കൊച്ചി : മുവാറ്റുപുഴ നിർമ്മല കോളെജിൽ ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രാർത്ഥനാ മുറി വേണമെന്ന ആവശ്യം നിയമപരമായി നിലനില്ക്കാത്തതും അനുചിതവും അംഗീകരിക്കാനാവാത്തതുമാണെന്ന് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ സമിതിയായ കെആർഎൽസിസി അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനല്കുന്ന അവകാശങ്ങൾ ദുർബലമാക്കുന്നതിനുള്ള ചിലരുടെ നീക്കം അധാർമ്മികവും ദുരൂഹവുമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 30(1) ഭാഷാപരവും മതപരവുമായ ന്യൂനപക്ഷങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള മൗലികാവകാശം നൽകുന്നു. ഈ അവകാശത്തിന്മേൽ കടന്നു കയറുന്നതിനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണം.
കേരളത്തിൽ വെള്ളിയാഴ്ചകളിൽ പ്രാർത്ഥനകൾക്ക് കൂടുതൽ സമയം അനുവദിച്ചിട്ടുള്ളതാണ്.പ്രത്യേക പ്രാർത്ഥനാ മുറി എന്ന ആവശ്യം ഉന്നയിച്ച് കോളെജ് പ്രിൻസിപ്പലിനെ തടഞ്ഞ നടപടി അപലനീയമാണ്. വിദ്യാഭ്യാസ മേഖലയിലെ സമാധാനാന്തരീക്ഷം ദുർബലപ്പെടുത്തുന്ന നിക്കങ്ങളിൽ നിന്നും വിദ്യാർത്ഥി സംഘടനകൾ പിന്മാറണം.
ഉത്തരവാദിത്തമുള്ള മുതിർന്ന നേതാക്കൾ പ്രശ്നത്തിൽ ഇടപെടുകയും സംഘർഷത്തിനു ശ്രമിക്കുന്ന വിദ്യാർത്ഥികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും കെആർഎൽസിസി വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡും ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിലും ആവശ്യപ്പെട്ടു.