ഡോ. ഗാസ്പര്‍ സന്യാസി
ആദ്യമൊന്ന് നമ്മള് വിറങ്ങലിച്ച് നിന്നു. ആര്‍ത്തലച്ചെത്തിയ ഉരുള്‍പ്പൊട്ടല്‍ പ്രവാഹത്തില്‍ ഒലിച്ചുപോയ ദേശത്തെയും മനുഷ്യജീവനുകളെയും ജീവജാലങ്ങളെയും സ്വത്തിനെയും നമ്മള് ഒരുമയോടെ നിന്ന് കണ്ടെത്തുന്നതേയുള്ളൂ. സഹാനുഭൂതിയുള്ള നമ്മുടെ സമൂഹം ഭരണകൂട സംവിധാനങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത് ദുരന്തമുഖത്ത് അതിജീവനത്തിന്റെ ചരിത്രമെഴുതുകയാണ്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ ഇടവേളകള്‍ കുറയുകയാണ് നമ്മുടെ കേരളത്തില്‍. കാലവര്‍ഷത്തില്‍ കലിതുള്ളുന്ന കടലും ഉരുള്‍പൊട്ടല്‍ ഭീതി വിടര്‍ത്തുന്ന മലയോരമേഖലയും വെള്ളപ്പൊക്കത്തിന്റെ പേടിയുണര്‍ത്തുന്ന നദീതടങ്ങളും ദുരന്തത്തിന്റെ വരവിനെക്കുറിച്ച് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നു.
തിരിച്ചുപോക്ക് സാധ്യമല്ലാത്തവിധം വ്യതിയാനം വന്ന കാലാവസ്ഥ തുടര്‍ച്ചയായി കേരളത്തെ പിടിച്ചുകുലുക്കുകയാണ്. പേടിച്ച് വിറങ്ങലിച്ചു നിന്നിട്ട് കാര്യമില്ല. പ്രകൃതിക്ക് കൂടുതല്‍ പരിക്കേല്‍പ്പിക്കാതെയും മാറുന്ന കാലാവസ്ഥ എങ്ങനെ നമ്മുടെ നാടിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് തിരിച്ചറിഞ്ഞും ദുരന്തങ്ങളെ അഭിമുഖീകരിക്കാന്‍ സജ്ജമാകുന്ന ഒരു ജനതയായി നമ്മള് നമ്മളെത്തന്നെ ഒരുക്കേണ്ടതുണ്ട്. നാടിന് വികസനം ആവശ്യമാണെങ്കിലും, ഒരു ദേശത്തിന്റെ ഭൂപ്രകൃതിക്ക് വികസന ഉദ്യമങ്ങള്‍ ഏല്‍പ്പിക്കുന്ന പരിക്ക്, അതുണ്ടാക്കുന്ന ആഘാതങ്ങള്‍ എല്ലാം മുന്‍കൂട്ടി കാണേണ്ടതു തന്നെയാണ്.
നിരവധിയായ ഘടകങ്ങള്‍ സങ്കീര്ണ്ണമാംവിധം കൂടിച്ചേര്‍ന്ന് വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഏതെങ്കിലുമൊരു ഇരയെ കണ്ടെത്തി സകല കുറ്റവും അതിനുമേല്‍ ചുമത്തി ബാക്കിയെല്ലാവരും കൈകഴുകി മാറി നില്ക്കുന്ന സ്ഥിരം പരിപാടികൊണ്ട് ഒരു ദുരന്തത്തെയും ലോകജനത അതിജീവിച്ചിട്ടില്ല. സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങള്‍ക്കും കാര്യമായ, പ്രസക്തമായ ഇടപെടലുകള്‍ നടത്താനാകില്ല.
മുണ്ടക്കൈ മേപ്പാടി ദുരന്തത്തില്‍ ആരുടേതാണ് വീഴ്ച എന്ന് കേന്ദ്രവും കേരളവും തമ്മില്‍ വാഗ്വാദം ഉണ്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അവകാശവാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടായിരുന്നു. ദുരന്തത്തെ മുന്കൂട്ടിക്കാണാന്, സാങ്കേതികവിദ്യയ്ക്ക് സംഭവിച്ച പിഴവുകള്‍മൂലം നമുക്ക് സാധിച്ചില്ല. ശാസ്ത്രത്തിനും പരിമിതിയും പരിധിയുമുണ്ട്. പിഴവുകള്‍ പരിഹരിക്കപ്പെടണം. ജാഗ്രത്തായ പഠനങ്ങളിലൂടെയും ശാസ്ത്രജ്ഞര്‍ നല്കുന്ന നിര്‍ദ്ദേശങ്ങളിലൂടെയും കാര്യങ്ങള്‍ മനസ്സിലാക്കി മുന്‍വിധികളോ അലസതയോ ഇല്ലാതെ മുന്നോട്ടുനീങ്ങണം.
പ്രകൃതി ക്ഷോഭിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ നമുക്കിന്ന് തിരിച്ചറിയാനാകുന്നുണ്ട്. മനുഷ്യരുടെ ഇടപെടലുകള്‍ മൂലം ഭവിച്ചിട്ടുള്ള. പ്രകൃതിക്കേറ്റിട്ടുള്ള ആഘാതവും നമുക്കറിയാം. ഓരോ പ്രദേശത്തിന്റെയും ഭൂഘടനയും കാലാവസ്ഥ അതിനേല്‍പ്പിക്കുന്ന സമ്മര്‍ദ്ദവും ശാസ്ത്രലോകം വ്യക്തമാക്കിയിട്ടുണ്ട്. ശേഷം, ജാഗ്രതയോടെ, സജ്ജരായി ഇരിക്കുക എന്നതുമാത്രമാണ് ചെയ്യാനുള്ളത്.
ഇനിയുള്ള കാലത്ത്, കേരളം അതിന്റെ പാഠപുസ്തകങ്ങള്‍ പരിഷ്ക്കരിക്കുമ്പോള്‍, നമ്മുടെ ദേശത്തിന്റെ ഭൂപ്രകൃതിയില്‍ വന്നിട്ടുള്ള വ്യതിയാനങ്ങളെപ്പറ്റിയും ദുരന്തങ്ങള്‍ ഉണ്ടായാല്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും, കൃത്യമായ ശാസ്ത്രവബോധത്തോടെയുള്ള കാര്യങ്ങള്‍ പുതിയ തലമുറയെ പഠിപ്പിക്കണം. ഓരോ കാലത്തെയും ഒരു സമൂഹം അതിജീവിക്കുന്നതോടൊപ്പം, ആ കാലത്തോടൊപ്പം ജീവിക്കാനും ഒരു ജനത പഠിക്കേണ്ടതുണ്ട്.
മണ്ണിടിച്ചിലിന്റെ വലിയ ചരിത്രം വയനാടിനുണ്ട് എന്ന കാര്യം മുണ്ടക്കൈദുരന്തത്തിനുശേഷം പലരും ഓര്‍ത്തെടുക്കുന്നുണ്ട്. 1961 ജൂലൈ 7-ന് എരുമകൊള്ളിയില് ഉണ്ടായ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ മരണമടഞ്ഞു. അന്ന് പെയ്ത മഴ 318 മി.മീറ്റര്‍ ആയിരുന്നു. 1984 ജൂലൈ ഒന്നിന് മുണ്ടക്കൈയില്തന്നെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചത് 14 പേരാണ്. ആ ദിവസം 340 മി.മീറ്റര്‍ മഴ പെയ്തിരുന്നു. 1991 ജൂണ്‍ 19ന് കാപ്പികളത്ത് ഉരുള്‍പൊട്ടി 11 പേര് മരിച്ചു. 2007 മെയ് 2-ന് വളാംത്തോടില് ഉണ്ടായ ഉരുള്‍പൊട്ടല്‍ എടുത്തത് നാല് മനുഷ്യജീവനുകളെയാണ്. 2009 ജൂലൈ 15-ന് കാന്തന്‍പാറയിലും നീലിമലയിലും മണ്ണിടിച്ചില്‍ ഉണ്ടായി. അതില്‍ രണ്ടുപേര്‍ മരണമടഞ്ഞു. 2019-ല്‍ ഉണ്ടായ പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 40 മനുഷ്യജീവനുകള്‍
പൊലിഞ്ഞു. 2024ന്റെ ദുരന്തത്തിന്റെ കണക്ക് നമ്മളില്‍ നടുക്കമായി നില്ക്കുന്നു.
പാറകളുടെ ഘടനയും മണ്ണിന്റെ ആഴക്കുറവും മഴയുടെ കനത്ത വീഴ്ചയും ചേര്‍ന്ന് പശ്ചിമഘട്ടത്തെ ബലക്കുറവുള്ളതാക്കുമ്പോള്, പ്രകൃതിയില്‍ വികസനസാധ്യതകള്‍ തേടുന്നവര്‍ ജാഗ്രത പാലിക്കാതെ ഇനി നിര്‍വാഹമില്ല. പ്രകൃതിയുടെ പ്രകൃതത്തിന് മനുഷ്യവികാരങ്ങള്‍കൊണ്ട് തടയിടാനാവില്ലല്ലോ!
നമ്മള് തടയിടുന്ന പുഴകളൊക്കെ, അതിന്റെ പഴയ വഴികള്‍ ഓര്‍ത്തെടുത്ത് തിരികെ വരികതന്നെ ചെയ്യും. അതാണ് പ്രകൃതിനിയമം. എല്ലാ വികസനങ്ങളും ദുര്‍ബല സമൂഹങ്ങളുടെ മേലാണ് ആഘാതം ഏല്‍പ്പിക്കുന്നത്. നമ്മള് പടുത്തുയര്‍ത്തിയ അണക്കെട്ടുകളും നമ്മള് വെട്ടിയൊരുക്കിയ റോഡുകളും കെട്ടിയുയര്‍ത്തിയ രമ്യഹര്‍മ്മങ്ങളും ആരുടെയൊക്കെയോ ജീവിതപരിസരങ്ങളെയും ജീവനോപാധികളെയും ഇല്ലാതാക്കിയിട്ടുണ്ട്, ഇല്ലാതാക്കുന്നുണ്ട്.
ദുരന്തമുഖത്തേക്ക് ഒരുമയോടെ നില്ക്കുന്ന നമ്മളിനി, പ്രകൃതിയുടെ ഘടനയറിഞ്ഞ്, മണ്ണിനെയും പാറയെയും അറിഞ്ഞ്, കടലറിഞ്ഞ്, വികസനമെന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്ന പലവിധ ആര്‍ത്തികള്‍ തിരിച്ചറിഞ്ഞ്, പ്രകൃതിക്കുമേല്‍ നമ്മുടെ ഇടപെടലുകള്‍ക്ക് അതിര്‍ത്തികളുണ്ട് എന്നറിഞ്ഞ് മുന്നോട്ടുനീങ്ങാനേ പറ്റൂ. അത്രയ്ക്കുള്ള സാധ്യതയേ നമുക്കിനി ബാക്കിയാകുന്നുള്ളൂ. ഇതറിയുന്നതുതന്നെയാണ് സുസ്ഥിരവികസനത്തിന്റെ ആദ്യപാഠം.