കെ.ജെ സാബു
നമ്മുടെ ദുരന്ത നിവാരണ പരിപാടികള്‍ വളരെ വളരെ വൈകിയോടുന്ന ഒരു തീവണ്ടിയാണ്. അത് ഓടിയെത്തുമ്പോഴേയ്ക്കും ദുരന്തം നടന്ന് രണ്ടാഴ്ചയെങ്കിലും കഴിഞ്ഞുകാണും. പ്രകൃതിദുരന്തങ്ങള്‍ മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടേയും ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും വ്യക്തിജീവിതത്തിനും സ്വത്തിനും ഗതാഗതത്തിനും ഉപജീവനമാര്‍ഗത്തിനും നാശമുണ്ടാക്കുന്നതുമായ വിനാശകരമായ സംഭവങ്ങളാണ്. ഭൂകമ്പങ്ങള്‍ കണ്ടെത്തുന്നതിനും ഉരുള്‍പൊട്ടലും സുനാമിയും പ്രവചിക്കുന്നതിനും നൂതന സാങ്കേതികവിദ്യകള്‍ ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രകൃതി ദുരന്തങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറവും പ്രവചനാതീതവും വിനാശകരവുമാണ്. അതുകൊണ്ടു തന്നെ പ്രകൃതിദുരന്തങ്ങള്‍ പൂര്‍ണമായും തടയുന്നത് അസാധ്യമാണെങ്കിലും, സമയബന്ധിതമായ തയ്യാറെടുപ്പ് നാശനഷ്ടങ്ങള്‍ കുറയ്ക്കും. ഓരോ പ്രകൃതിദുരന്തത്തിനും അതിന്റേതായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്, അത് വിലപ്പെട്ട ജീവന് രക്ഷിക്കാന്‍ സഹായിക്കും. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടോ എന്നതാണ് പ്രശ്നം.
വയനാട്ടിലെ സംഭവങ്ങള്‍ ഏറ്റവുമടുത്ത ഉദാഹരണമാണ്. വയനാട്ടില്‍ ദുരന്തബാധിത മേഖലയില്‍ വിദഗ്ധ സംഘം എത്തിയത് കഴിഞ്ഞ ദിവസമാണ്. ദേശീയ ഭൗമ ശാസ്ത്രഞ്ജന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. വയനാട്ടില്‍ ‘സേഫ് ഏരിയ അണ്‍സേഫ് ഏരിയ’ ഏതൊക്കെ എന്ന് തരംതിരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ജോണ്‍ മത്തായി മാധ്യമങ്ങളോട് പറഞ്ഞത്. ഉരുള്‍പൊട്ടലിന് കാരണമെന്തെന്നും പ്രഭവകേന്ദ്രം ഏതെന്നും സംഘം പരിശോധിച്ചു. ഇനി ഈ പ്രദേശത്തെ അനുയോജ്യമായ ഭൂവിനിയോഗവും മേല്‍പ്പറഞ്ഞ വിദഗ്ധസംഘം ശുപാര്‍ശ ചെയ്യും.
ഉരുള്‍പൊട്ടല്‍ സാധ്യതകളുള്ള സ്ഥലങ്ങള്‍ വയനാട്ടില്‍ അനേകമുണ്ട്. 300 മില്ലി മീറ്റര്‍ കൂടുതല്‍ മഴ പെയ്യുകയാണെങ്കില്‍ ഉരുള്‍പൊട്ടാനുള്ള സാധ്യതകള്‍ ഏറെയാണ്. അത്തരം പ്രദേശങ്ങള്‍ തരംതിരിച്ചെടുക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ ദുരന്തങ്ങള്‍ ഒന്നിനുപിന്നാലെ ഒന്ന് എന്നപോലെ സംഭവിക്കുകയും അതിനുപിന്നാലെ ദുരന്തനിവാരണ വിദഗ്ധ സംഘങ്ങള്‍ എത്തുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ഒരു രീതി. മറിച്ചെന്തെങ്കിലും പോംവഴിയുണ്ടോ എന്ന് ഇത്രയേറെ മനുഷ്യര്‍ മരിച്ച ദുരന്തത്തിന് ശേഷമെങ്കിലും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമുക്ക് ആവേണ്ടതല്ലേ ?
കേരളത്തില്‍ പ്രകൃതി ദുരന്തത്തിനിരയായി സ്വന്തമായതെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പറയാനുള്ളത് വേദനിപ്പിക്കുന്ന അനുഭവങ്ങളെയും അതിജീവനപോരാട്ടങ്ങളെയും കുറിച്ചാണ്. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തില്‍ ഇരകളായ നിരവധി പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും അതീജീവനത്തിന്റെ പാതയിലാണ്. സര്‍ക്കാര്‍ ഇടപെടലിലൂടെയും അല്ലാതെയും ഏറെ സാഹായങ്ങള്‍ ദുരന്തബാധിതര്‍ക്ക് ലഭിച്ചെങ്കിലും പഴയ ജീവിതം തിരിച്ചുപിടിക്കാന്‍ ഇനിയുമേറെ ജീവതപ്പോരാട്ടം അവര്‍ക്കു ബാക്കിയുണ്ട്.
മിക്കവാറും സ്ഥലങ്ങളിലും ദുരന്തങ്ങളില്‍ കൃഷി നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമിയോ തുകയോ പൂര്‍ണമായും ലഭിച്ചിട്ടില്ല എന്നതാണ് ദുഃഖകരമായ വസ്തുത. പലയിടത്തും ഉരുള്‍പൊട്ടല്‍ നടന്ന ആദ്യദിവസങ്ങളില്‍ ഭക്ഷണവും വസ്ത്രവും ലഭ്യമാകുന്നത് വരെ രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നും ഒരു പ്രശ്നമായി ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടങ്ങോട്ട് ചികിത്സ, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ സഹായങ്ങള്‍ ലഭിക്കാനാവുമ്പോഴേക്കും ഇവയെല്ലാം കടന്നുവരുന്നുവെന്നാണ് പലയിടത്തും പരാതികള്‍ ഉള്ളത്.
സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പല സ്ഥലങ്ങളിലും ഇപ്പോഴും കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടില്ല. കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ജിയോളജി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പുനരധിവാസത്തിന് മറ്റ് വഴികള്‍ ഒന്നുമില്ലാത്തതിനാല്‍ പല കുടുംബങ്ങളും ഇപ്പോഴും ഇവിടങ്ങളില്‍ തുടരുകയാണ്. മറ്റു ചിലര്‍ ബന്ധുവീടുകളിലും വാടകവീടുകളിലും അഭയം തേടിയിരിക്കുന്നു. പത്ത് സെന്റ് മുതല്‍ ഏക്കര്‍കണക്കിന് ഭൂമി വരെ നഷ്ടപ്പെട്ടവരുണ്ട്. വകുപ്പുകളെ ഏകോപ്പിച്ച് നിലവില്‍ കേള്‍ക്കേണ്ട ആളുകളെ കേള്‍ക്കുകയും കാണേണ്ടവരെ കാണുകയും ചെയ്യണം. ഭൂമി തരം തിരിക്കുന്നതിന്റെ ഏറ്റവും വലിയ പ്രശ്നം ഈ ഭൂമികള്‍ സര്‍വേ ഭൂമി അല്ലായെന്നതാണ്. പലയിടത്തും വനാത്തിര്ത്തി നിര്‍ണയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഭൂമി തരംതിരിച്ച് നല്കാന് കഴിയില്ല. ദുരന്തം കാരണം ഭൂമിയ്ക്ക് വില കുറഞ്ഞതിനാല്‍ പണയ വസ്തുവായി സര്‍ക്കാര്‍ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഭൂമി ഏറ്റെടുക്കുന്നില്ല.
വയനാട് ദുരന്തത്തിന് ശേഷം എല്ലാ കുല്സിതങ്ങളും മറന്ന് ഒന്നിച്ചുനിന്ന സകലരെയും അഭിവാദ്യം ചെയ്യുന്നു. നമ്മള് കേരളീയര്‍ ലോകത്തെ മറ്റേതൊരു ദേശത്തെയും വിസ്മയിപ്പിക്കുവാന് വേണ്ടും സാമര്ഥ്യക്കാരാണ്. എന്നാല്‍പ്പിന്നെ കഴിയുന്നത്ര ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കൂട്ടി പരിശ്രമിക്കാന്‍ കൂടി നമുക്ക് ശ്രമിക്കാവുന്നതല്ലെ ?
മുല്ലപ്പെരിയാര്‍ കൂടി മനസ്സില്‍ വച്ചാണ് ഇങ്ങനെ എഴുതുന്നത്. മരണം മലയിറങ്ങിയ നേരത്ത് ഉറക്കത്തില്‍ ഒലിച്ചുപോയ എല്ലാ സോദരങ്ങളെയും ഓര്‍ക്കുന്നു. ഈ സങ്കടം താങ്ങാവതല്ല.