ജെയിംസ് അഗസ്റ്റിന്
മലയാളത്തിനു മനോഹരമായ ഓണപ്പാട്ടുകള്‍ സമ്മാനിച്ച കസ്സെറ്റ് കമ്പനിയാണ് തരംഗിണി. യേശുദാസിന്റെ ഓണപ്പാട്ടുകള്‍ ഇല്ലാതെയുള്ളൊരോണം മലയാളിക്ക് സങ്കല്‍പ്പിനാവുന്നതല്ലല്ലോ. സ്പോട്ടിഫൈയുടെയും യൂട്യൂബിന്റേയും വാഴ്ച തുടങ്ങും മുന്‍പ് കസ്സെറ്റിന്റെയും സിഡിയുടെയും പ്രതാപകാലമുണ്ടായിരുന്നു. ഓരോ കസ്സെറ്റിന്റെയും പ്രകാശനം കാത്തിരിക്കുന്നൊരു ആസ്വാധകക്കൂട്ടം ഇവിടെയുണ്ടായിരുന്നു.
കസ്സെറ്റുകളെക്കുറിച്ചുള്ള പരസ്യം പത്രത്തില്‍ വന്നയുടനെ അടുത്തുള്ള കടയിലേക്കോടി വാങ്ങുന്നവര്‍. വാങ്ങാന്‍ പണമില്ലാത്തവര്‍ കയ്യിലുള്ള പഴയ കസ്സെറ്റിലേക്കു പുതിയ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യിക്കും. ചില കടകളില്‍ ഇങ്ങനെ കോപ്പി ചെയ്യാന്‍ കൊടുത്താല്‍ കുറച്ചു ദിവസം കാത്തിരിക്കേണ്ടി വരും. അങ്ങനെ കൊതിയോടെ കാത്തിരുന്നൊരു സംഗീതപ്രേമികളുടെ നാടാണ് നമ്മുടേത്. കാത്തിരുന്ന് കിട്ടിയ കസ്സെറ്റ് ചിലപ്പോള്‍ പിഞ്ച്റോളറില് ചുറ്റിപ്പിടിച്ചു പൊട്ടിപ്പോകും. പൊട്ടിയ റിബ്ബണ്‍ ഒട്ടിച്ചു വീണ്ടും ഉപയോഗിക്കുന്ന വിദഗ്ധന്മാരുമുണ്ടായിരുന്നു. പുതിയ പാട്ടുകള്‍ക്കായി കാത്തിരിക്കുന്നവരുടെ മുന്നിലേക്കാണ് യേശുദാസിന്റെ കമ്പനി ഓരോ ആഘോഷക്കാലത്തും പുതിയ സമാഹാരങ്ങളുമായി മഴപ്പെയ്ത്ത് നടത്തിയിരുന്നത്.
ഓണത്തിനും ക്രിസ്മസിനും ഈസ്റ്ററിനും വിഷുവിനും ബക്രീദിനുമെല്ലാം തരംഗിണി കസ്സെറ്റ്സ് പാട്ടിന്റെ വിരുന്നൊരുക്കി. ഓണവുമായി ബന്ധപ്പെട്ട പാട്ടുകളുടെ പരമ്പര തന്നെ തരംഗിണി ഒരുക്കിയിട്ടുണ്ട്.
1981-ല്‍ പ്രഫ. ഒഎന്‍വി കുറുപ്പ് എഴുതി ആലപ്പി രംഗനാഥ് സംഗീതം നല്കിയ ഓണപ്പാട്ടുകള്‍ എന്ന് പേരിട്ട പാട്ടുകളാണ് ഈ ശ്രേണിയിലെ ആദ്യത്തേത്.
നാലുമണിപ്പൂവേ.. നാലുമണിപ്പൂവേ
നാടുണര്‍ന്നൂ.. മഴക്കാറുണര്ന്നൂ
നാലുമണിപ്പൂവേ നീ ഉണരില്ലേ?
എന്ന് തുടങ്ങുന്ന ഗാനം ഈ ആല്‍ബത്തിലേതാണ്. പൊന്നോണ തരംഗിണി എന്ന പേരില്‍ നാലു വര്‍ഷമാണു ഓണത്തിന് പാട്ടിന്റെ സദ്യ വിളമ്പിയത്. പൊന്നോണതരംഗിണി ഒന്നിന്റെ രചന നിര്‍വഹിച്ചത് ശ്രീകുമാരന്‍ തമ്പിയും സംഗീതം നല്‍കിയത് രവീന്ദ്രനുമാണ്. എട്ടു പാട്ടുകള്‍ മാത്രമാണ് ആല്‍ബത്തില്‍ ഉള്ളതെങ്കിലും എട്ടും ഹിറ്റായി ഇന്നും തുടരുന്നു.
ശ്രീകുമാരന്‍ തമ്പി എന്ന പോയെറ്റിക്കല് ജീനിയസിന്റെ മലയാളത്തനിമയും കാവ്യഭംഗിയും നിറഞ്ഞ വരികളിലേക്കു രവീന്ദ്രസംഗീതം ഇണചേര്‍ന്നപ്പോള്‍ മലയാളത്തിന് ലഭിച്ചത് അതുല്യമായൊരു സംഗീത വിരുന്നായിരുന്നു.
പൂക്കളം കാണുന്ന പൂമരം പോലെ നീ
പൂമുഖത്തിണ്ണയില്‍ നിന്നു…
വീതിക്കസവുള്ള വീരാളിപ്പട്ടില്‍ നിന്
പൂമേനി പൊന്നായി മിന്നി.. നിന്റെ
പൂമേനി പൊന്നായി മിന്നി..
ആസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ ഗാനം ഈ കസ്സെറ്റിലേതാണ്.
മണ്ണിന്റെ മണത്തെക്കുറിച്ചുള്ള ഒരു ഗാനത്തിന്റെ ആദ്യവരികള്‍ താഴെ ചേര്‍ക്കുന്നു.
മണ്ണിന് മണമീണമാക്കും മലയാളത്തത്തമ്മേ
ഓണവില്ലിന് നാദം കേള്‍ക്കൂ..ഓമനക്കിളിയമ്മേ…
1989 -ല്‍ ആവണിപ്പൂച്ചെണ്ടു എന്ന് പേരിട്ടു വിപണിയിലെത്തിച്ച ഓണപ്പാട്ടുകളുടെ രചന നിര്‍വഹിച്ചത് പി. ഭാസ്കരനും സംഗീതം നല്‍കിയത് രവീന്ദ്ര ജയിനും ആയിരുന്നു. ഹിന്ദി സിനിമാസംഗീത ലോകത്തു നിന്നും കേരളത്തിലെത്തി നമുക്കായി രവീന്ദ്ര ജെയിന് ഒരുക്കിയതു മലയാളിത്തമുള്ള പാട്ടുകള്‍ തന്നെയായിരുന്നു.
1983 -ലും 1984 -ലും ഉത്സവഗാനങ്ങള്‍ എന്ന പേരിലാണ് യേശുദാസ് ഓണപ്പാട്ടുകള്‍ മലയാളികള്‍ക്ക് നല്‍കിയത്.
പായിപ്പാട്ടാറ്റില്‍ വള്ളം കളി
പമ്പാനദി തിരയ്ക്ക് ആര്‍പ്പുവിളി
കാരിച്ചാല്‍ ചുണ്ടനും ആനാരിച്ചുണ്ടനും
കാവാലം ചുണ്ടനും പോര് വിളിയില്‍ ആ
വലിയ ദിവാന് ജിയും മുന്‍ നിരയില്‍…
എന്നു തുടങ്ങുന്ന ഗാനം ഉത്സവഗാനങ്ങള്‍ എന്ന കസ്സറ്റിനു ശ്രീകുമാരന്‍ തമ്പി- രവീന്ദ്രന് സഖ്യം ഒരുക്കിയതാണ്.
ഉത്സവഗാനങ്ങള്‍ എന്ന ആല്‍ബത്തിലെ മറ്റു ഗാനങ്ങളും അതിപ്രശസ്തമാണ്.
ഉത്രാടപ്പൂനിലാവേ വാ… ഉത്രാടപ്പൂനിലാവേ വാ…
മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവണിയില്‍
ഇത്തിരിപ്പാല് ചുരത്താന്‍ വാ..വാ..വാ…
എന്ന ഗാനവും ഇതേ ശ്രേണിയിലുള്ളതാണ്.
ഗാനോത്സവം എന്നൊരു ആല്‍ബവും ഓണത്തിന് പ്രകാശിതമായിട്ടുണ്ട്.
ഒഎന്‍വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ജെറി അമല്ദേവാണു സംഗീതം നല്‍കിയത്.
പൊന്നോണം വന്നു പൂമ്പട്ടു വിരിക്കുമീ
പൊന്നിലഞ്ഞിത്തണലില്
ഒന്നുമറിയാത്ത പിഞ്ചോമനകളായ്
വന്നു നില്ക്കുന്നു നമ്മള്
ഇന്നും വന്നു നില്ക്കുന്നു നമ്മള്
എന്ന ഗാനം ഓണത്തിന്റെ ഓര്‍മകളിലേക്ക് നമ്മെ കൊണ്ടുപോകും.
ബിച്ചു തിരുമലയും മോഹന്‍ സിത്താരയും ചേര്‍ന്നൊരുക്കിയ ഒരു ഗാനമുണ്ട്.
മറുനാടന്‍ മലയാളികളെ ഗൃഹാതുരമായ ഓര്‍മകളിലേക്ക് വഴിനടത്തുന്ന ഈ ഗാനത്തിന്റെ വരികള്‍ താഴെ ചേര്‍ക്കുന്നു.
ദൂരെ കേരളം അണിഞ്ഞൊരുങ്ങുന്നു
ഓണം കൂടാനായി
മണ്ണിന് വാസന മനസരവാതില്
ചാരാതണയുന്നു
കടലിനു മീതെ അരയന്നമായെന്
ഹൃദയവികാരം തുഴയുന്നു
ഇന്നെന്‍ ഇണക്കിളിയെ
ഞാന്‍ തിരയുന്നു….
ഓണവും പാട്ടും യേശുദാസും ഈ ദിനങ്ങളില്‍ ഒരുമിച്ചു വീണ്ടും വരികയാണ്. ഓണപ്പാട്ടുകളുടെ പൂക്കാലം ഇനിയും പിറക്കട്ടെ.