കൊച്ചി : ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20- മത് മരിയന്‍ തീര്‍ത്ഥാടനം നാളെ നടക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ നാളെ വൈകീട്ട് 3 ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ. ആൻ്റണി വാലുങ്കൽ നിര്‍വഹിക്കും.
വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശിര്‍വദിച്ച പതാക അതിരൂപതയിലെ അല്മായ നേതാക്കൾക്ക് ബിഷപ് കൈമാറും.
പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍ വൈകീട്ട് 3.30ന് ആരംഭിക്കും.
ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും വരുന്ന ദീപശിഖയുമായി എത്തുന്ന നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് ദേവാലയ നടയില്‍ സ്വീകരിക്കും.
വൈകീട്ട് 4.30 ന് ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളാകും. ഫാ.സോബിൻ സ്റ്റാൻലി പള്ളത്ത് വചന സന്ദേശം നല്‍കും. തുടര്‍ന്ന് എല്ലാ വിശ്വാസികളെയും വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിക്കും.
തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റി പ്രവർത്തന സജ്ജമാണ്. തീര്‍ത്ഥാടകര്‍ക്കായി കെ.എസ്.ആര്.ടി.സി. പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഗോശ്രീ പാലങ്ങളുടെ അരികിലുള്ള പാതയോരങ്ങളിലും നിര്‍ദിഷ്ട പാര്‍ക്കിങ് ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യണം.
സെപ്റ്റംബര്‍ 9 മുതല്‍ 13 വരെ അദിലാബാദ് രൂപത മെത്രാൻ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ നയിക്കുന്ന വല്ലാര്‍പാടം ബൈബിള്‍ കണ്വെന്ഷന് വൈകീട്ട് 4. 30 മുതല്‍ 9 വരെ ഉണ്ടായിരിക്കും. ഒൻപതിന് കൊച്ചി രൂപത മുൻ മെത്രാൻ ഡോ. ജോസഫ് കരിയിൽ കൺവെൻഷൻ ഉദ്ഘാനം ചെയ്യും.
സമാപനദിവസത്തെ ദിവ്യബലിക്ക് ആലപ്പുഴ രൂപത ബിഷപ് ഡോ ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും.
പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ ഈ വർഷത്തെ തിരുനാൾ സെപ്റ്റംബർ 16 മുതൽ 24 വരെയും മഹാജൂബിലിതിരുനാൾ സെപ്റ്റംബര്‍ 29,30 ഒക്ടോബർ 1 തീയതികളിലും ആചരിക്കുന്നതാണ്.