ആലപ്പുഴ : തീരദേശ ജനത ഉൾപ്പെടുന്ന ബഹുസ്വര സമൂഹത്തിനു വിമോചനത്തിൻ്റെ വാതിൽ തുറക്കാൻ രാഷ്ട്രീയ, ഭരണ നേതൃത്വം തയ്യാറാകണമെന്നു ആലപ്പുഴ രൂപത ബിഷപ്പ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ പറഞ്ഞു. രൂപതയിലെ അൽമായ കമ്മീഷൻ സംഘടിപ്പിച്ച കരുതൽ 2024 രൂപതാ തല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
രാജ്യത്തിൻ്റെ പൈതൃകം ബഹുസ്വരത്തിൽ അധിഷ്ഠിതമാണ്. ദരിദ്രജനത്തിൻ്റെ വിമോചനമായിരുന്നു ക്രിസ്തുവിൻ്റെ സുവിശേഷം. പ്രത്യശാസ്ത്രവും സമ്പത്തും അധികാരവും ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉതകണം. ഇപ്രകാരമുള്ള നിലപാടുകളോടെ നേതൃനിരയിൽ പങ്കാളിത്ത മനോഭാവത്തോടെ പ്രവർത്തിക്കുന്നുണ്ടോയെന്നാണ് തീരദേശ സമൂഹം ഉറ്റുനോക്കുന്നത്. വിശ്വാസം വിമോചനത്തിൻ്റെ പാതയിൽ പ്രവർത്തിക്കുമ്പോൾ യഥാർത്ഥ ആത്മീയതയുടെ സ്വാതന്ത്രൃം മനുഷ്യർ അനുഭവിക്കുമെന്നും ബിഷപ്പ് പറഞ്ഞു.
ജോയി ഗോതുരുത്ത്, എലിസബത്ത് അസ്സീസി എന്നിവർ ക്ലാസ്സെടുത്തു. രൂപതാ വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോൺസൺ പുത്തൻവീട്ടിൽ, പി.ആർ. യേശുദാസ്, പി.ജി.ജോൺ ബ്രിട്ടോ, പി.ആർ. കുഞ്ഞച്ചൻ, ക്ലീറ്റസ് കളത്തിൽ, റെനീഷ് ആൻ്റണി, അഡ്വ. റോണി ജോസ് , സോഫി രാജു, ജ്യോതി സോണി, ടി.ജെ.സേവ്യർ, ഇ.സി രാജു, ഐസക്, സന്തോഷ് കൊടിയനാട്, അനിതാ നിക്സൺ എന്നിവർ പ്രസംഗിച്ചു. ഫൊറോന ഇടവക തലങ്ങളിൽ ലെയ്റ്റി കമ്മീഷൻ ശക്തമാക്കി പരിശീലന പരിപാടികളും തുടർ നേതൃയോഗങ്ങളും ഭാവി പരിപാടികളായി അവതരിപ്പിക്കപ്പെട്ടു.