പുതിയ ദേവാലയത്തിനു സമീപത്താണ്. ഇവിടെയാണ് മഹാകവി കുമാരനാശാന് ജനിച്ചതും പ്രാഥമിക വിദ്യാഭ്യാസം നടത്തിയതും. കുമാരനാശാന്റെ പേരില്‍ ഒരു സ്മാരകമന്ദിരവും ഇവിടെയുണ്ട്.
ഈ പ്രദേശത്ത് വസിക്കുന്ന ക്രൈസ്തവര്‍ക്ക് ഒരു ആരാധനാലയം വരികയാണ്. മതസൗഹാര്‍ദത്തിന്റെ പുണ്യസ്ഥലിയാകുന്നതിനൊപ്പം സുവിശേഷവത്കരണത്തിന് പുതിയ മാനം കൈവരികയാണ്. ഏതാണ്ട് 350 പേര്‍ക്ക് ആരാധനകളില്‍ പങ്കെടുക്കാന്‍ സൗകര്യമുള്ള ദേവാലയമാണ് ആശീര്‍വദിക്കുന്നത്.
തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ ദേവാലയമായ മാമ്പള്ളി പള്ളി സ്ഥാപിതമായത് 1568ലാണ്. 456 വര്‍ഷം പിന്നിടുമ്പോള്‍ മറ്റൊരു സമൂഹം ക്രിസ്തുവിന് സാക്ഷികളാകുവാനായി വളരുന്നു എന്നതില്‍ അഭിമാനിക്കാമെന്ന് ഫാ. ജസ്റ്റിന് പറയുന്നു. ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്, പുതിയൊരു മിഷന്റെ തുടക്കവും. മൂന്ന് സഭാമേലധ്യക്ഷന്മാരുടെ സാന്നിധ്യം ഈ മുഹൂര്‍ത്തത്തെ തിളക്കമുള്ളതാക്കുന്നു.
നല്ല കള്ളനെന്ന വിശുദ്ധ ഡിസ്മാസ്
യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട രണ്ടു കള്ളന്മാരില് യേശുവിന്റെ മഹത്ത്വവും സ്വന്തം അപരാധവും തിരിച്ചറിഞ്ഞ് യേശുവിനോട് കരുണ യാചിച്ചതിന്റെ ഫലമായി സ്വര്ഗസമ്മാന വാഗ്ദാനം നേടിയതായി ലൂക്കായുടെ സുവിശേഷത്തില്‍ പറയുന്ന ആളാണ് നല്ല കള്ളന് അഥവാ മനസ്തപിച്ച കള്ളന് (The Good Thief or the Penitent Thief). ജ്ഞാനിയായ കള്ളന്, നന്ദിയുള്ള കള്ളന് എന്നിങ്ങനേയും അദ്ദേഹം അറിയപ്പെടുന്നു. ഗാഗുല്‍ത്താമലയില്‍ യേശുവിനൊപ്പം രണ്ടു കള്ളന്മാരെക്കൂടി ക്രൂശിച്ചതായി സുവിശേഷങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവരില്‍ യേശുവിന്റെ വലതുഭാഗത്ത് ക്രൂശിക്കപ്പെട്ടിരുന്നയാളാണ് മാനസാന്തരപ്പെട്ട കള്ളനെന്നാണ് പരമ്പരാഗത വിശ്വാസം. ഇടത്തുവശത്തു ക്രൂശിക്കപ്പെട്ടയാള്‍ മാനസാന്തരപ്പെടാത്ത കള്ളന് (Impenitent Thief) എന്നും അറിയപ്പെടുന്നു. കാനോനിക സുവിശേഷങ്ങള്‍ യേശുവിനൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളുടെ പേരുകള്‍ പറയുന്നില്ലെങ്കിലും അപ്പോക്രിഫകളും പില്ക്കാല ക്രൈസ്തവലിഖിതങ്ങളും ഇവരെ പല പേരുകളില്‍ പരാമര്‍ശിക്കുന്നു. പൗരസ്ത്യപാരമ്പര്യത്തിലെ ‘പീലാത്തോസിന്റെ നടപടികള്‍’ (Acts of Pilate) എന്ന കൃതി നല്ല കള്ളനെ ഡിസ്മാസ് എന്നും മനസ്തപിക്കാത്ത കള്ളനെ ഗെസ്റ്റാസ് എന്നും വിളിക്കുന്നു. നിക്കോദേമൂസിന്റെ സുവിശേഷത്തിലും നല്ല കള്ളന് ഡിസ്മാസ് എന്ന പേര് നല്‍കിയിട്ടുണ്ട്. പരമ്പരാഗതമായി കത്തോലിക്കാ മതത്തില്‍ വിശുദ്ധ ഡിസ്മാസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
സമാന്തരസുവിശേഷങ്ങള്‍ (Synoptic Gospels) മൂന്നും യേശുവിനൊപ്പം കുരിശിലേറ്റപ്പെട്ട രണ്ടു കള്ളന്മാരുടെ കാര്യം പറയുന്നുണ്ടെങ്കിലും, അവരുടെ കഥ സാമാന്യം ദീര്‍ഘമായി പറയുന്നതും കള്ളന്മാരെ വ്യത്യസ്തസ്വഭാവമുള്ളവരായി ചിത്രീകരിക്കുന്നതും ലൂക്കായുടെ സുവിശേഷത്തില്‍ മാത്രമാണ്. ”അങ്ങനെ തന്നെ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു” (മത്തായി 27:44) എന്നും, ”അവര്‍ രണ്ടു കള്ളന്മാരില് ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു” (മര്‍ക്കോസ് 15:27) എന്നുമുള്ള ചെറിയ പരാമര്‍ശങ്ങളേ മത്തായിയും മര്‍ക്കോസും രണ്ടു കള്ളന്മാരെക്കുറിച്ചു നല്‍കുന്നുള്ളൂ. എന്നാല്‍ ലൂക്കായുടെ വിവരണം ഈവിധമാണ്: ക്രൂശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന് അവനെ ദുഷിച്ചു പറഞ്ഞു: ”നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക.” അപരന് അവനെ ശാസിച്ചു പറഞ്ഞു: ”നീ ദൈവത്തെ ഭയപ്പെടുന്നില്ലേ. നീയും അതേ ശിക്ഷാവിധിയില്‍ തന്നെയാണല്ലോ. നമ്മുടെ ശിക്ഷാവിധി ന്യായമാണ്, നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവന് ഒരു തെറ്റും ചെയ്തിട്ടില്ല.” അവന് തുടര്‍ന്നു: ”യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നേയും ഓര്‍ക്കണമേ!” യേശു അവനോട് അരുളിച്ചെയ്തു: ”സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും” (ലൂക്ക 23: 43).
കത്തോലിക്കാ സഭയില്‍ ഡിസ്മാസ് ഔദ്യോഗികമായി വിശുദ്ധനായി ആദരിക്കപ്പെടുന്നു. ക്രിസ്തുവിനെയും അനുതപിച്ച കള്ളനെയും ക്രിസ്തുവിന്റെ അവതാരത്തിന്റെ വാര്‍ഷികത്തില്‍ ക്രൂശിക്കുകയും മരിക്കുകയും ചെയ്തുവെന്ന പുരാതന ക്രിസ്ത്യന്‍ പാരമ്പര്യമനുസരിച്ച് മാര്‍ച്ച് 25ന്, പ്രഖ്യാപനത്തിന്റെ തിരുന്നാളില്‍ വിശുദ്ധ ഡിസ്മാസിന്റെ സ്മരണ ആചരിക്കുന്നു.
ജര്‍മ്മന്‍ മിസ്റ്റിക്കായ വാഴ്ത്തപ്പെട്ട ആന്‍ കാതറിന് എമെറിച്ച് (1774 – 1824), യേശുവും ഡിസ്മാസുമായുള്ള കൂടിക്കാഴ്ചയുടെ ഹൃദയസ്പര്‍ശിയായ വിവരണം എഴുതിയിട്ടുണ്ട്. ഇസ്രായേലിന്റെയും ഈജിപ്തിന്റെയും അതിര്‍ത്തിയിലുള്ള അതിര്‍ത്തി കൊള്ളക്കാരുടെ സംഘത്തില്‍ നിന്നുള്ളവരാണ് ഡിസ്മാസിന്റെയും ഗെസ്റ്റാസിന്റെയും കുടുംബങ്ങളെന്ന് അതില്‍ വിവരിക്കുന്നു.
കാലിഫോര്‍ണിയയിലെ സാന്‍ ഡിമാസ് ഉള്‍പ്പെടെ നിരവധി പട്ടണങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നുണ്ട്. കൂടാതെ, കാനഡയിലെ ഒന്റാറിയോയിലെ കിംഗ്സ്റ്റണിലുള്ള ചര്‍ച്ച് ഓഫ് ദ ഗുഡ് തീഫ് പോലെയുള്ള പുരാതന ഇടവക പള്ളികള്‍ ഡിസ്മാസിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇല്ലിനോയിലെ വോകെഗനിലുള്ള സെന്റ് ഡിസ്മാസ് ചര്‍ച്ച്, യുകെയിലെ കോസ്ലിയിലുള്ള സെന്റ് ഡിസ്മാസ്, ന്യൂയോര്‍ക്കിലെ ഡാനെമോറയിലുള്ള ക്ലിന്റണ് കറക്ഷണല്‍ ഫെസിലിറ്റിയിലെ കത്തോലിക്കാ ദേവാലയമായ സെന്റ് ഡിസ്മാസ് എന്നിവയാണ് നല്ല കള്ളന്റെ പേരിലുള്ള ദേവാലയങ്ങള്‍. നെടുങ്കണ്ടത്തെ ദേവാലയം ഈ പട്ടികയില്‍ ചേര്‍ക്കപ്പെടുകയാണ് – വിശുദ്ധന്റെ പേരിലുള്ള ഏഷ്യയിലെ പ്രഥമ ദേവാലയമെന്ന ഖ്യാതിയില്‍.
കുരിശില്‍ കിടന്ന് യേശു മൊഴിഞ്ഞ അന്ത്യവാക്കുകളില് പറുദീസ വാഗ്ദാനം ചെയ്യപ്പെട്ട ഏക വിശുദ്ധനാണ് ഡിസ്മാസ്. ഒരൊറ്റ മനസ്താപത്താല്‍ ദൈവിക സ്നേഹത്തിന്റെ ആഴം ലോകജനതയ്ക്ക് ബോധ്യപ്പെടുത്തിയവന്‍. ”എന്നെയും ഓര്‍ക്കണമേ” എന്ന ഒറ്റവാക്കില്‍ ദൈവരാജ്യത്തിന്റെ സാധ്യത ദൈവജനത്തിന് അദ്ദേഹം പകര്ന്നുനല്കി. ജീവിതത്തിന്റെ അവസാനനിമിഷവും ദൈവത്തോട് അനുരൂപനാകാം എന്ന് ലോകത്തിന് സാക്ഷിയായവനാണ് വിശുദ്ധ ഡിസ്മാസ്. സ്വര്‍ഗരാജ്യത്തിന്റെ വിശാലത അനന്യമാണെന്നും അദ്ദേഹത്തിന്റെ കഥ ഓര്‍മിപ്പിക്കുന്നു.
പാപിയായ മനുഷ്യനെ മാനസാന്തരത്തിലേക്കു ക്ഷണിക്കുന്നു, അവസാനനിമിഷത്തെ മാനസാന്തരം പോലും സ്വര്‍ഗപ്രാപ്തിക്ക് കാരണമാകുന്നു തുടങ്ങിയവയാണ് വിശുദ്ധ ഡിസ്മാസിന്റെ സ്മരണയ്ക്കായുള്ള ദേവാലയത്തിന്റെ പ്രസക്തിയെന്ന് ഫാ. ജസ്റ്റിന് വ്യക്തമാക്കുന്നു.