ഡോ. ആഡ്രിന്‍ കൊറയ
ഒരു ജനതയുടെ വിലാപം
2021 ല്‍ കാലാവസ്ഥാ വ്യതിയാനം ചര്‍ച്ചചെയ്യാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് നടത്തിയ കോപ്-26 ഉച്ചകോടിയില്‍ പസഫിക് ദീപുരാജ്യങ്ങളിലെ പൊതുവെ ആരും അറിയാത്ത തുവാളു എന്ന കൊച്ചുരാജ്യം ഒരു പ്രസ്താവന ഇറക്കി. ആ വീഡിയോയില്‍ (കൊവിഡ് -19 ആയത് കൊണ്ട് മിക്കതും ഓണ്‍ലൈന്‍ ആയിരുന്നു) മന്ത്രി സിമോണ്‍ കോഫെ, കടലെടുത്തുപോകുന്ന തന്റെ കൊച്ചു രാജ്യത്തിന്റെ അതിര്‍ത്തിയില്‍ മുട്ടോളം വെള്ളത്തില്‍ നിന്നാണ് പ്രസംഗിച്ചത്. കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് ആ രാജ്യത്തെ അലട്ടുന്നത് എന്നതായിരുന്നു പ്രധാന പ്രതിപാദ്യ വിഷയം. കടല്‍ വീട്ടുമുറ്റത്തേക്ക് വരുന്നതിന്റെ ലാഞ്ചന തെല്ലും ഇല്ലാത്ത രാജ്യങ്ങള്‍ക്ക് ഒരു കടുത്ത മുന്നറിയിപ്പായിരുന്നു അത്. പല ദീപുരാജ്യങ്ങളും സമുദ്രനിരപ്പ് വര്‍ധനയുടെ ഭവിഷ്യത്തുകള്‍ നേരിട്ട് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇന്ന് കടല്‍ ചിലരുടെ വീട്ടുമുറ്റത്ത് അവര്‍ പോലും തിരിച്ചറിയാതെ എത്തിയിട്ടുണ്ട്.
എന്താ ഇത്ര കലിപ്പ്?
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശരാശരി ആഗോള താപനില ഏതാണ്ട് 13.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. കഴിഞ്ഞ കുറച്ച് നൂറ്റാണ്ടുകളോളം ഇതിന്റെ തോതില്‍ വലിയ മാറ്റങ്ങളൊന്നും ശ്രദ്ധിച്ചിട്ടില്ല. എന്നാല്‍ വ്യവസായ വിപ്ലവത്തിന് ശേഷം ഇതില്‍ കാതലായ വ്യതിയാനം കണ്ടുതുടങ്ങി.
ആധുനികവല്കരണത്തിന് ശേഷം ഇത് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തു. അന്തരീക്ഷത്തിലേക്ക് മനുഷ്യവംശം പുറന്തള്ളുന്ന വാതകങ്ങള്‍ സൂര്യനില്‍ നിന്നു വരുന്ന ചൂടിനെ തടഞ്ഞുവയ്ക്കുന്നതാണ് ഈ ഗ്രീന്‍ഹൗസ് ഇഫക്ട് ഉണ്ടാകാന്‍ കാരണം. ചൂടിന്റെ ഈ വര്‍ദ്ധനവു കാരണം ധ്രുവീയ മഞ്ഞുപാളികള്‍ ഉരുക്കുന്നതാണ് ആഗോള സമുദ്രനിരപ്പ് ഉയരാന്‍ കാരണമാകുന്നത്.
അന്നുമുതല്‍ ഇന്നുവരെ ”വെറും” 1.1 ഡിഗ്രി സെല്‍ഷ്യസ് ആയാണ് ആഗോള താപനില വര്‍ധിച്ചതെങ്കിലും ഇത് 1.5 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയാല്‍ ഒരു തിരിച്ചുപോക്ക് സാധ്യമല്ല എന്നാണ് ഗവേഷകരുടെ നിഗമനം. ഇപ്പോള്‍ പോകുന്ന പോക്കാണെങ്കില്‍ 2027-2047 ന്റെ ഇടയില്‍ ഇത് സംഭവിക്കും എന്ന് കണക്കുകള്‍ പറയുന്നു. ഇങ്ങിനെ സംഭവിച്ചാല്‍ 2 അടിയോളം സമുദ്രനിരപ്പില്‍ വര്‍ധന ഉണ്ടാകും. 2 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടാല്‍ 10 അടിയോളവും സമുദ്രനിരപ്പ് വര്‍ദ്ധിക്കും. ഈ പ്രതിഭാസത്തിന്റെ ആദ്യ സൂചികയാണ് വര്‍ദ്ധിച്ച കടലേറ്റവും കരയെടുപ്പും.
കടല്‍ ചാടിയാല്‍ ഭിത്തിയോളം
മേല്പറഞ്ഞ സംഖ്യകള്‍ വെറും നിസ്സാരം എന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ ഇപ്പറഞ്ഞ 2 അടി കടല്‍ നിരപ്പ് വര്‍ധനവ് ഇന്ത്യന്‍ ഉപദീപിന്റെ 14,122 ഹെക്ടര്‍ ജനവാസഭൂമി കടലില്‍ ആഴ്ത്തും. ഇത് കേരളത്തിന്റെ കടല്‍ത്തീരം ഉള്‍പടെ 225-ല്‍ അധികം ഗ്രാമങ്ങള്‍ വാസയോഗ്യമല്ലാതാക്കും എന്നാണ് കണക്ക്. 2017-ല്‍ ഓഖി ചുഴലിക്കാറ്റ് ഇന്ത്യന്‍ ഉപദ്വീപിന്റെ പടിഞ്ഞാറ് വശം വഴി വന്നത് ഈറ്റുനോവിന്റെ ആരംഭമായി കണക്കാക്കാം. ഇതുപോലെ പടിഞ്ഞാറെ ഉപഭൂഖണ്ഡത്തില്‍ വീശുന്ന ചുഴലിക്കാറ്റ് ദശാബ്ദത്തില്‍ ഒരിക്കല്‍ എന്ന് കണക്കുവിട്ട് ഇപ്പോള്‍ ഏതാണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ എന്നായിട്ടുണ്ട്. ഇതുപോലെത്തന്നെ കടല്‍ഭിത്തികള്‍ക്ക് തടഞ്ഞുനിര്‍ത്താന്‍ സാധിക്കാത്ത തരത്തില്‍ കടലേറ്റങ്ങളും കരയെടുപ്പും വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാം. ഉള്‍നാടുകളിലും ശുദ്ധജല സ്രോതസ്സുകളിലും കടല്‍വെള്ളം കടക്കുന്നത് ഇതിന്റെ ഒരു ലക്ഷണമാണ്. ഇതിനു മേമ്പൊടിയായി കാലാവസ്ഥാ വ്യതിയാനം കൊണ്ടുവരുന്ന തീവ്രവേനല്, മഴ, കൊടുങ്കാറ്റുകള്‍ എന്നിവയെല്ലാം കൂടുതലും ബാധിക്കുക തീരദേശത്തെ തന്നെയാണ്.
പേടിക്കണ്ട! ഓടിക്കോ!
പ്രകൃതിശക്തികളെ നേരിടാന്‍തക്ക സാങ്കേതികവിദ്യകള്‍ തയാറാകുന്നതുവരെ ദുരന്തങ്ങളെ ലഘൂകരിക്കാനോ അവയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ മാത്രമേ നമുക്കു കഴിയൂ. അന്താരാഷ്ട്ര രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയുടെ നീക്കുപോക്കും ഇതുവരെ നടന്ന ഉച്ചകോടികളില്‍ എടുക്കപ്പെട്ട തീരുമാനങ്ങളും കൂട്ടിവായിച്ചാല്‍ പരിതസ്ഥിതി സംരക്ഷണത്തിന് തക്കതായ പ്രായോഗിക നടപടികള്‍ വളരെ ചുരുക്കമാണ്. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഈ തീരുമാനങ്ങളില്‍ ചെലുത്താന്‍ സാധിക്കുന്ന സ്വാധീനം പരിമിതവുമാണ്. ഇതുകൊണ്ട് കടല്‍ക്ഷോഭത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും മുന്‍കൈ എടുക്കുന്നതാണ് ഇപോള്‍ പ്രായോഗികം. ഭരണകൂടങ്ങള്‍ക്കുമേല്‍ സ്വാധീനം ചെലുത്തി ഒരു ആഗോള വ്യവസ്ഥ ഉണ്ടാകുന്നത് വരെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ വേണ്ടത് ചെയ്യുക എന്നത് തന്നെയാണ് പ്രധാനമായ ഒരു പോംവഴി.
ശ്രീലങ്കയും ഇന്ത്യന്‍ ഉപഭൂകണ്ഡവും ഭൂമധ്യരേഖയ്ക്ക് അടുത്തകൂടി പോകുന്നത് കൊണ്ട് അറബിക്കടലില്‍ ചുഴലിക്കാറ്റുകള്‍ രൂപീകൃതമാകാന്‍ വളരേ പ്രയാസമാണ്. എന്നാല്‍ സമുദ്രോപരിതലത്തിലെ ചൂട് കൂടിയതാണ് ഇവ പുതുതായി ഉണ്ടാവാന്‍ കാരണം. 1995 ല്‍ വന്ന ചുഴലിക്കാറ്റ് 2007 ലും, പിന്നീട് 2014, 2015, 2017, 2019, 2020, 2022, 2023, …