കൊല്ലം: ദൈവദാസനായ ജെറോം മരിയ ഫെര്‍ണാണ്ടസ് പിതാവിന്റെ 123-ാം ജന്മവാര്ഷികാഘോഷം തുടങ്ങി സെപ്റ്റംബര്‍ 8 നാണ് സമാപനം . കോയിവിള ഇടവകയിലുള്ള ദൈവദാസന്റെ ജന്മഗൃഹത്തിലാണ് ആഘോഷപരിപാടികൾ . ദൈവദാസന് ജനിച്ചുവളര്‍ന്ന തുപ്പാശ്ശേരില്‍ ഭവനം കഴിഞ്ഞ വര്‍ഷമാണ് എം.എസ്.എസ്.റ്റി. സന്ന്യാസസമൂഹം ഏറ്റെടുത്തത്.
എം.എസ്.എസ്.റ്റി. സന്ന്യാസ സഭയുടെ സ്ഥാപകന്‍ കൂടിയായ ബിഷപ്പ് ജെറോമിന്റെ സ്മരണ നിലനിര്‍ത്താന്‍ സഹായകമായ തീര്‍ത്ഥാടനകേന്ദ്രമായി ജന്മഗൃഹം മാറിക്കൊണ്ടിരിക്കുന്നു. 8 ദിവസങ്ങള്‍ നീളുന്ന പ്രാര്‍ത്ഥനാഞ്ജലി കൊല്ലം രൂപതാ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു . ചവറ തെക്കുംഭാഗം ഫെറോനയിലെ ഇടവകകളില്‍ നിന്നും വിശ്വാസ സമൂഹം ഓരോ ദിവസവും ദൈവദാസന്റെ ജന്മഗൃഹം കാണാനും പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ച് സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നുണ്ട് .
കൊല്ലം രൂപതയിലെ അല്മായ ഭക്തസംഘടനാ പ്രതിനിധികള്‍ ഈ പ്രാര്‍ത്ഥനാഞ്ജലിയില്‍ പങ്കെടുക്കുന്നു. ജെറോം പിതാവിന്റെ വിശുദ്ധ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററും കൊല്ലം രൂപതാ വികാരി ജനറളുമായ മൊണ്. ബൈജു ജൂലിയാന്, എം.എസ്.എസ്.റ്റി സന്ന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സുജ ജോഷ്വ, ഫെറോന വികാരി ഫാ. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ഫാ. സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ സായാഹ്ന പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കുന്നു.
ജന്മദിനമായ സെപ്റ്റംബര്‍ 8-ാം തീയതി ആഘോഷമായ തിരുനാള്‍ ബലിയര്‍പ്പണത്തിനുശേഷം വിശ്വാസ സമൂഹം ജന്മഗൃഹത്തില്‍ പുഷ്പാര്‍ച്ചന നടത്തും, എം.എസ്.എസ്.റ്റി. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സുജ ജോഷ്വയുടെ നേതൃത്വത്തില്‍ കൃതജ്ഞതാ സംഗമം നടക്കും.