ജെക്കോബി
മലയാള സിനിമാലോകത്തെ ചില പ്രമുഖര്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന അതീവ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ അടക്കമുള്ള മൊഴികളും തെളിവുകളും രേഖപ്പെടുത്തുന്നതിന് ‘വിശ്വസിക്കാവുന്ന’ സ്റ്റെനോഗ്രാഫറെ കിട്ടാഞ്ഞതിനാല്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. ഹേമ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി, പ്രശസ്ത നടി ടി. ശാരദ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി തങ്ങളുടെ 300 പേജ് വരുന്ന റിപ്പോര്‍ട്ട് ഏറെ കഷ്ടപ്പെട്ട് സ്വയം ടൈപ്പ് ചെയ്താണ് സര്‍ക്കാരിനു സമര്‍പ്പിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു. പലരുടെയും മാന്യതയും താരപരിവേഷവും സംരക്ഷിക്കേണ്ടതുണ്ട് എന്നതിനാല്‍ കേരളത്തിലെ ഇടതുമുന്നണി ഗവണ്മെന്റ് നാലേമുക്കാല്‍ കൊല്ലത്തോളം പുറത്തുവിടാതെ സൂക്ഷിച്ചുവച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ആ റിപ്പോര്‍ട്ട് കേരള ഹൈക്കോടതിയുടെ ഇടപെടലോടെ വിവരാവകാശ നിയമപ്രകാരം കൈമാറാന്‍ ഇക്കഴിഞ്ഞയാഴ്ച സംസ്ഥാന സാംസ്കാരിക വകുപ്പ് നിര്‍ബന്ധിതമായപ്പോഴും ‘സ്വകാര്യതയുടെ കുറെയധികം ഭാഗങ്ങള്‍’ മറച്ചുപിടിച്ചുകൊണ്ട് 233 പേജുകളാണ് ഭാഗികമായി പുറത്തുവിട്ടത്. സമ്പൂര്ണഭാഷ്യം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ടിവരും.
സിനിമയില്‍ അവസരം കിട്ടുന്നതിന് പലരുടെയും ഇംഗിതത്തിനു വഴങ്ങേണ്ടിവരുന്നതിനെയാണ് ‘കാസ്റ്റിങ് കൗച്ച്’ പരാതികള്‍ സൂചിപ്പിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സ്ഫോടനാത്മക വിവരങ്ങള്‍ പൊതുമണ്ഡലത്തില്‍ എത്തേണ്ട താമസം, പലതരം ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരകളായ നടിമാര്‍ തങ്ങള്‍ അനുഭവിച്ച അതിക്രമങ്ങളെകുറിച്ച് വെട്ടിത്തുറന്നുപറയാന്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഒരു ബംഗാളി നടിയോട് അഹിതമായ രീതിയില്‍ പെരുമാറി എന്ന ആരോപണത്തിന്മേല് കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തും, കൂടുതല്‍ ഗൗരവതരമായ പരാതികളില്‍ അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (അമ്മ) ജനറല്‍ സെക്രട്ടറിയായ നടന് സിദ്ദിഖും രാജിവച്ചു. ”സംഘടനയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടിവന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മ ഭരണസമിതി ധാര്‍മിക ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജിവയ്ക്കുന്നു” എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇനി ഫിലിം എംപ്ലോയീസ് ഫെഡറേഷന് (ഫെഫ്ക), ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവയുടെ ഊഴമാകും.
ഹോളിവുഡ് ഫിലിം നിര്‍മാതാവ് ഹാര്‍വി വൈന്സ്റ്റെയിനെതിരെ ഒരു നടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, ‘ഞാനും പീഡനത്തിന് ഇരയായി’ (മീ ടൂ) എന്ന് തൊഴിലിടങ്ങളില്‍ നിന്ന് സ്ത്രീകള്‍ വിളിച്ചുപറയാന്‍ ധൈര്യം കാണിക്കുന്ന വലിയൊരു മുന്നേറ്റം രാജ്യാന്തരതലത്തില്‍ രൂപപ്പെട്ട 2017-ല്‍ തന്നെയാണ്, മലയാളത്തിലെ ഒരു യുവനടി കൊച്ചിയിലേക്കുള്ള കാര്‍യാത്രയില്‍ പീഡിപ്പിക്കപ്പെട്ടതും അത് വീഡിയോയില്‍ അക്രമി പകര്‍ത്തിയതുമായ കേസില്‍ ഇരയ്ക്ക് നീതി കിട്ടുന്നില്ലെന്ന ആശങ്ക പങ്കുവച്ച് പുതുതലമുറയിലെ ഏതാനും നടികള്‍ ‘വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ്’ (ഡബ്ല്യുസിസി – സിനിമയിലെ വനിതാ കൂട്ടായ്മ) എന്ന പേരില്‍ സംഘടിച്ച് രംഗപ്രവേശം ചെയ്യുന്നത്.
ആ കേസില്‍ നടന് ദിലീപ് അറസ്റ്റിലായതിനു പിന്നാലെ, 2017 ജൂലൈയില്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചു. മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളും തൊഴില്‍സാഹചര്യങ്ങളും പഠിക്കുകയായിരുന്നു മുഖ്യനിയോഗം. ടേംസ് ഓഫ് റഫറന്‍സില്‍, സിനിമാ പ്രൊഡക്ഷന്‍ മേഖലയില്‍ 30 ശതമാനം വരുന്ന സ്ത്രീകളുടെ സേവനവേതനവ്യവസ്ഥകള് മെച്ചപ്പെടുത്തല്‍, പ്രസവാനുകൂല്യവും ശിശുപരിപാലന സൗകര്യവും, സിനിമയുടെ ഉള്ളടക്കത്തില്‍ സ്ത്രീസമത്വം കൊണ്ടുവരേണ്ടതെങ്ങനെ എന്നീ വിഷയങ്ങള്വരെയുണ്ടായിരുന്നു. നടികളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ടെക്നീഷ്യന്‍സും മേയ്ക്കപ് ആര്‍ട്ടിസ്റ്റുകളും ഡാന്‍സര്‍മാരും ഉള്‍പ്പെടെയുള്ളവരെ തെളിവെടുപ്പിനു കിട്ടാന്‍ കമ്മിറ്റി ഏറെ ബുദ്ധിമുട്ടി. പണി പോകും എന്ന ഭയമായിരുന്നു മിക്കവര്‍ക്കും. 2019 ഡിസംബര്‍ 31ന് കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്ക്രീന്‍ഷോട്ട്, വീഡിയോ ക്ലിപ്, പെന്‍ഡ്രൈവ് തുടങ്ങി തെളിവുകളുടെ 1,500 രേഖകളും അതിലുണ്ടായിരുന്നു.
നിയമസഭയില്‍ വയ്ക്കാതെ സര്‍ക്കാര്‍ രഹസ്യമായി സൂക്ഷിച്ച ആ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി ഡബ്ല്യുസിസി, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറെയും സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷയെയും സാംസ്കാരിക വകുപ്പിനെയും മറ്റും സമീപിച്ചിട്ടും ഫലമുണ്ടായില്ല. വിമര്‍ശനങ്ങള്‍ ശമിപ്പിക്കാനെന്നോണം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച് പഠിക്കാനായി 2022 ജനുവരിയില്‍ സര്‍ക്കാര്‍ മൂന്നംഗ പാനലിനെ നിയോഗിച്ചു. പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഓരോ ഫിലിം സെറ്റിലും ആഭ്യന്തര പരാതി സമിതി, ലീഗല്‍ എയ്ഡ് സെല്‍, ഇരകള്‍ക്ക് കൗണ്‍സലിങ് എന്നീ നിര്‍ദേശങ്ങള്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി സര്‍ക്കാരിനു നല്‍കുകയും ചെയ്തു.
സ്ത്രീസുരക്ഷ, സ്ത്രീകളുടെ അവകാശങ്ങള്‍, ലിംഗസമത്വം, തുല്യവേതനം, തൊഴിലിടങ്ങളിലെ തുല്യത എന്നിവയെ സംബന്ധിച്ച ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍, മലയാള സിനിമാലോകത്തെ ഞെട്ടിക്കുന്ന ലൈംഗിക അതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും സാമ്പത്തിക വിവേചനത്തിന്റെയും മറ്റ് അരക്ഷിതാവസ്ഥകളുടെയും കാര്യത്തില്‍ എത്ര പൊള്ളയാണെന്ന് പിണറായി സര്‍ക്കാര്‍ തെളിയിച്ചുകഴിഞ്ഞു. തൊഴില്‍മേഖലയില്‍ നിരവധി ലൈംഗിക കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഭാരതീയ നാഗരിക സുരക്ഷാ സംഹിത 176(1) വകുപ്പ്, ഭാരതീയ ന്യായസംഹിത 199(സി) വകുപ്പ്, പോക്സോ ആക്ട് 21-ാം വകുപ്പ് എന്നിവ പ്രകാരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമങ്ങള്‍ മറച്ചുവയ്ക്കുന്നതും കുറ്റകരമാണ്. സിനിമാ മേഖലയിലെ മയക്കുമരുന്നിന്റെയും ലഹരിപദാര്‍ഥങ്ങളുടെയും ദുരുപയോഗത്തെക്കുറിച്ചും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
സാംസ്കാരികമന്ത്രി സജി ചെറിയാന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ വലതുപക്ഷ മാധ്യമങ്ങള്‍ തന്നെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കുന്നുവെന്നാണ് മന്ത്രിയുടെ ആവലാതി. ലൈംഗിക പെരുമാറ്റദൂഷ്യം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന നടന് മുകേഷിനെ സിപിഎം എംഎല്‍എ പദവിയില്‍ നിന്നും സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും നീക്കണമെന്ന് ഇടതുസ്ത്രീപക്ഷ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നുണ്ട്. ഇരകള്‍ പരാതി സമര്‍പ്പിച്ചാല്‍ കേസെടുക്കാമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ തെളിവുകള്‍ സഹിതം പേരെടുത്തു പറയുന്ന സംഭവങ്ങളില്‍ സുവോ മോട്ടു കേസെടുക്കാന്‍ വകുപ്പില്ലെന്നാണോ? എന്തായാലും നാല് സീനിയര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ പ്രാഥമിക അന്വേഷണത്തിനു നിയമിച്ചത് ഹൈക്കോടതിയുടെ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ സഹായകമാകും.
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കടുത്ത രോഷം പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പിടിഐ വാര്‍ത്താ ഏജന്‍സിക്ക് ഒരു ലേഖനം നല്‍കിയത് കൊല്‍ക്കത്തയിലെ ആര്.ജി കര് മെഡിക്കല്‍ കോളജില്‍ മുപ്പത്തൊന്നുകാരിയായ പിജി ഡോക്ടര്‍ അതിക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദാരുണ സംഭവം അനുസ്മരിച്ചുകൊണ്ടാണ്. രാജ്യത്തെ നടുക്കിയ ആ നിഷ്ഠുര കുറ്റകൃത്യത്തെ ബംഗാളിലെ ടിഎംസി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ അതിരൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ബംഗാളില്‍ ബിജെപി ബന്ദ് നടത്തുന്നതിനിടെയാണ് രാഷ്ട്രപതിയുടെ അസാധാരണ ലേഖനം. പീഡനകേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്ല് അടുത്തയാഴ്ച അവതരിപ്പിക്കുമെന്നും അത്തരം കേസുകളില്‍ പത്തുദിവസത്തിനകം ശിക്ഷാനടപടിയുണ്ടാകുമെന്നും മമത പറയുന്നുണ്ട്.
സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ പൊറുക്കാനാവാത്ത പാപമാണെന്നും അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെയും അവരുടെ കൂട്ടാളികളെയും വെറുതെവിടരുതെന്നും മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍, സ്വയംസഹായസംഘങ്ങളിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന വനിതളെ ആദരിക്കുന്ന ലഖ്പതി ദീദി സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി സംസ്ഥാന സര്‍ക്കാരുകളെ ഓര്‍മിപ്പിക്കുകയുണ്ടായി. പക്ഷേ, ബിജെപി ഭരിക്കുന്ന മണിപ്പുരില്‍ 2023 മേയില്‍ ആരംഭിച്ച ‘വംശീയകലാപത്തില്‍’ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളായി കൊല്ലപ്പെട്ടവരും അതിജീവിതരായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുമായ ‘നമ്മുടെ സഹോദരികളെയും പെണ്മക്കളെയും’ പ്രധാനമന്ത്രി എന്തുകൊണ്ടോ ഓര്‍ക്കുന്നേയില്ല.
മണിപ്പുരില്‍ കുക്കി ഗോത്രവര്‍ഗക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ ആരംഭിച്ചതിന്റെ രണ്ടാംനാള്‍ തൗബാലില്‍ രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി പാടത്തേക്കു കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതും അവരുടെ ബന്ധുക്കളായ രണ്ടു പുരുഷന്മാരെ അടിച്ചുകൊന്നതും മെയ്തെയ് സായുധസംഘങ്ങളാണെന്നും, ജിപ്സി വാഹനത്തില്‍ അഭയം തേടിയ സ്ത്രീകളെ ആള്‍ക്കൂട്ടത്തിനു വിട്ടുകൊടുത്തത് പൊലീസാണെന്നും കഴിഞ്ഞ ഒക്ടോബറില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞത് ഓര്‍മിപ്പിക്കുന്ന, ഞെട്ടിക്കുന്ന ഒരു ഓഡിയോ ടേപ്പ് കഴിഞ്ഞയാഴ്ച പുറത്തുവന്നത് മോദിജി അറിഞ്ഞ ലക്ഷണമില്ല.
മണിപ്പുര്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് അജയ് ലാംബ അധ്യക്ഷനായ മൂന്നംഗ ജുഡീഷല്‍ കമ്മിഷന് സമര്‍പ്പിക്കപ്പെട്ട 48 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ടേപ്പ് മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ശബ്ദരേഖയാണെന്ന് പരാതിക്കാര്‍ സത്യവാങ്മൂലത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നു. ‘ദി വയര്‍’ ന്യൂസ് നെറ്റ് വര്‍ക്കാണ് സ്വന്തം നിലയ്ക്കുള്ള സ്ഥിരീകരണത്തിനുശേഷം അതു പുറത്തുവിട്ടത്. സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ദേശവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ച വ്യാജരേഖ എന്നു മുദ്രകുത്തി മണിപ്പുര്‍ സര്‍ക്കാര്‍ അതു തള്ളി.
മെയ്തെയ്ലോണ് ഭാഷയിലുള്ള ആ ശബ്ദരേഖയില്‍, കാങ്പോക്പിയിലെ കൂട്ടബലാത്സംഗത്തെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്: ”അവരെ ബലാത്സംഗം ചെയ്തുവെന്നതിന് എന്താണു തെളിവ്? പത്ത് ഇരുപതിനായിരം പേരുണ്ട്. നമ്മള് ആ സ്ത്രീകളെ വസ്ത്രമുടുപ്പിച്ച് അക്രമികളില്‍ നിന്നു രക്ഷപ്പെടുത്തി വീട്ടില്‍ തിരിച്ചെത്തിച്ചുവെന്നാണ് പറയേണ്ടിയിരുന്നത്.” കേസുകളില്പെടുന്നവരുടെ കാര്യം നോക്കിക്കൊള്ളാമെന്ന് താന്‍ ഏറ്റതാണെന്ന് ബിരേന്‍ സിങ്ങിന്റേതായി ആരോപിക്കപ്പെടുന്ന ആ സ്വരത്തില്‍ പറയുന്നുണ്ട്. കാങ്പോക്പിയിലെ കൂട്ടബലാത്സംഗകേസില്‍ ഇതുവരെ ഏഴുപേര്‍ മാത്രമാണ് പ്രതികളായിട്ടുള്ളത്! മണിപ്പുരില്‍ ഒന്നേകാല്‍ വര്‍ഷമായി തുടരുന്ന കലാപത്തില്‍ കൊടിയ പീഡനവും യാതനകളും സഹിക്കേണ്ടിവന്ന സ്ത്രീകളുടെ കാര്യം പ്രധാനമന്ത്രി മറന്നാലും ഗോത്രവര്‍ഗക്കാരിയായ രാഷ്ട്രപതി ഓര്‍ക്കേണ്ടതാണ്.
മലയാള സിനിമാ മേഖലയിലെ സ്ത്രീപീഡകരായ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം, നവംബറില്‍ ത്രിദിന സിനിമാ കോണ്‍ക്ലേവ് നടത്തി പ്രശ്നങ്ങള്‍ക്കു പരിഹാരം തേടാനുള്ള പിണറായി സര്‍ക്കാര്‍ തന്ത്രത്തെ നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ വിമണ്‍ ജനറല്‍ സെക്രട്ടറി സിപിഐ നേതാവ് ആനി രാജയും എതിര്‍ക്കുന്നുണ്ട്. കോണ്‍ക്ലേവ് എന്ന പേരില്‍ ഇരകളെ വേട്ടക്കാരുടെ മുമ്പിലേക്ക് വീണ്ടും ഇട്ടുകൊടുക്കുന്നത് സ്വാഭാവിക നീതിയാണോ എന്നാണ് ആനി രാജയുടെ ചോദ്യം.