ഷാജി ജോര്‍ജ്
ഇന്ദുചൂഡന് എന്ന് കേള്‍ക്കുന്ന മാത്രേ വായനക്കാരില്‍ ഓര്‍മ്മ വരുന്നത് കേരളത്തിലെ പക്ഷികളെയാണ്. കേരളത്തിലെ പക്ഷികളെക്കുറിച്ച് ഇത്രമേല്‍ പഠിക്കുകയും എഴുതുകയും ചെയ്ത മറ്റൊരാള്‍ ഉണ്ടാകില്ല. പ്രഫ. കെ.കെ നീലകണ്ഠന് കേരളത്തിലെ പല കോളജുകളിലും അധ്യാപകനായിരുന്നു. പക്ഷേ, ഇന്ദുചൂഡന് എന്ന തൂലിക നാമമാണ് അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. പക്ഷി നിരീക്ഷകന് എന്ന വ്യക്തി താല്പര്യത്തിന് പുറത്ത് അദ്ദേഹം എഴുതിയ ലേഖനങ്ങളും പുസ്തകവും പക്ഷികളെക്കുറിച്ച് മലയാളി സമൂഹത്തിന് ഇന്നുണ്ടായിട്ടുള്ള അവബോധത്തിനും ഉണര്‍വിനും താല്പര്യത്തിനും മുഖ്യകാരണമായി.
‘കേരളത്തിലെ പക്ഷികള്‍’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥം ഒരുതവണയെങ്കിലും കൈയിലെടുത്തില്ലെങ്കില്‍ നമ്മുടെ പ്രകൃതിസ്നേഹത്തിനും അറിവിനും കുറവുണ്ടാകും.
1958ലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മുപ്പതോളം ലേഖനങ്ങള്‍ ചേര്‍ത്ത് കേരളത്തിലെ പക്ഷികള്‍ പ്രസിദ്ധീകരിച്ചത്. നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണുന്ന കാക്കയെയും മൈനയെയും പരുന്തിനെയും കുറിച്ച് ലേഖനപരമ്പര തുടങ്ങുന്നതിനു പകരം ഇന്ദുചൂഡന് തിരഞ്ഞെടുത്തത് വേഴാമ്പലുകളെയും പനങ്കുളന്മാരെയും കുയിലുകളെയും നെയ്ത്തുകാരന് പക്ഷികളെയുമാണ്. ഇതിന്റെ കാരണം ഊഹിക്കാവുന്നതേയുള്ളൂ. പക്ഷിലോകത്ത് അവിശ്വസനീയവും അദ്ഭുതകരവുമായ പ്രജനനസ്വഭാവമുള്ള പക്ഷികളാണ് ഇവയെല്ലാം. വായനക്കാരില്‍ വിസ്മയം ജനിപ്പിച്ച്, പക്ഷികളുടെ ലോകത്തേക്ക് വിജ്ഞാനപ്രദമായ ഉല്ലാസയാത്രയ്ക്ക് കൂട്ടിക്കൊണ്ടു പോകാന്‍ പറ്റിയ ഒരു വിദ്യ ഇതായിരിക്കും എന്ന് അദ്ദേഹം കരുതിക്കാണണം.
പ്രഫ. ഇന്ദുചൂഡന്റെ ജീവിതത്തെ കുറിച്ച് അതിമനോഹരമായ ഒരു പുസ്തകം മാതൃഭൂമിയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പക്ഷികളും ഒരു മനുഷ്യനും; ഇന്ദുചൂഡന്റെ ജീവിതം’ എന്ന ശീര്‍ഷകത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യനും സന്തതസഹചാരിയും ആയിരുന്ന സുരേഷ് ഇളമണ്‍ ആണ് രചയിതാവ്. കേരളത്തിലെ ചിത്രശലഭങ്ങളെ കുറിച്ചുള്ള പഠനത്തിന് തുടക്കം കുറിച്ചത് സുരേഷാണ്. 2000-ല്‍ പ്രകൃതി വന്യജീവി ചലച്ചിത്ര നിര്‍മ്മാണത്തിലേക്കു തിരിഞ്ഞു. അന്‍പതോളം ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചതില്‍ പലതിനും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ചിത്രശലഭങ്ങള്‍ (1988), ബേര്‍ഡ് ഓഫ് പെരിയാര്‍ (2005), നിശാശലഭങ്ങളുടെ ലോകം (2009), കേരളത്തിലെ ചിത്രശലഭങ്ങള്‍ (2013) എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
‘പക്ഷികളും ഒരു മനുഷ്യനും’ എന്ന പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത് കവി ബാലചന്ദ്രന് ചുള്ളിക്കാട്. സ്വന്തം കയ്യക്ഷരത്തില്‍ തന്നെ ചുള്ളിക്കാടിന്റെ ‘വിഹംഗമഋഷി’ എന്ന് തലക്കെട്ടുള്ള അവതാരിക പുസ്തകത്തിലുണ്ട്.
കുട്ടിക്കാലത്ത് എനിക്കും പക്ഷികള്‍ വിസ്മയമായിരുന്നു. നാട്ടിലും വീട്ടിലും നിറയെ മരങ്ങള്‍. മരങ്ങള്‍ നിറയെ പക്ഷികള്‍. തോട്ടിലും മേട്ടിലും തൊടിയിലും പുഴയിലും പാടത്തും മാനത്തും എങ്ങും പക്ഷികള്‍. പകല്‍പ്പക്ഷികള്‍ മാത്രമല്ല രാപ്പക്ഷികളും! ഉറക്കത്തിന്റെ ആഴത്തോളമെന്നും ആ പാതിരാക്കുയിലിന്റെ നാദം. കരയിലും വെള്ളത്തിലും ആകാശത്തിലും, ജാഗ്രത്തിലും സ്വപ്നത്തിലും സൃഷീപ്തിയിലും, ഭാവനയെ ത്വരിപ്പിച്ചുകൊണ്ട് പക്ഷികള്‍ സജീവം.
അക്കാലത്താണ് ‘കേരളത്തിലെ പക്ഷികള്‍’ എന്ന പുസ്തകം വായിക്കുന്നത്. അതോടെ എനിക്ക് മലയാളഗദ്യം ആയിരം ചിറകുള്ള പക്ഷിയായി. കണ്ണിലും കാതിലും പതിഞ്ഞ പക്ഷി ലോകത്തിന്റെ ജീവിതക്രമവും സൗന്ദര്യക്രമവും ഭാഷയുടെ സപ്തവര്ണ്ണകാചത്തിലൂടെ ആത്മാനുഭൂതിയായി. എനിക്ക് ഇന്ദുചൂഡന് വിഹംഗമഋഷിയായി. ആ ഗ്രന്ഥം വിഹംഗമോപനിഷത്തായി. പക്ഷിനിരീക്ഷണം മുക്തിമാര്‍ഗ്ഗമായി. (അവതാരികയില്‍ നിന്ന്)
മൂന്നു ഭാഗങ്ങളായാണ് സുരേഷ് ഇളമണ്‍ പുസ്തകം ക്രമീകരിച്ചിട്ടുള്ളത് ആദ്യഭാഗത്ത് ഗ്രന്ഥകാരന് അറിയുന്ന നീലകണ്ഠന് എന്ന അധ്യാപകനെയാണ് ചിത്രീകരിച്ചിട്ടുള്ളത്. രണ്ടാമത്തേത് ഇന്ദുചൂഡന്റെ അതിവിപുലമായ ഡയറിക്കുറിപ്പുകളില്‍ നിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങളും ചിത്രങ്ങളും. മൂന്നാമത്തെ ഭാഗം പ്രഫ. ഇന്ദുചൂഡന്റെ സംഭാവനകള്‍ വിശദമാക്കുന്ന കുറിപ്പുകള്‍. ഒപ്പം വത്യസ്ഥങ്ങളായ ഫോട്ടോഗ്രാഫുകളും.
മലയാളത്തിലെ ഏറ്റവും മികച്ച പ്രകൃതി ഗ്രന്ഥമായ ‘കേരളത്തിലെ പക്ഷികള്‍’ വായിക്കുന്നതോടൊപ്പം ഇന്ദുചൂഡന്റെ ഓര്‍മ്മകളും ചരിത്രരേഖകളും കോര്‍ത്തിണക്കി സമഗ്രമായും അത്യാകര്ഷമായും അവതരിപ്പിച്ചിട്ടുള്ള ‘പക്ഷികളും ഒരു മനുഷ്യനും ‘ എന്ന പുസ്തകം നമ്മുടെ വായനയില്‍ ഉള്ചേര്ക്കണം. കാരണം നമ്മള് കേള്‍ക്കാത്ത, കാണാത്ത പക്ഷികളുടെ ജീവിതത്തിലേക്കുള്ള വഴികാട്ടിയാണ് സുരേഷ് ഇളമണിന്റെ പുസ്തകം. ഒപ്പം പ്രകൃതിയെ കൂടുതല്‍ അറിയാനുള്ള ആഗ്രഹം നമ്മളില്‍ ജനിപ്പിക്കുന്ന അരുവിയും.
എഴുത്തുകാരനും മാതൃഭൂമി ആഴ്ചപതിപ്പിന്റെ എഡിറ്ററുമായ സുഭാഷ് ചന്ദ്രന്റെ വാക്കുകളോടെ ഈ കുറിപ്പ് ഉപസംഹരിക്കട്ടെ. മലമുഴക്കി വേഴാമ്പലിന്റെ മുഖത്തെഴുത്ത് കാണുമ്പോഴെല്ലാം വിസ്മയിച്ചിട്ടുണ്ട്. അതിന്റെ മേല്‍ക്കൊക്കിന്റെ പാര്‍ശ്വദൃശ്യം, കമിഴ്ത്തി വച്ച ഒരു ചന്ദ്രക്കല! വിലോഭനീയമായ ആഹാര്യശോഭയുള്ള ഈ പക്ഷിയും ആ നിലയ്ക്ക് ‘ഇന്ദു’ചൂഡന്‍ തന്നെ. കേരളത്തിന്റെ ദേശീയ പക്ഷിയുടെ ശിരസ്സില്‍ ലോകോത്തരനായ ഒരു മലയാളി പക്ഷിനിരീക്ഷകന്റെ പേരിനെ ഇങ്ങനെ കിരീടം പോലെ എടുത്തുവച്ച പ്രകൃതിക്ക് ആദ്യം നമസ്കാരം. സപ്ത സിന്ധുക്കളുടെ സത്താണ് പക്ഷികളുടെ സിരകളില്‍ ഒഴുകുന്നതെന്ന് ഇന്ദുചൂഡന് ഒരിക്കല്‍ എഴുതി. സര്‍വജീവജാലങ്ങളുടേയും പ്രാണസത്ത് സ്വന്തം സിരയില്‍ ഒഴുകുന്ന ഒരാള്‍ക്കേ അങ്ങനെ സങ്കല്പിക്കാനാവു എന്ന് ഇന്ന് നാം അറിയുന്നു. ഇന്ദുചൂഡന് നമസ്കാരം. ദൈവത്തിന്റെ നിഴലിനെ നാം പ്രകാശമെന്നു വിളിക്കുന്നു. ഒട്ടേറെക്കാലം ഇന്ദുചൂഡന്റെ നിഴലായി ജീവിച്ച സുരേഷ് ഇളമണ്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സമ്മോഹനമായ ജീവിതകഥയെഴുതി പ്രകാശിപ്പിക്കുന്നു. സുരേഷ് ഇളമണിനും നമസ്കാരം.