വില്‍സി സൈമണ്‍
ഹേമ കമ്മിറ്റി തുറന്നു വിട്ട ഭൂതം കേരളത്തിലെ സിനിമാലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. പല പ്രമുഖ കളിക്കാരുടെയും വിക്കറ്റുകള്‍ വീണു കഴിഞ്ഞു. മനസ്സില്‍ പ്രതിഷ്ഠിച്ചുവച്ചിരുന്ന പല വിഗ്രഹങ്ങളും വീണുടഞ്ഞുപോയി. കാലം കൊടുത്ത പണിയാണ്. ഏതൊരു സത്യവും ഒരു നാള് പുറത്തുവരിക തന്നെ ചെയ്യും.
‘മാളിക മുകളിലേറിയ മന്നന്റെ
തോളില്‍ മാറാപ്പുകേററുന്നതും ഭവാന്’! തന്നെയാണ്.
ചിലപ്പോള്‍ ചില സത്യങ്ങള്‍ പെട്ടെന്ന് പുറത്തുവരും. മറ്റുചിലപ്പോള്‍ അത് വളരെ സാവധാനത്തില്‍ മാത്രമേ പുറത്തുവരൂ. എപ്പോള്‍ സംഭവിക്കുമെന്നതിലല്ല മറിച്ച്,ഉപ്പ് തിന്നുന്നവന് വെള്ളം കുടിച്ചിരിക്കും എന്നതാണ് സത്യം.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. കേരളത്തിലെ സിനിമാമേഖലയില്‍ സ്തീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ഹേമകമ്മറ്റിയെ നിയമിച്ചത്. വൈകിയാണെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സിനിമാലോകത്തെ ഞെട്ടിക്കുന്ന കഥകള്‍ പുറംലോകം അറിഞ്ഞു. ഒരു പരിധിവരെ മിന്നും താരങ്ങള്‍ എല്ലാം ഡ്യൂപ്ലിക്കേറ്റ് താരങ്ങളായി മാറാന്‍ അധികസമയം എടുത്തില്ല.
സിനിമയില്‍ അഭിനയിക്കുകയാണ് ലക്ഷ്യമെങ്കില്‍ ചില അഡ്ജസ്റ്റ്മെന്റ് വേണമത്രേ. ശരീരം പ്രദര്‍ശിപ്പിക്കണം. ശരീരം തൊട്ടുനോക്കണം. പവര്‍ ഗ്രൂപ്പ് പറയുന്നത് പോലെ ചെയ്യണം. അതിനുവേണ്ടി ഇടനിലക്കാര്‍ ഉണ്ടെന്നും അനുസരിക്കാത്തവര്‍ക്ക് പ്രതികാര നടപടികള്‍, ആജീവനാന്തവിലക്കുകള് എല്ലാം നേരിടേണ്ടി വരും എന്നെല്ലാം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. വര്‍ത്തമാന കാലകേരളത്തിന്റെ സിനിമ സാംസ്കാരിക രംഗം മൂല്യച്യുതിയില് പെട്ടു വട്ടം തിരിയുകയാണ്.
ഇത് സിനിമാമേഖലയിലെ അവസ്ഥയായി മാത്രം ആരും കരുതേണ്ട. സര്‍വ്വമേഖലകളിലും സ്ത്രീകള്‍ വിവേചനങ്ങള്‍ നേരിടുന്നുണ്ട്. കുടുംബങ്ങളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പോലും ആനുപാതികമായി ടോയ്ലറ്റുകളില്ല, സാനിറ്ററി നാപ്കിന് നശിപ്പിക്കാന്‍ സ്ഥലങ്ങളില്ല, കുടിവെള്ളമില്ല, മുലയൂട്ടാന്‍ സൗകര്യങ്ങളില്ല.
സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഇരിക്കാനും നടക്കാനും യാത്ര ചെയ്യാനും പോലും സുരക്ഷിതത്വമില്ല എന്നതാണ് വാസ്തവം. രാജ്യത്തെ സ്ത്രീ സാക്ഷരതയില്‍ മുന്നിട്ടു നില്ക്കുന്ന സംസ്ഥാനമെന്ന പേരില്‍ കേരളം അറിയപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ സ്ത്രീകള്‍ സ്വന്തം സ്വത്വബോധം വീണ്ടെടുക്കാനും അത് തിരിച്ചു അറിഞ്ഞുകൊണ്ടു ഭരണഘടന നല്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാനും പ്രാപ്തരല്ല എന്നാണ് തിരിച്ചറിയേണ്ടത്.
ഒരു പെണ്‍കുട്ടിയോടുള്ള വിവേചനം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ തുടങ്ങുകയായി. ഒരു പക്ഷേ ഒരു കുഞ്ഞ് ചിലപ്പോള്‍ വെയ്സ്റ്റ് ബിന്നിലേയ്ക്ക് കഷണം കഷ്ണമായി വലിച്ചെറിയപ്പെട്ടേക്കാം. ജനിച്ചുകഴിഞ്ഞാല്‍ കുടുംബത്തിലും സമൂഹത്തിലും അവള് പല വേര്‍ത്തിരിവുകള്‍ നേരിടുന്നുണ്ട്. യാത്ര, പഠനം, വിവാഹം, സ്വത്ത്, വാര്‍ധക്യം എന്നുവേണ്ട എല്ലായിടത്തും സ്ത്രീക്ക് സ്വന്തമായ ഒരിടം ഇനിയും പൂര്‍ണമായി സംജാതമായിട്ടില്ല.
മത രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക രംഗങ്ങളില്‍ സ്ത്രീകള്‍ക്കായി നിശ്ചിത അനുപാത സംവരണങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും എവിടെയും പാലിക്കപ്പെടുന്നില്ല. എല്ലായിടങ്ങളിലും പ്രമുഖസ്ഥാനമാനങ്ങളിലും പുരുഷാധിപത്യം ഇപ്പൊഴും നിലനില്‍ക്കുന്നുണ്ട്.
സ്തീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ നിരവധിയാണ്. അവയെല്ലാം തുറന്നുപറയാനും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുവാനും ശിക്ഷ വാങ്ങികൊടുക്കാനും ഇവിടെ എന്തു പിന്തുണാ സംവിധാനങ്ങളാണ് ഉള്ളത്? ഉള്ളതിനെ ക്കുറിച്ചു ശക്തമായ അവബോധം നല്കേണ്ടതല്ലേ. ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് പൂര്‍ണമായ നീതി ലഭിക്കണം. ഇത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ മാതൃകാപരമായ ശിക്ഷകള്‍ നിയമസംവിധാനങ്ങള്‍ നല്‍കണം.
സ്ത്രീശാക്തീകരണം എന്ന് വിളിച്ചുപറയുമ്പോഴും സ്ത്രീകള്‍ ഇവിടെ വേണ്ടവിധത്തില്‍ ശാക്തീകരിക്കപ്പെടുന്നില്ല എന്നത് ദുഃഖകരമാണ്. സമകാലിക സിനിമകളെ അവലോകനം ചെയ്താല്‍ മിക്ക സിനിമകളിലും ധാര്‍മികതയും മൂല്യങ്ങളും ചോര്‍ന്നു പോയിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
മലയാളസിനിമ ലോകത്തുതന്നെ മികച്ച അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട് എന്ന് വിസ്മരിക്കുന്നില്ല. പക്ഷേ ഇന്നു ചില സിനിമകള്‍ സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും സ്വവര്‍ഗപ്രേമം, മദ്യം, മയക്കുമരുന്ന്, ലഹരി, അടി, ഇടി, ബലാത്സംഗം, അസൂയ, കൊലപാതകം, ആത്മഹത്യ എന്നുവേണ്ട സകലവിധ മസാലകളും വിഭവങ്ങളായി വിളമ്പി പ്രേക്ഷകമനസ്സുകളെ കലുഷിതമാക്കികൊണ്ടിരിക്കുന്നു. അക്രമവാസനകള്‍ ചുറ്റും പെരുകുന്നു.
ചില സിനിമകള്‍ ചില മതവിഭാഗങ്ങളെ മാത്രം ഇകഴ്ത്തി കാണിക്കാന്‍ അമിത താല്പര്യം കാണിക്കുന്നതും അടുത്തയിടെ കണ്ടു. വൈദികരും സന്ന്യസ്തരും ചില സിനിമകളില്‍ പരിഹാസ കഥാപാത്രങ്ങളായി. കുമ്പസാരം പോലെയുള്ള ക്രൈസ്തവകൂദാശകള് പോലും പൊതുധാരയില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. പലപ്പോഴും മനുഷ്യമനസ്സുകളെ നന്മയില് സംസ്കരിച്ചു വിശുദ്ധീകരിക്കുക എന്നതുതന്നെയാണ് ഏതൊരു കലയുടെയും ലക്ഷ്യം എന്നു മറന്നു പോയി. പണം, അധികാരം,, അവിശുദ്ധ കൂട്ടുകെട്ടുകള്‍, ഇവയെല്ലാം ഏതൊരു മേഖലയുടെയും വ്യക്തിയുടെയും അധഃപതനത്തിന് കാരണമായേക്കാം.
ഇപ്പോള്‍ ഈ മേഖലയില്‍ സംഭവിച്ചത് അതിനുദാഹരണം മാത്രമാണ്. സ്ത്രീകള്‍ ആരുടെയും ഉപഭോഗ വസ്തുവല്ല.
വനിതാവിമോചനപ്രസ്ഥാനങ്ങളെല്ലാം സ്ത്രീ പുരുഷ ബന്ധത്തിന്റെ മഹനീയത ഉയര്‍ത്തിപ്പിടിക്കാനും സ്ത്രീത്വത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ സധൈര്യം നേരിടാനുള്ള ആത്മശക്തി ആര്‍ജ്ജിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനു ആവശ്യമായിട്ടുള്ള വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
കേരളത്തില്‍ മാത്രമല്ല സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടത്. മണിപ്പൂരില്‍ സ്ത്രീകള്‍ക്കു നേരെ നടന്ന സമാനതകളില്ലാത്ത ക്രൂരതയുടെ മുറിവുകള്‍ മറക്കാനാവില്ല. അന്ന് ചില മാധ്യമങ്ങള്‍ കാണിച്ച അപകടകരമായ മൗനം കണ്ടില്ലെന്നു നടിക്കാനാവില്ല. എല്ലാ ദേശങ്ങളിലും സ്ത്രീകള്‍ വാഴ്ത്തപ്പെട്ടട്ടെ. ലോകത്തിലെ ഏതു വാര്‍ത്തയും നിമിഷം നേരം കൊണ്ടു നമ്മുടെ സ്വീകരണമുറിയില്‍ എത്തുന്നതില്‍ മീഡിയകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാധ്യമധര്‍മം പാലിക്കാന്‍ വിവിധ മാധ്യമങ്ങള്‍ക്കും ഉത്തരാവാദിത്വമുണ്ട്. കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ കുറ്റം തെളിയുന്നത് ജൂഡിഷറിയുടെ വിധി വരുമ്പോഴാണ്. അതുവരെ കാത്തിരിക്കാനുള്ള വിവേകബുദ്ധി മാധ്യമങ്ങള്‍ പുലര്‍ത്തേണ്ടതുണ്ട്.
പരിധി വിട്ടുള്ള വാര്‍ത്താവലോകനങ്ങള്‍ ഒരാളുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്നുണ്ട്. ഒരു പക്ഷേ അയാളുടെ നിരപരാധിത്വം തെളിയിച്ചുകഴിഞ്ഞാല്‍ ഈ ആത്മബോധം തിരിച്ചുകിട്ടണമെന്നില്ല. അതുവരെ ആ വ്യക്തി അനുഭവിക്കുന്ന ആത്മസംഘര്ങ്ങള്ക്ക് പിന്നീട് ആര് പരിഹാരം ചെയ്യും എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. ഒരു വാര്‍ത്തയ്ക്ക് മുമ്പിലും പിമ്പിലും ഒരു നാടിന്റെയും വ്യക്തിയുടെയും നന്മയും സാംസ്കാരികപൈതൃകങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടണം.
എവിടെ സ്ത്രീത്വത്തെ ബഹുമാനിക്കപ്പെടുന്നു അവിടെയെല്ലാം സ്വാതന്ത്ര്യത്തിന്റെ കാഹളധ്വനികളുണ്ട്. എവിടെയെല്ലാം അവള് ആദരിക്കപ്പെടുന്നു അവിടെയെല്ലാം പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഗീതികള്‍ കേള്‍ക്കാം കാരണം അവള് അമ്മയാണ്..വിശ്വമെല്ലാം അമ്മമയമാണല്ലോ. ഇവിടുത്തെ ഭരണസംവിധാനവും പൊതുസമൂഹവും സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും ഒരു സ്ത്രീയെ ജീവിക്കാന്‍ അനുവദിക്കുന്നുവെന്നുറപ്പുവരുത്തുമ്പോള് മാത്രമേ സ്ത്രീയെന്ന വിശ്വബോധവും വിശ്വരൂപവും എക്കാലത്തും വിലമതിക്കപ്പെടുകയുള്ളൂ.