കൊച്ചി: കൊച്ചിക്കായലിന്റെ ഓളപ്പരപ്പിലൂടെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ആഘോഷമായ ജലഘോഷയാത്ര പെരിയാറിന്റെ ഇരു കരയിലും ഭക്തി വിശ്വാസത്തോടെ തടിച്ചു കൂടിയ വിശ്വാസ സമൂഹത്തിന് ആത്മീയ വിരുന്നായി.
എ.ഡി. 1524 ൽ പോർച്ചുഗീസ് നാവികർക്ക് സുരക്ഷിതമായ പാതയൊരുക്കി വല്ലാർപാടത്ത് വന്നണയുവാനും, പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെ തിരുച്ചിത്രം സ്ഥാപിക്കുവാനും ഇടയാക്കിയ സംരക്ഷണത്തിന്റെ നാഥയും, എ.ഡി. 1752 ൽ മീനാക്ഷിയെന്ന ഹൈന്ദവ സ്ത്രീയേയും കുഞ്ഞിനേയും മൂന്ന് നാൾ കായലിന്റെ അഗാധതയിൽ സംരക്ഷിച്ച വീണ്ടെടുപ്പിന്റെ നാഥയുമായ വല്ലാർപാടത്തമ്മയുടെ അനുഗ്രഹം യാചിച്ചു കൊണ്ടാണ് ഈ ജല ഘോഷയാത്ര.
വല്ലാർപാടം ദേവാലയത്തിന്റേയും പരിശുദ്ധ മാതാവിന്റെ തിരുച്ചിത്ര സ്ഥാപനത്തിന്റേയും അഞ്ഞൂറ് വർഷങ്ങൾ പൂർത്തിയാകുന്ന മഹാ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ജലഘോഷയാത്ര സംഘടിപ്പിച്ചത്. ഇന്നലെ – സെപ്റ്റംബർ 1 ന് രാവിലെ 9 മണിക്ക്, വല്ലാർപാടത്തമ്മയുടെ അത്ഭുത ചരിത്രങ്ങൾ ചിത്രീകരിച്ച നിശ്ചല ദൃശ്യങ്ങളുടേയും, വാദ്യമേളങ്ങളുടേയും അനേകം ബോട്ടുകളുടേയും വള്ളങ്ങളുടേയും അകമ്പടിയോടെ പള്ളിക്കടവിൽ നിന്നും ആരംഭിച്ച ജലഘോഷയാത്ര ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് ഫ്ളാഗ് ഓഫ് ചെയ്തു.
ഇതോടൊപ്പം വല്ലാർപാടം പള്ളിക്കടവിലും 9.30 മുതൽ മുരിക്കുംപാടം ഹാർബറിന്റെ പരിസര പ്രദേശങ്ങളിലുമുള്ള മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും വെഞ്ചിരിച്ച് വല്ലാർപാടത്തമ്മയുടെ പതാക സ്ഥാപിച്ചു. ജലഘോഷയാത്ര ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളി, സെന്റ് അഗസ്റ്റിൻസ് ചർച്ച് മൂലംപിള്ളി, സെന്റ് ഫ്രാൻസീസ് സെവ്യാർ ചർച്ച് പിഴല, തിരുഹൃദയ ദേവാലയം കോതാട്, മൗണ്ട് കാർമ്മൽ ആന്റ് സെന്റ് ജോസഫ് ബസിലിക്ക വരാപ്പുഴ എന്നീ ദേവാലയങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് എറണാകുളം മറൈൻ ഡ്രൈവിലുള്ള ഗ്രീനിക്സ് ഡി ടി പി സി ജെട്ടിയിൽ എത്തിച്ചേർന്നു.
വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ ആന്റണി വാലുങ്കൽ പിതാവ് സമാപന സന്ദേശം നല്കി. ഫാ. സാവിയോ തെക്കേപ്പുറഞ്ഞ് പീറ്റർ കൊറയ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും, സംഗീത വിരുന്നും നടന്നു.